4/06/2015

പി.വി. നരസിംഹറാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍

പി.വി. നരസിംഹറാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍
തീരുമാനമെടുത്തിരിക്കുന്ന വേളയില്‍ രാജ്യം വീണ്ടും അദ്ദേഹത്തെ ഓര്‍ക്കുന്നു

ഡല്‍ഹി കത്ത്: നരസിംഹറാവു ആദരിക്കപ്പെടുമ്പോള്‍എന്‍. അശോകന്‍ SPECIAL NEWS  Apr 06, 2015
മാതൃഭൂമി

മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മുതല്‍ ലോകനേതാക്കള്‍വരെയുള്ള പേരുകളില്‍ തെരുവുകളും റോഡുകളും പ്രതിമകളും സ്മാരകമന്ദിരങ്ങളുമൊക്കെ ഡല്‍ഹിയിലുണ്ട്. നെഹ്രുകുടുംബാംഗങ്ങളുടെ പേരിലാണ് ഏറെയുള്ളത്. എന്നാല്‍, തെക്കേ ഇന്ത്യയില്‍നിന്ന് ആദ്യമായി പ്രധാനമന്ത്രിയായ, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത പി.വി. നരസിംഹറാവുവിനെ ഓര്‍മിക്കാനായി രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ ഒരു ബസ്സ്‌റ്റോപ്പുപോലുമില്ല.

ഇപ്പോള്‍ ഇതിനെപ്പറ്റി പറയാനിടവന്നത് പി.വി. നരസിംഹറാവുവിന് ഡല്‍ഹിയിലൊരു സ്മാരകംപണിയാന്‍ നരേന്ദ്രമോദിസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നുവെന്നതിനാലാണ്. മറന്നുപോയ റാവുവിനെ രാജ്യം പൊടുന്നനെ ഓര്‍ക്കുന്നു. പക്ഷേ, ആന്ധ്ര, തെലങ്കാന പ്രദേശക്കാര്‍ അദ്ദേഹത്തെ മറന്നില്ല. അവരാണ് ഈ ആവശ്യം മോദിസര്‍ക്കാറിനുമുമ്പാകെ എത്തിച്ചത്. അത് ആദരപൂര്‍വം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ തികച്ചും പ്രശംസയര്‍ഹിക്കുന്നു.

രാജീവ്ഗാന്ധിയുടെയും വി.പി. സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും ഭരണത്തിനുശേഷം 1991 ജൂണിലാണ് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരസിംഹറാവു ചുമതലയേല്‍ക്കുന്നത്. പതിവിനു വിപരീതമായി ഒരു സാമ്പത്തികവിദഗ്ധനെയാണ് അദ്ദേഹം ധനകാര്യമന്ത്രിസ്ഥാനത്തേക്ക് അന്വേഷിച്ചത്. നേരത്തേ റിസര്‍വ് ബാങ്ക് ഗവര്‍ണറും ബജറ്റ്പണിപ്പുരയില്‍ പങ്കാളിയുമായിരുന്ന ഐ.ജി. പട്ടേല്‍ മന്ത്രിയാവാന്‍ വിമുഖതകാണിച്ചപ്പോഴാണ് സാമ്പത്തികചിന്തകന്‍തന്നെയായ മന്‍മോഹന്‍സിങ്ങിനെ ധനകാര്യമന്ത്രിയായി കൊണ്ടുവന്നത്.

നെഹ്രൂവിയന്‍ സാമ്പത്തികസമീപനത്തില്‍നിന്നു മാറുക അന്നത്ര എളുപ്പമായിരുന്നില്ല. വിദേശനിക്ഷേപത്തെയും സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് നരസിംഹറാവു നടപടികളെടുത്തത് പ്രതിപക്ഷത്തുനിന്നും പാര്‍ട്ടിക്കകത്തുനിന്നുമുള്ള എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ്.

അതുവരെയും തുടര്‍ന്ന മിശ്രിതസമ്പദ്വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അദ്ദേഹം സ്വകാര്യമേഖലയ്ക്ക് ആത്മവിശ്വാസംപകര്‍ന്നത്. 1991 ജൂലായ് 24ലെ 'വ്യവസായനയപ്രഖ്യാപനം' വിപ്ലവകരമായൊരു നടപടിയായിരുന്നു. ലൈസന്‍സ്, പെര്‍മിറ്റ്, ക്വാട്ടാരാജ് നിര്‍ത്തലാക്കുന്ന പ്രഖ്യാപനമായിരുന്നു അത്. ലൈസന്‍സ് കിട്ടണമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കണം. അതുസംബന്ധിച്ച വിലപേശലുകള്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ടുപോകും. വ്യവസായസംരംഭങ്ങള്‍ താമസിക്കുന്നതിന് ലൈസന്‍സ് രാജ് തടസ്സമായിരുന്നു.

ഒരു ന്യൂനപക്ഷസര്‍ക്കാറിന്റെ തലപ്പത്തിരുന്നുകൊണ്ട് എതിര്‍പ്പുകളെ അതിജീവിക്കാന്‍ നരസിംഹറാവു നന്നായി ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്റെ സാമ്പത്തികപരിഷ്‌കരണനീക്കത്തെ 'മധ്യമാര്‍ഗം' എന്നാണ് അദ്ദേഹം ന്യായീകരിച്ചിരുന്നത്. നെഹ്രുവിന്റെ സാമ്പത്തികനയംതന്നെയാണു തുടരുന്നതെന്നും മാറ്റത്തോടെയുള്ള തുടര്‍ച്ചയാണെന്നും (ഋസഷര്‍യഷന്‍ര്‍യസ്ര ള്‍യര്‍മ ഋമദഷഭഫ) അദ്ദേഹം വാദിച്ചു. കാലാനുസൃതമായ മാറ്റമാണെന്നു ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഏതായാലും തന്റെ സാമ്പത്തികനടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില അദ്ദേഹം ഉയര്‍ത്തി.

1996ല്‍ പൊഖ്‌റാനില്‍ ആണവപരീക്ഷണംനടത്താന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ പ്രോത്സാഹിപ്പിച്ചത് പി.വി. നരസിംഹറാവു ആയിരുന്നു. അദ്ദേഹത്തിന്റെകാലത്തുതന്നെ പൊഖ്‌റാന്‍ തയ്യാറായിരുന്നു. പല കാരണങ്ങളാല്‍ അതിനു കഴിഞ്ഞില്ല. ഈവിവരം സംബന്ധിച്ച് വാജ്‌പേയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ത്തന്നെ റാവു ഒരു കത്ത് ഏല്പിച്ചു. പിന്നീട് വിശദമായി കാര്യം ധരിപ്പിക്കുകയുംചെയ്തു. 

നരസിംഹറാവുവിന് സ്മാരകം പണിയുന്നതിനുള്ള മോദിസര്‍ക്കാര്‍തീരുമാനം സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണമൊന്നും കണ്ടില്ല . 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തിരിച്ചുവന്നപ്പോഴാണ് ഡിസംബറില്‍ നരസിംഹറാവു മരിച്ചത്. മൃതദേഹം എ.ഐ.സി.സി. ഓഫീസില്‍ ദര്‍ശനത്തിനുവെയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ല. മരിക്കുന്നതിനു മുമ്പുതന്നെ കേസുകളില്‍നിന്നെല്ലാം അദ്ദേഹം മുക്തനായിരുന്നു. എ.ഐ.സി.സി. സമ്മേളനവേദിയില്‍ മുന്‍പ്രധാനമന്ത്രിമാരുടെ ഫോട്ടോകളില്‍ റാവുവിന്റെ ഫോട്ടോ കാണാറില്ല. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് റാവുവിനോടെന്താണിത്ര വിരോധം? മറ്റൊന്നുമല്ല, നെഹ്രുകുടുംബമില്ലാതെതന്നെ കോണ്‍ഗ്രസിന് നേതൃത്വംനല്‍കാന്‍കഴിയുമെന്നു കാണിച്ച കോണ്‍ഗ്രസ് നേതാവാണദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്ത് 10 ജന്‍പഥിലേക്ക് കോണ്‍ഗ്രസ്സുകാരുടെ ഒഴുക്ക് കുറഞ്ഞുവന്നു. 1996ല്‍ റാവു പ്രധാനമന്ത്രിയായിരുന്നുകൊണ്ട് നയിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റ് 140 ആണ്. 2004ല്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം സഖ്യകക്ഷികളുടെ പിന്തുണയോടെ തിരിച്ചുവന്നപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ച സീറ്റ് 145 ആണ്. അഞ്ചുസീറ്റേ കൂടുതല്‍ കിട്ടിയുള്ളൂ.

മറ്റേതു നേതാവിനെയുംപോലെ റാവുവിനും പിഴവുകളുണ്ടായിട്ടുണ്ട്. ബാബറി മസ്ജിദ് കെട്ടിടം പൊളിക്കുന്നതു തടയാന്‍ വേണമെങ്കില്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നൊരു വാദമുണ്ട്. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള യു.പി.സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തര്‍ക്കകെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതിനെ അവിശ്വസിക്കുക പ്രയാസമായിരുന്നുവെന്നാണ് അദ്ദേഹം ഇതിനുനല്‍കിയ മറുപടി. 

നരസിംഹറാവുവിന് രാജ്യതലസ്ഥാനത്ത് സ്മാരകംപണിയണമെന്ന ആന്ധ്രാനേതാക്കളുടെ ആവശ്യം നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത് റാവുവിനോടുള്ള ആദരവുകൊണ്ടുമാത്രമല്ല. രാഷ്ട്രീയനേട്ടംകൂടി അവര്‍ കണക്കിലെടുക്കുന്നു. ആന്ധ്രയുടെയും തെലങ്കാനയുടെയും റാവു ആരാധകരുടെയും വികാരം കൈയിലെടുക്കുകയാണു ലക്ഷ്യം. സര്‍ദാര്‍ പട്ടേലിനെയും മഹാത്മാഗാന്ധിയെയും ആദര്‍ശപുരുഷന്മാരായി ഏറ്റെടുത്ത മോദിയുടെ മറ്റൊരു രാഷ്ട്രീയനീക്കമായി റാവുസ്മാരകത്തെയും കാണാവുന്നതാണ്. എങ്കിലും തീരുമാനം പ്രശംസാര്‍ഹംതന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1