നോട്ടിൽ നോട്ടം വേണം
കൌമുദി 23/01/2013/ ഫ്രൈഡേ
കോലഞ്ചേരി: കറൻസി നോട്ടിൽ ഇനി കാര്യമായ നോട്ടം വേണം. കാലാവധി പേടിയിൽ നോട്ടുകളുടെ കൈമാറ്റം തർക്കങ്ങൾക്കിടയാക്കുന്നത് ഒഴിവാക്കാനാണിത്. 2005 ന് മുമ്പ് അച്ചടിച്ച നോട്ടുകളിൽ നിർമ്മിച്ച വർഷം രേഖപ്പെ ടുത്തിയിട്ടുണ്ടാകില്ല. കൂടാതെ നോട്ടിലുളള സെക്യൂരിറ്റി ത്രെഡ് അലൂമിനിയം കളറിലളളതുമാണ്. ഇത്തരം നോട്ടുകൾ 2015 ജനുവരിയ്ക്ക് മുമ്പ് മാറ്റി വാങ്ങണമെന്ന് റിസർവ് ബാങ്ക് നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരിന്നു. ഇതിനുളള കാലാവധി 2015 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. അതു വരെ പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിന് നിയമ തടസ്സം ഇല്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പഴയ നോട്ട് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് തർക്കങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. 2005 നു മുമ്പുളള നോട്ടുകൾ ബാങ്കുകൾ,എ ടി എമ്മുകൾ വഴി വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ടെങ്കിലും സഹകരണ ബാങ്കുകളും സ്വകാര്യ ഏജൻസികൾ നിയന്ത്രിക്കുന്ന എ. ടി. എമ്മുകളിലും ഇപ്പോഴും ഇത്തരം നോട്ടുകൾ ലഭിക്കുന്നുണ്ട്.
തിരിച്ചറിയൽ രേഖയുമായി ബാങ്കുകളിലെത്തിയാൽ ഒരാൾക്ക് 10 പഴയ നോട്ടുകൾ വരെ ഒരു ദിവസം മാറി നല്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശവും നില നില്ക്കുന്നുണ്ട്. 2005 നു ശേഷമുളള നോട്ടുകളിൽ നിർമ്മിച്ച വർഷം രേഖപ്പെടുത്തിയിട്ടുണ്ടാകും . സെക്യൂരിറ്റി ത്രെഡ് പച്ച നിറത്തിലുമാണ് . നോട്ടിന് പിന്നിലാണ് വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ മീഡിയം റേഞ്ചിലുളള നോട്ടെണ്ണൽ യന്ത്രങ്ങളിൽ കളള നോട്ടുകൾ കണ്ടെത്താനുളള സൗകര്യമുണ്ടെന്നാണ് വില്പനക്കാരുടെ വിശദീകരണം. എന്നാൽ പുതിയ നോട്ടിലുളള പച്ച നിറത്തിലുളള സെക്യൂരിറ്റി ത്രെഡാണ് മെഷീനുകളിൽ ഉളള സ്കാനിംഗ് സംവിധാനം സ്കാൻ ചെയ്യുന്നത്. അതു കൊണ്ടു തന്നെ 2005 നു മുമ്പുളള അലൂമിനിയം ത്രെഡ് നോട്ടുകൾ ഇത്തരം മെഷീനുകളിൽ ഉപയോഗിച്ചാൽ കളള നോട്ടാണെന്ന് കാണിക്കുന്ന "എറർ " എന്ന നിർദ്ദേശം വരും ഇത് പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ പല തർക്കങ്ങൾക്കും കാരണമാകാറുണ്ട്. കീഴില്ലത്തെ സഹകരണ ബാങ്കിൽ നിന്നും സ്വർണ്ണ പണയ വായപയെടുത്തയാൾക്ക് പെരുമ്പാവൂരിലെ ഒരു സ്ഥാപനത്തിൽ പണം നല്കിയപ്പോൾ വ്യാജനാണെന്ന് തെറ്റിദ്ധരിച്ച് പണം മടക്കി നല്കിയതിനെ തുടർന്ന് ബാങ്കിനെതിരെ നടന്ന പ്രശ്നങ്ങൾ ഇത്തരത്തിലൊന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ