കൊച്ചി: വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യം ഇനി കേരളത്തിലും. അറ്റസ്റ്റേഷന്‍ നടപടികള്‍ വികേന്ദ്രീകൃതമാക്കാനുള്ള ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചതോടെയാണിത്. കൊച്ചി, തിരുവനന്തപുരം റീജണല്‍ പാസ്‌പേര്‍ട്ട് ഓഫീസുകളില്‍ ഇനി അറ്റസ്റ്റേഷന്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വിദേശത്തേയ്ക്ക് ജോലി തേടിപോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ രേഖളും മറ്റ് വ്യക്തിപരമായ  രേഖളും നോര്‍ക്കക്ക് പുറമെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ സെല്ലിലും ചെന്നൈ, ഗുവഹാട്ടി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലും മാത്രമായിരുന്നു അറ്റസ്റ്റേഷന്‍ നടപടികള്‍. ജൂണ്‍ ഒന്നു മൂതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിശദമായ അഭിപ്രായം അറിയിക്കാന്‍ റീജിനല്‍ പാസ്‌പോര്‍ട്ട ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലെ സ്ഥലപരിമിതി പരിഹരിച്ച ശേഷമെ അവിടുത്തെ അറ്റസ്റ്റേഷന്‍ നടപടികള്‍ തുടങ്ങൂ. കേരളത്തില്‍നിന്നും ലക്ഷ്വദ്വീപില്‍ നിന്നുമായി എട്ട് ലക്ഷത്തോളം അപേക്ഷകളാണ് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. ഈ അപേക്ഷകളില്‍ ഇനി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവും.