10/26/2015

ആകാശത്ത് ‘അടിച്ചുഫിറ്റായി’ ഒരു വാൽനക്ഷത്രം


ആകാശത്ത് ‘അടിച്ചുഫിറ്റായി’ ഒരു വാൽനക്ഷത്രം


by സ്വന്തം ലേഖകൻ

‘നീയറിഞ്ഞോ, മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്...’എന്നെഴുതിയ കക്ഷിയുടെ ദീർഘവീക്ഷണത്തെ നമിച്ചേ മതിയാകൂ. ഷാപ്പ് തുറന്നില്ലെങ്കിലും ഒരായിരം ഷാപ്പുകളെ വെല്ലുന്ന വിധം മദ്യോൽപാദനമാണ് ബഹിരാകാശത്ത് നടക്കുന്നത്. അതും സെക്കൻഡിൽ ആയിരക്കണക്കിന് ലീറ്റർ എന്ന കണക്കിൽ. നാലെണ്ണമടിച്ചു കഴിഞ്ഞാൽ ഭൂമിയിൽത്തന്നെ കാലുറപ്പിക്കാൻ പറ്റുന്നില്ല, അതിനിടെയാണ് ഒന്നും അടിക്കാതെ തന്നെ കാലുറപ്പിക്കാൻ പറ്റാത്ത ബഹിരാകാശത്ത് മദ്യം ഉൽപാദിപ്പിക്കുന്നതെന്നു പുച്ഛിച്ച് തള്ളാൻ വരട്ടെ. സംഗതി സത്യമാണ്. ഫ്രഞ്ച് ഗവേഷക സംഘമാണ് വൻതോതിൽ ഈഥൈൽ ആൽക്കഹോൾ പുറംതള്ളുന്ന വാൽനക്ഷത്രത്തെ കണ്ടെത്തിയത്. അതായത് പല പേരുകളിലാക്കി നിലവിൽ നമുക്ക് കുപ്പിയിലാക്കിക്കിട്ടുന്ന അതേ തരം മദ്യം. ആൽക്കഹോളിനൊപ്പം പഞ്ചസാരയും പുറംതള്ളുന്നതിനാൽ ഈ വാൽനക്ഷത്രത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേരുതന്നെ ‘ലവ് ജോയ്’ എന്നാണ്. ശാസ്ത്രീയമായ പേര് സി/2014ക്യു2 എന്നും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇവനെ ശാസ്ത്രലോകം കണ്ടെത്തുന്നത്. ഈഥൈൽ ആൽക്കഹോളും പഞ്ചസാരയുമടക്കം 21 തരം ജൈവ തന്മാത്രകളാണ് ലവ് ജോയ് പുറംതള്ളിക്കൊണ്ടേയിരിക്കുന്നത്.
സൗരയൂഥം രൂപീകരിക്കപ്പെട്ട സമയത്തെ കൂട്ടിയിടിയിലുണ്ടായ മേഘശകലങ്ങളും പൊടിയുമെല്ലാം ചേർന്നാണ് ഓരോ വാൽനക്ഷത്രവും രൂപപ്പെട്ടിരിക്കുന്നത്. സൂര്യനിൽ നിന്ന് വളരെ അകലെയായതിനാൽ മിക്ക വാൽനക്ഷത്രങ്ങളും തണുത്തുറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെ പ്രപഞ്ചോൽപത്തി സമയത്തെ പദാർഥങ്ങൾ വരെ അവയിലിപ്പോഴും ഒരു കേടും പറ്റാതെ തണുത്തുറഞ്ഞിരിപ്പുണ്ടാകും. സൗരയൂഥം സൃഷ്ടിക്കപ്പെട്ടതെങ്ങനെയെന്നതിന്റെ നിർണായക തെളിവുകളുമാണവ. സൂര്യനിൽ നിന്ന് ദൂരെ തണുപ്പൻ സോണിൽ ആണെങ്കിലും ഇടയ്ക്ക് ഗുരുത്വാകർഷണബലത്തിന്റെ കയ്യിൽപ്പെട്ട് വാൽനക്ഷത്രങ്ങൾ സൂര്യനടുത്തേക്ക് വലിച്ചെടുക്കപ്പെടും. അന്നേരം അത് ചൂടാവുകയും ബാഷ്പീകരിക്കപ്പടുകയും ചെയ്ത് വൻതോതിൽ പലതരം വാതകങ്ങളെയും പുറത്തുവിടും. ഈ പ്രതിഭാസത്തെ നിരീക്ഷിച്ചാണ് ഗവേഷകർ വാൽനക്ഷത്രത്തിന്റെ ഘടന മനസിലാക്കുന്നത്. 1997ൽ വന്ന പ്രശസ്തമായ ഹാലിയുടെ വാൽനക്ഷത്രത്തിനു ശേഷം ഭൂമിയുടെ ഇത്രയും അടുത്ത് ശാസ്ത്രത്തിന് കിട്ടിയ അനുഗ്രഹം കൂടിയാണ് ലവ് ജോയ്. അത്രമാത്രം തിളക്കത്തോടെയാണ് ഈ വാൽനക്ഷത്രം സജീവമായിരിക്കുന്നത്. ഇത്തരത്തിൽ സൂര്യതാപമേറ്റ് വൻതോതിൽ വാതകങ്ങൾ പുറപ്പെടുവിക്കുന്ന ഏറ്റവും ‘ആക്ടീവ്’ സമയത്ത് ലവ് ജോയ് സെക്കൻഡിൽ 500 കുപ്പി എന്ന കണക്കിനാണ് ഈഥൈൽ ആൽക്കഹോൾ ബഹിരാകാശത്തേക്ക് വിടുന്നത്. ഒപ്പം ഗ്ലൈക്കോൾആൽഡിഹൈഡ് എന്ന പഞ്ചസാരയുടെ ലഘു രൂപത്തിലുള്ള തന്മാത്രകളും.
ഗ്രഹങ്ങളുടെ രൂപീകരണത്തിലേക്കു നയിച്ച കൂറ്റൻ പാറയുടെ ഭാഗങ്ങളായിരിക്കാം ഈ ഓർഗാനിക് തന്മാത്രകളെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ പാരിസ് ഒബ്സർവേറ്ററിയിലെ ഗവേഷകരുടെ നിഗമനം. ഭൂമി രൂപം കൊള്ളുന്ന സമയത്ത് ഇവിടെ നിലനിന്നിരുന്ന അന്തരീക്ഷ സാഹചര്യങ്ങളെപ്പറ്റി പഠിക്കാൻ വാൽനക്ഷത്രത്തെപ്പോലെ മറ്റൊരു വഴിയില്ലെന്നും പറയുന്നു ഇവർ. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു ലവ് ജോയ് സൂര്യന് ഏറ്റവും അടുത്തുകൂടെ പോയത്. അന്ന് സെക്കൻഡിൽ 20 ടൺ എന്ന കണക്കിനാണ് ഇതിൽ നിന്ന് ജലം പുറംതള്ളപ്പെട്ടത്. ഈ സമയത്ത് സ്പെയിനിലെ ഒരു മലനിരകളിൽ നിന്നാണ് ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച് സംഘം 30 മീറ്റർ വ്യാസമുള്ള റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ച് ലവ് ജോയിയെ നിരീക്ഷിച്ചത്. വാൽനക്ഷത്രത്തിലെ ഓരോ തന്മാത്രയ്ക്കും സൂര്യപ്രകാശം ‘ഊർജം’ പകരും. അന്നേരമുണ്ടാകുന്ന തിളക്കങ്ങൾ ഓരോ തന്മാത്രയ്ക്കും ഓരോ തരംഗദൈർഘ്യത്തിലായിരിക്കും. അത്തരം തരംഗദൈർഘ്യങ്ങളെ നിരീക്ഷിച്ചായിരുന്നു 21 തരം തന്മാത്രകളെ ഗവേഷകർ വേർതിരിച്ചെടുത്തത്. വാൽനക്ഷത്രങ്ങളടെ സങ്കീർണമായ ഘടന മനസിലാക്കാൻ ഇതേറെ സഹായകരമായെന്ന് ഗവേഷണത്തിൽ പങ്കാളികളായ നാസ ഗോദർദ് സ്പെയ്സ് ഫ്ലൈറ്റ് സെന്റിറിലെ ശാസ്ത്രജ്ഞരും പറയുന്നു.
comet_lovejoy
ഇനി 8000 വർഷങ്ങൾക്കു ശേഷമേ ഇത്രയും അടുത്ത് ലവ് ജോയിയെ ലഭിക്കുകയുള്ളൂ. 3.8 ബില്യൺ വർഷങ്ങൾക്കു മുൻപ് വാൽനക്ഷത്രങ്ങളും ഉൽക്കകളും ഭൂമിയിലേക്ക് വന്നിടിച്ചാണ് (Late Heavy Bombardment ) ഇവിടെ സമുദ്രവും ജീവനുമൊക്കെ ഉണ്ടായതെന്ന സിദ്ധാന്തം നിലവിലുണ്ട്. വാൽനക്ഷത്രങ്ങളിലേറി വന്ന അമിനോ ആസിഡാണ് ജീവന്റെ അടിസ്ഥാനഘടകമായ പ്രോട്ടീന്റെ രൂപീകരണത്തിൽ സഹായിച്ചതെന്ന് ഉൾപ്പെടെ ഇത് പ്രകാരം വാദം നിലനിൽക്കുന്നു. അതായത് ഭൂമിയിൽ ജീവനുണ്ടാകാൻ വാൽനക്ഷത്രങ്ങളാണ് അടിത്തറ കെട്ടിയതെന്നർഥം. ഈ നിഗമനത്തിന് ശക്തി പകരുന്ന വിവരങ്ങളാണ് ലവ് ജോയിയിൽ നിന്നിപ്പോൾ ലഭിച്ചിരിക്കുന്നതും. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ ഇത് സംബന്ധിച്ച ഗവേഷണറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1