3/18/2015

ആധാറിന് നിയമ പരിരക്ഷ നൽകണം


ആധാറിന് നിയമ പരിരക്ഷ നൽകണം
 Posted on: Wednesday, 18 March 2015  kaumudi 

സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർകാർഡ് നിർബന്ധമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്  2013 സെപ്തംബർ 23 നാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരാണ് അന്നു രാജ്യം ഭരിച്ചിരുന്നത്. പരമോന്നത കോടതിയുടെ ഇടക്കാല ഉത്തരവു വന്ന കാലത്ത് ആധാർ കാർഡിനായി രാജ്യമെങ്ങും ജനങ്ങൾ നെട്ടോട്ടം ഓടുകയായിരുന്നു. പാചകവാതകത്തിനുള്ള സബ്സിഡി ആനുകൂല്യം അതിനിടെ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം എണ്ണക്കമ്പനികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു. കോടതി ഇടപെടലുണ്ടായതോടെ എണ്ണക്കമ്പനികൾ അല്പകാലം ഈ നിബന്ധന ഒഴിവാക്കിയെങ്കിലും പിന്നീട് അത് സാർവത്രികമാക്കി. കേരളത്തിൽ ഇപ്പോൾ പാചകവാതക വിതരണം പൂർണമായും ആധാർ ബന്ധിതമായിക്കഴിഞ്ഞു. ഇതു മാത്രമല്ല അനവധി സർക്കാർ സേവനങ്ങൾക്കും ആനുകൂല്യവിതരണവുമായി ബന്ധപ്പെട്ട് ആധാർ നിർബന്ധമാണിപ്പോൾ.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു പൗരനു ന്യായമായും അവകാശപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് തിങ്കളാഴ്ച കേന്ദ്ര  സംസ്ഥാന സർക്കാരുകളെ ഓർമ്മിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്മാർക്കിടയിലും ജനങ്ങൾക്കിടയിലും ഒരിക്കൽക്കൂടി വലിയ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ് കോടതി നിർദ്ദേശം. ഇടക്കാല ഉത്തരവ് പുറത്തുവന്നിട്ടു ഒന്നരവർഷത്തോളം കടന്നുപോയിരിക്കുന്നു. ഉത്തരവ് നടപ്പാക്കാൻ ഭരണകൂടമോ അതു പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കാൻ നീതിപീഠമോ ശ്രമിച്ചു കാണാതിരുന്നപ്പോൾ ജനങ്ങളും അടഞ്ഞ അദ്ധ്യായമെന്ന നിലയ്ക്കാണ് ആധാർ നിബന്ധനയെ കണ്ടത്. ആധാർ കാർഡ് സ്വായത്തമാക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവന്നതും ഈ സാഹചര്യത്തിലാണ്. ഇപ്പോൾ ആധാറില്ലെങ്കിലും പ്രശ്നമില്ലെന്ന മട്ടിലുള്ള ഉത്തരവ് പ്രശ്നം കൂടുതൽ സങ്കീർണമാക്കാൻ പോവുകയാണ്.

ആധാർ കാർഡിന്റെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലാതെയാണ് ആധാർ നിർബന്ധമാക്കുന്നതെന്ന ആക്ഷേപം മറികടക്കാൻ മുൻ സർക്കാരോ പുതിയ സർക്കാരോ നടപടിയൊന്നും എടുത്തതുമില്ല. പൊതു പ്രാധാന്യമുള്ള കേസായിട്ടും കോടതിയും ഇടക്കാല ഉത്തരവിറക്കിയതല്ലാതെ ഹർജിയിൽ വാദം നീട്ടിക്കൊണ്ടുപോവുകയാണ്. ഏതായാലും അടുത്തമാസം വാദം കേൾക്കാൻ തീരുമാനമായിട്ടുണ്ട്. 2009 ജനുവരി 28ന് പ്രാബല്യത്തിൽ വന്ന അന്നു മുതൽ ഏകീകൃത തിരിച്ചറിയൽ കാർഡായ ആധാർ വിവാദമായതാണ്. ഇതിനിടയിൽ വേണ്ടുവോളം സമയം ലഭിച്ചിട്ടും ആധാറിനു നിയമസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാരിനു കഴിയാതെ പോയതാണ് വലിയ പോരായ്മയായത്. നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ഒരു സംരംഭം പിടിപ്പുകേടുകൊണ്ട് ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിനും പ്രതിഷേധത്തിനും ഇടയാക്കിയെന്നതാണ് വാസ്തവം.
കേന്ദ്ര  സംസ്ഥാന സർക്കാരുകൾ ഓരോ വർഷവും സാമൂഹ്യക്ഷേമ പദ്ധതികൾ വഴി വിതരണം ചെയ്യുന്ന ലക്ഷക്കണക്കിനുകോടികളിൽ നല്ലൊരുഭാഗം അപഹരിക്കപ്പെടുകയാണുചെയ്യുന്നത്. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ചേർന്നു നടത്തുന്ന ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ആധാർ കാർഡ‌്. ആനുകൂല്യം ഏതു ഗണത്തിൽപ്പെട്ടതായാലും അത് ഗുണഭോക്താവിന്റെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിക്കുകയെന്ന സമ്പ്രദായത്തോട് ജനങ്ങളും ഇണങ്ങിവരികയാണ്. പാചകവാതക വിതരണത്തിൽ അതു ഫലപ്രദമായിക്കഴിഞ്ഞു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതോടെ ഭക്ഷ്യസബ്സിഡിയും ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാനാണു നോക്കുന്നത്. ഭക്ഷ്യ വിതരണ രംഗത്തു നടമാടുന്ന വലിയ അഴിമതിക്കു തടയിടാൻ ഈ പരിഷ്കാരം വലിയ സഹായമാകുമെന്നതിൽ തർക്കമില്ല. ആധാർ നിബന്ധനയെ എതിർക്കുന്നവരിൽ പ്രമുഖർ സർക്കാർ പണം കട്ടുതിന്നുന്നവിഭാഗക്കാരാണെന്ന കാര്യം മറന്നുകൂടാത്തതാണ്.

കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ഭൂരിപക്ഷം പേരും ആധാർ സ്വന്തമാക്കിയവരാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യകാലത്തുണ്ടായിരുന്ന എതിർപ്പും പ്രതിഷേധവും കെട്ടടങ്ങിയതോടെ ഇത് അത്യാവശ്യമായ ഒരു ഔദ്യോഗിക രേഖതന്നെ എന്ന വിശ്വാസം ജനങ്ങൾക്കിടയിലും ഉണ്ടായിക്കഴിഞ്ഞു. സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർകാർഡ് നിർബന്ധമാക്കരുതെന്നേ കോടതി പറഞ്ഞിട്ടുള്ളൂ എന്നതു ശ്രദ്ധേയമാണ്. കാർഡുമായി ബന്ധപ്പെടുത്തി ഇതിനകം നൽകിവരുന്ന സേവനങ്ങൾ തിരുത്തിയെഴുതണമെന്നു പറഞ്ഞിട്ടില്ല. എത്രയും വേഗം ആധാറിനു നിയമപ്രാബല്യം നൽകാനുള്ള ബില്ലിന് രൂപം നൽകാനാണ് കേന്ദ്രസർക്കാർ ഇനി ശ്രമിക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1