ഭര്‍ത്താവിന് മുഖം അഞ്ച് ഭാര്യയ്ക്കോ....?
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
മനോരമ . 30/1/15 ഫ്രൈഡേ
ഫാമിലി കൌണ്‍സലിങ്ങിനു പോവുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകം ഉണ്ട്. അച്ചോ, ഇയാള്‍ക്കെന്നെ ഒരിക്കലും മനസിലാവില്ല.
ഭര്‍ത്താവാണെങ്കില്‍ പറയും: അച്ചോ എന്നെ തിരിച്ചറിയാന്‍ ഇവള്‍ക്ക് ഈ ജന്മത്തില്‍ പറ്റില്ല....
ഇതെന്താ മനസിലാക്കാന്‍ ഇത്ര വലിയ ബുദ്ധിമുട്ട്. ഒരേ ഭാഷയല്ലേ സംസാരിക്കുന്നത്, ഒരേ സംസ്കാരത്തിലല്ലേ ജീവിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കുത്തിനിറച്ച അന്യഭാഷയില്‍പെട്ട പുസ്തകമൊന്നും അല്ലല്ലോ ഭാര്യയും ഭര്‍ത്താവും.
ചിലപ്പോള്‍ ഞാന്‍ അവരോടു ചോദിക്കും ഭാര്യയ്ക്കും ഭര്‍ത്താവിനും എത്ര മുഖം ഉണ്ട്? ഇതെന്നാ ചോദ്യമാ അച്ചോ? ഒരേയൊരു മുഖം എന്നാണുത്തരമെങ്കില്‍ തെറ്റി. ഭാര്യയ്ക്കും ഭര്‍ത്താവിനും ഏറ്റവും ചുരുങ്ങിയത് അഞ്ചു മുഖമെങ്കിലും വേണം.
പല മുഖങ്ങള്‍, ഭാവങ്ങള്‍...
നല്ല ഭര്‍ത്താവ് ഒരേ സമയം അപ്പന്റെയും ഭര്‍ത്താവിന്റെയും കാമുകന്റെയും ആങ്ങളയുടെയും മകന്റെയും സ്നേഹം ഭാര്യയ്ക്കു കൊടുക്കണം. തെറ്റുകള്‍ കാണുമ്പോള്‍ ശാസിക്കണം. കുറവുകള്‍ പറഞ്ഞു തിരുത്തണം. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അപ്പന്റെ സ്നേഹം ഭാര്യ അനുഭവിക്കുന്നു.
ജീവിതപങ്കാളിയുടെ ശാരീരിക മാനസിക അവസ്ഥകള്‍ മനസിലാക്കി വേണം ശാരീരികബന്ധം സ്ഥാപിക്കാന്‍. പ്രായം ഭാര്യയില്‍ വരുത്തുന്ന മാനസിക വ്യതിയാനങ്ങളും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളും പരിഗണിക്കണം. ബഹുമാനസമീപനം ഭാര്യയോടു കാണിക്കുന്നവന്‍ ഭര്‍ത്താവിന്റെ സ്നേഹമാണു നല്‍കുന്നത്.
തന്റെ ജീവിതത്തെ അഭിമാനപൂര്‍വം ഭര്‍ത്താവിനു സമര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വശീകരണശക്തി ഭര്‍ത്താവിനുണ്ടാവണം. ഇവിടെ അവന്‍ കാമുകനായി മാറുന്നു. ഭാര്യയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും സന്തോഷിക്കുമ്പോള്‍ അവന്‍ ആങ്ങളയുടെ റോളിലേക്കു വളരുന്നു. കൊഞ്ചലും വിളച്ചിലും ഒക്കെ നടത്തി ഭാര്യയോട് പെരുമാറുമ്പോള്‍ അവന്‍ മകനെപ്പോലെ ആയിത്തീരുന്നു.
ഭാര്യ ഒരേ സമയം അമ്മയും ഭാര്യയും കാമുകിയും പെങ്ങളും മകളുമാവണം. ഭര്‍ത്താവിന്റെ ആത്മീയകാര്യങ്ങളിലുള്ള ശ്രദ്ധയും തെറ്റുകളില്‍ തിരുത്തലും വീഴ്ചകളില്‍ താങ്ങുമായി നില്‍ക്കുമ്പോള്‍ അവള്‍ അമ്മയുടെ ഭാഗമാണു പ്രകടിപ്പിക്കുന്നത്.
ഭര്‍ത്താവിന്റെ ശാരീരികമായ കാര്യങ്ങളില്‍ സഹകരണവും മടുപ്പില്ലാതെ സമര്‍പ്പണവും നടത്തുമ്പോള്‍ അവള്‍ ഭാര്യയുടെ ഭാഗം നന്നായി ജീവിച്ചു തീര്‍ക്കുന്നു. വൃത്തിയായ വേഷം ധരിച്ചും ശരീരം ഭംഗിയായി സൂക്ഷിച്ചും ആവലാതിയില്ലാതെ സഹകരിച്ചും പോകുമ്പോള്‍ കാമുകിയായിത്തീരുന്നു.
ഭര്‍ത്താവിന്റെ എല്ലാ നേട്ടങ്ങളിലും പ്രശംസിക്കുകയും ഉയര്‍ച്ചകളില്‍ അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യുമ്പോള്‍ ഭാര്യ യഥാര്‍ഥ പെങ്ങളുടെ സ്നേഹമാണു പ്രകടിപ്പിക്കുക. അല്‍പസ്വല്‍പം കൊഞ്ചലുകള്‍ നടത്തി അവള്‍ മകളുടെ സ്ഥാനവും പൂര്‍ത്തീകരിക്കുന്നു.
ചില ഭര്‍ത്താക്കന്മാര്‍ പിതാവായിക്കഴിയുമ്പോള്‍ ബാക്കിയെല്ലാം മറക്കും. എപ്പോഴും അപ്പന്റെ ഗൌരവത്തില്‍ ജീവിക്കാന്‍ ശ്രമിക്കും. ഭര്‍ത്താവിന്റെയും കാമുകന്റെയും റോളുകള്‍ അവന്‍ മറക്കും. കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മയുടെ മാത്രം റോളിലേക്ക് ഭാര്യ മടങ്ങിയേക്കാം. ഈ സാഹചര്യത്തില്‍ ദാമ്പത്യബന്ധത്തില്‍ തൃപ്തിക്കുറവുകള്‍ സംഭവിക്കും. പരസ്പരധാരണയുടെയും പങ്കുവയ്ക്കലിന്റെയും ജീവിതം ചുരുങ്ങിപ്പോകും.
എവിടെയാണോ പാകപ്പിഴയെന്നു കണ്ടെത്തി ദമ്പതികള്‍ തിരുത്തണം. പകര്‍ന്നുകൊടുക്കാന്‍ പരാജയപ്പെട്ട സ്നേഹത്തെക്കുറിച്ചു തിരിച്ചറിവുണ്ടാകണം. പിറകോട്ട് തിരിഞ്ഞുനോക്കി തിരുത്തുന്നവരാണു ജീവിതത്തില്‍ വിജയിക്കുന്നത്. ദൈവം തന്ന ജീവിതം കൈമോശം വരുത്താതെ ഓരോരുത്തരും അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ ജീവിതം ധന്യമായി.
ഒന്നു കേള്‍ക്കൂ...
. സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും ഭാര്യയെ വശീകരിക്കാന്‍ ഭര്‍ത്താവിനു കഴിയണം. ഭാര്യ കൊച്ചു കുഞ്ഞിനെപ്പോലെ കൊഞ്ചുമ്പോള്‍ അല്‍പം നേരത്തേക്ക് ഭര്‍ത്താവും കുട്ടിയെപ്പോലെയാവുക.
. വഴക്കുകളുണ്ടാവുക സ്വാഭാവികം. പക്ഷേ, കോപം ശമിച്ചു കഴിഞ്ഞു വേണം പങ്കാളിയോട് സംസാരിക്കാന്‍.
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
ഫാമിലി കൌണ്‍സലറും പ്രഭാഷകനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ