8/18/2015

മോദിതന്നെ താരം

മോദിതന്നെ താരം
മാതൃഭൂമി


ദുബായ്: ആയിരങ്ങളുടെ സാന്നിധ്യവും ആര്‍പ്പുവിളികളുംകൊണ്ട് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം തിങ്ങിനിറഞ്ഞപ്പോള്‍ ഒരാള്‍ മാത്രമായിരുന്നു താരം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 34 വര്‍ഷത്തിനുശേഷം ആദ്യമായി യു.എ.ഇ.യിലേക്ക് വിരുന്നുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യവും ഭരണാധികാരികളും നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചപ്പോള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അതൊരു ആഘോഷമായി മാറി. 

രണ്ടു ദിവസം നീണ്ട പര്യടനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഭാഗം. ഇതേസമയം ഇരു രാജ്യങ്ങളുടെയും നയതന്ത്രജ്ഞര്‍ ചേര്‍ന്ന് പ്രതിരോധം, ഊര്‍ജം, സുരക്ഷ, അടിസ്ഥാന സൗകര്യവികസനം, വാണിജ്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഉടമ്പടികള്‍ക്ക് രൂപം നല്‍കി.

തിങ്കളാഴ്ച കാലത്ത് അബുദാബിയിലെ ലോകപ്രശസ്തമായ കാര്‍ബണ്‍ രഹിത നഗരമായ മസ്ദാര്‍ സിറ്റിയിലെ ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ യു.എ.ഇ. പര്യടനത്തിന്റെ രണ്ടാം ദിവസം തുടങ്ങിയത്. തുടര്‍ന്ന് മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ബിസിനസ് മീറ്റിലും മോദി സംബന്ധിച്ചു. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും പ്രമുഖ ഇന്ത്യന്‍ വ്യവസായികളും സമ്മേളനത്തില്‍ സംബന്ധിച്ചു. ഇന്ത്യയില്‍ തുറന്നുകിടക്കുന്ന നിക്ഷേപ സാധ്യതകളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. 


തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഒരുക്കിയ വിരുന്നില്‍ പ്രധാനമന്ത്രി സംബന്ധിച്ചു. കിരീടാവകാശിയുടെ കൊട്ടാരത്തില്‍ നടന്ന ഉച്ച വിരുന്നിനിടയില്‍ മേഖലയുടെ സുരക്ഷാസംബന്ധമായ വിഷയങ്ങളും വ്യാപാര വാണിജ്യബന്ധങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചകള്‍ക്കും വിരുന്നിനും ശേഷം വിമാനമാര്‍ഗമാണ് നരേന്ദ്രമോദി യു.എ.ഇ. പ്രധാനമന്ത്രിയെ കാണാന്‍ സബീല്‍ പാലസില്‍ എത്തിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ 50 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയും ഏറെ സൗഹാര്‍ദപരവും ഗുണപരവുമായിരുന്നെന്ന് പിന്നീട് വിദേശകാര്യ വകുപ്പിന്റെ വക്താക്കള്‍ വിശദീകരിച്ചു.

യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ദുബായ് ഒബ്രോയ് ഹോട്ടലില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങായിരുന്നു മോദിക്ക് പിന്നീട്. യു.എ.ഇ.യിലെ പ്രവാസി ഇന്ത്യക്കാരായ വ്യാപാര വ്യാവസായിക രംഗങ്ങളിലെ പ്രമുഖരായിരുന്നു ഈ സ്വീകരണത്തില്‍ ഒത്തുചേര്‍ന്നത്. ഇരുനൂറിലേറെ പ്രമുഖ പ്രവാസി ഇന്ത്യക്കാര്‍ ഇതില്‍ പങ്കെടുത്തു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി ഈ ചടങ്ങിനെത്തിയത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമുമായുള്ള കൂടിക്കാഴ്ച നേരത്തെയാക്കിയതിനാലായിരുന്നു സ്വീകരണ പരിപാടിയിലും മാറ്റം വന്നത്. ഇന്ത്യന്‍ പ്രവാസികളിലെ പ്രമുഖരോട് കുശലം പറഞ്ഞും എല്ലാവരോടും കൂടെനിന്ന് ഫോട്ടോയെടുത്തും അതിവേഗം ഈ സെഷന്‍ മോദി അവസാനിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴേ മുക്കാലോടെ വന്‍സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് നരേന്ദ്രമോദി പൊതുസമ്മേളനവേദിയായ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തിയത്. യു.എ.ഇ.യുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു വിദേശ രാഷ്ട്രതലവനും ലഭിക്കാത്ത സ്വീകരണമാണ് ഈ സ്‌റ്റേഡിയത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ഒരുക്കിയത്. സംഘാടക സമിതി ഭാരവാഹി ഡോ.ബി.ആര്‍. ഷെട്ടി സ്വാഗതം പറഞ്ഞു. ഉച്ചമുതല്‍ കടുത്ത ചൂടിനെ വകവെക്കാതെ വിയര്‍ത്തുകുളിച്ചുനിന്ന പുരുഷാരം പ്രധാനമന്ത്രി എത്തിയതോടെ 'മോദീ..മോദീ..' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് ആഹ്ലാദം പങ്കുവെച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1