ബെയ്ജിംഗ്: ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ റംസാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകിയപ്പോള്‍ മൂന്നര കോടിയോളം മുസ്ലീം മതവിശ്വാസികളുള്ള ചൈനയില്‍ റംസാന്‍ വ്രതത്തിന് വിലക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാരെയും പ്രായപൂര്‍ത്തിയാവത്തവരെയും റംസാന്‍ വ്രതം എടുക്കുന്നതില്‍നിന്ന് വിലക്കിയത്.
പാര്‍ട്ടി അംഗങ്ങള്‍, നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും  വ്രതം എടുക്കരുതെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ പാടില്ലെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ സിന്‍ജിയാംഗിലും മറ്റും കര്‍ശന നിയന്ത്രണമാണ് റംസാന്‍ വ്രതനുഷ്ഠാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റംസാന്‍ വ്രതങ്ങള്‍ക്കുള്ള നിയന്ത്രണവും നിരോധനവും സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് .
വിദ്യാര്‍ഥികളും കുട്ടികളും പള്ളികളില്‍ പോകുന്നില്ലെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്നും ഉറപ്പാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മതവിശ്വാസത്തിന് രാജ്യത്ത് കൂടുതല്‍ പ്രചാരം ലഭിക്കുന്നതില്‍ വലിയ ആശങ്കയാണ് ചൈനീസ് ഭരണകൂടത്തിനുള്ളത്. നിരീശ്വവാദത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്‍ജിയാംഗ് അടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്ലാം മതം ശക്തിപ്രാപിക്കുന്നതില്‍ അതൃപ്തരാണ്.
മതവിശ്വാസികള്‍ കൂടുതലുള്ള ചൈനീസ് പ്രവിശ്യകളില്‍ സുരക്ഷ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവ് സംഭവമാണ്. സ്വയംഭരണം ആവശ്യപ്പെട്ടും ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം തേടിയും ഈ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തോടെയാണ് അധികാരികള്‍ കാണുന്നത്. അതേസമയം തങ്ങളുടെ പൗരന്‍മാര്‍ക്ക് ആവശ്യമായ മതസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ടെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.