ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു
15/10/2014/
യൂറോപ്പ്: തിരക്ക് പിടിച്ച റോഡുകളിലെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്പോൾ അതിനിടയിൽ നിന്നും നമ്മൾ സഞ്ചരിക്കുന്ന കാർ മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് നമ്മെ ലക്ഷ്യ സ്ഥാനത്തെത്തിച്ചാൽ എങ്ങനെയിരിക്കും. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ. അങ്ങനെയൊരു അത്ഭുത വാഹനം തയ്യാറായിക്കഴിഞ്ഞു. സിനിമയിലല്ലന്നേ, യഥാർത്ഥ ജീവിതത്തിൽ.
ഏറോമൊബിൽ എന്ന കന്പനിയുടെ സഹസ്ഥാപകനും പ്രധാന എഞ്ചിനീയറുമായ സ്റ്റീഫൻ ക്ലീൻ ഇരുപത് വർഷത്തോളമെടുത്താണ് പറക്കുന്ന കാർ എന്ന ആശയം യാഥാർത്ഥമാക്കിയെടുത്തിരിക്കുന്നത്. ഏറോമൊബീൽ 2.5 എന്നാണ് ഈ വിമാനക്കാറിന്റെ പേര്. ഒരു വർഷം മുന്പ് ഈ കാറിന്റെ പരീക്ഷണപ്പറക്കൽ വളരെ വിജയകരമായി നടന്നിരുന്നു. ഇപ്പോൾ ഇതേ കാറിന്റെ പുതിയ പതിപ്പായ ഏറോമൊബീൽ 3.0 യാണ് വിൽപ്പനയ്ക്കായി പുറത്തിറക്കാനൊരുങ്ങുന്നത്. ആസ്ട്രിയയിൽ ഒക്ടോബർ 29ന് നടക്കുന്ന പയനീഴ്സ് ഫെസ്റ്റിവലിൽ വച്ച് കന്പനി ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും.
പറക്കുന്ന കാറുകൾ നിർമ്മിക്കാനുള്ള ആശയം 1990 മുതലാണ് ഏറോമൊബീൽ കന്പനി ആരംഭിച്ചത്. ആദ്യം നിർമ്മിച്ച കാറിന്റെ മോഡൽ വളരെ വിചിത്രവും സ്ഥിര ഉപയോഗത്തിന് പറ്റാത്തതുമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ മാറുന്ന സാഹചര്യത്തിനനുസരിച്ച് കാറിന്റെ ഘടനയിൽ മാറ്റം വരുത്തിയാണ് പുതിയ മോഡൽ തയ്യാറാക്കിയിരിക്കുന്നത്.
ഏറോമൊബീൽ 3.0യിൽ റോടാക്സ് 912 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പറക്കുന്പോൾ 15 ലിറ്റർ ഇന്ധനം ഉപയോഗിച്ച് 700 കിലോമീറ്ററും, റോഡിൽ 12 ലിറ്റർ ഇന്ധനം ഉപയോഗിച്ച് 875 കിലോമീറ്ററും സഞ്ചരിക്കാനാകും. വായുവിൽ 200 കിലോമീറ്ററും റോഡിൽ 160 കിലോമീറ്ററുമാണ് ഏറോമൊബീൽ 3.0യുടെ പരമാവധി വേഗം. വിമാനം പറന്നുയരാനുള്ള വേഗത കിലോമീറ്ററിൽ 130 കിലോ മീറ്ററാണ്.
റോഡിലൂടെ സഞ്ചരിക്കുന്പോൾ വിമാനത്തിന്റെ ചിറകുകൾ മുന്നിലുള്ള സീറ്റിന്റെ വശത്തേക്ക് മടങ്ങിയിരിക്കും. കാറിന്റെ രൂപഘടനയിൽ ഇനിയും കുറച്ച് കൂടി മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് കന്പനി കരുതുന്നത്. വൈകാതെ പുതിയ മാറ്റങ്ങളുമായി ആകാശത്തിലും ഭൂമിയിലും സഞ്ചരിക്കുന്ന കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ