ഉല്‍ക്കാപതനം: ആകാശത്തെ തീക്കളി
ജസ്റ്റിന്‍ ജോസഫ്
മാതൃഭുമി // 5/3/2015/////
കേരളത്തില്‍ ചില പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ച ഭീതിവിതച്ച അഗ്നിഗോളം ഉല്‍ക്കാപതനമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നമ്മുടെ നാട്ടില്‍ ഉല്‍ക്കാപതനം അത്ര പതിവില്ലാത്ത പ്രതിഭാസമാകയാല്‍ വലിയ ആശങ്കയും കൗതുകവും അഗ്നിഗോളം ഉണര്‍ത്തി. യഥാര്‍ഥത്തില്‍ ഉല്‍ക്കകളും ഉല്‍ക്കാപതനവും ഭൂമിയില്‍ സാധാരണമാണ്. ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തിലെത്തുന്നു എന്നാണ് കണക്ക്
ഉത്ക്കകള്‍ പലപ്പോഴും കൗതുകത്തെക്കാളേറെ ഭീതിയോടെ നിരീക്ഷിക്കപ്പെട്ടിരുന്ന ആകാശചാരികളാണ്. ഭൂമിയുടെ വിദൂര അന്തരീക്ഷത്തില്‍ കാണപ്പെടുന്ന കൊള്ളിമീനുകളുടെ ( ( meteor ) ) മിന്നലാട്ടം കണ്ടിരിക്കാന്‍ കൗതുകമുണ്ടെങ്കിലും ഇങ്ങടുത്തെത്തുന്ന തീഗോളങ്ങള്‍ ( ( fire balls ) ) ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ ഒരുപക്ഷേ, അത് ശരിക്കും തീക്കളിയായെന്നും വരാം.
ആറര കോടി വര്‍ഷംമുമ്പ് ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് ശക്തമായ ഉല്‍ക്കാപതനം മൂലമാണെന്നതിനുള്ള തെളിവുകള്‍ അവയുടെ ഫോസിലുകളില്‍ തന്നെയുണ്ട്.
എങ്കിലും ഉല്‍ക്കകള്‍ ദുരന്തങ്ങളുടെയും ദുശ്ശകുനങ്ങളുടെയും അടയാളങ്ങളായി കണക്കാക്കപ്പെട്ടു പോന്നിരുന്ന പുരാതന കാഴ്ചപ്പാടില്‍നിന്ന് പുറത്തുകടക്കാന്‍ ഉല്‍ക്കകളെക്കുറിച്ചുള്ള പഠനവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഏറെ സഹായകമായിട്ടുണ്ട്. ഉല്‍ക്കമഴ പോലുളള പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനും ആസ്വദിക്കാനും ആളുകളേറുന്നുവെന്നത് അതിന്റെ പ്രതിഫലനമാണ്.
എന്താണ് ഉല്‍ക്കകള്‍
ഭൗമാന്തരീക്ഷം കട്ടിയേറിയതാണ്. അതിലൂടെ അതിവേഗം ഇരമ്പിപ്പായുന്ന വസ്തുവിന് ശക്തമായ ഘര്‍ഷണം നേരിടേണ്ടിവരും. ഭൂമിയുടെ അന്തരീക്ഷവുമായി ഉരസുമ്പോഴുണ്ടാകുന്ന താപം വസ്തുവിനെ വെണ്ണീറാക്കാന്‍ പോന്നത്ര തീവ്രമാണ്.
ബാഹ്യാകാശത്ത് ( ( Outer Space ) ) കൂടി അലഞ്ഞുതിരിയുന്ന ചില ലഘുഗ്രഹശകലങ്ങള്‍, പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ഭൂമിയുടെ ആകര്‍ഷണത്തിലകപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. പാറയും ലോഹങ്ങളുമടങ്ങിയ ഈ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍ ( ( Meteoroids ). ). സൗരയൂഥത്തിന്റെ ഉത്ഭവകാലത്തുതന്നെ സൗരകുടുംബത്തിലെ അംഗങ്ങളാണവര്‍.
ഭൂമിയോടടുക്കുന്തോറും അന്തരീക്ഷത്തിന്റെ കട്ടികൂടുന്നതുകൊണ്ടുതന്നെ, ഭൗമോപരിതലത്തിലേക്ക് പാഞ്ഞടുക്കുന്ന ഈ ചെറുകഷണങ്ങള്‍ നേരിടുന്ന ഘര്‍ഷണം വര്‍ധിക്കുന്നു അതികഠിനമായ ഉരസലില്‍ ചുട്ടുപഴുത്ത് അവ ആവിയായിത്തീരുന്നു.
ഇങ്ങനെ ഉല്‍ക്കകള്‍ എരിഞ്ഞൊടുങ്ങുമ്പോഴുണ്ടാകുന്ന തിളക്കമാണ് പ്രകാശമാനമായ രേഖകളായി ആകാശത്ത് തെളിഞ്ഞുകാണുന്നത്. നിമിഷനേരംകൊണ്ട് മിന്നിമറയുന്ന ഈ പ്രകാശരേഖകളെ നാം കൊള്ളിമീനുകള്‍ എന്ന് വിളിക്കുന്നു. ആ കാഴ്ചയ്ക്ക് എന്തുകൊണ്ടും ചേരുന്ന പേര് തന്നെ!
ഉല്‍ക്കകള്‍ ഇപ്രകാരം വേഗത്തില്‍ ചുട്ടുപഴുക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ധ്രുതഗതിയില്‍ അന്തരീക്ഷത്തിലൂടെ പായുന്ന ഉല്‍ക്കയ്ക്ക് ഉയര്‍ന്ന ഗതികോര്‍ജ്ജം ( ( Kinetic Energy ) ) ആണുള്ളത്. പോകുന്നവഴിയില്‍ തള്ളിയമരുന്ന വായുവിന് വശങ്ങളിലേക്ക് ചിതറാന്‍ പോലും സാവകാശമില്ലാത്തവിധം വേഗത്തിലാണ് ഉല്‍ക്കയുടെ യാത്ര. അതുകൊണ്ടുതന്നെ അതിന്റെ വഴിയിലുള്ള വായൂമര്‍ദ്ദം ഉയരുകയും ചൂടുപിടിക്കുകയും ചെയ്യുന്നു. ഒരു സൈക്കിള്‍ പമ്പുപയോഗിച്ച് വളരെ വേഗം ടയറില്‍ കാറ്റുനിറയ്ക്കുമ്പോള്‍ പമ്പിന്റെ അറ്റം ചൂടുപിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. അതുപോലെ ഘര്‍ഷണം കൊണ്ടുണ്ടാകുന്ന ചൂടിനൊപ്പം ഇപ്രകാരം ഉണ്ടാകുന്ന മര്‍ദ്ദം (( Atmospheric ram pressure ) ) ഉല്‍ക്കകളുടെ എരിഞ്ഞൊടുങ്ങലിന്റെ വേഗം കൂട്ടുകയും പ്രകാശതീവ്രത വര്‍ധിപ്പിക്കുകയും ചെയ്യും.
ക്ഷുദ്രഗ്രഹങ്ങളെ ( asteroids ) ) അപേക്ഷിച്ച് ചെറിയ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍. ലക്ഷക്കണക്കിന് ഉല്‍ക്കകള്‍ ദിവസവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. പക്ഷേ അവയെയെല്ലാം നമുക്ക് കാണാന്‍ കഴിയുന്നില്ല. ഏകദേശം 80 മുതല്‍ 120 കിലോമീറ്റര്‍ ഉയരത്തിലാണ് ഉല്‍ക്കകള്‍ ദൃശ്യമാകുന്നത്. ഏറിയ പങ്കും ഈ ഉയരത്തിലെത്തുന്നതിനുമുമ്പ് തന്നെ എരിഞ്ഞമര്‍ന്നിട്ടുണ്ടാകും.
എന്നാല്‍ വലുപ്പമേറിയ ചില ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ കത്തിത്തീരാതെ ഭൂമിയില്‍ പതിക്കുന്നു. ഇവയെയാണ് ഉല്‍ക്കാശിലകള്‍ എന്നു വിളിക്കുന്നത്. നന്നെ ചെറിയ ഉല്‍ക്കകളെ സൂക്ഷ്മ ഉല്‍ക്കകള്‍( micrometeoroids )) എന്നാണ് വിളിക്കുന്നത്.
ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ട്.
അഗ്നിഗോളം( fireball )
സാധാരണ കാണുന്നതിലും തിളക്കമേറിയ ഉല്‍ക്കകളാണ് അഗ്നിഗോളങ്ങള്‍. കൂടുതല്‍ പ്രകാശമാനമായ അഗ്നിഗോളങ്ങള്‍ ബൊളൈഡുകള്‍ ( ആസവയപഫ ) എന്നറിയപ്പെടുന്നു.
ഒരു ബൊളൈഡ് പതിക്കുന്നതിന്റെ ദൃശ്യം
അഗ്നിഗോളങ്ങളും ബൊളൈഡുകളും പൊതുവില്‍ ഒന്നുതന്നെയായിട്ടാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും, മൈനസ് നാലോ അതിലധികമോ കാന്തിമാനമുള്ളവയെയാണ് അഗ്നിഗോളങ്ങളായി കരുതുക. ബൊളൈഡുകളാവട്ടെ മൈനസ് 14 നും അതിന് മുകളിലും കാന്തിമാനമുള്ള അഗ്നിഗോളങ്ങളാണ്.
കഴിഞ്ഞായാഴ്ച കേരളത്തില്‍ കണ്ടത് ഒരു ബൊളൈഡായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മൈനസ് 17 ലും അധികം പ്രകാശപൂരിതമായ ഉല്‍ക്കകള്‍ സൂപ്പര്‍ ബൊളൈഡുകളായും അറിയപ്പെടുന്നു.
വലിയ ഉല്‍ക്കകളോ ബൊളൈഡുകളോ കത്തുമ്പോള്‍ ദൃശ്യമാകുന്ന പ്രകാശം ഉല്‍ക്കയുടെ ലോഹക്കൂട്ടും അത് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ചുടുവായുവിലൂടെ തന്മാത്രകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് മഞ്ഞനിറത്തില്‍ കത്തുന്ന ഒരു ഉല്‍ക്കയുടെ പ്രധാനഘടകം ഇരുമ്പാണെന്ന് മനസ്സിലാക്കാം.
ഉല്‍ക്കാപതനത്തിന്റെ ആഘാതം
ഭൂമിയിലേക്ക് പതിക്കുന്ന ഒട്ടുമിക്ക ഉല്‍ക്കകളെയും നമ്മുടെ അന്തരീക്ഷകവചം തന്നെ പ്രതിരോധിക്കുന്നതായി നാം കണ്ടു. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗം സമുദ്രവും മരുഭൂമിയുമൊക്കെയായതുകൊണ്ട് ഉല്‍ക്കാപതനം പലപ്പോഴും മനുഷ്യനെ ബാധിക്കാറില്ല.
എന്നാല്‍, ഉയര്‍ന്ന പിണ്ഡമുള്ള ഉല്‍ക്കകള്‍ക്കു മുമ്പില്‍ അന്തരീക്ഷം നല്‍കുന്ന പ്രതിരോധം മതിയാവണമെന്നില്ല. അതുകൊണ്ടുതന്നെ ഉല്‍ക്കാപതനത്തിന്റെ ആഘാതം ചിലപ്പോഴെങ്കിലും അതിഭയാനകമായ ചിത്രവും സൃഷ്ടിച്ചിട്ടുണ്ട്.
ഉല്‍ക്കകള്‍ ഉഗ്രശേഷിയോടെ ഭൗമോപരിതലത്തെ ഉഴുതുമറിച്ചതിന്റെ അവശേഷിപ്പുകള്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി ഇന്നും കാണാം. അത്തരത്തില്‍ രൂപപ്പെട്ട ഏറ്റവും വലിയ ഉല്‍ക്കാഗര്‍ത്തങ്ങളാണ് അമേരിക്കയിലെ അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം. ബാരിങര്‍ ഗര്‍ത്തം എന്നറിയപ്പെടുന്ന ഈ കിടങ്ങിന് 1.186 കിലോമീറ്റര്‍ വ്യാസവും 170 മീറ്റര്‍ ആഴവുമുണ്ട്.
അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം
അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം |
ഈ ഉല്‍ക്കാഗര്‍ത്തം രൂപപ്പെട്ടിട്ട് ഏകദേശം 50,000 വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭീമന്‍ ഉല്‍ക്കാപതനങ്ങള്‍ ഭൂമികുലുക്കത്തിനും കടലില്‍ പതിക്കുന്നവ സുനാമിക്കും കാരണമായേക്കാം.
ചന്ദ്രനിലും, ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ചൊവ്വ തുടങ്ങിയവയിലും ഉല്‍ക്കാപതനമുണ്ടാകാറുണ്ട്. ഇവയുടെ ഉപരിതലഘടന രൂപപ്പെടുത്തുന്നതില്‍ ഭൂമിയിലേതെന്നപോലെ തന്നെ ഉല്‍ക്കാപതനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഉല്‍ക്കയുടെ പ്രഹരം ഏറ്റവുമധികം ഏല്‍ക്കേണ്ടിവരുന്ന ഗ്രഹമാണ് ബുധന്‍. ബുധന് അന്തരീക്ഷമില്ലാത്തതാണിതിന് കാരണം.
ഉല്‍ക്കാശിലകള്‍( meteorites )
ഭൂമിയിലെത്തുന്ന ഉല്‍ക്കാവശിഷ്ടങ്ങളാണ് ഉല്‍ക്കാശിലകള്‍. ഉല്‍ക്കാശിലകളെ മൂന്ന് വിഭാഗമായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഇരുമ്പും നിക്കലും തീരെയടങ്ങാത്ത പാറക്കഷണങ്ങലാണ് ഉല്‍ക്കാശിലകളില്‍ സര്‍വ്വസാധാരണമായത്. 93 ശതമാനം ഉല്‍ക്കകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.
ഇരുമ്പിനോടൊപ്പം 5 മുതല്‍ 10 ശതമാനം വരെ നിക്കലും ചേര്‍ന്നവയാണ് രണ്ടാമത്തെ ഇനം. ലഭ്യമായിട്ടുള്ള ഉല്‍ക്കാശിലകളില്‍ 5 ശതമാനത്തോളം ശിലകളും ഇത്തരത്തിലുള്ളവയാണ്. മൂന്നാമത്തെ വിഭാഗം നിക്കല്‍, ഇരുമ്പ് കൂട്ടിനൊപ്പം പാറയും ചേര്‍ന്നവയാണ്. ഇത്തരം ഉല്‍ക്കാശിലകള്‍ വളരെ ദുര്‍ലഭമാണ്.
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ക്കിടയിലായി ആയിരക്കണക്കിന് ഉല്‍ക്കാശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിമപാളികളുടെ അടിയിലകപ്പെട്ടിരിക്കുന്നതുകൊണ്ട് കാര്യമായ രാസമാറ്റങ്ങളൊന്നും സംഭവിക്കാതെ അവ കാലങ്ങളോളം കിടന്നുവെന്നത് ശാസ്ത്രലോകത്തിന് നേട്ടമായി.
ഉല്‍ക്കശില
1984 ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത ഒരു ഉല്‍ക്കയില്‍ നടത്തിയ പഠനങ്ങളില്‍ അതിന്റെ ഉത്ഭവം ചൊവ്വയിലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഉല്‍ക്കാശിലകളിലെ ചില അടയാളങ്ങള്‍ മൈക്രോഫോസിലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതായും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ചന്ദ്രനില്‍ നിന്നുള്ള ചില സാമ്പിളുകളുടെ അതേ രാസഘടനയുള്ള ചെറിയ ഉല്‍ക്കാശിലകളും അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി.
ഉല്‍ക്കാശിലകളുടെ പഠനം എന്തിന് ?
ഉല്‍ക്കാശിലകളെക്കുറിച്ചുള്ള പഠനമാണ് മീറ്റിയറിട്ടിക്‌സ് ( ( Meteoritics ). ). ചന്ദ്രനില്‍ നിന്ന് ആദ്യസാമ്പിളുകള്‍ ലഭിക്കുന്നതിനുമുമ്പ് ഭൗമേതരവസ്തുക്കളുടെ ഏക സ്രോതസ്സ് ഉല്‍ക്കാശിലകളായിരുന്നു.
സൗരയൂഥത്തിന്റെ ഉല്‍പത്തിക്ക് മുമ്പ് തന്നെയുള്ള നക്ഷത്രധൂളികള്‍ ചില ഉല്‍ക്കാശിലകള്‍ ഉല്‍ക്കൊള്ളുന്നുണ്ട്. ഇത് നക്ഷത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വിപുലമാക്കും. സൗരയൂഥത്തിന്റെ പ്രായവും അതിന്റെ പൊതുരാസഘടനയും തിരിച്ചറിയാനിത് സഹായിക്കും. വിവിധതരത്തിലുള്ള ഉല്‍ക്കാശിലകളുടെ പഠനം സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയിലേക്കും പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും പുതിയജാലകങ്ങള്‍ തുറക്കും.
ജീവന്റെ ആദ്യകണങ്ങള്‍ ഭൂമിയിലേക്ക് എത്തിച്ചത് ഉല്‍ക്കകളാകാം എന്ന നിഗമനം പ്രബലമാണ്. അതുകൊണ്ടുതന്നെ ജീവന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ഉല്‍ക്കകളെക്കുറിച്ചുള്ള പഠനം മാറ്റിനിര്‍ത്താനാവുന്നതല്ല.
ബാഹ്യാകാശത്തേക്കയച്ച ഒരു സ്‌പേസ് ക്യാപ്‌സൂളിനെ തിരിച്ച് ഭൂമിയിലേക്കെത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പ്രാഥമിക ധാരണ നല്‍കുന്നതാണ് ഉല്‍ക്കാനിരീക്ഷണവും പഠനവും. ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണാധിക്യം തിരിച്ചറിയാന്‍ ഉല്‍ക്കകളുടെ പഠനം സഹായകമാകും.
ഉല്‍ക്കാശിലകള്‍ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുണ്ടാകുന്ന ശിലകളാണെന്ന് പരക്കെ വിശ്വസിച്ചു പോന്നിരുന്ന ഒരുകാലത്ത് അവയെക്കുറിച്ച് സൂക്ഷ്മപഠനം നടത്തുകയും അവയുടെ ഭൗമേതര ഉല്‍പ്പത്തി ആദ്യമായി ലോകത്തിന് വെൡപ്പെടുത്തുകയും ചെയ്ത ഏണസ്റ്റ് ക്ലാഡ്‌നി എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് മീറ്റിയറിട്ടിക്‌സിന്റെ പിതാവായി അറിയപ്പെടുന്നത്. 1797 ലാണ് അദ്ദേഹം തന്റെ പഠനം പ്രസിദ്ധീകരിച്ചത്.
1803 ല്‍ ഫ്രാന്‍സിലെ ലേഗിള്‍ എന്ന സ്ഥലത്ത് പതിച്ച ഉല്‍ക്കാശിലയെ പഠിച്ച് അതിന്റെ ഭൗമേതര ഉല്‍പ്പത്തി സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞനായ ഴാങ് ബാപ്റ്റിസ്റ്റ് ബയോട്ടും മുന്നോട്ടുവന്നു.
ഉല്‍ക്കമഴ ( ( meteor shower ) )
മേഘാവൃതമല്ലാത്ത ഒരു സാധാരണരാത്രിയില്‍ മാനത്തേക്ക് ഏറെ നേരം നോക്കിയിരുന്നാല്‍ ചുരുക്കം ചില ഉല്‍ക്കകളെ കാണാനായേക്കും. എന്നാല്‍ ഓരോ വര്‍ഷവും ചിലയവസരങ്ങളില്‍ ചില പ്രത്യേക ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഉല്‍ക്കവര്‍ഷിക്കപ്പെടുന്നത് കാണാം.
സൂര്യന് സമീപത്തു കൂടികടന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍ പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളാണ് ഇത്തരം ഉല്‍ക്കാപതനത്തിന് കാരണമാകുന്നത്. വാല്‍ നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന്റെ ദിശയില്‍ ഭൂമി കടന്നുപോകുന്ന അവസരത്തില്‍ കേന്ദ്രീകൃതമായ ഉല്‍ക്കാപതനം ഉണ്ടാകുന്നു. തുടര്‍ച്ചയായ പതനമെന്ന നിലയിലാണ് അവയെ ഉല്‍ക്കമഴയെന്ന് വിശേഷിപ്പിക്കുന്നത്.
ഉല്‍ക്കമഴ |
ഉല്‍ക്കമഴ
ലിയോനിഡ് എന്നറിയപ്പെടുന്ന ഉല്‍ക്കമഴ വളരെ ശ്രദ്ധേയമായ ഒന്നാണ്. ചിങ്ങരാശിയുടെ
( Leo Constallation ) ഭാഗത്തുനിന്നാണ് ഉല്‍ക്കകള്‍ പ്രത്യക്ഷമാവുക. ലിയോനിഡ് എന്നറിയപ്പെടുന്നതിതുകൊണ്ടാണ്. ടെമ്പല്‍ടേര്‍ട്ടില്‍ (Tempel-Turtle ) എന്ന വാല്‍നക്ഷത്രം പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളാണ് ഈ ഉല്‍ക്കമഴയ്ക്ക് കാരണമാകുന്നത്. നവംബര്‍ പകുതിയോടെയാണ് ഇത് ദൃശ്യമാവുക.
ഡിസംബറിലെ ജെമിനിഡ്‌സ് (മിഥുനരാശി), ഒക്ടോബര്‍ മാസത്തില്‍ ദൃശ്യമാകുന്ന ഓറിയനിഡ്‌സ് (വേട്ടക്കാരന്‍ രാശി) തുടങ്ങിയവ അതാത് നക്ഷത്രഗണങ്ങള്‍ക്ക് സമീപം വീക്ഷിക്കാവുന്ന ഉല്‍ക്കാവര്‍ഷങ്ങളാണ്.
വലേറി ജാമിസണും ലിസ്ഏല്‍സും എഡിറ്റ് ചെയ്ത് ന്യൂസയന്റിസ്റ്റ് പുറത്തിറക്കിയ 'മരിക്കും മുമ്പ് ചെയ്യേണ്ട നൂറ് കാര്യങ്ങള്‍' ( ''100 Things to do Before You Die' ) എന്ന ചെറിയ പുസ്തകത്തില്‍, മരിക്കുന്നതിന് മുമ്പ് ചെയ്തിരിക്കേണ്ട ഒന്നാണ് ഒരു 'ഉല്‍ക്കശില കണ്ടെത്തുക'യെന്നതും എന്ന് പറയുന്നു. ( matrubumiyil ninnu katteduthathu )5/3/20015
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ