9/26/2015

സത്യസന്ധന്‍ മുതല്‍ മനുഷ്യസ്നേഹി വരെ

ആരോ വലിച്ചെറിയുന്ന വിഴുപ്പിന്‍റെ
ഗന്ധം പേറുന്നവന്‍ സത്യസന്ധന്‍
എല്ലാം വലിച്ചെറിഞ്ഞു നേരിന്‍റെ
വഴിയില്‍ നടക്കുന്നവന്‍ ദേവസന്യാസി
കാറ്റേറ്റ് വാടുന്ന പൂവിന്‍റെ ചുണ്ടത്തു
മുത്തം കൊടുത്തു ജീവന്‍റെ ഗന്ധം
നല്‍കുന്നവന്‍ ദേവസഞ്ചാരി
ചലിക്കുവാന്‍ കഴിയാതെ കണ്ണീരു വാര്‍ക്കുന്ന
പുഴകള്‍ക്ക് തെളിനീരു നല്‍കി കുതിച്ചു പായാന്‍
കരുത്തു നല്‍കുന്നവന്‍ മനുഷ്യസ്നേഹി

9/24/2015

ഫോക്‌സ് വാഗണ്‍ പ്രതിന്ധി: ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായേക്കും

ഫോക്‌സ് വാഗണ്‍ പ്രതിന്ധി: ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായേക്കും
മാതൃഭൂമി 24.9.2015

ഫ്രാങ്ക്ഫര്‍ട്ട്: വാഹന മലിനീകരണവുമായി ബന്ധപ്പെട്ട് ഫോക്‌സ് വാഗണ്‍ നേരിട്ട പ്രതിസന്ധി ജര്‍മനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് ഭീഷണിയായേക്കും. യൂറോപ്യന്‍ സമ്പദ്ഘടനയ്ക്ക് ഗ്രീസിന്റെ കടബാധ്യത ഉയര്‍ത്തിയ പ്രതിസന്ധിയേക്കാള്‍ ഗുരുതരമാണ് ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ട വിവാദമെന്നാണ് വിലയിരുത്തല്‍.

ജര്‍മനിയിലെ ഏറ്റവുംവലിയ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണില്‍ 2,70,000ത്തിലേറെ പേരാണ് ജോലി ചെയ്യുന്നത്. ജര്‍മനിയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊരാളാണ് കമ്പനി.
volkswagen


കഴിഞ്ഞവര്‍ഷം യുഎസില്‍ ആറ് ലക്ഷം കാറുകളാണ് ഫോക്‌സ് വാഗണ്‍ വിറ്റത്. കമ്പനിയുടെ മൊത്തം വില്പനയുടെ 9.5 ശതമാനത്തോളംവരുമിത്. വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്പനയിടിഞ്ഞാല്‍ ജര്‍മന്‍ സമ്പദ്ഘടനയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് ഐഎന്‍ജിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ കാര്‍സ്റ്റെണ്‍ ബ്രസ്‌കി മുന്നറിയിപ്പ് നല്‍കുന്നു. ഗ്രീസ് നേരിട്ട പ്രതിസന്ധിയേക്കാള്‍ രൂക്ഷമാകും ഇതെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയിലും മറ്റിടങ്ങളിലും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്നതോടൊപ്പം 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ)  പിഴയായി നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ മൊത്തം പ്രവര്‍ത്തന ലാഭത്തക്കാള്‍ കൂടുതലാണ്.

പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചതി ഒപ്പിച്ചത്.

കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. ഇതിനുപിന്നാലെ യൂറോപ്പില്‍ ഫോക്‌സ് വാഗണിന്റെ ഓഹരി വില മൂന്നിലൊന്നായി ഇടിയുകയും ചെയ്തു.

9/18/2015

കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു

കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു

ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറയാണ് ഗുണകരമാകുന്നത്.
മാതൃഭൂമി 18.9.2015
കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു
കാന്‍സര്‍ കോശങ്ങളെ മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു. പ്രമേഹ ചികിത്സയ്ക്കു ചക്കയും പ്ലൂവിലയും. തിരുവനന്തപുരം ഗാന്ധി ഭവനില്‍ ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തിയ ആരോഗ്യ വിദഗ്ധരുടെ ചര്‍ച്ചാ സമ്മേളനത്തിലാണ് ചക്കയുടെ സിദ്ധികള്‍ വെളിവാക്കപ്പെട്ടത്.


തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണ വിഭാഗത്തിലെ പി. രമണിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാംസ്യമായ ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറ സംശയമുള്ള കോശസമൂഹത്തില്‍ പുരട്ടിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുമ്പോള്‍ കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവ നിറവ്യത്യാസം കാണിക്കുമെന്നാണ് കണ്ടെത്തല്‍.

പത്തുവര്‍ഷം മുന്‍പേ കാന്‍സര്‍ സാധ്യത ഇപ്രകാരം പ്രവചിക്കാന്‍ കഴിയുമെന്നും ഈ പ്രബന്ധം പറയുന്നു. നിരവധി മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധം ആരോഗ്യ വിദഗ്ധരുടെ യോഗം ചര്‍ച്ച ചെയ്തു.

പ്രമേഹത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ചക്കപോലെ മറ്റൊന്നുമില്ലെന്നായിരുന്നു അലോപ്പതി  ആയുര്‍വേദ !ഡോക്ടര്‍മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ശ്രീലങ്കയില്‍ നടന്ന പഠന ഗവേഷണ ഫലങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ബി പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.

പ്രമേഹ രോഗികള്‍ക്ക് ചക്ക ഭക്ഷണമായി നല്‍കി നടത്തിയ ഗവേഷണത്തിലെ ആശാവഹമായ ഫലങ്ങള്‍ ഡയബറ്റോളജിസ്റ്റ് ഡോ. എസ്. കെ. അജയ്യകുമാര്‍ വിശദീകരിച്ചു. പാറശ്ശാല സരസ്വതി ഹോസ്​പിറ്റലില്‍ 18 രോഗികളെ ഗ്രൂപ്പുതിരിച്ചാണ് നിരീക്ഷിച്ചത്. അഞ്ചു മുതല്‍ 20 വര്‍ഷം വരെയായി ഇന്‍സുലിന്‍ എടുത്തു വരുന്നവരെയായിരുന്നു ഗവേഷണത്തിന് വിധേയമാക്കിയത്. മൂന്നു മാസം തുടര്‍ച്ചയായി ചക്ക ഭക്ഷണമായി കഴിച്ച ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ശ്രദ്ധേയമായ നിലയില്‍ കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. ഗവേഷണം

ചക്ക തിന്ന് പ്രമേഹത്തെ വരുതിയിലാക്കിയ അനുഭവ സാക്ഷ്യവുമായിട്ടാണ് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ എത്തിയത്. പ്രമേഹം സ്ഥിരീകരിച്ചപ്പോള്‍ മരുന്ന് ഒഴിവാക്കി ഒരുനേരം ചക്ക ഭക്ഷണമാക്കി. ഒരുമാസം കൊണ്ട് രക്തത്തിലെ പഞ്ചസാര ശരാശരിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

പ്ലൂവില കഷായത്തിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്ന് ആലപ്പുഴ പഞ്ചകര്‍മ ആസ്​പത്രിയിലെ ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി പറഞ്ഞു. കേരളത്തില്‍ ചക്ക ആവശ്യത്തിലേറെയുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് ഗവേഷണത്തിന് അമാന്തമരുതെന്നാണ് യോഗത്തിലുയര്‍ന്ന നിര്‍ദേശം
CANCER MEDICINE

തുടരുന്നതേയുള്ളുവെന്നാണ് ഡോ. അജയ്യകുമാര്‍ പറഞ്ഞത്.


9/16/2015

എൽനിനോ വരുന്നു, ഗൾഫിൽ ജാഗ്രതാ നിർദേശം

എൽനിനോ വരുന്നു, ഗൾഫിൽ ജാഗ്രതാ നിർദേശം

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മുന്നറിയിപ്പു നൽകുന്നു.
elnino
എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഒമാനിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. പസഫിക് കടലിൽ എൽ നിനോ പ്രതിഭാസം തുടങ്ങിയിട്ടുണ്ട്. കടൽ ജലം പതിവിലും കൂടുതൽ ചൂടാകുമ്പോഴാണ് എൽനിനോ വരുന്നത്. ഗൾഫ് രാജ്യങ്ങളെ ബാധിച്ച ഏറ്റവും വലിയ എൽനിനോ സംഭവിച്ചത് 1997 ലാണ്. 1997 ൽ ഒമാനിലും സമീപ ഗൾഫ് രാജ്യങ്ങളിലും കനത്തമഴ ലഭിച്ചിരുന്നു.

നിലവിലെ പ്രവചനങ്ങളും കണക്കുകളും പ്രകാരം 1997 എൽ നിനോയേക്കാൾ ശക്തമാണ് വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇപ്പോഴത്തെ കനത്ത മഴക്ക് കാരണം നേരത്തെയുണ്ടായ എൽനിനോയാണ്.

എൽ നിനോ നേരത്തെ പ്രവചിച്ചിരുന്നു

ആഗോളതലത്തിൽ കാലാവസ്ഥയെ തകിടംമറിക്കുന്ന പ്രതിഭാസമായ എൽ നിനോ ശക്തിപ്രാപിക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഏറെ ശക്തിയോടെയായിരിക്കും എൽനിനോ വരികയെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ഒക്ടോബർ മുത‌ൽ ജനുവരി വരെയുള്ള സമയത്തായിരിക്കും എൽനിനോ ശക്തിപ്രാപിക്കുകയെന്നും പ്രവചിക്കുന്നു. വേൾഡ് മെട്രോളിജിക്കൽ ഓർഗനൈസേഷനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പസഫിക് സമുദ്രത്തിലെ ഉപരിതലജലം ശരാശരിയേക്കാൾ രണ്ടു ഡിഗ്രി ചൂടുള്ളതാകും. എൽനിനോ ശക്തിപ്രാപിച്ചാൽ മിക്ക സമുദ്രങ്ങളിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് നിഗമനം. കിഴക്കൻ പസഫിക് മേഖലയിലെ അന്തരീക്ഷം സൗത്ത് അമേരിക്കയിലെ പടിഞ്ഞാറൻ തീരങ്ങളെ അപേക്ഷിച്ച് ഏറെ ചൂടുള്ളതായിരിക്കും.

എൽനിനോ ശക്തിയോടെ വന്നാൽ ആഫ്രിക്കയിലെ ഒരു ഭാഗത്ത് ശക്തമായ മഴപെയ്യുമ്പോൾ എതിർവശത്ത് കടുത്ത വരണ്ട കാലാവസ്ഥയായിരിക്കുമെന്നും പ്രവചിക്കുന്നു. ഇത്തരമൊരു എൽനിനോയെ നേരിടാൻ കർഷകരും ജനങ്ങളും മുൻകരുതലെടുക്കണമെന്ന് കാലാവസ്ഥാ ഗവേഷകർ നിർദേശിച്ചു.

സമുദ്രജലോപരിതലത്തിലെ താപനില ഉയരുന്നതാണ് എൽനിനോ. ഇപ്പോഴത്തെ നില തുടർന്നാൽ മധ്യ പസഫിക് സമുദ്രത്തിലെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകർ പ്രവചിക്കുന്നത്.

പസഫിക് മേലയിലെ താപനില വരും മാസങ്ങളിൽ ഉയരുമെന്നാണ് ആശങ്ക. ഈ പ്രവചനം യാഥാർഥ്യമായാൽ 1997നു ശഷേമുള്ള ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമായിരിക്കും സംഭവിക്കുക. 2002ലും 2009ലും 2014ലും എൽ നിനോ സംഭവിച്ചങ്കെിലും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെയാണ് കടന്നുപോയത്.

എൽ നിനോ വന്നാൽ ശക്തമായ പേമാരിയും ചുഴലിക്കാറ്റും വൻ നാശനഷ്ടങ്ങളുണ്ടാക്കും. ലോകത്തിന്റെ കൃഷിമേഖല താളംതെറ്റും.

9/07/2015

കള്ളപ്പണം: വിവരം നല്‍കിയാല്‍ 15 ലക്ഷംവരെ പാരിതോഷികം

കള്ളപ്പണം: വിവരം നല്‍കിയാല്‍ 15 ലക്ഷംവരെ പാരിതോഷികം
ന്യൂഡല്‍ഹി: നികുതിയടയ്ക്കാത്തവരെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ആദായനികുതിവകുപ്പിന്റെവക പാരിതോഷികം. നികുതിയടയ്ക്കാതെ മുങ്ങുന്നവരെക്കുറിച്ച് വിശ്വസനീയമായ വിവരം നല്‍കിയാല്‍ പരമാവധി 15 ലക്ഷം രൂപവരെ പാരിതോഷികം ലഭിക്കും. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആദായനികുതിവകുപ്പ് പുറപ്പെടുവിച്ചു. നികുതിയൊടുക്കേണ്ടതോ കള്ളപ്പണത്തിന്റേതോ ആയ തുകയുടെ പത്തുശതമാനംവരെ സമ്മാനമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പരമാവധി തുക 15 ലക്ഷമാണ്. രാജ്യത്തിന് വെല്ലുവിളിയായ കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം. വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

9/06/2015

സംസാരഭാഷ സംസ്‌കൃതമാക്കി 450 കുടുംബം

സംസാരഭാഷ സംസ്‌കൃതമാക്കി 450 കുടുംബം
മാത്രുഭുമി 6.9.2015.

ഇത് ഭാഷാപ്രചാരണത്തിന്റെ വേറിട്ട മാതൃക


കോട്ടയം: രാവിലെ അച്ഛനമ്മമാരെ വന്ദിക്കുന്നത് 'സുപ്രഭാതം' ചൊല്ലി. ഫോണ്‍സംഭാഷണം തുടങ്ങുന്നതും സംസ്‌കൃതത്തില്‍ അഭിവാദ്യംചെയ്ത്. അമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുന്നതും സംസ്‌കൃതത്തില്‍'അംബേ, കിഞ്ചിത് ജലം ദദാതു'.ഇങ്ങനെ സംസ്‌കൃതം സംസാരഭാഷയാക്കിയ 450 കുടുംബം സംസ്ഥാനത്തുണ്ട്. നിത്യവ്യവഹാരത്തിന് സംസ്‌കൃതം ഉപയോഗിക്കുന്നവരാണിവര്‍. കൂടാതെ, പറയാനറിയുകയോ കേട്ടാല്‍ മനസ്സിലാകുകയോ ചെയ്യുന്ന അംഗങ്ങളുള്ള വീടുകളുമുണ്ട്.

കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കിയാണ് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം പ്രവര്‍ത്തിക്കുന്നത്. സംസ്‌കൃതഭാരതി ജനറല്‍ സെക്രട്ടറി പി.നന്ദകുമാര്‍, പ്രതിഷ്ഠാനം സെക്രട്ടറി എന്‍.സുരേഷ്, ഓഫീസ് സെക്രട്ടറി പി.ആര്‍.ശശികുമാര്‍, എന്‍.ബി.ഉണ്ണിക്കൃഷ്ണന്‍, കോ.രണജിത്, രാജേഷ്, വിനോദ്, സുബീഷ്, മുരളീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തും സംസ്‌കൃതപഠനം ഏകോപിപ്പിക്കുന്നത്.ഇവര്‍ക്കൊപ്പം ഭാഷാധ്യാപകരും വിദ്യാര്‍ഥികളും താത്പര്യമുള്ളവരും ഉണ്ട്. നന്ദകുമാറും രണജിതും മാത്രമാണ് കുടുംബസ്ഥര്‍.
സംസ്‌കൃതം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള യാത്രച്ചെലവ്, ആഹാരം, വസ്ത്രം, ഫോണ്‍ ഇവയെല്ലാം വിശ്വസംസ്‌കൃതപ്രതിഷ്ഠാനം ആണ് നല്‍കുന്നത്.

ശിബിരങ്ങള്‍ക്കുശേഷം ലഭിക്കുന്ന ആചാര്യദക്ഷിണയാണ് പ്രതിഷ്ഠാനത്തിന്റെ വരുമാനം. സംസ്‌കൃതസംഭാഷണ ശിബിരങ്ങള്‍ക്കു പുറമെ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.'ഗൃഹം ഗൃഹം സംസ്‌കൃത'മാണ് ഒടുവില്‍ നടത്തിയത്. ഭാഷയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 97,000 വീട് സന്ദര്‍ശിച്ചു. ദശദിന സംസ്‌കൃതസംഭാഷണ ശിബിരം, തപാല്‍ കോഴ്‌സുകള്‍, ഗീതാപഠനം തുടങ്ങിയവയും വിശ്വസംസ്‌കൃതപ്രതിഷ്ഠാനം സംഘടിപ്പിക്കുന്നുണ്ട്.

തപാല്‍വഴി സംസ്‌കൃതം എന്ന പാഠ്യപദ്ധതിക്ക് പ്രവേശ, പരിചയ, ശിക്ഷ, കോവിദ എന്നിങ്ങനെ നാലുഘട്ടമാണുള്ളത്. പുസ്തകങ്ങളും കേട്ടുപഠിക്കാന്‍ സഹായിക്കുന്ന സി.ഡി.യും ലഭിക്കും. അധ്യാപകര്‍ക്കായി പ്രശിക്ഷണശിബിരവും വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിേന്റതായുണ്ട്.

നാലാംക്ലൂസ് മുതലുള്ള കുട്ടികള്‍ക്കായി നാലുഘട്ടമുള്ള സരളസംസ്‌കൃത പരീക്ഷയുണ്ട്.
വര്‍ഷംതോറും പഠിതാക്കളുടെ എണ്ണം കൂടിവരുന്നതായി പ്രതിഷ്ഠാനം സെക്രട്ടറി എന്‍.സുരേഷ് പറഞ്ഞു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ശിബിരങ്ങള്‍ നടത്തുന്നത്.

9/02/2015

പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്‌കോ പുരസ്‌കാരം പൂരങ്ങളുടെ സംഗമഭൂമിയായ വടക്കുംനാഥ ക്ഷേത്രത്തിന്.

വിസ്മയം, വടക്കുംനാഥന്‍ മാതൃഭൂമി  3.10.2015


പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്‌കോ പുരസ്‌കാരം പൂരങ്ങളുടെ സംഗമഭൂമിയായ വടക്കുംനാഥ ക്ഷേത്രത്തിന്. അഞ്ചാം തവണയാണ് ഈ വിഖ്യാത പുരസ്‌കാരം ഇന്ത്യയ്ക്കു ലഭിക്കുന്നത്. കേരളത്തിലെത്തുന്നത് ആദ്യവും.

ബാങ്കോക്കില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച 2015ലെ യുനെസ്‌കോ ഏഷ്യാപസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'അവാര്‍ഡ് ഓഫ് എക്‌സലന്‍സ്' ആണ് വടക്കുംനാഥക്ഷേത്രത്തിനു ലഭിച്ചത്. പന്ത്രണ്ടു വര്‍ഷമായി ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വടക്കുംനാഥനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള വന്‍പരിപാടികള്‍ നടക്കുമ്പോഴും പൈതൃക സംരക്ഷണത്തില്‍ ക്ഷേത്രം കാണിച്ച മികവിനെ പുരസ്‌കാര സമിതി ശ്ലാഘിച്ചു.

ക്ഷേത്രത്തിലെ ഗോപുരങ്ങള്‍, വിഗ്രഹങ്ങള്‍, നമസ്‌കാരമണ്ഡപങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ പരമ്പരാഗത രീതിയിലാണ് പുതുക്കിപ്പണിതത്. സിമന്റ് ഉപയോഗിക്കാതെ പരമ്പരാഗത കുമ്മായക്കൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണങ്ങള്‍. കുമ്മായം, നീറ്റുകക്ക എന്നിവയില്‍ കടുക്ക, ശര്‍ക്കര തുടങ്ങിയ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതമാണ് ഇതിനുപയോഗിച്ചത്.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വിവരങ്ങളും അധികൃതര്‍ അവാര്‍ഡു കമ്മിറ്റിക്കു അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ പൂരത്തോടനുബന്ധിച്ചായിരുന്നു ഇത്. പുരാവസ്തുവകുപ്പ്, ടി.വി.എസ്. ഗ്രൂപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ക്ഷേമസമിതി, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം കൈകോര്‍ത്തതിന്റെ ഫലം കൂടിയാണ് ഈ പുരസ്‌കാരം.

ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു പത്തു പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയ്ക്കാണ്. മുംബൈയിലെ ജെ.എന്‍. പെറ്റിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് അവാര്‍ഡ് ഓഫ് ഡിസ്റ്റിങ്ഷനും പുണെയിലെ പാര്‍വതി നന്ദന്‍ ഗണപതി ക്ഷേത്രത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.


വിസ്മയം, വടക്കുംനാഥന്‍

തൃശ്ശൂര്‍: തൊണ്ണൂറ് കോല്‍ എട്ടു വിരല്‍ നീളമുള്ള വലിയമ്പലത്തിന്റെ ഉത്തരം. ശതദളപത്മം വിടരുന്നപോലെ കഴുക്കോലുകള്‍, ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍, ചുവര്‍ചിത്ര നിറങ്ങള്‍ എല്ലാം ചേര്‍ന്ന അത്ഭുതലോകമാണ് വടക്കുംനാഥന്‍ ക്ഷേത്രം. മാറ്റമേല്‍ക്കാതെ അതു പുനര്‍നിര്‍മ്മിച്ചതിനാണ് യുനെസ്‌കോ പുരസ്‌കാരം.

ശാലാകൂടം കൊത്തുപണികളും ചുണ്ണാമ്പു നിര്‍മ്മിതികളും

ശാലാകൂടം എന്നറിയപ്പെടുന്ന കൊത്തുപണികളാണ് ഇവിടത്തെ കഴുക്കോലുകള്‍ക്ക് ചുറ്റുമുള്ളത്. ഇതു പുനര്‍നിര്‍മ്മിക്കുകയായിരുന്നു അധികൃതരുടെ വെല്ലുവിളി. മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു പ്രത്യേകതരം എണ്ണയാണ് ഉപയോഗിച്ചത്. കൊടുവേലി, കോലരക്ക്, ചെഞ്ചല്യം തുടങ്ങിയവ ചേര്‍ത്ത് കാച്ചുന്നതാണിത്.

പുനര്‍നിര്‍മ്മാണത്തിന് സിമന്റ് തീരെ ഉപയോഗിച്ചിരുന്നില്ല. പരമ്പരാഗത കുമ്മായക്കൂട്ടുകളാണിതിനു പകരം ഉപയോഗിച്ചത്. കുമ്മായക്കല്ല്, നീറ്റുകക്ക എന്നിവയില്‍ ഊഞ്ഞാല്‍ വള്ളിയുടെ നീര്, കുളമാവിന്റെ ഇല, പനച്ചിക്കായ, കടുക്ക, ശര്‍ക്കര തുടങ്ങിയവ ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. 15 ദിവസം ഇവ കൂട്ടിവെച്ച് പിന്നീട് അരച്ചു ശരിയാക്കിയെടുക്കുന്നതാണിത്.

90 കോല്‍ ഉത്തരം

വലിയമ്പലത്തിന്റെ ഉത്തരം 90 കോല്‍ എട്ടു വിരല്‍ നീളമുള്ളതാണ്. ഇത്രയും നീളമുള്ള വലിയമ്പലങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഇരുപത്തിമൂന്നര അടിയാണ് ഇവിടത്തെ കഴുക്കോലിന്റെ നീളം. ഇതെല്ലാം പുതുക്കിപ്പണിതാണ് സംഘം പുതുവിസ്മയം തീര്‍ത്തത്. നിര്‍മ്മാണങ്ങള്‍ക്ക് ശുദ്ധ തേക്കുമാത്രമാണ് ഉപയോഗിച്ചത്. കഴുക്കോലുകളും മറ്റും കേടുവന്ന ഭാഗം മാത്രമാണ് മാറ്റിയത്.

അഞ്ചു തരത്തിലുള്ള കഴുക്കോലുകളാണ് ഇവിടെയുള്ളത്. നേരണ, അലസി, ഉടലാണ, ഉടംകോടി, വലംകണ്ണി എന്നിങ്ങനെയാണിവ.


പ്രമുഖരുടെ നിര

പുനര്‍നിര്‍മ്മാണത്തിനു പ്രമുഖരുടെ നിരതന്നെയുണ്ടായിരുന്നു. വാസ്തുവിലും കൊത്തുപണികളിലും നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളിലും അഗ്രഗണ്യന്‍മാരായി കരുതിയവരായിരുന്നു ഇവരെല്ലാം. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് , തങ്കമണിയാശാരി, ശങ്കരനാരായണന്‍ നമ്പൂതിരി, ശിവദാസ്, ചന്ദ്രന്‍, വിജയകുമാര്‍, ദിനേശന്‍ തുടങ്ങിവരെല്ലാം വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTyfze0rWvkx3dUyZgOst3ONakK8HgntyJ3cUrv6BjrMdG4sKCxUQ

ടി.വി.എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസ്, സൂപ്രണ്ടിങ് ആര്‍ക്കിയോളിസ്റ്റ് ശ്രീലക്ഷ്മി, ആര്‍ക്കിടെക്റ്റ് എം. എം. വിനോദ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജോലികള്‍ നടന്നിരുന്നത്.

വടക്കുംനാഥനിലേക്കെത്തിയത് അഞ്ചാമത്തെ പുരസ്‌കാരം

ഇന്ത്യയ്ക്കു ലഭിച്ച പൈതൃക സംരക്ഷണത്തിനുള്ള യുനസ്‌കോ പുരസ്‌കാരങ്ങളില്‍ അഞ്ചാമത്തെ പുരസ്‌കാരമാണ് വടക്കുംനാഥനില്‍ എത്തിയത്. രണ്ടായിരത്തില്‍ ആരംഭിച്ച ഈ പുരസ്‌കാരം ചില വര്‍ഷങ്ങളില്‍ നല്‍കിയതുതന്നെയില്ല. യോഗ്യതയുള്ള അപേക്ഷകള്‍ ഇല്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം അമ്പതു അപേക്ഷകള്‍ പരിഗണിച്ചെങ്കിലും അവാര്‍ഡ് നല്‍കിയില്ല.

2002ല്‍ ആണ് ഇന്ത്യയ്ക്കു ആദ്യമായി ഈ പുരസ്‌കാരം ലഭിക്കുന്നത്. രാജസ്ഥാന്‍ നാഗൂറിലെ അഭിഛത്രഗഢ് കോട്ടയ്ക്കായിരുന്നു ഇത്. 2005ല്‍ മുംബൈയിലെ ഭാവുതാജി മ്യൂസിയത്തിനും, 2007ല്‍ ലഡാക്കിലെ മൈത്രേയ ക്ഷേത്രത്തിനും ഈ പുരസ്‌കാരം ലഭിച്ചു. 2011ല്‍ ലേയിലെ സുംഡു ചുന്‍ ഗോപക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഫണ്ടുകള്‍ കിട്ടാന്‍ എളുപ്പം സംരക്ഷണബോധം ഉയരും

യുനസ്‌കോ പുരസ്‌കാരം ലഭിച്ചതോടെ വടക്കുംനാഥനിലെ പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ആളുകള്‍ക്കു കൂടുതല്‍ ബോധ്യപ്പെടുമെന്ന് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കിടെക്റ്റ് എം.എം. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ടുകള്‍ എത്താനും ഈ പുരസ്‌കാരം വഴിയൊരുക്കും. യുനസ്‌കോ അംഗീകരിച്ച ക്ഷേത്രം എന്ന നിലയ്ക്കുള്ള അംഗീകാരവും ആരാധകരും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വടക്കുംനാഥനിലേക്കെത്തും.

സമാധാനത്തിന്‍റെ മഞ്ഞരിപ്പ്രാവുകള്‍


ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1