8/13/2015

കാന്‍സറിനെ തടയാം; അടുക്കളയില്‍ നിന്ന്‌

കാന്‍സറിനെ തടയാം; അടുക്കളയില്‍ നിന്ന്‌
രമേഷ്‌ പുതിയമഠം

കാന്‍സറിനെതിരായുള്ള സമരം തുടങ്ങേണ്ടത്‌ അടുക്കളയില്‍ നിന്നാണ്‌. കാരണം ഭക്ഷണവും കാന്‍സറും തമ്മില്‍ വലിയ ബന്ധമുണ്ട്‌. വാരിവലിച്ചു കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഉദരത്തിലേക്ക്‌ കാന്‍സറിന്‌ എളുപ്പത്തില്‍ കയറിവരാം.
പണ്ടൊക്കെ കാന്‍സറെന്ന്‌ കേള്‍ക്കുമ്പോള്‍ അറുപതു വയസ്സുകാരന്റെ മുഖമാണ്‌ മുമ്പില്‍ വരിക. എന്നാലിപ്പോള്‍ പിഞ്ചുകുട്ടികള്‍ക്കുപോലും വരാവുന്ന അസുഖമായി കാന്‍സര്‍ മാറിയിരിക്കുന്നു. പാരമ്പര്യമായി കാന്‍സര്‍ വരുന്നത്‌ പത്തു ശതമാനം ആളുകളില്‍ മാത്രമാണ്‌. ബാക്കി തൊണ്ണൂറു ശതമാനവും ജീവിതശൈലി കൊണ്ട്‌ സംഭവിക്കുന്നതാണ്‌.
കാന്‍സര്‍ പെട്ടെന്നുവന്ന്‌ നമ്മെ കീഴടക്കില്ല. പലപ്പോഴായി മുന്നറിയിപ്പ്‌ നല്‍കും. എന്നാല്‍ നാമത്‌ മനഃപ്പൂര്‍വം അവഗണിക്കുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും രോഗമാണെന്ന്‌ സ്വയം വിലയിരുത്തും. മലത്തിലൂടെ രക്‌തം വന്നാല്‍ നമ്മള്‍ വിധിയെഴുതും, അത്‌ പൈല്‍സാണെന്ന്‌.
എന്നാല്‍ കാന്‍സറിന്റെ തുടക്കത്തിലും അങ്ങനെ സംഭവിക്കാം. ചുമച്ചുകഴിഞ്ഞ്‌ രക്‌തം വരുന്നത്‌ കാന്‍സറിന്റെ ലക്ഷണമാവാം. പുകവലിക്കാരന്‌ ശബ്‌ദമടപ്പ്‌ വന്നാല്‍, വായ്‌ക്കകത്ത്‌ പാടുകളുണ്ടായാല്‍ സ്വാഭാവികമായും സംശയിക്കണം. എണ്‍പതു ശതമാനം കാന്‍സറും ചികിത്സിച്ചു മാറ്റാവുന്നതാണ്‌.
എച്ച്‌.പൈലോറൈ ബാക്‌ടീരിയകളാണ്‌ അള്‍സറുണ്ടാക്കുന്നത്‌. വര്‍ഷങ്ങളുടെ പഴക്കം കൊണ്ട്‌ ഈ അള്‍സര്‍ ആമാശയ കാന്‍സറായി രൂപാന്തരപ്പെടാം. തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഈ ബാക്‌ടീരിയയെ ഒരാന്റിബയോട്ടിക്ക്‌ കൊണ്ട്‌ നശിപ്പിക്കാന്‍ കഴിയും.
പക്ഷേ മിക്കവരും ഡോക്‌ടറുടെ അടുത്തെത്തുന്നത്‌ അവസാന നിമിഷമാണ്‌. അതുവരെ സ്വയം ചികിത്സിച്ചും അന്റാസിഡ്‌ പോലുള്ള ഗുളികകള്‍ കഴിച്ചും ആശ്വാസം കണ്ടെത്തുന്നതാണ്‌ അപകടകരം.
കാന്‍സറിനെതിരായുള്ള സമരം തുടങ്ങേണ്ടത്‌ നമ്മുടെ അടുക്കളയില്‍ നിന്നാണ്‌. കാരണം ഭക്ഷണവും കാന്‍സറും തമ്മില്‍ വലിയ ബന്ധമുണ്ട്‌. എന്താണെന്നു നോക്കാതെ വാരിവലിച്ച്‌ കഴിക്കുന്നവര്‍ സൂക്ഷിക്കുക.
നിങ്ങളുടെ ഉദരത്തിലേക്ക്‌ കാന്‍സറിന്‌ എളുപ്പത്തില്‍ കയറിവരാം. ഭക്ഷണത്തില്‍ നിയന്ത്രിക്കേണ്ട അഞ്ചു കാര്യങ്ങളെക്കുറിച്ചാണ്‌ ഇനി പറയാന്‍ പോകുന്നത്‌.
1. ഉപ്പ്‌
ഭക്ഷണങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപ്പിലിട്ടുവയ്‌ക്കുന്നത്‌ അപകടങ്ങള്‍ക്ക്‌ വഴിവയ്‌ക്കും. മീനും ഇറച്ചിയും അച്ചാറുമൊക്കെ ചിലര്‍ ഇങ്ങനെ ചെയ്യാറുണ്ട്‌. ഉയര്‍ന്ന തോതില്‍ ഉപ്പ്‌ ഉപയോഗിക്കുന്നത്‌ ആമാശയ കാന്‍സറിന്‌ കാരണമാകും. ജപ്പാനിലുള്ളവര്‍ കൂടുതലും ഉപയോഗിക്കുന്നത്‌ ഉപ്പിട്ട മീനാണ്‌.
അതുകൊണ്ടുതന്നെ ഏറ്റവുമധികം ആമാശയ കാന്‍സറുള്ളതും അവിടെയാണ്‌. ഉപ്പ്‌ കൂടിയതാണ്‌ ഇപ്പോള്‍ വിപണിയിലിറങ്ങുന്ന മിക്ക പായ്‌ക്കറ്റ്‌ ഫുഡുകളും. ഇതും ആരോഗ്യത്തിന്‌ നല്ലതല്ല. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ ഒരു ദിവസം രണ്ടുഗ്രാമിലധികം ഉപ്പ്‌ നല്‍കുന്നത്‌ ഉചിതമല്ല.
2.പഞ്ചസാര
ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും പഞ്ചസാരയിലെ പോഷകഘടകങ്ങള്‍ ആവശ്യമാണ്‌. പഞ്ചസാര കൂടുതലാവുമ്പോഴാണ്‌ കുഴപ്പം. അധികം വരുന്ന ഷുഗറിനെ ശരീരം കൊഴുപ്പാക്കി മാറ്റും. ഈ കൊഴുപ്പിനകത്ത്‌ കൂടുതല്‍ ഹോര്‍മോണുകള്‍ അടിഞ്ഞുകൂടുമ്പോള്‍ അത്‌ കാന്‍സറിലേക്ക്‌ വഴിവയ്‌ക്കും.
 3.വെള്ള അരി
ബ്രൗണ്‍ റൈസിലാണ്‌ ഏറ്റവും കൂടുതല്‍ ഫൈബറുള്ളത്‌. തവിടിന്റെ അംശമില്ലാത്ത, പോളിഷ്‌ ചെയ്‌ത അരിയാണ്‌ വൈറ്റ്‌ റൈസ്‌ അഥവാ വെള്ള അരി. മലയാളിക്ക്‌ കൃഷി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നു കണ്ടപ്പോള്‍ നോര്‍ത്തിന്ത്യന്‍ ലോബി സമ്മാനിച്ചതാണ്‌ വെള്ള അരി.
എന്നാല്‍ ബ്രൗണ്‍ റൈസില്‍ പ്രോട്ടീന്‍, സയാമിന്‍, മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവയെല്ലാമുണ്ട്‌. പ്രമേഹവും കൊളസ്‌ട്രോളും കുറയ്‌ക്കാന്‍ ഇതിന്‌ കഴിയുന്നു. കുത്തരിയില്‍ തവിടിന്റെ അംശമുണ്ട്‌.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാന്‍സര്‍ പ്രിവന്റിംഗ്‌ എലിമെന്റാണ്‌ തവിട്‌. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ തവിടിന്റെ സ്‌ഥാനം തൊഴുത്താണ്‌. പണ്ട്‌ നമ്മുടെ അമ്മൂമ്മമാര്‍ തവിടു കൊണ്ട്‌ കൊഴുക്കട്ട ഉണ്ടാക്കുമായിരുന്നു.
അതിലെ ശാസ്‌ത്രം അറിഞ്ഞിട്ടല്ല അവരങ്ങനെ ചെയ്യുന്നത്‌. തവിട്‌ ആരോഗ്യത്തിന്‌ നല്ലതാണെന്ന അറിവ്‌ അവര്‍ക്കുണ്ടായിരുന്നു. തവിടെണ്ണ ഈയടുത്ത കാലത്താണ്‌ കേരളത്തില്‍ മാര്‍ക്കറ്റിലെത്തിയത്‌. ഹൃദയാഘാതവും കാന്‍സറും തടയാന്‍ തവിടെണ്ണയ്‌ക്കു കഴിയുന്നു.
4. പാല്‍
പാലില്ലാത്ത ഒരു ദിവസത്തെക്കുറിച്ച്‌ മലയാളിക്ക്‌ ചിന്തിക്കാനേ വയ്യ. നാലുമാസം വരെ ഒരു കുഞ്ഞ്‌ കുടിക്കുന്നത്‌ അമ്മയുടെ മുലപ്പാലാണ്‌. അതുമാത്രം കഴിച്ചാണ്‌ കുഞ്ഞ്‌ വളരുന്നതും. എന്നുവച്ചാല്‍ സ്വന്തം കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കുള്ള ഹോര്‍മോണുകള്‍ അമ്മയില്‍ നിന്ന്‌ കുട്ടിക്ക്‌ കിട്ടുന്നു എന്നര്‍ഥം.
അതുപോലെ തന്നെയാണ്‌ പശുവിന്റെ കാര്യവും. പശുവിന്റെ കിടാവിന്‌ പ്രകൃതി കരുതിവച്ചതാണ്‌ പശുവിന്‍പാല്‍. അതാണ്‌ മനുഷ്യനെടുത്ത്‌ പായ്‌ക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്നതും കുടിക്കുന്നതും.
മനുഷ്യനല്ലാതെ ഏതെങ്കിലും മൃഗങ്ങള്‍ മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്നുണ്ടോ? ഇല്ല. പാലിനകത്തുള്ള ഗാലക്‌ടോസ്‌ എന്ന സാധനം ബ്രസ്‌റ്റ് കാന്‍സറിനും യൂട്രസ്‌ കാന്‍സറിനും കാരണമാകുന്നു. കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സഹായിക്കുന്ന ഒരുപാട്‌ ഘടകങ്ങള്‍ പാലിലുണ്ടെന്നാണ്‌ പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്‌.
പാലില്‍ പ്രോട്ടീന്‍, ഡഡന്‍സ്‌ ഓഫ്‌ ഹോര്‍മോണ്‍സ്‌, കൊഴുപ്പ്‌, ലാക്‌ടോസ്‌, കാല്‍സ്യം കെമിക്കല്‍സ്‌ എന്നിവയെല്ലാമുണ്ടെന്നാണ്‌ ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്‌. അതുകൊണ്ടുതന്നെ ജപ്പാന്‍, ചൈന, കൊറിയ പോലുള്ള രാജ്യങ്ങളില്‍ പാല്‍ ഒരവശ്യ വസ്‌തുവേയല്ല.
അവിടെ കൂടുതല്‍പേരും കട്ടനും ഗ്രീന്‍ടീയുമാണ്‌ കുടിക്കുന്നത്‌. മനുഷ്യന്റെ വളര്‍ച്ചയ്‌ക്ക് ഏറ്റവും അത്യാവശ്യമുള്ള സാധനമാണ്‌ പാല്‍ എന്നാണ്‌ പൊതുവെ പറയുന്നത്‌. അതു, ശരിയല്ല.
കരയിലെ ഏറ്റവും വലിയ ജീവിയായ ആന വളരുന്നത്‌ പാല്‍ കുടിച്ചിട്ടാണോ? പാല്‍ അലര്‍ജിയുള്ള എത്രയെത്ര കുട്ടികളുണ്ട്‌. അവരൊന്നും വളരുന്നില്ലേ? മാത്രമല്ല, പശുവിന്‌ കൊടുക്കുന്നത്‌ ഈസ്‌ട്രജന്‍ അടങ്ങിയ കാലിത്തീറ്റയാണ്‌. അതുകൊണ്ടാണ്‌ ഒരു ലിറ്റര്‍ കിട്ടുന്ന പശു പത്തുലിറ്റര്‍ പാല്‍ ചുരത്തുന്നത്‌.
5.മൈദ
ഗോതമ്പുചെടിയുടെ മുകുളത്തില്‍ നിന്നാണ്‌ മൈദയുണ്ടാക്കുന്നത്‌. ഗോതമ്പിലെ ഫൈബര്‍ മാറ്റി ബെന്‍സില്‍ പെറോക്‌സൈഡ്‌ എന്ന രാസവസ്‌തു ചേര്‍ത്താണ്‌ മൈദയുണ്ടാക്കുന്നത്‌. ഇത്‌ ആമാശയ കാന്‍സറിന്‌ കാരണമാകുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും മൈദയുടെ ഉപയോഗം നന്നേ കുറവാണ്‌.
പക്ഷേ മലയാളികള്‍ക്ക്‌ മൈദയും പൊറോട്ടയുമില്ലാത്ത ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയില്ല. മൈദയുടെ നൂറുകണക്കിന്‌ ഉപോല്‍പ്പന്നങ്ങളാണ്‌ വിപണിയിലുള്ളത്‌.
പണ്ടൊക്കെ സിനിമാപോസ്‌റ്റര്‍ ഒട്ടിക്കാന്‍ വേണ്ടി മാത്രമായിരുന്നു മൈദ ഉപയോഗിച്ചിരുന്നത്‌. പൊറോട്ടയില്‍ മൈദയും നെയ്യും ചേരുമ്പോള്‍ ദഹിക്കാന്‍ പ്രയാസമാകുന്നു.എന്തുകഴിക്കണം?
പയറുവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും കാന്‍സറിനെ തടയാന്‍ കഴിയും. ബീന്‍സ്‌, പയര്‍, കാരറ്റ്‌, തക്കാളി, കോളിഫ്‌ളവര്‍, ബ്രോക്കോളി, വെളുത്തുള്ളി, ഉള്ളി, സവാള എന്നീ പച്ചക്കറികളും മാങ്ങ, തക്കാളി, പിങ്ക്‌ മുന്തിരി തുടങ്ങിയ പഴങ്ങളും കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്‌.
പയറുവര്‍ഗങ്ങളില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്‌. മാത്രമല്ല ഫൈബറുമുണ്ട്‌. ഇത്‌ കൊളസ്‌ട്രോളും പ്രമേഹവും കുറയ്‌ക്കും. പ്രമേഹവും ഇന്ന്‌ കാന്‍സറിന്റെ ഒരു കാരണക്കാരനാണ്‌.
മഞ്ഞളും കുരുമുളകും നല്ലതാണ്‌. മഞ്ഞളിന്‌ മഞ്ഞ നിറം കൊടുക്കുന്നത്‌ കുര്‍ക്ക്‌മിന്‍ എന്ന വസ്‌തുവാണ്‌. അമേരിക്കയില്‍ സ്‌തനാര്‍ബുദത്തിനെതിരായ കീമോതെറാപ്പിയുടെ മരുന്നായി കുര്‍ക്ക്‌മിന്‍ ഉപയോഗിക്കുന്നുണ്ട്‌.
യൂറോപ്പിലാവട്ടെ, കാന്‍സര്‍ പ്രതിരോധത്തിന്‌ കുര്‍ക്ക്‌മിന്‍ ടാബ്ലറ്റും വില്‍ക്കപ്പെടുന്നു. വിഷാംശം നീക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന്‌ നമ്മുടെ മുന്‍തലമുറ തെളിയിച്ചിരുന്നു.
പച്ചക്കറി കിട്ടിയാല്‍ ആദ്യം കഴുകി വൃത്തിയാക്കുക. അതിനുശേഷം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. പച്ചക്കറികളുടെ തൊലിക്കകത്താണ്‌ എച്ച്‌.പൈലോറൈ എന്ന ബാക്‌ടീരിയ ഒളിഞ്ഞിരിക്കുന്നത്‌. ഈ ബാക്‌ടീരിയ ആമാശയ കാന്‍സറുണ്ടാക്കുന്നു.
താഴ്‌ന്ന ഡിഗ്രിയില്‍ ശീതീകരിച്ചു വച്ചാല്‍ എച്ച്‌.പൈലോറൈ ബാക്‌ടീരിയ വളരില്ല. വികസിത രാജ്യങ്ങളില്‍ ആമാശയകാന്‍സര്‍ വളരെ കുറവായതിനു കാരണവും അതാണ്‌.
ഏറ്റവും നല്ല ഓയിലുള്ളത്‌ മത്തിക്കകത്താണ്‌. ഒമേഗ ത്രീ ഫാറ്റി ആസിഡ്‌. കാന്‍സറിനെ തടയാന്‍ ഇതിന്‌ കഴിയും. പക്ഷേ മത്തി വാങ്ങിക്കുന്നത്‌ സ്‌റ്റാറ്റസിന്‌ ചേര്‍ന്നതല്ലെന്ന്‌ ചിന്തിക്കുന്നവരാണ്‌ മലയാളില്‍ അധികവും.
മുതിര്‍ന്നൊരാള്‍ക്ക്‌ ഒരു ദിവസം ജീവിക്കാന്‍ 2000 കലോറി ആഹാരം മതി. അത്‌ പച്ചക്കറികളില്‍ നിന്നു കിട്ടും. പക്ഷേ വൈകുന്നേരമാവുമ്പോഴേക്കും അത്‌ ദഹിച്ചിരിക്കണം. അവിടെയാണ്‌ വ്യായാമത്തിന്റെ പ്രസക്‌തി. വ്യായാമം കാന്‍സര്‍ രോഗികള്‍ക്ക്‌ പരമപ്രധാനമാണ്‌.
കീമോതെറാപ്പി ചെയ്യുന്നയാള്‍ വ്യായാമം ചെയ്‌താല്‍ മരുന്നിന്റെ പ്രയോജനം കിട്ടും. ഛര്‍ദ്ദിക്കില്ല. സ്‌ഥിരമായി വ്യായാമം ചെയ്‌താല്‍ കൊഴുപ്പും പ്രമേഹവും കുറയും. തലച്ചോറിനും ജാഗ്രതയുണ്ടാവും.
ഇറച്ചി ചൂടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌
കഴുത്തിന്‌ താഴേക്ക്‌ എന്ത്‌ ഇറങ്ങിപ്പോയാലും കുഴപ്പമില്ല. നാവിന്‌ രുചി വേണം. അതാണ്‌ മലയാളിയുടെ പോളിസി. ഉപ്പ്‌, പഞ്ചസാര, ഓയില്‍ എന്നിവ കൂടുമ്പോള്‍ രുചി കൂടുന്നത്‌ സ്വാഭാവികം. ചിക്കനും ബീഫും നന്നായി വറുത്തു കരിച്ചാല്‍ ടേസ്‌റ്റ് കൂടും. എന്നാലിത്‌ അപകടമാണ്‌.
ഇറച്ചിക്ക്‌ ചുവപ്പുനിറം കൊടുക്കുന്നത്‌ ഹീമോഗ്ലോബിനാണ്‌. അത്‌ ഇറച്ചിക്കകത്തിരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ നൂറു ഡിഗ്രിയിലധികം ചൂടാക്കുമ്പോള്‍ കാന്‍സറിന്‌ കാരണമാകുന്ന നൈട്രസ്‌ അമീന്‍ എന്ന വസ്‌തു പുറത്തേക്കുവരും.
ആദ്യം കുടലിലും കരളിലുമെത്തുന്ന നൈട്രസ്‌ അമീന്‍ പിന്നീട്‌ ഞരമ്പുകളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തിച്ചേരും. ഇതും കാന്‍സറിന്‌ വഴിവയ്‌ക്കുന്നു. മാത്രമല്ല, ഹോര്‍മോണ്‍ ഇഞ്ചക്‌ട് ചെയ്‌ത ചിക്കനാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. പൗള്‍ട്രി ഫാമില്‍ ചെന്നുനോക്കിയാലറിയാം, നടക്കാന്‍ പറ്റാത്ത കോഴികളായിരിക്കും കൂടുതലും. ഇഞ്ചക്ഷന്റെ ഹാങ്‌ഓവറില്‍ കഴിയുന്നതുകൊണ്ടാണത്‌.
വേവിക്കാത്ത പച്ചക്കറി സലാഡ്‌ കഴിച്ചതിനുശേഷം വേണം ഇറച്ചി കഴിക്കാന്‍. അങ്ങനെ ചെയ്‌താല്‍ ഇറച്ചിയിലെ വേസ്‌റ്റ് മുഴുവന്‍ പുറത്തേക്കുപോകും.
പാചകം ചെയ്യുന്നത്‌ മണ്‍ചട്ടിയിലാവുന്നതാണ്‌ എപ്പോഴും നല്ലത്‌. അലുമിനിയം പാത്രങ്ങള്‍ ചൂടാവുമ്പോള്‍ അതിലുള്ള കെമിക്കല്‍സ്‌ പുറത്തേക്കുവരും. ഇതും ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ പഠനങ്ങള്‍ കാണിക്കുന്നു.
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:
ഡോ.തോമസ്‌ വര്‍ഗീസ്‌
സീനിയര്‍ സര്‍ജന്‍ ആന്റ്‌ ഓങ്കോളജിസ്‌റ്റ്
റിനൈ മെഡിസിറ്റി, കൊച്ചി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1