3/07/2013

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും      ................................................................. ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സമഗ്രപരിഷ്‌കാരം നിര്‍ദേശിക്കുന്ന പുതിയ മാതൃക കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

ഇതനുസരിച്ച് മെയിന്‍ പരീക്ഷയ്ക്ക് പുതിയൊരു പേപ്പര്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'സന്മാര്‍ഗം, സത്യസന്ധത, അഭിരുചി' എന്ന പേരിലാണിത്. പൊതുജീവിതത്തിലെ സത്യസന്ധത, സന്മാര്‍ഗം തുടങ്ങിയവയോട് ഉദ്യോഗാര്‍ഥിയുടെ സമീപനമാണ് ഈ പേപ്പറില്‍ പ്രധാനമായി പരിശോധിക്കുക. ഒപ്പം പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ഉദ്യോഗാര്‍ഥിയുടെ ശേഷിയും വിലയിരുത്തുമെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. അഭിരുചി നിര്‍ണയം കൂടി ഉള്‍പ്പെടുന്ന ഈ പേപ്പറിന് 250 മാര്‍ക്കാണുണ്ടാവുക. 2013ലെ പരീക്ഷയില്‍ത്തന്നെ മാറ്റങ്ങള്‍ നിലവില്‍വരും.

വിവിധ പേപ്പറുകളുടെ മാര്‍ക്കുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. മെയിന്‍ പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ നിര്‍ബന്ധിത വിഷയങ്ങളുടെ എണ്ണവും കൂട്ടി.

മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍ സ്റ്റഡീസില്‍ 250 മാര്‍ക്ക് വീതമുള്ള നാല് നിര്‍ബന്ധിതവിഷയങ്ങളാണ് ഇനിയുണ്ടാവുക. ഇതിനു പുറമെ 250 മാര്‍ക്ക് വീതമുള്ള രണ്ട് ഐച്ഛികവിഷയങ്ങളും. നേരത്തേ 300 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത വിഷയങ്ങളും രണ്ട് ഐച്ഛികവിഷയങ്ങളുമാണുണ്ടായിരുന്നത്.

ഇവയുള്‍പ്പെടെ മെയിന്‍പരീക്ഷയ്ക്ക് മൊത്തം 1800 മാര്‍ക്കുണ്ടാവും. 200 മാര്‍ക്കിന്റെ ഉപന്യാസരചനാ പേപ്പര്‍ അതേപടി തുടരും. ഇതിന് പുറമേ 100 മാര്‍ക്കിന്റെ ഇംഗ്ലീഷ് പേപ്പര്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണരംഗത്ത് അനിവാര്യമായ ഇംഗ്ലീഷ്ഭാഷയിലെ മികവാണ് ഈ പേപ്പറില്‍ പരിശോധിക്കുക. പ്രിലിമിനറി പരീക്ഷയില്‍ രണ്ടുവര്‍ഷം മുമ്പ് മാറ്റം വരുത്തിയതിനാല്‍ പരിഷ്‌കാരങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

ഏപ്രില്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ മെയ് 26ന് നടക്കും.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാലാനുസൃതമാറ്റങ്ങള്‍ നിര്‍ദേശിക്കാനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. യു.ജി.സി. മുന്‍ചെയര്‍മാന്‍ അരുണ്‍ നിഗവേക്കര്‍ അധ്യക്ഷനായ ഈ സമിതിയുടെ ശുപാര്‍ശകള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തുടര്‍ന്നാണ് വിജ്ഞാപനമായത്.

പ്രധാനമന്ത്രിയുടെ അനുമതി വൈകിയതു മൂലമാണ് ഫിബ്രവരി രണ്ടിന് പുറത്തിറക്കേണ്ട വിജ്ഞാപനം യു.പി.എസ്.സി നീട്ടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1