10/26/2015

ശ്രദ്ധ തമ്പാൻ- പ്രധാനമന്ത്രി അഭിനന്ദിച്ച മലയാളി പെൺകുട്ടി

ശ്രദ്ധ തമ്പാൻ- പ്രധാനമന്ത്രി അഭിനന്ദിച്ച മലയാളി പെൺകുട്ടി


by രാജശ്രീ സത്യപാൽ

mankibath
പ്രതീക്ഷിക്കാതെ അഭിനന്ദനങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ശ്രദ്ധ തമ്പാൻ എന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി. പ്രധാനമന്ത്രിയുടെ മൻകിബാത്ത് എന്ന പ്രതിവാര റേഡിയോ പരിപാടിയിലാണ് കാസർകോട് കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായത്. ഒപ്പം ശ്രദ്ധ തമ്പാന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂർ ആകാശവാണിക്കും കിട്ടി ഒരു പിടി അഭിനന്ദനങ്ങൾ. തന്റെ സ്വപ്നങ്ങൾ ശ്രദ്ധ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.
∙ എങ്ങനെയാണ് മൻകി ബാത്തിന്റെ ശ്രോതാവായത്?
എന്റെ അച്ഛൻ മുംബൈയിൽ കോളജ് അധ്യാപകനാണ്. അദ്ദേഹമാണ് എന്നോട് മൻകിബാത്തിനെ കുറിച്ച് പറയുന്നത്. അങ്ങനെയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻകിബാത്തിലേക്ക് ശ്രദ്ധപോകുന്നത്. അതിൽ രാജ്യത്തിന്റെ വികസനത്തിനായുള്ള കുട്ടികളുടെ ആശയങ്ങൾ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് ഉപന്യാസം എഴുതി കണ്ണൂർ ആകാശവാണിയിലേക്ക് അയച്ചത്. ആകാശവാണി നിലയം പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചതിനാൽ ആകാശവാണി എനിക്കൊരു ശ്രവ്യ സമ്മാനം തന്നു.
∙ എന്തായിരുന്നു പ്രധാനമന്ത്രിക്കയച്ച ഉപന്യാസത്തിലുള്ളത്?
രാജ്യത്തിന്റെ വികസനത്തിനാവശ്യമുള്ള കാര്യങ്ങളാണ് ഉപന്യാസത്തിന് വേണ്ടിയിരുന്നത്. ഞാൻ അതിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിനെതിരെക്കുറിച്ച് എഴുതി. വീട്ടിലായാലും സമൂഹത്തിലായാലും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്റെ ഉപന്യാസത്തിലുണ്ടായിരുന്നു. പിന്നെ ഖാദിയെക്കുറിച്ച്, മൺപാത്രങ്ങളെക്കുറിച്ച് എല്ലാം എഴുതി. മൺപാത്രങ്ങൾ പരിസ്ഥിതിക്കിണങ്ങിയത്. സ്വയം തൊഴിൽ കണ്ടെത്താൻ ജനങ്ങളെ ഇത് സഹായിക്കും. ഖാദി വസ്ത്രങ്ങൾ ഗാന്ധിജിയുടെ സംഭാവനയാണ്. നമ്മുടെ കാലാവസ്ഥയ്ക്കും അനുയോജ്യമാണ് നമ്മുടെ രാജ്യത്ത് പരുത്തി വസ്ത്രങ്ങൾ ഉൽപാദിപ്പിക്കാനും എളുപ്പമാണ്.
∙ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചാൽ‌ എന്തു പറയും അദ്ദേഹത്തോട്?
നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന വൃദ്ധ സദനങ്ങളെപ്പറ്റി പറയും. നമ്മെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ ഒരു ദയയയുമില്ലാതെ വൃദ്ധ സദനത്തിലേക്ക് തള്ളി വിടുന്നവരെക്കുറിച്ചാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഇതിന് നമ്മുടെ വീട്ടിൽ നിന്ന് തന്നെ വേണം പരിഹാരം കാണാൻ.നമ്മുടെ അച്ഛനമ്മമാർ തന്നെ നന്മയുടെ പാഠങ്ങൾ കുട്ടികൾക്കു പറഞ്ഞു തരണം. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് പറയണം.
∙ ഇന്നത്തെ കുട്ടികൾ റേഡിയോ കേൾക്കാറുണ്ടോ?
ഞാൻ ടിവിയും കാണാറുണ്ട്, റേഡിയോയും കേൾക്കും. റേഡിയയോയിലെ കാർഷിക പരിപാടികൾ ഇഷ്ടമാണ്. കൂടാതെ വാർത്തകളും കേൾക്കും.
∙ ഭാവിയിൽ ആരാവണം?
ഐഎഎസ് ഒാഫീസർ. പിന്നെ ഒരു ഇംഗ്ലീഷ് ലക്ചറർ ആവണം എന്നാണ് ആഗ്രഹം. കാരണം എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്,. ഐഎഎസ് ഒാഫീസർ ആയാൽ നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, അതുകൊണ്ടാണ് അങ്ങനെ ഒരു മോഹം വന്നത്.
∙ പ്രധാനമന്ത്രിയുടെ അഭിനന്ദനം അറിഞ്ഞ് ആരെങ്കിലും വിളിച്ചോ?
കാസർകോട് കൊട്ടോടി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് ‍ഞാൻ പഠിക്കുന്നത്. എന്റെ അധ്യാപകരെല്ലാം വിളിച്ചു. തിങ്കളാഴ്ച എന്തോ പരിപാടി സ്കൂളിൽ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ് ഞാനും.
∙ കുടുംബം, വീട്ടുകാർ?
അച്ഛൻ -തമ്പാൻ നായർ, അമ്മ ജയശ്രീ, അനുജൻ പ്രണവ് എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1