ഗുരുവായൂരിലെ സ്വര്‍ണ്ണക്കൊടിമരം 62 വയസ്സ് പിന്നിട്ടത് മാതൃഭുമി 20/6/1 4
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീര്‍ത്തിസ്തംഭമായ സ്വര്‍ണ്ണക്കൊടിമരത്തിന് 62 വയസ്സ് പിന്നിട്ടപ്പോഴാണ് പുനഃപ്രതിഷ്ഠയ്ക്ക് വഴിയൊരുങ്ങുന്നത്. ക്ഷേത്രത്തില്‍ 62 ഉത്സവങ്ങള്‍ക്ക് ദേവചൈതന്യകൊടിക്കൂറ ഏറ്റുവാങ്ങല്‍ സൗഭാഗ്യമുണ്ടായ ഈ കൊടിമരത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നടന്നത് കൊല്ലവര്‍ഷം 1127 മകരമാസം 22ാം തിയ്യതി (5.2.1952ന്). മലബാര്‍ പ്രദേശത്തെ ആദ്യത്തെ സ്വര്‍ണ്ണക്കൊടിമരമാണ് ഗുരുവായൂരിലേത്. വെള്ളോടില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്ന ഒരു നൂറ്റാണ്ട് ശിരസ്സുയര്‍ത്തിനിന്ന പഴയ കൊടിമരം ജീര്‍ണ്ണിച്ചതിനാല്‍ 1951ല്‍ പൊളിച്ചുനീക്കിയിരുന്നു. പഴയ മരം കഷണങ്ങളാക്കി ക്ഷേത്ര മതില്‍ക്കകത്ത് തെക്ക് ഭാഗത്തായി യഥാവിധി ദഹനം നടത്തുകയായിരുന്നു. പുതിയ കൊടിമരത്തിനുള്ള തേക്കിന്‍തടി മലയാറ്റൂരില്‍ നിന്നാണ് കൊണ്ടുവന്നത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ് മരം വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഒട്ടും വളവില്ലാത്ത 72 അടി നീളമുണ്ടായിരുന്ന മരം കനോലിത്തോട് വഴിക്കാണ് ഗുരുവായൂരില്‍ എത്തിച്ചത്. മരം ചെത്തി 65 അടിയാക്കി 6 മാസക്കാലത്തോളം നിത്യവും മൂന്നുനേരം വയമ്പ്, മഞ്ഞള്‍, കുങ്കുമം എന്നിവ അരച്ചുചേര്‍ത്ത നല്ലെണ്ണ പുരട്ടി സ്‌നിഗ്ധത വരുത്തി. അടിഭാഗം 7 അടി ചെമ്പ് തകിട് പൊതിഞ്ഞു. 5 അടി നിലത്തിനുതാഴെയും 60 അടി മുകളിലുമായാണ് സ്ഥാപിച്ചത്. കരിങ്കല്‍ത്തറയുടെ ഉയരം മൂന്നടിയാണ്. 40ല്‍പ്പരം തൊഴിലാളികള്‍ 7 മാസത്തോളം പണിയെടുത്താണ് കൊടിമരം തയ്യാറാക്കിയത്. 709 തോല തങ്കമാണ് കൊടിമരത്തിന് ഉപയോഗിച്ചത്.കൊടിമരത്തിന്റെ സ്വര്‍ണ്ണാവരണങ്ങള്‍ അടിഭാഗത്തുനിന്ന് യഥാക്രമം ശിലാവേദിക, ഗജമുഷ്ടിവേദിക, പത്മം, വിഗ്രഹപ്പറ, നാസികപ്പറ എന്നിവയ്ക്ക് മുകളിലായി 34 ഒഴുക്കന്‍പറകളാണ് ഉള്ളത്. മുകളില്‍ മണിപ്പലകയുടെ നാലു കോണുകളിലും ദണ്ഡാഗ്രത്തിലും ഓരോ മണികളുണ്ട്. മണി നാക്കിനു ചുവടെ ആലിലയുടെ ആകൃതിയില്‍ പരന്ന ഓരോ തൊങ്ങലും ഉണ്ട്. കാറ്റത്താടുമ്പോള്‍ മണികളുടെ കിങ്ങിണിക്കിലുക്കം ഭക്തമനസ്സുകള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്. 1952ല്‍ ധ്വജ പ്രതിഷ്ഠയുടെ നവീകരണ കലശം അന്നത്തെ പ്രധാന തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് നടന്നത്. സ്വര്‍ണ്ണക്കൊടിമരം മാറ്റി സ്ഥാപിക്കുമ്പോള്‍ ഒട്ടേറെ കടമ്പകള്‍ ദേവസ്വത്തിന് കടക്കേണ്ടിവരും. ഒരു വര്‍ഷത്തെ പരിശ്രമവും വേണം. പുനരുദ്ധാരണം നടത്തുന്ന ശ്രീകോവില്‍ 105 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് 1985ലാണ് തങ്കശ്രീകോവിലാക്കി കുംഭാഭിഷേകം നടത്തിയത്. സമീപകാലത്ത് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് മേല്‍ഭാഗം പുനര്‍നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ