കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവംസെലിം മാതൃഭുമി 18/10/2013
കോട്ടയം: പ്രകൃതിയോട് അലിഞ്ഞുചേര്‍ന്ന ജീവിതത്തിന് പ്രസവവും ഒരു സ്വാഭാവിക പ്രക്രിയയാണ്. പേറ്റുനോവിനുമുമ്പേ ലേബര്‍ റൂമിലേക്ക് എത്തുന്ന തലമുറയ്ക്ക് ഒരുപക്ഷേ, വിശ്വസിക്കാനേ പറ്റില്ലായിരിക്കും. പക്ഷേ, ബിജിയെന്ന എന്‍ജിനിയറിങ് ഡിപ്ലോമക്കാരിക്ക് പ്രസവം പ്രകൃതിജന്യമായ ഒരു ശാരീരികാവസ്ഥയാണ്. നാലാമത്തെ കുഞ്ഞിന് ബിജി ജന്മം നല്‍കിയത് തന്റെ വീടിന്റെ സുരക്ഷയിലാണ്; ഒരു വയറ്റാട്ടിയുടെ സഹായംപോലും ഇല്ലാതെ. കൂട്ടുകാരി മാത്രമായിരുന്നു ഒപ്പം. ഭര്‍ത്താവും പ്രകൃതികൃഷിയുടെ പ്രചാരകനുമായ ഹിലാല്‍ അപ്പോള്‍ യാത്രയിലായിരുന്നു.
'കഴിഞ്ഞ 13ന് ഉച്ചയ്ക്ക് ചോറിന് അവിയല്‍ കൂട്ടാനുണ്ടാക്കാന്‍വേണ്ടി കറിക്കരിഞ്ഞുകൊണ്ടിരുന്നപ്പോഴാ എനിക്ക് നോവ് തുടങ്ങീത്. അപ്പോള്‍ത്തന്നെ അടുത്തുള്ള ഒരു കൂട്ടുകാരിയെ വിളിച്ചു. ഇരുപത് മിനുട്ടുകൊണ്ട് പ്രസവം നടന്നു...' ബിജി പറഞ്ഞു.
'ഞാന്‍ യാത്രയിലായിരുന്നു. അവളുടെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി മാത്രമേ സഹായത്തിനായുണ്ടായിരുന്നുള്ളൂ... അല്ലെങ്കില്‍ത്തന്നെ പ്രസവിക്കുക എന്ന പ്രകൃതിജന്യമായ ശാരീരികാവസ്ഥയെ എന്തിനാണ് പേടിക്കുന്നത്? ' ഹിലാല്‍ ചോദിക്കുന്നു.
അങ്ങനെ നോനുവിനും നൈനയ്ക്കും നൈസയ്ക്കും പിന്‍ഗാമിയായി ഒരാണ്‍കുഞ്ഞുകൂടി ഹിലാല്‍ബിജി ദമ്പതിമാര്‍ക്ക്. ഗര്‍ഭിണിയായപ്പോള്‍ അത് ഉറപ്പാക്കാന്‍ ആസ്പത്രിയില്‍ പോയില്ല, സ്‌കാന്‍ ചെയ്തില്ല, മരുന്ന് കഴിച്ചില്ല, വിശ്രമമെടുത്തില്ല. പേറ്റുനോവ് ഉണ്ടായപ്പോള്‍ വേദനയൊഴിവാക്കാന്‍ സിസേറിയനെപ്പറ്റി ചിന്തിച്ചില്ല. ഡ്രിപ്പിടാന്‍ ഒരാസ്പത്രിയെയും സമീപിച്ചില്ല.
'പ്രസവം പേടിക്കേണ്ട ഒന്നല്ല. ആള്‍ക്കാര്‍ പറഞ്ഞുപേടിപ്പിക്കുകയാണ്. വീട്ടുജോലികള്‍ ചെയ്യുക, കൃഷിപ്പണികള്‍ ചെയ്യുക, നന്നായി ഉറങ്ങുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക...'
ഹിലാലിന്റെ അഭിപ്രായങ്ങള്‍തന്നെയാണ് ഭാര്യ ബിജിക്കുമുള്ളത്. പ്രസവദിവസം കരിക്കിന്‍വെള്ളം മാത്രം കുടിക്കുക. കടയില്‍നിന്ന് വാങ്ങുന്ന 'വിഷം ചേര്‍ത്ത' പഴങ്ങളെ മാത്രം ആശ്രയിക്കാതെ ഓരോ കാലത്തും നമ്മുടെ തൊടിയില്‍ കിട്ടുന്ന വാഴപ്പഴമോ ചക്കപ്പഴമോ മാമ്പഴമോ കഴിക്കുക. ഗര്‍ഭിണിയായിക്കഴിഞ്ഞശേഷം 'നോണ്‍വെജ്' ആവരുത്. പശുവിന്‍പാലും ഒഴിവാക്കണം.
'പശുവിന്‍പാല്‍ മനുഷ്യശരീരത്തില്‍ ദഹിക്കില്ല... എന്റെ കുഞ്ഞുങ്ങള്‍ക്കൊരാള്‍ക്കും കൊടുത്തിട്ടുമില്ല...' ഹിലാല്‍ പറഞ്ഞു.
ഇവരുടെ മറ്റു കുഞ്ഞുങ്ങള്‍ ജനിച്ചത് ആസ്പത്രിയില്‍വച്ചാണെങ്കിലും മരുന്നോ ഡ്രിപ്പോ പോലും ബിജി സ്വീകരിച്ചില്ല. എല്ലാം സ്വാഭാവിക പ്രസവത്തിലൂടെയായിരുന്നു. ഹിലാല്‍ ആരാണെന്നറിയേണ്ടേ...? എറണാകുളത്ത് 'ലെമണ്‍ ഗ്രാഫിക്‌സ്' എന്ന ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനം തുടങ്ങി, ഒടുവില്‍ കമ്പ്യൂട്ടറുകള്‍ 'ഷട്ട്ഡൗണ്‍' ചെയ്ത് പാടത്തിറങ്ങി പ്രകൃതികൃഷിരീതിയുടെ പ്രചാരകനായി മാറിയ ആലപ്പുഴക്കാരന്‍.
മാത്രമല്ല, കോട്ടയത്ത് പഠിക്കാനെത്തിയപ്പോള്‍ എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കളെ ആരെയും നിലവിലുള്ള സ്‌കൂള്‍ പഠനരീതിക്ക് വിട്ടിട്ടില്ല.
'ഒരു സ്‌കൂളിലും എന്റെ മക്കള്‍ പഠിച്ചിട്ടില്ല. ഇനി പഠിക്കുകയുമില്ല. അവര്‍ പ്രകൃതിയില്‍നിന്ന് തനിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിക്കുന്നു. ഒരസുഖത്തിനും അവര്‍ക്കിതുവരെ മരുന്നും വാങ്ങിച്ചിട്ടില്ല. വാക്‌സിനേഷനും നല്‍കിയിട്ടില്ല.'
പ്രകൃതിയോടുള്ള ഈ അടുപ്പംമൂലം സാക്ഷാല്‍ മമ്മൂട്ടിപോലും തന്റെ കുമരകം ചീര്‍പ്പുങ്കലിലെ 17 ഏക്കറില്‍ പ്രകൃതികൃഷിക്കായി കണ്ടെത്തിയതും ഹിലാലിനെത്തന്നെ. കുഞ്ഞുണ്ടായതിന്റെ ഔദ്യോഗികരേഖകള്‍ ശരിയാക്കാന്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്ത ദിവസംതന്നെ പോകുമെന്നും ഹിലാല്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ