10/22/2014

കേരളത്തിനും ജൈവം പ്രിയങ്കരം


കേരളത്തിനും ജൈവം പ്രിയങ്കരം
 

കേരളത്തിലും ജൈവ കൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007ല്‍ 7,000 ഹെക്ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 16,000 ഹെക്ടറായി വര്‍ധിച്ചു. ജൈവ കൃഷിക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും സഹായം നല്‍കുന്നു. വലിയ മുടക്കുമുതലില്ലാതെ തന്നെ ജൈവകൃഷി നടത്തി വിജയം കൊയ്യുന്ന കൂട്ടായ്മകളുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഉദാഹരണം. അഞ്ചു സെന്റും പത്തു സെന്റും ഭൂമിയുള്ള സാധാരണക്കാരുടെ കൂട്ടായ്മയാണ് നിറവ്.

101 കുടുംബങ്ങളാണ് അംഗങ്ങള്‍. മട്ടുപ്പാവിലും വീട്ടുമുറ്റത്തുമായാണ് ഇവരുടെ കൃഷി. ദിവസം കൃഷിക്കായി മാറ്റിവയ്ക്കുന്നത് വെറും ഒരു മണിക്കൂര്‍. അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ചാണകവും ഗോമൂത്രവുമാണ് വളം. വീട്ടിലേക്ക് ആവശ്യമുള്ളതെടുത്ത് ബാക്കി നിറവിന്റെ ജൈവ പച്ചക്കറി ഔട്ട്ലെറ്റിലൂടെ വിറ്റഴിക്കുന്നു. വിപണി വിലയേക്കാള്‍ കുറവേ ഈടാക്കുന്നുള്ളൂ. മാസം ഓരോ വീട്ടുകാരും സമ്പാദിക്കുന്നത് 5000 രൂപ മുതല്‍ 12,000 രൂപ വരെ.

വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തനിയെ മുളയ്ക്കുന്ന തകര വിറ്റ് നിറവിലെ സത്യന്‍ നേടിയത് 2800 രൂപയാണ്. മത്തന്‍, കുമ്പളം, ചീര, പടവലം, വെള്ളരി, പയര്‍ എന്നിവയെല്ലാം ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. വിത്തുകള്‍ കയറ്റിയയ്ക്കുന്നു. പച്ചക്കറി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യു ലബോറട്ടറി നിറവിന്റെ ഉല്‍പന്നങ്ങള്‍ വിഷരഹിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത മുതലെടുക്കാന്‍ കള്ളനാണയങ്ങളും രംഗത്തുണ്ട്. ജൈവ പച്ചക്കറിയെന്ന ലേബലില്‍ വിറ്റഴിക്കുന്ന പലതിലും മാരക വിഷമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതു കൊണ്ടു തന്നെ സര്‍ട്ടിഫൈഡ് പച്ചക്കറികള്‍ക്കേ ഇപ്പോള്‍ ആവശ്യക്കാരുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1