4/30/2014

ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം


ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം മാതൃഭൂമി 30/4/2014 

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് തന്നെ നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരിക്കണം. ജസ്റ്റിസ് ഗ്യാന്‍ സുധ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴി ആദ്യം പോലീസ് രേഖപ്പെടുത്തുകയും അതിന് ശേഷം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്ന രീതി വേണ്ട. ആവര്‍ത്തിച്ച് മൊഴി രേഖപ്പെടുത്തുന്നത് കേസ് വിചാരണയ്ക്ക് താമസം വരുത്തുന്നതിന് അത് ഇടയാക്കുമെന്നും കോടതി പറഞ്ഞു.

നിയമമനുസരിച്ച് പോലീസ് രേഖപ്പെടുത്തുന്ന മൊഴിക്ക് നിയമപരിരക്ഷയില്ല. ഫാസ്റ്റ്ട്രാക് കോടതികള്‍ സ്ഥാപിച്ചിട്ടും ബലാത്സംഗ കേസുകളിലെ നടപടിക്രമങ്ങള്‍ ഇതുവരെയും ഫാസ്റ്റ് ട്രാക്കിലായിട്ടില്ല. അതിനാല്‍ രാജ്യത്ത് ഈ ക്രൂരത തുടരുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബലാത്സംഗ കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് കോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സി.ആര്‍.പി.സി യിലെ 164 വകുപ്പ് പ്രകാരം ഇരയുടെ മൊഴി കഴിയുമെങ്കില്‍ ഒരു വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തന്നത് അഭികാമ്യമായിരിക്കും. 

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എപ്പോഴാണ് സംഭവം താന്‍ അറിഞ്ഞതെന്ന കാര്യം തീയതിയും സമയവും സഹിതം രേഖപ്പെടുത്തണം. മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരയെ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

4/16/2014

ഗ്രഫീൻ,​ നാളെയുടെ പദാർത്ഥം


ഗ്രഫീൻ,​ നാളെയുടെ പദാർത്ഥം 
കൌമുദി

ന്യൂയോർക്ക്: ഇലക്ട്രോണിക് വ്യവസായ മേഖലയിൽ വിപ്ളവകരമായ മാറ്റം വരുത്താൻ എത്തുകയായി നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഗ്രഫീൻ. ഭൂമിയിലെ ഏറ്റവും നേർത്തതും ശക്തിയേറിയതുമായ പദാർത്ഥവുമായ ഗ്രഫീൻ കാർബണിന്റെ രൂപഭേദമാണ്. 

ഒരേസമയം സുതാര്യവും വൈദ്യുതിയുടെ ചാലകവും വഴങ്ങുന്നതുമായ അപൂർവം പദാർത്ഥങ്ങളിലൊന്നാണ് ഗ്രാഫീനെന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ നാനോ മെറ്റീരിയൽ വിഭാഗം ലക്ചറർ ആയ ഡോ.അരവിന്ദ് വിജയരാഘവൻ പറഞ്ഞു. ഈ മൂന്നു സവിശേഷതകളും ഒരു പദാർത്ഥത്തിൽ കാണുക എന്നത് തന്നെ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏതാണ്ട് ഒരു ദശാബ്ദം മുന്പേ തന്നെ ഗ്രാഫീൻ കണ്ടുപിടിക്കപ്പെട്ടിരുന്നു. എന്നാൽ 2010ൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർക്ക് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുന്നതോടെയാണ് ഗ്രാഫീൻ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ വന്നുതുടങ്ങിയത്. അടുത്തിടെ ഗ്രാഫീൻ വ്യാവസായികമായി എങ്ങനെ ഉല്പാദിപ്പിക്കാമെന്നും കണ്ടെത്തി. 

സ്റ്റീലിനെക്കാൾ ഇരുന്നൂറ് മടങ്ങ് ശക്തിയേറിയ ഒരൗൺസ് ഗ്രഫീൻ 28 ഫുട്ബോൾ ഗ്രൗണ്ടിൽ പടർന്നു കിടക്കാൻതക്ക വളരെ നേർത്തതുമാണ്. ഗ്രഫീൻ ഉപയോഗിച്ച് ചൈനയിലെ ശാസത്രജ്ഞർ അടുത്തിടെ ഗ്രഫീൻ എയ്റോജെൽ വികസിപ്പിച്ചെടുക്കുന്നതിന് വായുവിന്റെ ഏഴിലൊന്ന് ഭാരം മാത്രമെയുള്ളു. ഒരു ക്യുബിക് ഇഞ്ച് ജെൽ ഒരു പുൽക്കൊടിയിൽ വീണാലും പുൽക്കൊടി അനങ്ങില്ല.

ഗ്രഫീൻ കൊണ്ട് എന്തു ചെയ്യാം?​
സിലിക്കൺ അടിസ്ഥാനമാക്കി നിർമിക്കപ്പെടുന്ന ഉല്പന്നങ്ങളെക്കാൾ നേർത്തതും ചെലവ് കുറഞ്ഞ രീതിയിലും ഗ്രഫീന്രെ സഹായത്താൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാം. ദീർഘകാലം ഈടു നിൽക്കുന്ന ബാറ്ററികളും വെള്ളത്തിൽ വീണാലും കേടുപാട് സംഭവിക്കാത്ത ഈടുറ്റ ബാറ്ററികൾ നിർമിക്കാൻ ഗ്രഫീൻ സഹായകമാണ്. 

2011ൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഗ്രാഫീനും സിലിക്കണും ചേർത്ത് മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന ബാറ്ററി നിർമിച്ചിരുന്നു. ഒരാഴ്ചചയിൽ കൂടുതൽ ചാർജ് ബാറ്ററിയിൽ നിന്നു എന്നു മാത്രമല്ല 15 മിനിട്ടിനുള്ളിൽ പൂർണമായും ചാർജ് ചെയ്തെടുക്കാനും സാധിച്ചു. ഗ്രഫീൻ ഉപയോഗിച്ച് ടച്ച് ഫോൺ മൊബൈൽ ഫോണുകൾ നിർമിക്കാനാവും.  

മൊബൈൽ ഫോൺ രംഗത്തെ അതികായന്മാരായ സാംസങ്,​ ഗുണമേന്മേറിയ  ട്രാൻസിസ്റ്ററുകളുടെ നിർമാണത്തിന് ഗ്രാഫീൻ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഐ.ബി.എം,​ നോക്കിയ,​ സാൻ ഡിസ്ക് എന്നീ കന്പനികളും ഗ്രഫീൻ സെൻസർ,​ ട്രാൻസിസ്റ്റർ,​ മെമ്മറി കാർഡ് എന്നിവ നിർമിക്കാൻ പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി സജീവമായി രംഗത്തുണ്ട്.

4/02/2014

kodungallur ഭരണി


കൊടുങ്ങല്ലൂര്‍ : മീനസൂര്യകിരണങ്ങള്‍ നിണശോഭചാര്‍ത്തിയ ശ്രീകുരുംബക്കാവില്‍ ആചാരപ്പഴമകളുടെ നിറവില്‍ പതിനായിരങ്ങള്‍ അശ്വതി കാവുതീണ്ടി. ചെമ്പട്ടുടയാടകള്‍ അണിഞ്ഞ്, പള്ളിവാള്‍ ചുഴറ്റി രൗദ്രഭാവംപൂണ്ട കോമരക്കൂട്ടങ്ങളുടെ കാല്‍ച്ചിലമ്പൊലികളുടെ നാദബ്രഹ്മത്തിലമര്‍ന്ന ശ്രീകുരുംബക്കാവില്‍ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ കഴിഞ്ഞതോടെയാണ് അശ്വതി കാവുതീണ്ടല്‍ നടന്നത്.

തൃച്ചന്ദനമണിഞ്ഞ ശ്രീകുരുംബക്കാവിന് മുകളില്‍ ശ്രീകൃഷ്ണപരുന്തുകള്‍ വട്ടമിട്ട് പറന്നു. കിഴക്കേ നിലപാടുതറയില്‍ തമ്പുരാന്റെ ചെമ്പട്ടുകുട ഉയര്‍ന്നതോടെയാണ് ആല്‍ത്തറകളിലും അവകാശത്തറകളിലും തമ്പടിച്ചുനിന്ന ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും കാവുതീണ്ടലിന് തുടക്കമിട്ടത്.

രാവിലെ 11 മണിയോടെ വലിയതമ്പുരാന്‍ ചിറയ്ക്കല്‍ കോവിലകം രാമവര്‍മ്മത്തമ്പുരാന്‍ സര്‍വ്വാഭരണഭൂഷിതനായി രാജപല്ലക്കില്‍ അനുചരന്മാരോടൊത്ത് കിഴക്കേനടയില്‍ എഴുന്നള്ളി. ഇതേസമയം ഭഗവതിക്ക് ചികിത്സ വിധിക്കുവാന്‍ അവകാശമുളള പാലയ്ക്കല്‍ വേലന്‍ ദേവീദാസന്‍, കൂമ്പന്‍തൊപ്പിയും പരമ്പരാഗതവേഷവിധാനങ്ങളും അണിഞ്ഞ് വാദ്യമേളങ്ങളോടെയെത്തി പടിഞ്ഞാറെനടയില്‍ പീഠമിട്ട് ഇരുന്നു.

ഇതോടെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ക്ക് നിയോഗം ലഭിച്ച കുന്നത്തുമഠം പരമേശ്വരനുണ്ണി അടികള്‍, നീലത്ത് മഠം പ്രദീപ്കുമാര്‍ അടികള്‍, മഠത്തില്‍മഠം രവീന്ദ്രനാഥന്‍ അടികള്‍ എന്നിവര്‍ വലിയതമ്പുരാന്റെ അനുവാദത്തോടെ പൂജകള്‍ക്കായി കിഴക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ശ്രീകോവിലില്‍ പ്രവേശിച്ച അടികള്‍മാര്‍ തിരുവാഭരണങ്ങളും ശ്രീകോവിലിലെ വിളക്കുകള്‍ അടക്കമുള്ള മുഴുവന്‍ സാധനങ്ങളും പുറത്തിറക്കി ശ്രീകോവില്‍ കഴുകിവൃത്തിയാക്കി പൂജകള്‍ ആരംഭിച്ചു. മഞ്ഞള്‍പ്പൊടിയില്‍ കരിക്കിന്‍വെള്ളം ഒഴിച്ച് കുഴച്ച തൃച്ചന്ദനം വിഗ്രഹത്തില്‍ ആറാടിയാണ് രഹസ്യമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ഏഴരയാമം നീണ്ടുനിന്ന ശാക്തേയപൂജ നടത്തിയത്. ഈ സമയം വലിയതമ്പുരാനും ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ട് മനയില്‍ ശങ്കരന്‍ നമ്പൂതിരിപ്പാടും ക്ഷേത്രം അധികാരികളും മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.

കാളിദാരിക യുദ്ധത്തില്‍ മുറിവുകളേറ്റ ഭഗവതിക്ക് ചികിത്സ നടത്തുന്നതിന്റെ പ്രതീകമാണ് തൃച്ചന്ദനച്ചാര്‍ത്ത് പൂജ. പൂജകള്‍ കഴിഞ്ഞ് 4.15ന് അടികള്‍മാര്‍ പുറത്തിറങ്ങിയതോടെ തമ്പുരാന്‍ ക്ഷേത്രം തന്ത്രിക്കും അടികള്‍മാര്‍ക്കും അധികാരദണ്ഡുകള്‍ കൈമാറി കിഴക്കേനടയിലൂടെ പുറത്തിറങ്ങി നിലപാടുതറയില്‍ എഴുന്നള്ളി. തുടര്‍ന്ന് കോയ്മ ചെമ്പട്ടുകുട ഉയര്‍ത്തി അശ്വതി കാവുതീണ്ടുവാന്‍ അനുവാദം നല്‍കി. ഇതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള അവകാശത്തറകളിലും ക്ഷേത്രസങ്കേതങ്ങളിലും തമ്പടിച്ച്, താളമിട്ടുനിന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും കുതിച്ചോടി ക്ഷേത്രത്തിന്റെ ചെമ്പോലകളില്‍ അടിച്ചും കയ്യിലുള്ള വഴിപാടുകളും മുളംതണ്ടുകളും ക്ഷേത്രത്തിലേക്ക് എറിഞ്ഞു. മൂന്നുതവണ കാവുതീണ്ടിയശേഷം നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങി. പടിഞ്ഞാറെനടയില്‍ പാലയ്ക്കല്‍ വേലന്‍ ദേവീദാസനാണ് ആദ്യം അശ്വതി കാവുതീണ്ടിയത്.


ഭരണിയുത്സവം നടത്തുവാന്‍ നേതൃത്വം നല്‍കിയ ക്ഷേത്രം തന്ത്രി, ക്ഷേത്രം അധികൃതര്‍, ജില്ലാ കളക്ടര്‍, തൃശ്ശൂര്‍ മേഖലാ ഐ.ജി. അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു അധികൃതര്‍ എന്നിവര്‍ക്കെല്ലാം വലിയതമ്പുരാന്‍ പുടവകള്‍ നല്‍കി.matrubumi

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1