8/18/2015

ഇരമ്പിയെത്തിയത് ജനസഹസ്രങ്ങള്‍ ; ആവേശം അലതല്ലി

ഇരമ്പിയെത്തിയത് ജനസഹസ്രങ്ങള്‍ ; ആവേശം അലതല്ലി
മാതൃഭൂമി



ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനെത്തിയ ഇന്ത്യന്‍ സമൂഹം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തെ മനുഷ്യക്കടലാക്കി.
കനത്ത ചൂടിനെ അവഗണിച്ചും രാവിലെ പതിനൊന്ന് മണി മുതല്‍ ജനസഹസ്രമാണ് സ്‌റ്റേഡിയം ലക്ഷ്യമിട്ട് എത്തിയത്. അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന മോദി മാജിക്കിന് സാക്ഷികളായത് മെച്ചപ്പെട്ട തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ ഏറ്റവും സാധാരണക്കാരായവര്‍ മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ദുബായിലെ ചരിത്ര സംഭവത്തിന് സാക്ഷികളായി.

അരലക്ഷത്തോളം ജനങ്ങളെയാണ് മോദി ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അഭിസംബോധന ചെയ്തത്. യു.എ.ഇ.യുടെ ചരിത്രത്തില്‍തന്നെ ഏറ്റവുമധികം ആളുകള്‍ ഒത്തുചേര്‍ന്ന പൊതുപരിപാടിയായി മാറി മോദിയുടെ ദുബായ് സന്ദര്‍ശനം.
മിക്ക ഓഫീസുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യക്കാര്‍ അവധിയെടുക്കുകയായിരുന്നു. ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും അവധി അനുവദിച്ചു.

ദുബായ് നഗരം കണ്ട ഏറ്റവും വലിയ വാഹനത്തിരക്കിനും ആഗസ്ത് 17 സാക്ഷ്യം വഹിച്ചു. ആസൂത്രിതമായ സംവിധാനത്താല്‍ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസും സജീവമായി രംഗത്തുണ്ടായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഹെസ്സ സ്ട്രീറ്റ്, അല്‍ ബര്‍ഷ റോഡ് എന്നിവടങ്ങളിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുന്ന കാഴ്ചയും കാണാന്‍ കഴിയുമായിരുന്നു. ദുബായിലെ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും വിവിധ എമിറേറ്റുകളില്‍ നിന്നും അന്‍പതോളം ബസ്സുകളാണ് സ്‌റ്റേഡിയത്തിലേക്ക് സര്‍വീസ് നടത്തിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരുടെ എമിറേറ്റ്‌സ് ഐ.ഡി.യും പാസ്‌പോര്‍ട്ടുമടങ്ങുന്ന രേഖകള്‍ പരിശോധിച്ചാണ് മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ആളുകളെ ബസ്സില്‍ കയറ്റിയത്. 

നാല് തരത്തിലുള്ള പ്രവേശന പാസുകളാണ് സംഘാടകര്‍ പുറത്തിറക്കിയിരുന്നത്. ഇവയില്‍ പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിവ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സാധാരണ പാസുമായിരുന്നു ഉണ്ടായിരുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് സ്‌റ്റേഡിയത്തിന്റെ തെക്ക് വശം വഴിയും ഓണ്‍ ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വടക്ക് ഭാഗത്തുള്ള മൂന്ന് കവാടങ്ങള്‍ വഴിയുമാണ് പ്രവേശനം നല്‍കിയത്. നാല് മണിക്ക് തന്നെ സ്‌റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ തന്നെ രണ്ടായിരം ആളുകളാണ് അകത്ത് പ്രവേശിച്ചത്.
ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പാട് പെടുന്ന കാഴ്ചയും കാണാനാകുമായിരുന്നു.
ഗാലറികള്‍ക്ക് പുറമേ പുല്‍മൈതാനത്ത് ഫൈബര്‍ ഷീറ്റ് വിരിച്ച് അതിന് മുകളില്‍ കസേരയിട്ടും ഇരിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. പരിപാടിയുടെ ഭാഗമാകാനെത്തിയ സ്ത്രീകളുടെ പങ്കാളിത്തവും എടുത്തു പറയേണ്ട കാഴ്ചയായി.
ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ശക്തമായ ചൂടിനെ തണുപ്പിക്കാന്‍ ഇതിനായില്ല. എങ്കിലും ഒരു ചൂടിനും കെടുത്താന്‍ കഴിയാത്ത ആവേശമായിരുന്നു സ്‌റ്റേഡിയത്തില്‍ ഇരമ്പിയെത്തിയ ഇന്ത്യന്‍ ജനതയുടെ മുഖങ്ങളില്‍.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ടവര്‍ ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിന് മുന്നില്‍ ഒന്നിച്ചണിചേരുന്ന കാഴ്ചയ്ക്കാണ് ദുബായ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1