സ്വര്‍ണ നിക്ഷേപ പദ്ധതി മെയില്‍ തുടങ്ങിയേക്കും
11/3/2015//മാതൃഭൂമി
ന്യൂഡല്‍ഹി: രാജ്യത്ത് വീടുകളിലും മറ്റും ഉപയോഗിക്കാതെ ഇരിക്കുന്ന സ്വര്‍ണ നിക്ഷേപം സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതി മെയില്‍ തുടങ്ങിയേക്കും. സ്വര്‍ണം വാങ്ങുന്നതിനു പകരം, ആ പണം നിക്ഷേപിക്കുന്നതിനുള്ള കടപ്പത്രങ്ങളും ഇതോടൊപ്പം അവതരിപ്പിക്കും.
പുതിയ പദ്ധതികള്‍ വരുന്നതോടെ സ്വര്‍ണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പദ്ധതികള്‍ നിര്‍ത്തലാക്കുമെന്നാണ് സൂചനകള്‍. അതായത് നിലവില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപ പദ്ധതികളും വായ്പാ പദ്ധതികളും ഉപേക്ഷിച്ചേക്കും. പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഏകദേശം 22,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ വീടുകളിലും മറ്റുമായി ഉപയോഗിക്കാതെ ഇരിക്കുന്നത്. വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണം ബാങ്കുകളിലോ മറ്റോ നിക്ഷേപിച്ചാല്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായ തുകയ്ക്ക് പലിശ ലഭിക്കുമെന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ബാങ്കുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് സ്വര്‍ണ ഇടപാട് സ്ഥാപനങ്ങള്‍ക്കോ ഈ സ്വര്‍ണം ഉപയോഗിക്കാനാകും. ആവശ്യമുള്ളപ്പോള്‍ തുല്യ അളവില്‍ സ്വര്‍ണം നിക്ഷേപകന് മടക്കി ലഭിക്കും. ജ്വല്ലറിക്കാര്‍ക്ക് മെറ്റല്‍ അക്കൗണ്ട് വഴി വായ്പ ലഭ്യമാക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഗോള്‍ഡ് ബോണ്ട്, സ്വര്‍ണം വാങ്ങുന്നതിന് പകരമുള്ളതാണ്. നിശ്ചിത നിരക്കില്‍ പലിശ ലഭിക്കുന്ന കടപ്പത്രങ്ങള്‍ കുറഞ്ഞ കാലപരിധിയിലുള്ളവയാകാനാണ് സാധ്യത. മൂന്ന്, അഞ്ച്, ഏഴ് വര്‍ഷ കാലാവധികളാണ് പരിഗണിക്കുന്നത്. ആവശ്യമുള്ള സമയത്ത് സ്വര്‍ണത്തിന് അന്നുള്ള മുഖവില പ്രകാരം പണം തിരികെ ലഭിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ