ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം
മാതൃഭൂമി ഒക്ടോബർ 07, 2014
സ്‌കൈപ്പ് വഴി ഇന്ത്യയ്ക്കകത്ത് ഫോണ്‍ വിളിക്കുന്നത് അടുത്ത നവംബര്‍ 10 മുതല്‍ നടക്കില്ല. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആ സേവനം സ്‌കൈപ്പ് അവസാനിപ്പിക്കുകയാണ്. ടെലകോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്.
മറ്റ് രാജ്യങ്ങളില്‍ സ്‌കൈപ്പ് സേവനങ്ങള്‍ മാറ്റമില്ലാതെ തുടരുമെങ്കിലും, ഇന്ത്യയില്‍ സേവനങ്ങള്‍ കുറയ്ക്കാന്‍ സ്‌കൈപ്പ് തീരുമാനിച്ചത് ട്രായ് നടത്തുന്ന നിയന്ത്രണം മൂലമാണ്.
ഇന്ത്യയ്ക്കകത്തുനിന്ന് ഇന്ത്യയിലെ തന്നെ മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും വിളിക്കാനുള്ള സേവനമാണ് സ്‌കൈപ്പ് അവസാനിപ്പിക്കുന്നത്. സ്‌കൈപ്പില്‍നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇന്ത്യയ്ക്കകത്തും സാധ്യമാകും.
ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുള്ള സൗകര്യവും മാറ്റമില്ലാതെ തുടരും. മറ്റു രാജ്യങ്ങളില്‍ നിന്നും സ്‌കൈപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ നമ്പറുകളിലേക്ക് വിളിക്കുകയുമാകാം. രാജ്യത്തിനകത്തെ എസ്എംഎസ് സേവനങ്ങളും നിലനിര്‍ത്തുമെന്ന് സ്‌കൈപ്പിന്റെ ഉടമസ്ഥരായ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിന്റെ മാത്രം ചെലവില്‍ ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്‌കൈപ്പിലുണ്ട്.
അതേസമയം, എന്തുകൊണ്ടാണ് ഇന്ത്യയ്ക്കകത്തെ പരസ്പരമുള്ള കോളിങ് സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
സ്‌കൈപ്പ്, വൈബര്‍, വാട്‌സ്ആപ്പ്, വീചാറ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രായ് നീക്കമാണ് മൈക്രോസോഫ്റ്റിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ