6/30/2014

സാർക് രാജ്യങ്ങൾക്കായി സാറ്റ്‌ലൈറ്റ് വികസിപ്പിക്കാൻ മോദിയുടെ നിർദ്ദേശം


സാർക് രാജ്യങ്ങൾക്കായി സാറ്റ്‌ലൈറ്റ് വികസിപ്പിക്കാൻ മോദിയുടെ നിർദ്ദേശം 

കൌമുദി 30 / 6 1 4

ശ്രീഹരിക്കോട്ട: അഞ്ച് വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. 

തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക് രാഷ്ട്രങ്ങൾക്ക് ഉപയോഗപ്പെടുന്ന തരത്തിൽ ഒരു ഉപഗ്രഹം ഇന്ത്യയുടെ നേതൃത്വത്തിൽ വികസിപ്പിക്കാൻ മോദി ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരോട് നിർദ്ദേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ അധികാരത്തിന് വേണ്ടിയല്ല നടത്തുന്നത്,​ മറിച്ച് മാനവരാശിക്കു വേണ്ടിയുള്ള സേവനം കൂടിയാണെന്ന് മോദി ഓ‍ർമിപ്പിച്ചു. 

അയൽരാജ്യങ്ങൾക്ക് നമുക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കണം സാർക് ഉപഗ്രഹം. അത്തരമൊരു ഉപഗ്രഹത്തിന്റെ സഹായത്താൽ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കണം. രാജ്യത്തെ ലക്ഷക്കണക്കിനുള്ള യുവാക്കൾക്ക് അവസരങ്ങൾ തുറന്നു നൽകാനും ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തണം മോദി ചൂണ്ടിക്കാട്ടി.

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തി


ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തി: പ്രധാനമന്ത്രിമാതൃഭുമി 30 / 6 / 1 4



ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. 

ഈരംഗത്തെ പ്രമുഖരാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ ബഹിരാകാശ സാങ്കേതികവിദ്യയാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളഥെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ചിത്രമായ 'ഗ്രാവിറ്റി'യുടെ നിര്‍മ്മാണ ചിലവിനെക്കാള്‍ കുറവാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനെന്ന് മോദി ചൂണ്ടിക്കാട്ടി. 

നിരവധി പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഇന്ത്യ ബഹിരാകാശ സങ്കേതികവിദ്യയില്‍ മുന്നേറ്റം നടത്തിയത്. ലളിതമായിട്ടായിരുന്നു തുടക്കം. എല്ലാ പരിമിതികളെയും അതിജീവിച്ച് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ബഹിരാകാശ രംഗത്തെ ഗവേഷണം കാര്യക്ഷമമായി തുടരണം. സാധാരണക്കാരുടെ ജീവിതത്തിലും ഉപഗ്രഹ സാങ്കേതികവിദ്യ മാറ്റങ്ങള്‍ വരുത്തും.

പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

പി എസ് എല്‍ വി 23 സി വിജയകരമായി വിക്ഷേപിച്ചു .മാതൃഭുമി 30 /6 /1 4


പി എസ് എല്‍ വി 23 സി വിജയകരമായി വിക്ഷേപിച്ചു .മാതൃഭുമി 30 /6 /1 4

ചെന്നൈ: പി.എസ്.എല്‍.വി 23 സി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിക്ഷേപണം. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പുര്‍ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി 23 സി ഭ്രമണപഥത്തിലെത്തിച്ചു.
ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട് 7, കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, ജര്‍മനിയുടെ എയ്‌സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി. എസ്.എല്‍.വി 23 സി വഹിച്ചത്. ബഹിരാകാശ ഗവേഷണ വിപണിയില്‍ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന സംരംഭമാണിതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുവരെ 35 വിദേശ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.
പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് ശ്രീഹരിക്കോട്ടയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ചെന്നൈയിലും ശ്രീഹരിക്കോട്ടയിലും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയെന്ന് മോദി

6/27/2014

പ്രണയമറിയിക്കാന്‍ 24 ലക്ഷവും നാല് ഐമാക്സ് തീയേറ്ററുകളും


പ്രണയമറിയിക്കാന്‍ 24 ലക്ഷവും നാല് ഐമാക്സ് തീയേറ്ററുകളും


താനത്ര മോശക്കാരനല്ലെന്ന് തന്നെ തഴഞ്ഞ മുന്‍കാമുകിയെ അറിയിക്കാന്‍ ചൈനക്കാരനായ യുവാവ് ചെലവഴിച്ചത് 24 ലക്ഷം രൂപ. ഇന്നു റിലീസ് ചെയ്യുന്ന 'ട്രാന്‍സ്ഫോമേഴ്സ് പ്രദര്‍ശിപ്പിക്കുന്ന നാല് തീയേറ്ററുകള്‍ പൂര്‍ണമായും ബുക്കുചെയ്തുകൊണ്ടായിരുന്നു യുവാവിന്റെ 'പ്രണയാഭ്യര്‍ഥന.     രണ്ട് സിനിമാ ടിക്കറ്റുകള്‍ വാങ്ങിക്കാന്‍ പോലും പ്രാപ്തിയില്ലാത്തവനുമായി പ്രണയിക്കാനില്ലെന്ന് പറഞ്ഞ് 'കാമുകി പിണങ്ങിപ്പോയത് ഏഴു വര്‍ഷം മുന്‍പായിരുന്നു. ഇരുവരും വിദ്യാര്‍ഥികളായിരിക്കുമ്പോഴായിരുന്നു ഇത്.

അവളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കാനും അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുമായിട്ടാണ് വാങ് എന്ന പേരില്‍മാത്രം അറിയപ്പെടുന്ന യുവാവ് അസാധാരണമായ ഈ പ്രണയാഭ്യര്‍ഥന നടത്തിയത്. ബെയ്ജിങ്ങിലെ ഐമാക്സ് സിനിമാസിലെ 'ട്രാന്‍സ്ഫോഴ്സ് പ്രദര്‍ശിപ്പിക്കുന്ന നാല് തീയറ്ററുകള്‍ 2,50,000 യുവാന് ബുക്ക് ചെയ്തു. ബുക്ക് ചെയ്തതിന്റെ തെളിവായി നാല് റെസീപ്റ്റുകള്‍ ഒാണ്‍ലൈനായി പോസ്റ്റ് ചെയ്യുകയും ചെയ്തു. '' നീഎന്നെ വിട്ടുപോയത് ഒരു ശിക്ഷയായി കരുതി കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇന്ന് എന്റെ മാസ ശമ്പളത്തിന്റെ പകുതി മുടക്കി ജൂണ്‍ 27 ന് ബെയ്ജിങ് ഐമാക്സിലെ നാലു സ്ക്രീനുകള്‍ ബുക്കുചെയ്യുന്നു. നിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് നീ അറിയുക. ചൈനയിലെ ട്വിറ്ററായ സീനാ വെയ്ബോയിലായിരുന്നു ഈ അസാധാരണ പ്രണയാഭ്യര്‍ഥന. ''അവള്‍ കാണുംവരെ റീ ട്വീറ്റ് ചെയ്യാനും, റീ ട്വീറ്റ് ചെയ്യുന്നവര്‍ക്ക് സിനിമാ ടിക്കറ്റും വാങ് വാഗ്ദാനം ചെയ്തു.  1,10,000 തവണയാണ് വാങ്ങിന്റെ സന്ദേശം റീ ട്വീറ്റ് ചെയ്യപ്പെട്ടത്.  ú

എന്തായാലും വാങ്ങിന്റെ സന്ദേശം അവളിലെത്തി. ''അവള്‍ തന്നെ ഫോണില്‍ വിളിച്ചുവെന്നും പഴയതെല്ലാം മറക്കാന്‍ തീരുമാനിച്ചുവെന്നും എന്നാല്‍ കെട്ടുപോയ പ്രണയം പുനര്‍ജ്വലിക്കാന്‍ സാധ്യതയില്ലെന്നും വാങ് ട്വീറ്റ് ചെയ്തു.

ഇവര്‍ പ്രണയിതരായിരുന്നപ്പോള്‍ വാങ് ഒരിക്കല്‍ തന്റെ പ്രണയിനിയോട് പറഞ്ഞിരുന്നുവത്രെ, '' നീയൊരിക്കല്‍ എന്നെ വിട്ടുപോയാല്‍, ഞാന്‍ നിന്നെ തിരയുകയാണെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കും. വാങ് വാക്കുപാലിച്ചു. അവളോ?

6/23/2014


പശ്ചിമഘട്ടത്തില്‍നിന്ന് പുതിയ സസ്യം
  നീനു മോഹന്‍     മാതൃഭുമി 23/6/2014
കലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം മുന്‍മേധാവി പ്രൊഫ.പി.വി. മധുസൂദനനോടുള്ള ബഹുമാനാര്‍ഥം അരിസീമ മധുവാനം എന്നാണ് പേരു നല്‍കിയത്.

സസ്യശാസ്ത്ര വര്‍ഗീകരണത്തിലെ അന്താരാഷ്ട്ര േജണലായ എഡിന്‍ബര്‍ഗ് ജേണല്‍ ഓഫ് ബോട്ടണിയുടെ ജൂണ്‍ ലക്കത്തിലാണ് ഇതേക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഉള്ളത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം.മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് വാല്‍പ്പാറയ്ക്കടുത്തുള്ള ഊസിമലയില്‍ നിന്ന് അപൂര്‍വ സസ്യം കണ്ടെത്തിയത്.
ഇരുന്നൂറോളം ഇനങ്ങളുള്ള അരിസീമയുടെ 61 ഇനങ്ങളാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. കേരളത്തിന്റെ ഉള്‍വനങ്ങളിലും ഈ ഇനത്തില്‍പ്പെട്ട 15 ഓളം ജനുസ്സുകള്‍ ഉണ്ട്. കര്‍ണചീര, പാന്പിന്‍ പൂ ചേന എന്നിങ്ങനെയാണ് കേരളത്തില്‍ ഇവ അറിയപ്പെടുന്നത്.

ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന സസ്യത്തിന് ഫണമുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പത്തെ പോലുള്ള സഹപത്രങ്ങളാണ് ഉള്ളത്. പൂങ്കുലകളോട് കൂടിയ സസ്യം അലങ്കാരച്ചെടി എന്ന നിലയില്‍ പാശ്ചാത്യരാജ്യങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ട്. കോബ്രലില്ലീസ് എന്ന് അറിയപ്പെടുന്ന ഈ ജനുസ്സിലെ ഒരു തൈയ്ക്ക് ആയിരങ്ങള്‍ വിലയുണ്ട്.

മണ്ണിനടിയിലെ ഗോളാകൃതിയില്‍ കാണപ്പെടുന്ന ഭൂകാണ്ഡത്തില്‍നിന്ന് മഴപെയ്യുന്നതോടെ മുളച്ചുവരുന്ന ചെടിയില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ പത്രകങ്ങള്‍ കാണപ്പെടും. പൂങ്കുലകളെ പൊതിഞ്ഞുനില്‍ക്കുന്ന സഹപത്രങ്ങള്‍ക്ക് പച്ചയും വെള്ളയും ഇടകലര്‍ന്ന നിറമാണ്. ജൂണ്‍, ജൂലായ് മാസങ്ങളാണ് പുഷ്പകാലം. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം.

6/20/2014


ഗുരുവായൂരിലെ സ്വര്‍ണ്ണക്കൊടിമരം 62 വയസ്സ് പിന്നിട്ടത്‌ മാതൃഭുമി 20/6/1 4 


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീര്‍ത്തിസ്തംഭമായ സ്വര്‍ണ്ണക്കൊടിമരത്തിന് 62 വയസ്സ് പിന്നിട്ടപ്പോഴാണ് പുനഃപ്രതിഷ്ഠയ്ക്ക് വഴിയൊരുങ്ങുന്നത്. ക്ഷേത്രത്തില്‍ 62 ഉത്സവങ്ങള്‍ക്ക് ദേവചൈതന്യകൊടിക്കൂറ ഏറ്റുവാങ്ങല്‍ സൗഭാഗ്യമുണ്ടായ ഈ കൊടിമരത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നടന്നത് കൊല്ലവര്‍ഷം 1127 മകരമാസം 22ാം തിയ്യതി (5.2.1952ന്). മലബാര്‍ പ്രദേശത്തെ ആദ്യത്തെ സ്വര്‍ണ്ണക്കൊടിമരമാണ് ഗുരുവായൂരിലേത്. വെള്ളോടില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്ന ഒരു നൂറ്റാണ്ട് ശിരസ്സുയര്‍ത്തിനിന്ന പഴയ കൊടിമരം ജീര്‍ണ്ണിച്ചതിനാല്‍ 1951ല്‍ പൊളിച്ചുനീക്കിയിരുന്നു. പഴയ മരം കഷണങ്ങളാക്കി ക്ഷേത്ര മതില്‍ക്കകത്ത് തെക്ക് ഭാഗത്തായി യഥാവിധി ദഹനം നടത്തുകയായിരുന്നു. പുതിയ കൊടിമരത്തിനുള്ള തേക്കിന്‍തടി മലയാറ്റൂരില്‍ നിന്നാണ് കൊണ്ടുവന്നത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ് മരം വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഒട്ടും വളവില്ലാത്ത 72 അടി നീളമുണ്ടായിരുന്ന മരം കനോലിത്തോട് വഴിക്കാണ് ഗുരുവായൂരില്‍ എത്തിച്ചത്. മരം ചെത്തി 65 അടിയാക്കി 6 മാസക്കാലത്തോളം നിത്യവും മൂന്നുനേരം വയമ്പ്, മഞ്ഞള്‍, കുങ്കുമം എന്നിവ അരച്ചുചേര്‍ത്ത നല്ലെണ്ണ പുരട്ടി സ്‌നിഗ്ധത വരുത്തി. അടിഭാഗം 7 അടി ചെമ്പ് തകിട് പൊതിഞ്ഞു. 5 അടി നിലത്തിനുതാഴെയും 60 അടി മുകളിലുമായാണ് സ്ഥാപിച്ചത്. കരിങ്കല്‍ത്തറയുടെ ഉയരം മൂന്നടിയാണ്. 40ല്‍പ്പരം തൊഴിലാളികള്‍ 7 മാസത്തോളം പണിയെടുത്താണ് കൊടിമരം തയ്യാറാക്കിയത്. 709 തോല തങ്കമാണ് കൊടിമരത്തിന് ഉപയോഗിച്ചത്.കൊടിമരത്തിന്റെ സ്വര്‍ണ്ണാവരണങ്ങള്‍ അടിഭാഗത്തുനിന്ന് യഥാക്രമം ശിലാവേദിക, ഗജമുഷ്ടിവേദിക, പത്മം, വിഗ്രഹപ്പറ, നാസികപ്പറ എന്നിവയ്ക്ക് മുകളിലായി 34 ഒഴുക്കന്‍പറകളാണ് ഉള്ളത്. മുകളില്‍ മണിപ്പലകയുടെ നാലു കോണുകളിലും ദണ്ഡാഗ്രത്തിലും ഓരോ മണികളുണ്ട്. മണി നാക്കിനു ചുവടെ ആലിലയുടെ ആകൃതിയില്‍ പരന്ന ഓരോ തൊങ്ങലും ഉണ്ട്. കാറ്റത്താടുമ്പോള്‍ മണികളുടെ കിങ്ങിണിക്കിലുക്കം ഭക്തമനസ്സുകള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്. 1952ല്‍ ധ്വജ പ്രതിഷ്ഠയുടെ നവീകരണ കലശം അന്നത്തെ പ്രധാന തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് നടന്നത്. സ്വര്‍ണ്ണക്കൊടിമരം മാറ്റി സ്ഥാപിക്കുമ്പോള്‍ ഒട്ടേറെ കടമ്പകള്‍ ദേവസ്വത്തിന് കടക്കേണ്ടിവരും. ഒരു വര്‍ഷത്തെ പരിശ്രമവും വേണം. പുനരുദ്ധാരണം നടത്തുന്ന ശ്രീകോവില്‍ 105 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് 1985ലാണ് തങ്കശ്രീകോവിലാക്കി കുംഭാഭിഷേകം നടത്തിയത്. സമീപകാലത്ത് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് മേല്‍ഭാഗം പുനര്‍നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

ശബരിമല: അനിഷ്ടങ്ങള്‍ക്കു സാധ്യതയെന്നു ദേവപ്രശ്നം


ശബരിമല: അനിഷ്ടങ്ങള്‍ക്കു സാധ്യതയെന്നു ദേവപ്രശ്നം മനോരമ 20/6/14

 സ്വന്തം ലേഖകന്‍

  മാസപൂജയ്ക്ക് കൂടുതല്‍ ദിവസം നട തുറക്കേണ്ടെന്ന് ദേവപ്രശ്നം  

ദേവനും ദേവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭക്തര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സര്‍വത്ര ദോഷവും ശാസ്താവിന്റെയും ഭഗവതിയുടെയും കോപവും ഉള്ളതായി ശബരിമലയിയില്‍ നടന്ന ദേവപ്രശ്നത്തില്‍ കണ്ടെത്തി. രാശി വച്ചപ്പോള്‍ അഷ്ടമത്തില്‍ വ്യാഴവും സ്വര്‍ണം കമിഴ്ന്ന നിലയിലുമായിരുന്നു. അതിനാല്‍ ഗൌരവമായ ദോഷമാണ് കാണുന്നതെന്നു പ്രധാന ദൈവജ്ഞനായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി പറഞ്ഞു.

രാശി വയ്ക്കാനായി പ്രാര്‍ഥനാപൂര്‍വം കുട്ടിയെ ഏല്‍പ്പിച്ചപ്പോള്‍ അതിന്റെ വസ്ത്രം അഴിഞ്ഞത് നിമിത്തമായി കാണണം. അത് അനിഷ്ട യോഗത്തെ കാണിക്കുന്നു.കേസ്, വഴക്ക്, ജയില്‍വാസം എ ന്നിവ ഉള്‍പ്പെടെയുള്ള അനിഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. അ തിനാല്‍ ഇന്നുതന്നെ അടിയന്തര പരിഹാരം കാണണം. കൂട്ട പ്രാര്‍ഥനയും മഹാഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും പരിഹാരമായി നടത്താമെന്ന് തന്ത്രി കണ്ഠര് രാജീവര് നിര്‍ദേശിച്ചു. ദേവഹിതം നോക്കിയപ്പോള്‍ അത് മതിയാവുമെന്ന് കണ്ടു. താംബൂല ലക്ഷണമാണ് പിന്നീട് പരിഗണിച്ചത്. പൂര്‍വിക കാലത്ത് വിളക്ക് വച്ച് ആരാധിച്ചുവന്ന സ്ഥാനം ഇരുട്ടിലാണെന്നു കണ്ടു. ക്ഷേത്രം, ബിംബം എന്നിവയെപ്പറ്റി ചിന്തിച്ചതില്‍ അനുഗ്രഹ കലയ്ക്ക് കുറവുണ്ടായതായി തെളിഞ്ഞു.

പൂര്‍ണമായും ശുദ്ധമല്ലാത്ത വസ്തുക്കള്‍ ദേവന് അഭിഷേകത്തിനായി ഉപയോഗിക്കുന്നതായും തെളിഞ്ഞു. അഷ്ടാഭിഷേകത്തിന് ഉപയോഗിക്കുന്ന പനിനീര്‍, നെയ്യ്, ഭസ്മം എന്നിവ പൂര്‍ണമായും ശുദ്ധമായിരിക്കണം. മകരവിളക്ക് കഴിഞ്ഞ് മകരം അഞ്ചിന് നടക്കുന്ന കളഭാഭിഷേകം ദേവസ്വം ബോ ര്‍ഡ് തന്നെ നടത്തണം. ശുദ്ധമായ ചന്ദനമേ ഇതിനുപയോഗിക്കാവൂ. ഗണപതിയുടെ ആചാരങ്ങളില്‍ അവഗണന കാണുന്നതായി താംബൂല ലക്ഷണത്തില്‍ കണ്ടു. ഇതിനു പരിഹാരമായി വര്‍ഷത്തില്‍ ഒരിക്കല്‍ പ്രത്യേക കലശാഭിഷേകവും പൂജയും വേണം. അ യ്യപ്പന് നിത്യവും ചാര്‍ത്തേണ്ട ആഭരണങ്ങളും കിരീടങ്ങളും അണിയിക്കുന്നില്ലെന്നും കണ്ടു. ഭക്തര്‍ സമര്‍പ്പിക്കുന്ന അങ്കികളും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ സന്നിധാനത്തില്‍ തന്നെ സ്ട്രോങ് റൂം ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചു. മണിമണ്ഡപത്തിലെ കളമെഴുത്തിലും പാട്ടിലും ലോപം ഉണ്ടാകുന്നതായും പൂര്‍വാചാര പ്രകാരം അത് നടത്തണമെന്നും നിര്‍ദേശിച്ചു. പരിചാരക കുടുംബവുമായി ബന്ധപ്പെട്ട് പാകപ്പിഴകള്‍ കാണുന്നു. സുബ്രഹ്മണ്യ ശബരിമലയുമായി ബന്ധപ്പെട്ട ക്ഷേത്രത്തിന് അനിഷ്ടങ്ങള്‍ സംഭവിച്ചതായും ഉടന്‍ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചു. മേല്‍ശാന്തിയുടെ മകള്‍ ആചാരം ലംഘിച്ചു ദര്‍ശനം നടത്തിയതിന് ചെയ്ത പരിഹാരക്രിയ ഫലപ്രദമല്ലെന്നും തെളിഞ്ഞു. ദേവന് പ്രത്യേക നിവേദ്യം സമര്‍പ്പിച്ച് മേല്‍ശാന്തി ആയിരത്തിയെട്ട് തവണ അപരാധ സൂത്രം ചൊല്ലി മാപ്പപേക്ഷിക്കണമെന്നും നിര്‍ദേശിച്ചു.

ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിനു ജീര്‍ണത സംഭവിച്ചതായും മാളികപ്പുറത്ത് കാവ് സമ്പ്രദായത്തിലെ നവീകരണമേ പാടുള്ളൂ എന്നും മണിമണ്ഡപത്തെ മൂലസ്ഥാനമാക്കി സൂക്ഷിക്കണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു. അഷ്ടമംഗല പ്രശ്നത്തില്‍ സ്ഥിരം രാശി വന്നതിനാല്‍ മാളികപ്പുറത്തിന്റെ പഴമ നിലനിര്‍ത്തണമെന്നും ശ്രീകോവിലിന് മാറ്റം പാടില്ലെന്നും കണ്ടു. മണിമണ്ഡപം പൊളിക്കുകയോ ദിശമാറ്റുകയോ ചെയ്യരുത്. നാഗരാജ പ്രതിഷ്ഠയും നവഗ്രഹ ക്ഷേത്രവും കാലാന്തരത്തില്‍ ഉണ്ടായതിനാല്‍ അവയുടെ സ്ഥാനം പുനഃക്രമീകരിക്കാം.

മലദൈവങ്ങള്‍ക്ക് സുരക്ഷിത സ്ഥാനമാവാം. അയ്യപ്പന്റെ ശ്രീകോവിലില്‍ നിന്ന് പതിനെട്ടാംപടി വരെയുള്ള ദൂരം മറ്റു മൂന്നു വശത്തേക്കുമെടുത്ത് തിരുമുറ്റം വിപുലീകരിക്കാം. ആഴിയുടെ സ്ഥാനം മാറ്റാതെ നവീകരിക്കാം. അരവണ നിര്‍മാണ ശാലയ്ക്ക് തിടപ്പള്ളിയുടെ സ്ഥാനമാണെന്നും അവിടെ നിന്ന് മാറ്റേണ്ടതില്ലെന്നും കണ്ടു. എന്നാല്‍, വിതരണത്തിനു കൂടുതല്‍ സ്ഥലങ്ങള്‍ ക്രമീകരിക്കുന്നതില്‍ തെറ്റില്ല. വലിയ നടപ്പന്തല്‍ ക്ഷേത്രത്തിന്റെ ഭാഗമല്ലാത്തതിനാല്‍ വികസിപ്പിക്കുന്നതിന് തടസ്സമില്ല. പുതിയ ഭസ്മക്കുളം നിര്‍മിക്കാം. വടക്കേ നടയുടെ ഭാഗത്ത് ആദികാലത്തുണ്ടായിരുന്ന ഭസ്മക്കുളം പുനരുദ്ധരിക്കുകയോ കിണറെങ്കിലും നിര്‍മിക്കുകയോ വേണം. 

നാലാം ഭാവത്തില്‍ ശനിയുടെ ദൃഷ്ടി ഉള്ളതിനാല്‍ കൊടിമരത്തിലെ വാഹനത്തിന് അശുദ്ധി ഉണ്ടെന്നു കണ്ടു. ദൈവജ്ഞന്‍ യാത്ര പുറപ്പെട്ടപ്പോള്‍ കുതിരയെ കണ്ടത് നിമിത്തമായി പരിഗണിച്ച് കൊടിമരത്തെപ്പറ്റി വിശദമായി ചിന്തിച്ചു. കൊടിമരത്തിന്റെ അടിഭാഗത്ത് ജീര്‍ണത സംഭവിച്ചതിനാല്‍ പുതിയ കൊടിമരം ഉണ്ടാകണം. കോണ്‍ക്രീറ്റിനു പകരം തടി കൊണ്ടുള്ളതാകണം കൊടിമരം. 

ചെറുവള്ളി നാരായണന്‍ നമ്പൂതിരിയാണ് പ്രധാന ദൈവജ്ഞന്‍. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍, പൂക്കാട് കരുണാകര പണിക്കര്‍, ബിജു നമ്പൂതിരി ബാലുശേരി, അഖിലേഷ് ബാബു പണിക്കര്‍, വാസുദേവനുണ്ണി തലവൂര്‍ എന്നിവരാണ് സഹദൈവജ്ഞര്‍. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ രാശി പൂജയോടെ ആയിരുന്നു തുടക്കം. തന്ത്രിമാരായ കണ്ഠര് മഹേശ്വരര്, കണ്ഠര് രാജീവര് എന്നിവര്‍ താന്ത്രികമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി. കെ. കുമാരന്‍, കമ്മിഷണര്‍ പി. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ് എന്നിവര്‍ ഭരണപരമായും ദൈവജ്ഞന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. 

6/19/2014

ഫേസ്ബുക്കിന്രെ പ്രവർത്തനം നിലച്ചു,​ പിന്നെ പുന:സ്ഥാപിച്ചു 19/6/2014


ഫേസ്ബുക്കിന്രെ പ്രവർത്തനം നിലച്ചു,​ പിന്നെ പുന:സ്ഥാപിച്ചു
19/6/2014


ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്രെ പ്രവർത്തനം അരമണിക്കൂറോളം നിശ്ചലമായതിന് ശേഷം പിന്നെ പ്രവർത്തനം പുനസ്ഥാപിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അതിന്രെ പ്രവർത്തനം സ്തംഭിച്ചത്. ഫേസ്ബുക്കിലേയ്ക്ക് ലോഗിൻ ചെയ്യുമ്പോൾ ചില തെറ്റുകൾ ഉണ്ടെന്നാണ് ഹോം പേജിൽ കാണിച്ചിരുന്നത്.

ലോകം മുഴുവൻ പ്രവർത്തനം സ്തംഭിച്ചതോടെ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. തകരാർ വേഗം പരിഹരിക്കുമെന്നുമായിരുന്നു വിശദീകരണം. യു.എസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ ഏഷ്യയിലും ഫേസ്ബുക്കിന്റെ പ്രവർത്തനം നിശ്ചലമായിരുന്നു.

ടി.വി. സംപ്രേഷണരീതി പുനഃപരിശോധിക്കുമെന്ന് ഫിഫ


ടി.വി. സംപ്രേഷണരീതി പുനഃപരിശോധിക്കുമെന്ന് ഫിഫ
19/6/2014

പോര്‍ട്ടോ അലഗ്രെ: ലോകകപ്പില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഗോള്‍ലൈന്‍ ടെക്‌നോളജി സംവിധാനം വഴിയുള്ള വിവരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന രീതി പുനഃപരിശോധിക്കുമെന്ന് ഫിഫ. ഈ സംവിധാനമുപയോഗിച്ച് ഗോള്‍ നിര്‍ണയിക്കപ്പെട്ട ആദ്യമത്സരമായ ഫ്രാ!ന്‍സ്ഹോണ്ടുറാസ് പോരാട്ടത്തില്‍തന്നെ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ഫിഫയുടെ ഈ നടപടി. സംശയമൊഴിവാക്കാന്‍ ഇനിമുതല്‍ ടെലിവിഷന്‍ സംപ്രേഷണത്തിലും മൈതാനത്തെ സ്‌ക്രീനുകളിലും സാങ്കേതികവിദ്യയുടെ അന്തിമഫലം മാത്രമുപയോഗിച്ചാല്‍ മതിയെന്നാണ് ഫിഫയുടെ നിലപാട്.
ഞായറാഴ്ച രാത്രി നടന്ന ഫ്രാന്‍സ്ഹോണ്ടുറാസ് മത്സരത്തിലെ രണ്ടാം ഗോളാണ് വിവാദത്തിനിടയാക്കിയത്. ഫ്രാന്‍സിന്റെ കരീം ബെന്‍സമയുടെ ഷോട്ട് ഹോണ്ടുറാസിന്റെ വലതുപോസ്റ്റിലിടിച്ച് ഗോള്‍ലൈനില്‍ വീണു. തുടര്‍ന്ന് കുതിച്ചുയര്‍ന്ന പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ഹോണ്ടുറാസ് ഗോളി നോയല്‍ വലാഡെരസിന്റെ ശ്രമത്തിനിടെ ഗോളിയുടെ ദേഹത്തുതട്ടിയ പന്ത് ഒരിക്കല്‍ക്കൂടി തെറിച്ചു. എന്നാല്‍, ഗോള്‍വലയ്ക്കകത്ത് വീഴാതെ പന്ത് ഗോളി കൈക്കലാക്കുകയും ചെയ്തു. ഗോളിയുടെ ദോഹത്ത് തട്ടുംമുമ്പ് വരകടന്നില്ലെന്ന് ഗോള്‍ലൈന്‍ സാങ്കേതികവിദ്യ ആദ്യം നിര്‍ണയിച്ചപ്പോള്‍തന്നെ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ എഴുതിക്കാണിക്കുകയും ടെലിവിഷനുകള്‍ ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തതോടെ ഗോള്‍ നിഷേധിക്കപ്പെട്ടെന്ന പ്രതീതിയുയര്‍ന്നു. എന്നാല്‍, രണ്ടാം അവലോകനത്തില്‍ ഗോളിയുടെ ദേഹത്തുതട്ടിയ പന്ത് ഗോള്‍ലൈന്‍ കടന്നതായി സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയതോടെ സംഭവം ഗോളാണെന്ന് സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. ഇത് മൈതാനത്ത് ഒഫീഷ്യലുകള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും മാത്രമല്ല ടി.വി. പ്രേക്ഷകരിലും സംശയത്തിനിടയാക്കി. ഹോണ്ടുറാസ് താരങ്ങള്‍ റഫറിയുമായി തര്‍ക്കിക്കുകയും ഹോണ്ടുറാസിന്റെ കോച്ച് സുവാരസും ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കുകയും ചെയ്തു. പിന്നീട്, സംഭവത്തിന് വിശദീകരണവുമായി ഫിഫ എത്തിയതോടെയാണ് രംഗം ശാന്തമായത്. ബെന്‍സമയുടെ ഷോട്ടും ഗോളിയുടെ ദേഹത്തുതട്ടി പന്ത് നീങ്ങിയ രണ്ട് സാഹചര്യങ്ങളാണ് സാങ്കേതികവിദ്യവഴി പരിശോധിക്കപ്പെട്ടതെന്ന് ഫിഫ അറിയിച്ചു. ഇതില്‍ ആദ്യത്തെ സാഹചര്യം ഗോളായിരുന്നില്ലെന്നും രണ്ടാമത്തെ സാഹചര്യത്തില്‍ ഗോള്‍ലൈന്‍ കടന്നത് സ്ഥിരീകരിക്കപ്പെട്ടെന്നും ഇതാണ് രണ്ടുവട്ടം വിധിനിര്‍ണയിച്ചതായി തെറ്റിദ്ധരിക്കപ്പെട്ടതെന്നും ഫിഫ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സാങ്കേതികവിദ്യയുടെ നിര്‍ണായകഫലം മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്ന തീരുമാനത്തിന് ഫിഫയെ പ്രരിപ്പിച്ചത്.
ഗോള്‍ കണ്‍ട്രോള്‍ 4 ഡി പ്രവര്‍ത്തനം ഇങ്ങനെ
*മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 14 ക്യാമറകള്‍. ഇതില്‍ ഏഴെണ്ണം മുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളത്
* മൂന്ന് വശങ്ങളില്‍നിന്നും പന്തിന്റെ ഗതി ഒപ്പിയെടുക്കുന്ന 3 ഡി ഇമേജാണ് നല്‍കുന്നത്
*ഗോള്‍ കണ്‍ട്രോള്‍ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് റഫറിക്കും ഒഫീഷ്യല്‍സിനും വിവരങ്ങള്‍ കൈമാറും
*മില്ലീമീറ്ററുകളിലുള്ള വ്യത്യാസംപോലും ശേഖരിക്കാനുള്ള ശേഷി ക്യാമറകള്‍ക്കുണ്ട്
*പന്ത് ഗോള്‍വര കടന്നാല്‍ സാങ്കേതികവിദ്യയിലൂടെ മനസ്സിലാക്കുന്ന കംപ്യൂട്ടര്‍ വിവരം റേഡിയോ തരംഗങ്ങള്‍ വഴി ഒരു സെക്കന്‍ഡിനുള്ളില്‍ റഫറിക്ക് കൈമാറും.
* ഏത് ക്യാമറാ ആംഗിളുകളില്‍നിന്നുള്ള ദൃശ്യങ്ങളും മൈതാനത്തെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാ

6/06/2014

മന്ത്രാലയങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു


മാതൃഭുമി 6/6/14
മന്ത്രാലയങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നുഎം.കെ. അജിത് കുമാര്‍

ന്യൂഡല്‍ഹി: വിവിധമന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി ഇടപെടുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കി. ചില കാര്യങ്ങളില്‍ അദ്ദേഹം ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയും ചെയ്തു.

തത്കാലം പുതിയ നിയമനങ്ങളൊന്നും ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുഖ്യമായ നിര്‍ദേശം. പുതിയ തസ്തികകള്‍ എന്നുവെച്ചാല്‍ കൂടുതല്‍ ബാധ്യത എന്നാണ് അര്‍ഥം. നിലവിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ജോലിയിലെ കാര്യക്ഷമത നോക്കി വേതനത്തില്‍ മാറ്റംവരുത്തും.

കേന്ദ്രജീവനക്കാരുടെ ജോലിസമയം രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ആക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു നിര്‍ദേശം. ഉച്ചഭക്ഷണസമയം വേണമെങ്കില്‍ രണ്ടുമണിക്കൂറാക്കാം. ചൂടും തണുപ്പും രണ്ടറ്റംവരെ പോകുകയും പ്രതികൂലകാലാവസ്ഥ ഉണ്ടാവുകയും ചെയ്യുന്ന ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ലെന്ന് ചില സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഏതായാലും ഈ നിര്‍ദേശം പരിശോധിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഒറ്റ ഫയല്‍പോലും കെട്ടിക്കിടക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഫീസ് സമയം കൃത്യമായി പാലിക്കണം. ഓഫീസ് സമയം കഴിയുംമുമ്പ് ആരും വീട്ടില്‍ പോകരുത്. സര്‍ക്കാര്‍ ജോലിയും സ്വകാര്യ ഏര്‍പ്പാടുകളും ഒന്നിച്ചുകൊണ്ടുപോകാന്‍ അനുവദിക്കില്ല. ഒഴിവുസമയങ്ങളില്‍ ചീട്ടുകളിപോലുള്ള ഏര്‍പ്പാടുകള്‍ പാടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കുകയും ഫയലുകള്‍ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

സര്‍ക്കാര്‍ഓഫീസുകള്‍ വൃത്തിയുടേയും വെടിപ്പിന്റേയും കാര്യത്തില്‍ കോര്‍പ്പറേറ്റ് ഓഫീസുകളെപ്പോലെ ആവണം. വൃത്തിയുടേയും ശുചിത്വത്തിന്റേയും കാര്യത്തില്‍ ഫണ്ട് തടസ്സമാവില്ല. ഉദ്യോഗസ്ഥര്‍ വൃത്തിയായി വേഷം ധരിക്കണം. വൃത്തിയും വെടിപ്പും നോക്കാന്‍ താന്‍ നേരിട്ട് മന്ത്രാലയങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ താമസംകൂടാതെ പരിഹരിക്കുകയും ഫയലുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കുകയും വേണം. ജനങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അത് തന്നെ നേരിട്ട് അറിയിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ സമീപിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഓഫീസും പരിസരങ്ങളും വൃത്തിയാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് വെള്ളിയാഴ്ചതന്നെ ഫലം കണ്ടുതുടങ്ങി. തലസ്ഥാനത്ത് പല മന്ത്രാലയങ്ങളിലും ശുചീകരണപ്രക്രിയ ആരംഭിച്ചു. ഇടനാഴികളിലുംമറ്റും കൂടിക്കിടന്ന പൊട്ടിയ ഫര്‍ണിച്ചര്‍ മാറ്റുകയും വൃത്തിയാക്കല്‍ ആരംഭിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പെയിന്റടിച്ച് മോടി പിടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നടത്തിയ യോഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രാലയ സെക്രട്ടറിമാര്‍ താഴെത്തട്ടിലേക്ക് ഉത്തരവുകള്‍ അയച്ചിട്ടുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1