റോഡ് നിര്‍മാണത്തിനു കുറഞ്ഞ വിലയ്ക്കു സിമന്റ്: സംവിധാനമായി
വി. വി. ബിനു
മനോരമ 11/3/2015/////
ന്യൂഡല്‍ഹി . കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണത്തിനു സംസ്ഥാനങ്ങള്‍ക്കും നഗരസഭകള്‍ക്കും സിമന്റ് വിപണി വിലയെക്കാള്‍ ചാക്കിന് 100 രൂപയെങ്കിലും കുറവില്‍ ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും പദ്ധതിയുടെ ആനൂകൂല്യം ഉപയോഗിച്ചു റോഡ് നിര്‍മാണം കോണ്‍ക്രീറ്റ് ഉപയോഗിച്ചാക്കണമെന്ന് ഗഡ്കരി അഭ്യര്‍ഥിച്ചു.
റോഡ് നിര്‍മാണ രംഗത്തുള്ള അധികൃത കരാറുകാര്‍ക്കും സിമന്റ് നല്‍കും. സിമന്റ് അനുവദിക്കുന്നതു സുതാര്യമാക്കാന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ 'ഇനാം-പ്രോ (ദ്ധnന്റണ്ഡണ്മത്സഗ്ന.nദ്ധ്യ.ദ്ധn) പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗഡ്കരി.
ബിറ്റുമിന്‍ റോഡുകളേക്കാള്‍ പരിസ്ഥിതിക്ക് ഇണങ്ങിയതും ദീര്‍ഘകാലം കേടുപാടില്ലാതെ നില്‍ക്കുന്നതുമാണ് കോണ്‍ക്രീറ്റ് റോഡുകള്‍. ദേശീയ പാതകളുടെ നിര്‍മാണത്തില്‍ ബിറ്റുമിനു പകരം കോണ്‍ക്രീറ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിലും കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിനു ശുപാര്‍ശ ചെയ്യുമെന്നു ഗഡ്കരി പറഞ്ഞു.
വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ 36 കമ്പനികളുമായാണ് മന്ത്രാലയം കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 103 ഫാക്ടറികളില്‍ നിന്നു സിമന്റ് ഏറ്റെടുക്കാനാകും. സിമന്റിനു വിപണിയില്‍ ചാക്കിന് 300-325 രൂപ ശരാശരി വിലയുള്ളപ്പോള്‍ വിവിധ ഇനങ്ങള്‍ക്ക് 120-150 രൂപ വരെയാണ് കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ലഭ്യമാക്കുന്നത്. വിലയ്ക്കു പുറമെ നികുതിയും ചരക്കുകൂലിയും ഉള്‍പ്പെടുത്തിയാലും ചാക്കിന് 100 രൂപയുടെയെങ്കിലും ലാഭമുണ്ടാകുമെന്നു ഗഡ്കരി പറഞ്ഞു. 95 ലക്ഷം ടണ്‍ സിമന്റിനാണ് കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുള്ളത്.
ഉല്‍പാദന ശേഷിയുടെ 30-35% മാത്രം വിനിയോഗിച്ചിരുന്ന കമ്പനികള്‍ക്ക് 100% ശേഷി ഉപയോഗിക്കാനാകുന്ന തരത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നതിലൂടെയാണ് വിലക്കുറവില്‍ സിമന്റ് നല്‍കാന്‍ കഴിയുന്നത്. സിമന്റിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ മന്ത്രാലയം പരിശോധന നടത്തും.
ഇന്ത്യയിലെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള 'മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സിമന്റ് ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ഗഡ്കരി അവകാശപ്പെട്ടു. ഭാവിയില്‍ മറ്റു നിര്‍മാണ സാമഗ്രികളുടെ വിലയും ഇതേ തരത്തില്‍ കുറയ്ക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ