ഇന്ത്യയ്ക്ക് കൂടുതൽ സഹോദര നഗരങ്ങൾ65,000 കോടിയുടെ 24 വ്യാപാര കരാറുകൾ; ഇന്ത്യ ചൈന ഭായ് ഭായ്
ഷാങ്ഹായ്∙ വ്യവസായ മേഖലയിൽ ഇന്ത്യ ഒരുക്കുന്ന പുത്തൻ സാധ്യതകളെ വിശദീകരിച്ച് മെയ്ക്ക് ഇൻ ഇന്ത്യയ്ക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് നഗരമായ ഷാങ്ഹായിയിൽ 22 വൻകിട ചൈനീസ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തവെയാണ് തന്റെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ വ്യവസായങ്ങളാരംഭിക്കാൻ മോദി ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്തത്. മോദി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ച ചൈസീസ് കമ്പനികളുടെ തലവൻമാരുമായി 20ൽ അധികം ഉടമ്പടികളിൽ ഒപ്പുവച്ചതായാണ് റിപ്പോർട്ട്.
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്നും ഇന്നലെ വൈകിട്ടോടെ ഷാങ്ഹായിയിലെത്തിയ മോദി ഇന്ന് ഇന്ത്യചൈന ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയിലും ചൈനയിലും നിന്നുള്ള വിവിധ കമ്പനികളുടെ തലവൻമാർ ഫോറത്തിൽ പങ്കെടുക്കും. 10 ബില്യൺ കോടിയിലധികം ഡോളർ മൂല്യം വരുന്ന 25 വാണിജ്യ ഉടമ്പടികളിൽ ഇന്ത്യയും ചൈനയും ഇന്ന് ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ഷാങ്ഹായിയിലെ വിവിധ പരിപാടികളോടെ മോദി ഇന്ന് ചൈനീസ് സന്ദർശനം പൂർത്തിയാക്കും. ഇന്ത്യ- ചൈന ബിസിനസ് ഫോറത്തിൽ പ്രസംഗത്തിന് ശേഷം ഫുഡാൻ സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡി സെന്റർ മോദി ഉദ്ഘാടനം ചെയ്യും. ഷാങ്ഹായിലെ ഇന്ത്യൻ വംശജരുമായി ആശയ വിനിമയം നടത്തുന്ന മോദി തുടർന്ന് ചൈനീസ് ജനതയ്ക്കു നന്ദി പറഞ്ഞ് മംഗോളിയയും തെക്കൻ കൊറിയയും സന്ദർശിക്കുന്നതിനായി യാത്ര തിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യയും ചൈനയും തമ്മിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപ) 24 കരാറുകൾ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിനു പ്രായോഗികവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും ധാരണയായി. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് നരേന്ദ്ര മോദിയുമായി ബെയ്‌ജിങ്ങിൽ നടത്തിയ ചർച്ചയെ തുടർന്ന് ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ