3/27/2015

നെന്മാറയില്‍ നിന്ന് പുതിയ സസ്യം


നെന്മാറക്കുന്നില്‍നിന്ന് സസ്യലോകത്തേക്ക് പുതിയ അതിഥി  മാതൃഭൂമി 27/3/2015//
പാലക്കാട്: നെന്മാറയിലെ അനധികൃത കരിങ്കല്‍മടയെപ്പറ്റിയറിഞ്ഞ് അവിടേക്ക് പുറപ്പെട്ടതാണ് പാലക്കാട് വിക്ടോറിയ കോളേജിലെ ബോട്ടണി അധ്യാപകരായ സോജന്‍ ജോസും ഡോ. സുരേഷും. ആ യാത്ര വഴിത്തിരിവായി. അവിടെക്കണ്ട അത്യപൂര്‍വ ചെടി സസ്യലോകത്ത് പുതിയ അതിഥിയായി. ശാസ്ത്രലോകത്തിന് ഇതുവരെ പരിചിതമല്ലാതിരുന്ന ചെടിക്ക് അവര്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ പേരിട്ടു. ഓള്‍ഡന്‍ലാന്‍ഡിയ വിഭാഗത്തില്‍പ്പെട്ട ചെടിയുടെ പേരിപ്പോള്‍ ഓള്‍ഡന്‍ലാന്‍ഡിയ ദിനേശിഐ എന്നാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് വിരമിച്ച പ്രൊഫ. ടി.കെ. ദിനേഷ്‌കുമാറിനോടുള്ള ബഹുമാനംകൊണ്ടാണ് ഈ ശിഷ്യര്‍ ചെടിക്ക് ഇങ്ങനെ പേരിട്ടത്. സസ്യലോകത്തെത്തിയ പുതിയ അതിഥിക്ക് ലോകത്തിലെ ഏറ്റവുംവലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനായ റോയല്‍ ബൊട്ടാണിക്കല്‍ ക്വീവ് ആധികാരികമായ അംഗീകാരവും നല്‍കി.
റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ക്വീവ് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സസ്യ വര്‍ഗീകരണ ശാസ്ത്രസംബന്ധിയായ അന്താരാഷ്ട്ര ജേര്‍ണലായ ക്വീവ് ബുള്ളറ്റിന്റെ   (Kew bullettin)   2015 മാര്‍ച്ച് പതിപ്പിലാണ് സോജന്‍ ജോസും ഡോ. സുരേഷും നടത്തിയ കണ്ടെത്തലിന് ആധികാരിക അംഗീകാരം നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സസ്യവര്‍ഗത്തില്‍ കാപ്പി ഉള്‍പ്പെടുന്ന റൂബിയേസിയേ   (Rubiaceae) ) കുടുംബത്തില്‍പ്പെട്ട ഓള്‍ഡന്‍ലാന്‍ഡിയ എന്ന വിഭാഗത്തില്‍പ്പെട്ടതാണ് പുതിയ സസ്യവും.
നീലനിറത്തില്‍ ആകര്‍ഷകവും ഹൃദ്യമായ സുഗന്ധവുമുള്ള പൂക്കളുള്ള ചെടിയാണ് ഓള്‍ഡന്‍ലാന്‍ഡിയ ദിനേശിഐ. മഴക്കാലത്ത് കുന്നുകളില്‍മാത്രം പാറകള്‍ക്കടുത്തുള്ള മണ്ണില്‍ വളരുന്ന ഇവ നാലുമാസത്തിനുള്ളില്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നു. നെന്മാറ എന്‍.എസ്.എസ്. കോളേജിനടുത്ത് ഹനുമാന്‍ക്ഷേത്രവും ജലസംഭരണിയും സ്ഥിതിചെയ്യുന്ന കുന്നില്‍നിന്നാണ് പുതിയസസ്യത്തെ കണ്ടെത്തിയത്.
കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സീനിയര്‍ഗ് എമറീറ്റസ് ശാസ്ത്രജ്ഞന്‍ ഡോ. പി.വി. മധുസൂദനന്റെ കീഴിലാണ് വിക്ടോറിയ കോളേജിലെ സോജന്‍ ജോസും ഡോ. സുരേഷും ഗവേഷണം നടത്തുന്നത്.
കോട്ടയ്ക്കല്‍ സെന്റര്‍ ഫോര്‍ മെഡിസിന്‍ പ്ലാന്റ് റിസര്‍ച്ചിലെ കെ.എം. പ്രഭുകുമാര്‍, വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപിക ഡോ. മായ സി. നായര്‍, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ !ബയോടെക്‌നോളജിയിലെ !ഡോ. വി.വി. ആശ, കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പ്രകാശ്കുമാര്‍ തുടങ്ങിയവരും പഠനത്തില്‍ പങ്കാളികളായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1