കടല്‍ കടന്ന് സൗരവിമാനം ഇന്ത്യയിലെത്തി
ഇ.ജി. രതീഷ്
ട ട ട+
അഹമ്മദാബാദ്: സൗരോര്‍ജം പകര്‍ന്ന ഉശിരുമായി 17 മണിക്കൂര്‍ കടലിന് മുകളിലൂടെ നിര്‍ത്താതെ പറന്ന് 'സോളാര്‍ ഇംപള്‍സ്' എന്ന വിമാനം ഇന്ത്യയിലെത്തി. ഭാവിയിലെ വിമാനയാത്രകളെ മാറ്റിമറിക്കാനിടയുള്ള ചരിത്രദൗത്യവുമായി ചൊവ്വാഴ്ച രാത്രി 11.25ന് അഹമ്മദാബാദിലാണ് ഈ ആകാശവാഹനം നിലം തൊട്ടത്. കടലിന് മുകളിലൂടെയുള്ള ആദ്യ സഞ്ചാരവുമായിരുന്നു ഇത്.
ഒമാനിലെ മസ്‌കറ്റില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 6.35ന് പറന്നുയര്‍ന്ന വിമാനം 1465 കിലോമീറ്റര്‍ താണ്ടിയാണ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന കോക്ക്പിറ്റില്‍ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് ആയിരുന്നു ഈ യാത്രയിലെ പൈലറ്റ്. അബുദാബിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വിമാനത്തിന്റെ കന്നിപ്പറക്കല്‍. 12 മണിക്കൂര്‍ പറന്ന് രാത്രി എട്ട് മണിയോടെ മസ്‌കറ്റിലെത്തി. അടുത്തദിവസം കോക്ക്പിറ്റിന്റെ ചുമതല പിക്കാര്‍ഡിന് കൈമാറി ആദ്യ ദിവസത്തെ പൈലറ്റ് ബോര്‍ഷ്ബര്‍ഗ് വിശ്രമത്തിനിറങ്ങി. ചൊവ്വാഴ്ച മസ്‌കറ്റില്‍നിന്ന് പിക്കാര്‍ഡ് വിമാനവുമായി ഉയര്‍ന്നതോടെ സോളാര്‍ ഇംപള്‍സിന്റെ മറ്റ് സംഘാംഗങ്ങള്‍ ബോര്‍ഷ്‌ബെര്‍ഗിന്റെ നേതൃത്വത്തില്‍ മറ്റൊരുവിമാനത്തില്‍ ഇന്ത്യയിലേക്ക് പറന്നു.
അവര്‍ നേരത്തേ അഹമ്മദാബാദിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഒരു കാറിന്റെ ഭാരം മാത്രമുള്ള സോളാര്‍ ഇംപള്‍സ്2 കുറഞ്ഞവേഗത്തിലാണ് പറക്കുന്നത്. നാലു ദിവസം വിമാനത്തിന് അഹമ്മദാബാദില്‍ വിശ്രമമാണ്. ഈ സമയത്ത് പൈലറ്റുമാരും സംഘാംഗങ്ങളും സൗരോര്‍ജത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് നഗരത്തില്‍ വിവിധപരിപാടികളില്‍ സംബന്ധിക്കും. അതിനുശേഷം വാരാണസിയിലാണ് അടുത്ത സ്‌റ്റോപ്പ്. ഗംഗാശുദ്ധീകരണത്തിന്റെ സന്ദേശത്തിന് പിന്തുണയുമായി നദിയുടെ മുകളിലൂടെ പറത്തുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട രണ്ട് നഗരങ്ങള്‍ ഈ ചരിത്രയാത്രയ്ക്ക് ആതിഥേയരാകുന്നത് കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍, കാറ്റിന്റെ ആനുകൂല്യമാണ് ഇതിനുകാരണമെന്ന് അഹമ്മദാബാദ് വിമാനത്താവളം ഡയറക്ടര്‍ ആര്‍.കെ. സിങ് പറഞ്ഞു. മധ്യേഷയില്‍ നിന്നുവരുന്ന വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള കുറഞ്ഞദൂരം അഹമ്മദാബാദ് വഴിയുമാണ്. തുടര്‍ന്നുള്ള യാത്ര മ്യാന്‍മറിലേക്കായതിനാല്‍ വാരാണസിയിലിറങ്ങുന്നതാണ് പ്രായോഗികം. ഗുജറാത്തിന് മറ്റൊരുബന്ധവും ഈ വിമാനവുമായുണ്ട്. സ്വിസ് പൗരന്‍മാര്‍ നിര്‍മാതാക്കളായ വിമാനത്തിലേക്കുള്ള പോളിമറുകള്‍ ഉണ്ടാക്കിയത് ബറൂച്ചിലെ പനോലിയിലെ ഒരു പ്‌ളാന്റിലാണ്. 17,248 സോളാര്‍ സെല്ലുകള്‍ പാകിയ 72 മീറ്റര്‍ നീളമുള്ള വലിയ ചിറകുകള്‍ വിരിച്ച് സോളാര്‍ ഇംപള്‍സ് അഹമ്മദാബാദില്‍ പറന്നിറങ്ങിയപ്പോള്‍ കരഘോഷങ്ങള്‍ ഉയര്‍ന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ