വെളിച്ചെണ്ണ തേങ്ങാ ഡീസൽ 40 രൂപയ്ക്ക്!
ടി.കെ.സുനിൽകുമാർ
കൌമുദി /4/3/2015/
കൊച്ചി: വെളിച്ചെണ്ണയിൽ നിന്നുണ്ടാക്കിയ ഡീസൽ കൊണ്ട് ഒരു ടാറ്റാ എയ്സ് ഗുഡ്‌സ് ഓട്ടോ എറണാകുളത്ത് ഓടാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. പതിനായിരം കിലോമീറ്ററിലേറെ പിന്നിട്ടു. മൈലേജ് 22.5 കിലോമീറ്റര്‍ . സാദാ ഡീസലിനെക്കാൾ 30 ശതമാനം അധികം. മലിനീകരണം തീരെ കുറവ്. തേങ്ങാ ഡീസൽ ഉപയോഗിക്കാൻ വാഹനങ്ങളിൽ ഒരു മാറ്റവും വരുത്തേണ്ട. ആകെ ചെയ്യേണ്ടത് ഈ ഡീസൽ കൊണ്ട് എൻജിന് ഒരു ക്ളീനിംഗ്.
ജൈവ ഇന്ധനം എന്ന സങ്കല്പത്തിന് പുതിയ ഭാഷ്യം രചിക്കുകയാണ് കളമശേരിയിലെ സ്വകാര്യ സ്ഥാപനമായ എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡയറക്ടർ ഡോ. സി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം. ലിറ്ററിന് 40 രൂപയ്ക്ക് വില്ക്കാനാവുമെന്നാണ് ഉത്പാദകർ അവകാശപ്പെടുന്നത്.
2012 മുതലുള്ള ഗവേഷണ ഫലമാണ് തേങ്ങാ ഡീസൽ. പുതിയ ഇന്ധനത്തെക്കുറിച്ച് മനസിലാക്കിയ കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (ഡി.എസ്.ഐ.ആർ) പദ്ധതി പ്രായോഗിക തലത്തിലെത്തിക്കാനുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. പരീക്ഷണ പ്ളാന്റ് നിർമിക്കാനുള്ള ഗ്രാന്റാണ് ഡി.എസ്.ഐ.ആറിന്റെ വാഗ്ദാനം. ഒന്നരക്കോടിയോളം രൂപ പ്ളാന്റിന് ചെലവ് വരും.
120 രൂപ വിലയുള്ള വെളിച്ചെണ്ണയിൽ നിന്ന് ആദായകരമായി എങ്ങനെ ഡീസലുണ്ടാക്കുമെന്ന ചോദ്യത്തിന് ബയോടെക്നോളജി ശാസ്ത്രജ്ഞനായ ഡോ. മോഹൻകുമാറിന്റെ മറുപടി ഇങ്ങനെ:
'പതിനായിരം തേങ്ങയിൽ നിന്ന് ശരാശരി 850 കിലോ വെളിച്ചെണ്ണ കിട്ടും. ഇതിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് രാസപ്രക്രിയയിലൂടെ 760 ലിറ്റർ ഡീസൽ ഉണ്ടാക്കാം. ഉപോത്പന്നമായി 85 ലിറ്റർ ഗ്ളിസറോൾ. ഇതിന് ലിറ്ററിന് 500 രൂപ വിലയുണ്ട്.
പതിനായിരം തേങ്ങയിലെ 1250 ലിറ്റർ തേങ്ങാവെള്ളം വീണ്ടും കരിക്കിൻ വെള്ളമാക്കാനുള്ള ജൈവവിദ്യയും റെഡി. 200 എം.എൽ കുപ്പിയിലാക്കിയ കരിക്കിൻ വെള്ളം 20 രൂപയ്ക്ക് വിൽക്കാം. അതായത് ലിറ്ററിന് 100 രൂപ. ഇത് പരീക്ഷണാടിസ്ഥാനത്തിൽ വിൽക്കുന്നുണ്ട്. ഉത്പാദനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല."
തേങ്ങാ ഡീസലിന്റെ
ഉത്പാദനക്കണക്ക്
(10,000 തേങ്ങയിൽ നിന്ന്)
760 ലിറ്റർ ഡീസൽ (40 രൂപ) : 30,400 രൂപ
85 ലിറ്റർ ഗ്ളിസറോൾ (500 രൂപ) : 42,500 രൂപ
1250 ലിറ്റർ കരിക്കിൻ വെള്ളം (100 രൂപ) : 1,25,000 രൂപ
400 കിലോ പിണ്ണാക്ക് (20 രൂപ) : 8000 രൂപ
1250 കിലോ ചിരട്ട (5 രൂപ ) : 6,250 രൂപ
5000 കിലോ തൊണ്ട് (50 പൈസ ) : 2,500 രൂപ
ആകെ : 2,14,650 രൂപ
ജെട്രോഫയെക്കാൾ വിലക്കുറവ്
ഇന്ത്യയിൽ ഇപ്പോൾ കടലാവണക്കിൻ കുരുവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജെട്രോഫ ജൈവ ഡീസലാണ് പ്രചാരത്തിലുള്ളത്. വില ലിറ്ററിന് 60 രൂപ. ഇന്ത്യൻ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ ചില റൂട്ടുകളിൽ ഡീസലിനൊപ്പം ഇത് പത്ത് ശതമാനം ഉപയോഗിക്കുന്നുണ്ട്.
ഇതില്‍ അംഗം ആകുക
മറുപടിഇല്ലാതാക്കൂ