7/29/2015

മരണത്തിനുമുമ്പും മനുഷ്യത്വം വിടാതെ കലാം

താങ്ക്‌ യൂ ബഡ്‌ഡീ... മരണത്തിനുമുമ്പും മനുഷ്യത്വം വിടാതെ കലാം
 'താങ്ക്‌ യു ബഡ്‌ഡീ... ക്ഷീണിച്ചോ? ഭക്ഷണമെന്തെങ്കിലും നല്‍കട്ടേ? സുദീര്‍ഘയാത്രയില്‍ വാഹനത്തില്‍ ഒരേനില്‍പില്‍ എനിക്കു സുരക്ഷയൊരുക്കേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നു' നരവീണ മുടിയിഴകള്‍ മാടിയൊതുക്കി ഹസ്‌തദാനം ചെയ്‌ത്‌ നിറഞ്ഞമനസോടെയുള്ള നിഷ്‌കളങ്കമായ ചോദ്യത്തില്‍ അമ്പരന്ന്‌ ഉത്തരംമുട്ടിയ അവസ്‌ഥയിലായിരുന്നു യുവസൈനികന്‍. വാക്കുകള്‍ക്കായി പരതിയ സൈനികന്‍ മറുപടി നല്‍കിയത്‌ ഇപ്രകാരം: 'സര്‍, താങ്കള്‍ക്കായി ആറുമണിക്കൂര്‍ വേണമെങ്കിലും നില്‍ക്കാന്‍ ഞാന്‍ തയാറാണ്‌'. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ സന്തത സഹചാരിയായിരുന്ന ശ്രിജന്‍ പാല്‍ അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകള്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ പങ്കുവയ്‌ക്കുന്നു. ഷില്ലോങ്ങിലേക്കുള്ള തന്റെ യാത്ര സുരക്ഷിതമാക്കാന്‍ രണ്ടരമണിക്കൂറോളം പൈലറ്റ്‌ വാഹനത്തില്‍ ആയുധവുമേന്തി ഒരേനില്‍പ്പു നിന്ന യുവസൈനികനെ യാത്രയ്‌ക്കൊടുവില്‍ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ കലാമിനെ അടുത്തറിയാവുന്നവര്‍ക്ക്‌ അതില്‍ യാതൊരു അമ്പരപ്പും തോന്നാതിരുന്നത്‌ സ്വാഭാവികം. ഏഴോളം കാറുകളുടെ അകമ്പടിയിലായിരുന്നു യാത്ര. രണ്ടാമത്തെ കാറിലായിരുന്നു കലാമും ശ്രിജനും. തൊട്ടുമുന്നിലെ തുറന്ന ജിപ്‌സിയില്‍ എഴുന്നേറ്റുനിന്ന്‌ ചുറ്റുപാടും വീക്ഷിച്ച്‌ ജാഗരൂകനായ സൈനികന്റെ അവസ്‌ഥ കലാമിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്‌. അതു ജോലിയല്ല ഒരുതരം ശിക്ഷയാണെന്നു പ്രതികരിച്ച കലാം സൈനികനോട്‌ ഇരിക്കാന്‍ വയര്‍ലസില്‍ നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഡ്യൂട്ടിയുടെ ഭാഗമാണെന്നും സുരക്ഷയില്‍ വിട്ടുവീഴ്‌ചയ്‌ക്ക് അവര്‍ തയാറാകില്ലെന്നു കലാമിനെ ബോധ്യപ്പെടുത്താനും താന്‍ ഏറെ പണിപ്പെട്ടെന്ന്‌ ശ്രിജന്‍ പറയുന്നു. അതിനുശേഷമാണ്‌ യാത്രയ്‌ക്കൊടുവില്‍ സൈനികനുമായുള്ള കൂടിക്കാഴ്‌ചയൊരുക്കാന്‍ ആവശ്യപ്പെട്ടത്‌. രാമേശ്വരത്തെ കടത്തുകാരന്റെ മകന്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലാളിത്യവും എളിമയും സഹജീവിസ്‌നേഹവും വിസ്‌മരിക്കാന്‍ തയാറായിരുന്നില്ലെന്നതിന്‌ ഉദാഹരണംകൂടിയായി ഈ സംഭവം.


അവസാന നാളുകളില്‍ കലാമിന്റെ സഹായിയും ഉപദേശകനും പുസ്‌തകമെഴുത്തില്‍ കൂട്ടാളിയുമൊക്കെയായിരുന്നു ശ്രിജന്‍പാല്‍. പ്രത്യേകതകളൊന്നുമില്ലാത്ത മറ്റേതൊരു ദിനത്തിനും സമാനമായിരുന്നു ശ്രിജന്‍ പാലിന്‌ തിങ്കളാഴ്‌ചയും. കലാമിനൊപ്പം ഷില്ലോങ്ങിലേക്കുള്ള യാത്രയ്‌ക്ക് അതുകൊണ്ടുതന്നെ പതിവു തയാറെടുപ്പുകള്‍ മാത്രം. ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന്‌ വിമാനം കയറിയപ്പോള്‍ അത്‌ കലാമിനൊപ്പമുള്ള അവസാനയാത്രയാകുമെന്ന്‌ ശ്രീജന്‍ സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല. മണ്‍സൂണ്‍ കാലാവസ്‌ഥയില്‍ വിമാനയാത്ര ഭയപ്പെട്ടിരുന്ന തന്നെ പതിവുപോലെ കളിയാക്കി ഇനി പേടിക്കേണ്ടെന്നു പറഞ്ഞ കലാമിന്റെ വാക്കുകള്‍ ശ്രീജന്‍ പാലിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. വിമാനയാത്രയ്‌ക്കു ശേഷം ഐ.ഐ.എമ്മിലേക്കുള്ള രണ്ടരമണിക്കൂര്‍ കാര്‍യാത്രയിലായിരുന്നു സുരക്ഷാഭടന്റെ നില്‍പ്പ്‌ കലാമിനെ വിഷമിപ്പിച്ചത്‌. കാര്‍ യാത്രയ്‌ക്കിടയ്‌ക്ക് പഞ്ചാബിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ കലാം ദുഃഖം പങ്കുവച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ അരങ്ങേറുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ സംഭാഷണത്തിനു വിഷയമായി. വികസനോന്മുഖ രാഷ്‌ട്രീയത്തിലൂന്നിയുള്ള ക്രിയാത്മക സെഷനുകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നുണ്ടാകുമെന്ന ചോദ്യവും ഇടയ്‌ക്ക് അദ്ദേഹം ഉന്നയിച്ചു. സൃഷ്‌ടിപരവും സക്രിയവുമായ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിനു മൂന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രബന്ധാവതരണത്തിനുശേഷം ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികള്‍ക്ക്‌ അപ്രതീക്ഷിത അസൈന്‍മെന്റ്‌ നല്‍കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. അതിനൊരുത്തരം നല്‍കാന്‍ തനിക്കു കഴിയാത്ത സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം ചോദിക്കുന്നതിലെ സാംഗത്യമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. ഷില്ലോങ്ങിലിറങ്ങി സൈനികനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം അല്‍പസമയം വിശ്രമിച്ച്‌ കൃത്യസമയത്തു തന്നെ കലാം ഐ.ഐ.എമ്മിലേക്കു യാത്രയായി. വിദ്യാര്‍ഥികളെ കാത്തിരിപ്പിക്കരുതെന്നു പലകുറി ആവര്‍ത്തിച്ച തത്വം ഊട്ടിയുറപ്പിച്ച്‌. പ്രബന്ധാവതരണത്തിനുമുമ്പ്‌ ഇരുണ്ടനിറത്തിലുള്ള 'കലാം സ്യൂട്ടി'ല്‍ മൈക്ക്‌ ഘടിപ്പിക്കുമ്പോള്‍ ശ്രിജനോടുള്ള കലാമിന്റെ സ്‌നേഹാന്വേഷണം വീണ്ടും: ' രസികാ... സുഖമായിരിക്കുന്നോ?' പുഞ്ചിരിച്ചുകൊണ്ട്‌ 'യെസ്‌' എന്നു മറുപടി പറയുമ്പോള്‍ അതു യാത്രാമൊഴിയാകുമെന്ന്‌ ശ്രീജന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രബന്ധാവതരണം തുടങ്ങി രണ്ടുമിനിട്ട്‌ പിന്നിട്ടപ്പോള്‍ കലാം പെട്ടെന്ന്‌ നിര്‍ത്തി. പിന്നീട്‌ അദ്ദേഹം കുഴഞ്ഞുവീഴുന്നതാണു കണ്ടതെന്നും ശ്രിജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1