വൈദ്യുതിക്ക് സൂര്യന്‍ ശരണം
സ്വന്തം ലേഖകന്‍ മനോരമ 15/3/2013തിരുവനന്തപുരം. കേരളത്തിന്റെ വൈദ്യുത പ്രതിസന്ധിക്ക് സൌരോര്‍ജമാണ് ഇനി പ്രതിവിധിയെന്ന തിരിച്ചറിവില്‍ വന്‍ സൌരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ബജറ്റിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിലെ ജലാശയങ്ങളില്‍ ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ചുള്ളിയാര്‍, മീങ്കര എന്നിവിടങ്ങളില്‍ 20 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം തന്നെ ഉത്പാദിപ്പിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
ഗ്രിഡ് കണക്ഷനോടു കൂടി റൂഫ്ടോപ്പ് സൌരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ ഗ്രിഡിലേക്കു നല്‍കുന്ന ഒാരോ യൂണിറ്റ് നെറ്റ് വൈദ്യുതിക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ വീതം സബ്സിഡി നല്‍കും. ഗ്രിഡുമായി ബന്ധിപ്പിച്ച സൌരോര്‍ജ പാനലുകള്‍ ഗവ. ഒാഫിസുകളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒാരോ കിലോവാട്ട് ശേഷിയുള്ള 25000 ഒാഫ് ഗ്രിഡ് റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതുമൂലം 25 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാനാവും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ മാറ്റിവച്ചു.
പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളോടനുബന്ധിച്ച് മഴവെള്ളസംഭരണം, ഉറവിട മാലിന്യസംസ്കരണം എന്നീ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. സൌരോര്‍ജമുള്‍പ്പെടെ നിര്‍ദിഷ്ട അളവിലും രീതിയിലും ഇവ സജ്ജീകരിക്കുന്നവര്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50% ഇളവു നല്‍കും.
സോളാര്‍ പാനലുകളുടെ നിര്‍മാണ-സംയോജന വ്യവസായം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് മാണി പറഞ്ഞു. ഇതിനുവേണ്ടി ഒരു സോളാര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ മാറ്റിവച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ