വാട്ട്സാപ്പിനെ പൂട്ടാൻ ഗൂഗിൾ
അരുൺ ശങ്കർ
.വാട്സാപ്പിനെ വെല്ലാൻ പുതിയ ഇൻസ്റ്റന്റ് മെസേജിംഗ് സെർവീസുമായി ഗൂഗിൾ വരുന്നു. ഗൂഗിളിന്റെ ഹെഡ്ക്വാർട്ടേഴ്സായ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഗൂഗിൾ I/O 2016ലാണ് പുതിയ സർവീസുകളെ പറ്റിയുള്ള വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടത്.
“ആല്ലോ“(Allo) എന്ന് പേരിട്ടിരിക്കുന്ന ടെക്സ്റ്റ് മെസേജിംഗ് സർവീസും “ഡ്യുവോ“ (Duo) എന്ന വീഡിയോ ചാറ്റ് സർവീസുമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പുകൾ ലഭ്യമാകും.
ഗൂഗിളിന്റെ പഴയ മെസേജിംഗ് സർവീസുകളായ ഗൂഗിൾ ടാക്ക്, ഗൂഗിൾ മെസഞ്ചർ, ഗൂഗിൾ ഹാങൗട്ട് എന്നിവയിൽ നിന്ന് വിഭിന്നമായി ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയല്ല ആല്ലോ പ്രവർത്തിക്കുക. ഉപയോക്താവിന്റെ ഫോൺ നമ്പറുമായാണ് ആല്ലോ ബന്ധിപ്പിക്കപ്പെടുന്നത്. അതെ, വാട്സാപ്പ് പോലെ തന്നെ! വാട്സാപ്പുമായി ഒരു പ്രത്യക്ഷമത്സരം തന്നെയാണ് ഗൂഗിൾ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം!
“ആല്ലോ“യുടെ ഏറ്റവും മികച്ച പ്രത്യേകതയായി ഗൂഗിൾ എടുത്തു കാട്ടുന്നത് അതിൽ ഇണക്കിച്ചേർത്തിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് ആണ്. എന്നാൽ ഗൂഗിളിന്റെ പഴയ മെസേജിംഗ് സർവീസായ ഹാങൗട്ടിനു പകരമായല്ല “ആല്ലോ“ വരുന്നത്. ഗൂഗിളിനെ പുതിയ വാർത്താവിനിമയ വിഭാഗത്തിന്റെ (Communication Division) പതാകാവാഹകനായാണ് “ആല്ലോ“യുടെ രംഗപ്രവേശം.
“ആദ്യം മുതൽ തുടങ്ങുക എന്നത് ചിലപ്പോഴൊക്കെ വളരെ സ്വാതന്ത്ര്യം നൽകുന്നതാണ്“ എന്നാണ് എന്തുകൊണ്ട് ഹാങൗട്ടിൽ മാറ്റം വരുത്താതെ ഒരു പുതിയ ആപ്ലിക്കേഷൻ നിർമ്മിച്ചത് എന്ന ചോദ്യത്തോട് ഗൂഗിളിന്റെ കമ്മ്യൂണിക്കേഷൻ ഉത്പന്ന വിഭാഗം ഡയറക്ടറായ എറിക് കേ പ്രതികരിച്ചത്.
വാട്സാപ്പ്, ടെലഗ്രാം, ഹൈക്ക് മുതലായവയിലെ പോലെ തന്നെ, നമ്മുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് “ആല്ലോ“യിലും സൈൻ-അപ് ചെയ്യേണ്ടത്. സൈൻ അപ് ചെയ്യുന്ന ഫോൺ നമ്പർ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള അവസരം ഉണ്ട് എങ്കിലും അത് നിർബന്ധമല്ല. സൈൻ-അപ് ചെയ്താൽ ഒരു സാധാരണ ചാറ്റ് ആപ്ലിക്കേഷനിലുള്ള എല്ലാ സൗകര്യങ്ങളും നമുക്ക് കാണാനാകും – ടെക്സ്റ്റ് മെസേജുകൾ, ഇമോജികൾ, സ്റ്റിക്കറുകൾ, റിസീവ്/റീഡ് ഇൻഡിക്കേറ്ററുകൾ മുതലായവ. ഓരോ രാജ്യത്തും ആ രാജ്യങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരവുമുണ്ട്. (ഹൈക്ക് ആപ്പ് ഉപയോഗിച്ചവർക്ക് ആ സൗകര്യം അറിവുണ്ടാകും).
എന്നാൽ ഇപ്പോൾ മറ്റു ആപ്ലിക്കേഷനുകളിൽ ലഭ്യമല്ലാത്ത ചില സൗകര്യങ്ങൾ കൂടി ഗൂഗിൾ അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു ചിത്രം അയയ്ക്കുമ്പോൾ ആ ചിത്രത്തിനു മേൽ കുറിപ്പുകൾ സ്വന്തം കൈപ്പടയിൽ എഴുതുവാനുള്ള സൗകര്യം, അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയും കുറച്ചും അയയ്ക്കുവാനുള്ള സൗകര്യമായ “വിസ്പർ-ഷൗട്ട്“ മുതലായവ.
@google എന്ന ചാറ്റ് ഐഡിയോട് ചോദ്യങ്ങൾ ചോദിച്ചാൽ അതിന്റെ ഉത്തരങ്ങൾ നൽകുന്ന ഒരു സാങ്കേതികവിദ്യയാണ് ഗൂഗിൾ അസിസ്റ്റന്റ്. ഉദാഹരണത്തിന് ഒരു ചരിത്ര സ്മാരകത്തിന്റെ ഫോട്ടോ എടുത്ത് ഗൂഗിൾ അസിസ്റ്റന്റിനോട് “Who built this monument” എന്ന് ചോദിച്ചാൽ ആ ചരിത്ര സ്മാരകം നിർമ്മിച്ച വ്യക്തിയുടെ പേര് ഉത്തരമായി തരും. അടുത്തതായി “When was he born” എന്ന് ചോദിച്ചാൽ ആ വ്യക്തിയെ പറ്റി ആണ് ചോദ്യം എന്ന് മനസിലാക്കി ഉത്തരം നൽകാനുള്ള കഴിവുണ്ട് ഗൂഗിൾ അസിസ്റ്റന്റിന്. അതായത് ഒരു സംഭാഷണം പോലെ തുടർച്ചയുള്ള സെർച്ച് അനുഭവം പ്രദാനം ചെയ്യും ഗൂഗിൾ അസിസ്റ്റന്റ്.
ഗൂഗിൾ ഈ സൗകര്യം പ്രദർശിപ്പിച്ചത് ഒരു ബിരുദദാനച്ചടങ്ങിന്റെ ചിത്രം ഉപയോഗിച്ചാണ്. ആ ചിത്രം ചാറ്റിൽ വന്നപ്പോൾ “ആല്ലോ“ നൽകിയ മറുപടികൾ “Congratulations!“, “You look great!“ എന്നിങ്ങനെയായിരുന്നു. മറ്റൊരു വിധത്തിൽ ഒരു സുഹൃത്ത് നമുക്ക് ഒരു ചലച്ചിത്രത്തിന്റെ പേര് അയച്ചുതന്നാൽ തിരികെ “Review?” എന്ന മറുപടി കൊണ്ട് നമുക്ക് ആ ചിത്രത്തിന്റെ റേറ്റിംഗും റിവ്യൂവും കാണുവാൻ കഴിയും.
സ്വകാര്യതയെ പറ്റി ഉയർന്ന സംശയങ്ങളെ ഗൂഗിൾ നേരിടുന്നത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ കൊണ്ടാണ്. അതായത് ഗൂഗിൾ “ആല്ലോ“ നിങ്ങൾക്ക് രണ്ട് തരത്തിൽ ഉപയോഗിക്കാം. “ഓൺ ദ വയർ“ എൻക്രിപ്ഷനും “എൻഡ്-ടു-എൻഡ്“ എൻക്രിപ്ഷനും. ആദ്യത്തേതിൽ നിങ്ങൾ അയയ്ക്കുന്ന മെസേജുകൾ ഗൂഗിൾ സെർവറിന് വായിക്കുവാനാകും. ഗൂഗിൾ അസിസ്റ്റന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വേണ്ടിയാണ് അത്തരത്തിൽ ചെയ്യുക എന്നും ഒരു തരത്തിലുള്ള ഡാറ്റയും ഗൂഗിൾ സെർവറിൽ സൂക്ഷിക്കപ്പെടുകയില്ല എന്നും ഗൂഗിൾ ഉറപ്പു തരുന്നുണ്ട്.
അത്തരത്തിൽ പോലും തങ്ങളുടെ മെസേജുകൾ വായിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഒരു “ഇൻകോഗ്നിറ്റോ മോഡും“ ആല്ലോ നൽകുന്നുണ്ട്. ഇൻകോഗ്നിറ്റോ മോഡിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റാർക്കും മെസേജ് വായിക്കാനാകില്ല എന്നുറപ്പു വരുത്താം. എന്നാൽ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുമ്പോൾ ഗൂഗിൾ അസിസ്റ്റന്റിന്റെ സേവനം കൃത്യമാവില്ല എന്നു മാത്രം. ഒരു നിശ്ചിത സമയത്തിനു ശേഷം സ്വയം ഡിലീറ്റ് ആവുന്ന മെസേജുകൾ ഇൻകോഗ്നിറ്റോ മോഡിൽ വരും എന്നും ഗൂഗിൾ പറയുന്നു.
ഒരു കാലത്ത് ഇൻസ്റ്റന്റ് മെസേജിംഗിന്റെ പര്യായമായിരുന്നു ഗൂഗിൾ ടാക്ക്. സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിൽ ഇൻസ്റ്റന്റ് മെസേജിംഗ് രംഗത്ത് ഗൂഗിളിനു കാലിടറി. പിന്നീട് വന്ന ഗൂഗിൾ ഹാങ്ങൗട്ടിനും മത്സരത്തിൽ പിടിച്ചു നിൽക്കാനായില്ല. ഇത്തവണ ഗൂഗിളിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിനു മത്സരിക്കേണ്ടി വരിക നൂറുകോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ്പിനോടും ഫേസ്ബുക്ക് മെസഞ്ചറിനോടും സ്നാപ്ചാറ്റിനോടൂമൊക്കെയാണ്. അതികായന്മാരോട് മത്സരിക്കാനുള്ള ആയുധങ്ങൾ “ആല്ലോ“യ്ക്ക് ഗൂഗിൾ നൽകിയിരിക്കും എന്ന് പ്രതീക്ഷിക്കാം. കളി നേരിൽ കാണാൻ അല്പകാലം കാത്തിരിക്കണമെന്ന് മാത്രം. ഗൂഗിൾ “ആല്ലോ“ സർവീസ് ജൂൺ അവസാനത്തോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. എന്നാൽ ആപ്പ് പ്രീ-റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
© copyright 2016 | janam multimedia Limited | All Rights Reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ