കൊടുങ്ങല്ലൂര്‍ : മീനസൂര്യകിരണങ്ങള്‍ നിണശോഭചാര്‍ത്തിയ ശ്രീകുരുംബക്കാവില്‍ ആചാരപ്പഴമകളുടെ നിറവില്‍ പതിനായിരങ്ങള്‍ അശ്വതി കാവുതീണ്ടി. ചെമ്പട്ടുടയാടകള്‍ അണിഞ്ഞ്, പള്ളിവാള്‍ ചുഴറ്റി രൗദ്രഭാവംപൂണ്ട കോമരക്കൂട്ടങ്ങളുടെ കാല്‍ച്ചിലമ്പൊലികളുടെ നാദബ്രഹ്മത്തിലമര്‍ന്ന ശ്രീകുരുംബക്കാവില്‍ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ കഴിഞ്ഞതോടെയാണ് അശ്വതി കാവുതീണ്ടല്‍ നടന്നത്.
തൃച്ചന്ദനമണിഞ്ഞ ശ്രീകുരുംബക്കാവിന് മുകളില്‍ ശ്രീകൃഷ്ണപരുന്തുകള്‍ വട്ടമിട്ട് പറന്നു. കിഴക്കേ നിലപാടുതറയില്‍ തമ്പുരാന്റെ ചെമ്പട്ടുകുട ഉയര്‍ന്നതോടെയാണ് ആല്‍ത്തറകളിലും അവകാശത്തറകളിലും തമ്പടിച്ചുനിന്ന ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും കാവുതീണ്ടലിന് തുടക്കമിട്ടത്.
രാവിലെ 11 മണിയോടെ വലിയതമ്പുരാന്‍ ചിറയ്ക്കല്‍ കോവിലകം രാമവര്‍മ്മത്തമ്പുരാന്‍ സര്‍വ്വാഭരണഭൂഷിതനായി രാജപല്ലക്കില്‍ അനുചരന്മാരോടൊത്ത് കിഴക്കേനടയില്‍ എഴുന്നള്ളി. ഇതേസമയം ഭഗവതിക്ക് ചികിത്സ വിധിക്കുവാന്‍ അവകാശമുളള പാലയ്ക്കല്‍ വേലന്‍ ദേവീദാസന്‍, കൂമ്പന്‍തൊപ്പിയും പരമ്പരാഗതവേഷവിധാനങ്ങളും അണിഞ്ഞ് വാദ്യമേളങ്ങളോടെയെത്തി പടിഞ്ഞാറെനടയില്‍ പീഠമിട്ട് ഇരുന്നു.
ഇതോടെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ക്ക് നിയോഗം ലഭിച്ച കുന്നത്തുമഠം പരമേശ്വരനുണ്ണി അടികള്‍, നീലത്ത് മഠം പ്രദീപ്കുമാര്‍ അടികള്‍, മഠത്തില്‍മഠം രവീന്ദ്രനാഥന്‍ അടികള്‍ എന്നിവര്‍ വലിയതമ്പുരാന്റെ അനുവാദത്തോടെ പൂജകള്‍ക്കായി കിഴക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ശ്രീകോവിലില്‍ പ്രവേശിച്ച അടികള്‍മാര്‍ തിരുവാഭരണങ്ങളും ശ്രീകോവിലിലെ വിളക്കുകള്‍ അടക്കമുള്ള മുഴുവന്‍ സാധനങ്ങളും പുറത്തിറക്കി ശ്രീകോവില്‍ കഴുകിവൃത്തിയാക്കി പൂജകള്‍ ആരംഭിച്ചു. മഞ്ഞള്‍പ്പൊടിയില്‍ കരിക്കിന്‍വെള്ളം ഒഴിച്ച് കുഴച്ച തൃച്ചന്ദനം വിഗ്രഹത്തില്‍ ആറാടിയാണ് രഹസ്യമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ഏഴരയാമം നീണ്ടുനിന്ന ശാക്തേയപൂജ നടത്തിയത്. ഈ സമയം വലിയതമ്പുരാനും ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ട് മനയില്‍ ശങ്കരന്‍ നമ്പൂതിരിപ്പാടും ക്ഷേത്രം അധികാരികളും മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.
കാളിദാരിക യുദ്ധത്തില്‍ മുറിവുകളേറ്റ ഭഗവതിക്ക് ചികിത്സ നടത്തുന്നതിന്റെ പ്രതീകമാണ് തൃച്ചന്ദനച്ചാര്‍ത്ത് പൂജ. പൂജകള്‍ കഴിഞ്ഞ് 4.15ന് അടികള്‍മാര്‍ പുറത്തിറങ്ങിയതോടെ തമ്പുരാന്‍ ക്ഷേത്രം തന്ത്രിക്കും അടികള്‍മാര്‍ക്കും അധികാരദണ്ഡുകള്‍ കൈമാറി കിഴക്കേനടയിലൂടെ പുറത്തിറങ്ങി നിലപാടുതറയില്‍ എഴുന്നള്ളി. തുടര്‍ന്ന് കോയ്മ ചെമ്പട്ടുകുട ഉയര്‍ത്തി അശ്വതി കാവുതീണ്ടുവാന്‍ അനുവാദം നല്‍കി. ഇതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള അവകാശത്തറകളിലും ക്ഷേത്രസങ്കേതങ്ങളിലും തമ്പടിച്ച്, താളമിട്ടുനിന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും കുതിച്ചോടി ക്ഷേത്രത്തിന്റെ ചെമ്പോലകളില്‍ അടിച്ചും കയ്യിലുള്ള വഴിപാടുകളും മുളംതണ്ടുകളും ക്ഷേത്രത്തിലേക്ക് എറിഞ്ഞു. മൂന്നുതവണ കാവുതീണ്ടിയശേഷം നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങി. പടിഞ്ഞാറെനടയില്‍ പാലയ്ക്കല്‍ വേലന്‍ ദേവീദാസനാണ് ആദ്യം അശ്വതി കാവുതീണ്ടിയത്.
ഭരണിയുത്സവം നടത്തുവാന്‍ നേതൃത്വം നല്‍കിയ ക്ഷേത്രം തന്ത്രി, ക്ഷേത്രം അധികൃതര്‍, ജില്ലാ കളക്ടര്‍, തൃശ്ശൂര്‍ മേഖലാ ഐ.ജി. അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു അധികൃതര്‍ എന്നിവര്‍ക്കെല്ലാം വലിയതമ്പുരാന്‍ പുടവകള്‍ നല്‍കി.matrubumi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ