ഒരുക്കമായി; നാളെ നേരം പുലര്‍ന്നാല്‍ സ്ത്രീകളുടെ മഹാദിനം!
സ്വന്തം ലേഖകന്‍
manorama 4/3/2015
തിരുവനന്തപുരം. സുരക്ഷയ്ക്കായി 2399 പൊലീസുകാര്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 250 ഫയര്‍ഫോഴ്സ് ജീവനക്കാര്‍, ശുചീകരണത്തിനു 2484 തൊഴിലാളികള്‍. ഇന്നും നാളെയും വിവിധ ഡിപ്പോകളില്‍ നിന്നു കെഎസ്ആര്‍ടിസി വക പ്രത്യേക ബസ് സര്‍വീസുകള്‍. ഇവയ്ക്കെല്ലാം പുറമെ പൊങ്കാലയ്ക്കെത്തുന്നവര്‍ക്കു ദാഹജലവും ഭക്ഷണവും ക്രമീകരിച്ചു ആയിരക്കണക്കിനു സന്നദ്ധ പ്രവര്‍ത്തകര്‍. ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തകൃതി. നാളെ അടുപ്പുവെട്ട് ചടങ്ങ് നടത്തുന്ന മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പിലാണു നാടാകെ.
അറുനൂറു വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 2399 പൊലീസുകാരെ പൊങ്കാല സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. അടുപ്പുകൂട്ടുന്ന സ്ഥലങ്ങളെ പത്തു സോണുകളായി തിരിച്ചാണു സുരക്ഷാക്രമീകരണം. ഓരോ സോണുകളുടെയും ചുമതല ഓരോ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കാണ്. ക്ഷേത്രത്തിനുള്‍വശം പൂര്‍ണമായി നിരീക്ഷണ ക്യാമറാവലയത്തിലാണ്. 40 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 350 എസ്ഐ, എഎസ്ഐമാരും ചുമതലയിലുണ്ടാകും. എസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ നിന്നു പൊങ്കാലക്കാര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നതു സംബന്ധിച്ച നിര്‍ദേശം സിറ്റി പൊലീസ് നല്‍കി.
പൊങ്കാലയ്ക്കു തലേദിവസം മുതല്‍ വിവിധ ഡിപ്പോകളില്‍
നിന്ന് ആറ്റുകാലിലേക്കു പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങള്‍ വരെയായിരിക്കും ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസ്. ഇവിടങ്ങളില്‍ നിന്ന് ആറ്റുകാലിലേക്കു ഷട്ടില്‍ സര്‍വീസ് ഏര്‍പ്പാടാക്കി. തലേദിവസം മുതല്‍ ആറ്റുകാല്‍ സ്പെഷല്‍ സര്‍വീസുകളും ഏര്‍പ്പാടാക്കി. പൊങ്കാല സമര്‍പ്പണത്തിനു ശേഷം മടങ്ങുന്നവര്‍ക്കുള്ള സര്‍വീസുകള്‍ കരമന, ബേക്കറി ജംക്ഷന്‍, കമലേശ്വരം, ചാക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായിരിക്കും ആരംഭിക്കുക.
പൊങ്കാല നിവേദ്യത്തിനു ശേഷം നഗര ശുചീകരണത്തിനായി 2484 തൊഴിലാളികളെ ഏര്‍പ്പാടിക്കിയതായി കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത അറിയിച്ചു. 720 സ്ഥിരം തൊഴിലാളികളും ബാക്കിയുള്ളവര്‍ പൊങ്കാലയോടനുബന്ധിച്ചു താല്‍ക്കാലികമായി നിയോഗിക്കപ്പെട്ടവരുമാണ്. വെള്ളം എത്തിക്കുന്നതിന് 20 ടാങ്കര്‍ ലോറികളും മാലിന്യം നീക്കംചെയ്യുന്നതിന് 55 വാഹനങ്ങളും സജ്ജീകരിച്ചു. മാലിന്യം കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നതിനു മൂന്നു സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 13 സര്‍ക്കിളുകളായി തിരിച്ചാണു ശുചീകരണം നടത്തുക.
ഹെല്‍ത്ത് ഓഫിസറുടെ മേല്‍നോട്ടത്തില്‍ രണ്ടു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പുറത്തെഴുന്നള്ളത്തിനു മുന്നോടിയായി ആറ്റുകാല്‍, മണക്കാട് വാര്‍ഡുകളുടെ ശുചീകരണമാകും ആദ്യം നടത്തുക. പൊടി പാറാതിരിക്കാനായി റോഡുകള്‍ കഴുകുമെന്നും പുഷ്പലത അറിയിച്ചു.
ഇവയ്ക്കൊക്കെ പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണത്തിനായി എത്തുന്നവവര്‍ക്കു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. നഗരത്തിലെമ്പാടുമുള്ള ക്ളബ്ബുകളും സന്നദ്ധ സംഘടനകളും പൊങ്കാലയ്ക്കെത്തുന്നവര്‍ക്കു കുടിവെള്ളവും ഭക്ഷണവും സൌജന്യമായി നല്‍കുന്നുണ്ട്. തലേദിവസം എത്തുന്നവര്‍ക്കു രാത്രിയിലെ വിരസത ഒഴിവിക്കാനായി കവലകള്‍ തോറും ഗാനമേളകള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടത്തുന്നുണ്ട്. പൊങ്കാലപ്രേക്ഷകരെ ലക്ഷ്യമിട്ടു നഗരത്തിലെ ചില തിയറ്ററുകളില്‍ പ്രത്യേക ഷോയും നടത്തും.
angamaakoo അംഗത്വം എടുക്കുക
മറുപടിഇല്ലാതാക്കൂ