ആകാശത്തെ കൃഷി
ടി. അജീഷ്
. വീടിനു മുകളില്‍ കൃഷിയിടങ്ങള്‍ വ്യാപകമാവുകയാണ്. മട്ടുപ്പാവിലെ കൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കാം
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുകയെന്നതു മലയാളിയുടെ ശീലമായി മാറുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവരുടെ കൃഷിയിടം ഇന്നു ടെറസുകളാണ്. മട്ടുപ്പാവ് കൃഷിയിലേക്കിറങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം:
ഒരുക്കങ്ങള്‍
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന മട്ടുപ്പാവുകളിലാണു കൃഷിചെയ്യേണ്ടത്. ജലസേചനത്തിനുള്ള സൌകര്യവും അവിടെത്തന്നെ വേണം.മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍കോണ്‍ക്രീറ്റിനു ചോര്‍ച്ച വരുമോ എന്നതാണുപലരുടെയും ആശങ്ക. വളരെ ശ്രദ്ധയോടെ കൃഷിചെയ്താല്‍ ചോര്‍ച്ചയുണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം. ജൈവവളം ഉപയോഗിച്ചു കൃഷിചെയ്യുകയാണെങ്കില്‍ നൈട്രജന്‍ കാരണമുള്ള കോണ്‍ക്രീറ്റ് ചോര്‍ച്ച ഇല്ലാതാക്കാം.
കാലിത്തീറ്റയുടെ ചാക്കുകളും ഗ്രോ ബാഗുകളുമാണു പച്ചക്കറിക്കു വേണ്ടത്. മറ്റുള്ളവ മണ്ണിട്ടു വളര്‍ത്തിയെടുക്കാം. മണ്ണിടുന്നതിനു മുന്‍പു നല്ല കട്ടിയുള്ള ഷീറ്റ് വിരിക്കണം. ഇല്ലെങ്കില്‍ കോണ്‍ക്രീറ്റിനുചോര്‍ച്ച വരും. ഒരടി മണ്ണാണു ചേമ്പ്, ചേനഎന്നിവ കൃഷിചെയ്യാന്‍ മട്ടുപ്പാവില്‍ നിറയ്ക്കേണ്ടത്. ചാക്കിനും ബാഗിനും നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് കൃഷി ചീഞ്ഞുപോകും.
അതേ സമയം, മട്ടുപ്പാവില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചാക്കിനും ഗ്രോ ബാഗിനുമടിയില്‍ വയ്ക്കാനുള്ള പ്ലാസ്റ്റിക് പാത്രം ഇപ്പോള്‍ ലഭിക്കാനുണ്ട്. അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.
മണ്ണൊരുക്കം
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ തുല്യ അനുപാതത്തിലെടുക്കണം. മണല്‍കിട്ടാന്‍ പ്രയാസമാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിച്ചാലും മതി. ഇതില്‍ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീജീവാണുക്കള്‍ ചേര്‍ക്കണം. (രണ്ടും വളംവില്‍ക്കുന്ന കടകളില്‍നിന്നു ലഭിക്കും). കുമിള്‍രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിള്‍രോഗത്തിനും നിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെര്‍മ ഫലവത്താണ്.വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാന്‍ ഉത്തമമാണ്.മണ്ണിലെ കാല്‍സ്യക്കുറവു പരിഹരിക്കാന്‍അല്‍പ്പം കുമ്മായവും ചേര്‍ക്കണം.നടീല്‍പയര്‍, പാവല്‍, വെണ്ട എന്നിവയെല്ലാം ഒാരോ ബാഗില്‍ ഒാരോ വിത്തുവീതം നടാം.
ചീര, തക്കാളി, വഴുതന എന്നിവയെല്ലാം തൈകള്‍ മുളപ്പിച്ച് നാലിലയാകുമ്പോള്‍ പറിച്ചു നടണം. ഇലകള്‍ തമ്മില്‍ തൊടാത്തഅകലത്തിലായിരിക്കണം ബാഗുകള്‍ നിരത്തേണ്ടത്. എന്നാല്‍ ടെറസിലെ മണ്ണിലാണുകൃഷിയെങ്കില്‍ കൃത്യമായ അകലം വേണം.വെണ്ട, വഴുതന എന്നിവയ്ക്കു ചെടികള്‍ തമ്മില്‍ രണ്ടടിയാണ് അകലം വേണ്ടത്.പാവലിനും പയറിനും ചെടികള്‍ തമ്മില്‍ ഒന്നര അടിയും ചീരയ്ക്ക് 20 സെന്റീമീറ്ററുമാണ് അകലം വേണ്ടത്.വളപ്രയോഗംചെടികള്‍ വലുതായാല്‍ പത്തുദിവസംകൂടുമ്പോള്‍ വളപ്രയോഗം നടത്തണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ജൈവവളം തന്നെയാണ് ഉത്തമവും ചെലവു കുറവും.
ചാണകം (അഞ്ച് കിലോ) ഗോമൂത്രം (10 ലീറ്റര്‍),കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് (രണ്ടും അര കിലോഗ്രാം), ശര്‍ക്കര (അര കിലോഗ്രാം), പാളയംകോടന്‍ പഴം (അഞ്ച് എണ്ണം) എന്നിവകൊണ്ടുണ്ടാക്കാവുന്ന വളച്ചായ വളരെ ഉത്തമമാണ്. ചാണകവും മൂത്രവും നന്നായി ചേര്‍ത്ത് കടലപ്പിണ്ണാക്കുംവേപ്പിന്‍പിണ്ണാക്കും അതിലിട്ട് ഇളക്കുക.ശര്‍ക്കര ലായനിയാക്കി, പഴം നന്നായി ഉട
ച്ച് ഇതിലേക്കു ചേര്‍ക്കുക. 50 ലീറ്റര്‍ വെള്ളമുള്ള ടാങ്കിലേക്ക് ഇതൊഴിച്ച് വായഭാഗം നന്നായി കെട്ടിവയ്ക്കുക. പത്തുദിവസം കഴിഞ്ഞാല്‍ നന്നായി ഇളക്കി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.
ഫിഷ് അമിനോ ആസിഡും നല്ലൊരുജൈവവളവും കീടനാശിനിയുമാണ്. മത്തി (ചാള) ഒരു കിലോ, ശര്‍ക്കര ഒരു കിലോഎന്നിവയാണ് ഫിഷ് അമിനോ ആസിഡിനു വേണ്ടത്. ശര്‍ക്കര നന്നായി പൊടിക്കുക. മത്തി ചെറുതായി മുറിച്ച് ശര്‍ക്കരപ്പൊടിയോടു ചേര്‍ത്ത് പാത്രത്തിലിട്ട് നന്നായി അടച്ചുവയ്ക്കുക. 20 ദിവസം വായുസമ്പര്‍ക്കമില്ലാതെ സൂക്ഷിക്കണം. അഞ്ചുലീറ്റര്‍ വെള്ളത്തില്‍ 10 മില്ലീലീറ്റര്‍ ഫിഷ്അമിനോ ആസിഡ് ചേര്‍ത്തു ചെടികള്‍ക്കുചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇലകളില്‍തളിച്ചാല്‍ കീടങ്ങള്‍ ഇല്ലാതാകും.മണ്ണിരക്കമ്പോസ്റ്റും ചെടികള്‍ക്ക് ഉത്തമമാണ്.
കീടനാശിനികള്‍
.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഒരു ലീറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ചശേഷം 25 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കുക. 25 മില്ലി വേപ്പെണ്ണ ചേര്‍ത്ത്, അരിച്ച് ആറിരട്ടി വെള്ളംചേര്‍ത്തു ചെടികള്‍ക്കു തളിച്ചുകൊടുക്കാം.
. കാന്താരി - ഗോമൂത്ര മിശ്രിതം 10 കാന്താരി മുളക് അരച്ച് ഒരു ലീറ്റര്‍ ഗോമൂത്രത്തില്‍ കലക്കി അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്തു തളിച്ചാല്‍ കീടങ്ങള്‍ അകലും.
കൃഷിവകുപ്പ് സഹായിക്കും
മട്ടുപ്പാവ് കൃഷിക്കു കൃഷിവകുപ്പ് സഹായം നല്‍കുന്നുണ്ട്. 2000 രൂപ വിലവരുന്ന 25ഗ്രോ ബാഗുകള്‍ക്ക് 500 രൂപയാണു കൃഷിവകുപ്പ് ഇൌടാക്കുന്നത്. മണ്ണുനിറച്ച ഗ്രോബാഗും അതിലേക്കുള്ള തൈകളും കൃഷിവകുപ്പ് നല്‍കും. അതതു കൃഷിഭവനുകളുമാ യി ഇതിനായി ബന്ധപ്പെടണം. (കടപ്പാട്: സുജ കാരാട്ട്, കൂത്തുപറമ്പ് കൃഷി ഒാഫിസര്‍. ഫോണ്‍: 9495561622)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ