ഒറ്റയടിക്ക് 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
ഐഎസ്ആര്‍ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്. 22 ഉപഗ്രഹങ്ങളില്‍ 19 എണ്ണം വിദേശഉപഗ്രഹങ്ങളാണ്. ജൂണ്‍ അവസാനവാരമായിരിക്കും വിക്ഷേപണം
ബഹിരാകാശ വിമാനത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഏറ്റവും വലിയ വാണിജ്യ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നു. ഒറ്റ വിക്ഷേപണത്തില്‍ 22 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് പദ്ധതി. ഇതില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെതും ബാക്കിയുള്ളവ വാണിജ്യാടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങള്‍ക്കു വേണ്ടിയുമാണ്.
ജൂണ്‍ അവസാന വാരം വിക്ഷേപിക്കുമെന്നും ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ ഇടപാടാകും ഇതെന്നും ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ 'മാതൃഭൂമി ഓണ്‍ലൈനി'നോട് പറഞ്ഞു.
പിഎസ്എല്‍വി സി 34 റോക്കറ്റാകും വിക്ഷേപണത്തിന് ഉപയോഗിക്കുക. ഐഎസ്ആര്‍ഒയുടെ വാണിജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷനാണ് വിദേശ രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തുന്നത്.
710 കിലോഗ്രാം ഭാരമുള്ള നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് - 2 സി, രണ്ട് നാനോ ഉപഗ്രഹങ്ങളുമാണ് ഇന്ത്യയുടെത്. സൈനികാവശ്യത്തിനാണ് കാര്‍ട്ടോസാറ്റ് - 2 സി പ്രധാനമായി ഉപയോഗിക്കുകയെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു. 2008 ല്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 എയുടെ മറ്റൊരു പതിപ്പാകും ഇത്. അയല്‍ രാജ്യങ്ങളുടെ സൈനിക നീക്കങ്ങള്‍ അറിയാന്‍ കാര്‍ട്ടോസാറ്റിന് കഴിയും.
ചെന്നൈയിലെ സത്യഭാമ സര്‍വകലാശാല, പുനെ കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണ് നാനോ ഉപഗ്രഹങ്ങള്‍. യു.എസ്. കാനഡ, ഇന്തോനേഷ്യ, ജര്‍മനി അടക്കമുള്ള രാജ്യങ്ങളുടെതാണ് മറ്റു ഉപഗ്രഹങ്ങള്‍.
സ്വകാര്യ ബഹിരാകാശ ഏജന്‍സികളുടെ ഏതിര്‍പ്പ് മറികടന്നാണ് അമേരിക്ക ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ സഹായത്തോടെ ബഹിരാകാശത്ത് എത്തിക്കുന്നതിനെതിരെ അമേരിക്കയിലെ സ്‌പേസ് ഫൗണ്ടേഷനും കൊമേഴ്‌സ്യല്‍ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനും രംഗത്ത് വന്നിരുന്നു.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ