'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡനു'മായി തോമസ്
Published on 24 Mar 2013
കല്പറ്റ: തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും പഴവര്‍ഗ ചെടികളുമായി പുത്തൂര്‍ വയലിലെ പുളിക്കായത്ത് പി.വി. തോമസ് ശ്രദ്ധേയനാവുന്നു. 'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡന്‍' എന്ന് തോമസ് വിളിക്കുന്നതാണ് ഈ പൂന്തോട്ടം.
സ്‌ട്രോബറി, പഴങ്ങള്‍, പത്തുമണിച്ചെടി, പുതിന എന്നിങ്ങനെ എന്തും കുപ്പിയില്‍ കൃഷിചെയ്യാമെന്ന് ഇതിനകം തോമസ് തെളിയിച്ചുകഴിഞ്ഞു. ഇലച്ചെടികളായ ഏതിനവും ഇതില്‍ നടാമെന്നതാണ് പ്രത്യേകത.
പാഴായ കുപ്പികളാണ് ഇതിന് ഉപയോഗിക്കുന്നത്. കൊക്കോകിറ്റും വെര്‍മികമ്പോസ്റ്റും കുപ്പികളില്‍ നിറച്ചശേഷം ചെടികള്‍ നടന്നു. സാധാരണ മണ്ണില്‍ നടുന്നതില്‍നിന്ന് വളരെ വേഗത്തില്‍ ഇത് വളരും. പഴയ അല്പം വലിപ്പമുള്ള കുപ്പിയും ചകിരിച്ചോറും മാത്രമാണ് വേണ്ടത്. ചാണകം ആവശ്യമെങ്കില്‍ ഇടാം. എന്നാല്‍, മണ്ണ് ഉപയോഗിക്കരുത്.
ഒരു കുപ്പിയുടെ താഴെ മറ്റൊന്നെന്ന രീതിയില്‍ തൂക്കിയിട്ടാണ് 'പൂന്തോട്ടം' നിര്‍മിച്ചിട്ടുള്ളത്. ഇതുകൊണ്ടുള്ള ഒരു ഗുണം ഏറ്റവും മുകളിലത്തെ കുപ്പിയില്‍ വെള്ളം ഒഴിച്ചാല്‍ മതി എന്നതാണ്. മറ്റുള്ളതിലേക്ക് വെള്ളം തനിയെ എത്തും. ജലനഷ്ടം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. 12 കുപ്പികളാണ് തുടക്കമെന്ന നിലയില്‍ തോമസ് 'പൂന്തോട്ട' മാക്കിയിട്ടുള്ളത്. ഇത് വിജയമായ സ്ഥിതിക്ക് കൂടുതല്‍ കുപ്പികള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.
വിവിധ തരം ചെടികളും പഴവര്‍ഗങ്ങളും ഈ പരീക്ഷണത്തിന് ഉപയോഗിക്കാനും തോമസ് ആലോചിക്കുന്നു. ടെറസ്സിന്റെ മുകളില്‍ നിന്നും തൂക്കിയിടാനും കര്‍ട്ടനുപകരം ഉപയോഗിക്കാനും അലങ്കാര ചെടികള്‍ ഇങ്ങനെ ചെയ്താല്‍ സാധിക്കും. ഇതിനുപുറമേ നിരവധി പച്ചക്കറികളും കാപ്പി, കവുങ്ങ്, തെങ്ങ്, ഏലം എന്നിങ്ങനെ വൈവിധ്യമായ കൃഷികളും തോമസിന്റെ തോട്ടത്തിലുണ്ട്. എമു, താറാവ്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ ഫാമില്‍ വളരുന്നു.