12/03/2014

പോളിഹൌസ് ഉണ്ടാക്കാം ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.


പച്ചക്കറി കൃഷികൊണ്ട് പണമുണ്ടാക്കാന്‍ പോളിഫാമിങ്?
 സ്വന്തം ലേഖകന്‍
 മനോരമ 3/12/2014/
ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കൃഷിരീതിയായ പോളിഫാമിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാം.

പച്ചക്കറികള്‍ ഭൂമിയിലാണോ വിളയുന്നത്? പച്ചക്കറികള്‍ക്കെല്ലാം വിത്തുണ്ടോ? പച്ചക്കറികള്‍ ഉണ്ടാക്കാന്‍ ഹൈടെക് വിദ്യകള്‍ വേണ്ടേ? ഇന്നലെവരെ ഇങ്ങനെയെല്ലാം ചോദിച്ചുനടന്നവര്‍പോലും ഇപ്പോള്‍ കൃഷിക്കാരായിക്കൊണ്ടിരിക്കുകയാണ്. കാരണം 'ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമ തന്നെ. നായികയായ നിരുപമ കൃഷ്ണന്‍ ഇനിയെന്ത് എന്ന ചോദ്യവുമായി ടെറസിലിരുന്നപ്പോള്‍ കിട്ടിയ ഉത്തരം പച്ചക്കറിക്കൃഷി എന്നതായിരുന്നു. നിരുപമ കൃഷ്ണന്റെ മാത്രമല്ല, മറ്റൊട്ടനവധിപേരുടെ ജീവിതത്തെ സ്വാധീനിച്ചു ഈ സിനിമ. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോഴും ഈ പോളിഫാമിങ് എന്താണ് എന്ന സംശയം ബാക്കിയായി. പക്ഷേ, പോളിഫാമിങ് ജനകീയമാകുന്നതിനു മുമ്പുതന്നെ പലരും ഇതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നു. വീട്ടിലേക്കു വേണ്ട പച്ചക്കറി എന്നതിലുപരി, പച്ചക്കറിക്കൃഷികൊണ്ട് പണമുണ്ടാക്കാമെന്നു തെളിയിച്ചു ജനപ്രിയമായിക്കൊണ്ടിരിക്കുന്നു ഈ കൃഷിരീതി.

എന്തിന് പോളിഫാമിങ്?
. കൂടുതല്‍ വിളവ്.
. വിത്തിട്ട് വിളവെടുപ്പുവരെയുള്ള കാലയളവ് കുറവുമതി.
. കീടബാധയും അണുബാധയും കുറവ്.
. ജൈവകീടനാശിനികളും ജൈവവളങ്ങളും വളരെ ഫലപ്രദം.
. കടുത്ത മഴയോ വെയിലോ വിളവിനെ ബാധിക്കുന്നില്ല.
. ഏതു സീസണിലും ഏതുതരം പച്ചക്കറിയും കൃഷിചെയ്യാം.
ഇതെല്ലാമാണ് പോളിഫാമിങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

അത്യുല്‍പാദനശേഷിയുള്ള വിത്ത്, ആവശ്യത്തിന് സൂര്യപ്രകാശം, കൃത്യമായ ഇടവേളകളില്‍ വെള്ളവും വളവും, കീടങ്ങളില്‍ നിന്നു സംരക്ഷണം ഇത്രയേ ആവശ്യമുള്ളൂ പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കാനുള്ള സൌകര്യമൊരുക്കിക്കൊടുക്കുന്നതാണ് പോളിഫാമിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. പോളിഹൌസ് എന്ന ഒരു കൂടാരത്തിനുള്ളില്‍ കൃഷി ചെയ്ത് കൂടുതല്‍ വിളവുണ്ടാക്കിയെടുക്കലാണ് പോളിഫാമിങ്.

വെറും അഞ്ച് സെന്റ് മതി
 
പോളിഫാമിങ് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലം മതി. അഞ്ചു സെന്റ് സ്ഥലത്ത് 200 സ്ക്വയര്‍മീറ്റര്‍ കൃഷിസ്ഥലം ലഭിക്കും. ടെറസിലോ പറമ്പിലോ ആകാമിത്.

പോളിഹൌസിനകം വൃത്തിയാക്കി, തടം കോരി പച്ചക്കറി വിത്തു നടാം. വിളയുടെ സ്വഭാവമനുസരിച്ച് വിത്ത് നേരിട്ടോ തൈ ആക്കിയോ നടാം. പോളിഹൌസില്‍ നടാനുള്ള വിത്തു തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ക്ളോസ്ഡ് പോളി ഹൌസ് ആണെങ്കില്‍ പുറത്തുനിന്ന് പരാഗണം നടക്കില്ല എന്നതു കണക്കിലെടുക്കേണ്ടതുണ്ട്. പോളിനേറ്റഡ് വിത്തുകള്‍ ഈ ആവശ്യത്തിനായി പ്രത്യേകം ലഭിക്കും. വഴുതിന, പയര്‍, സാലഡ് കുക്കുംബര്‍, തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളെല്ലാം പോളിഹൌസില്‍ വളര്‍ത്തിയെടുക്കാം. നാടന്‍ അല്ലാത്ത പച്ചക്കറികളും പോളിഹൌസില്‍ നന്നായി വളരും. ഇവയില്‍ പയറിനു മാത്രം പുറത്തുനിന്ന് പോളിനേഷന്‍ ആവശ്യമില്ല. അതുകൊണ്ട് പയറുമാത്രം അത്യുല്‍പാദന ശേഷിയുള്ള സാധാരണതന്നെ വിത്ത് ഉപയോഗിക്കാം.

വിത്തു നടാനുള്ള തടമൊരുക്കുമ്പോള്‍ ചകിരിച്ചോറ്, ചാണകപ്പൊടി, വെര്‍മി കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് ഇവ കൂട്ടിയിളക്കിവേണം തടമൊരുക്കാന്‍. ഡ്രിപ് ഇറിഗേഷനാണ് പോളിഫാമിങ്ങില്‍ ഉപയോഗിക്കുന്നത്. തടമെടുത്ത ശേഷം നനയ്ക്കുള്ള പൈപ്പ് ഘടിപ്പിക്കണം. അതിനു മുകളില്‍ സോയില്‍ കവര്‍കൂടി പിടിപ്പിച്ചതിനുശേഷം വിത്തു നടാന്‍ ഉദ്ദേശിക്കുന്നിടത്ത് ദ്വാരങ്ങള്‍ ഉണ്ടാക്കി വിത്തിടാം. മുകളില്‍ കുമിള്‍നാശിനികളായ അസോഫോയിലോ സ്യൂഡോമോണാസോ കലക്കിയൊഴിക്കുന്നത് അണുബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. 30 സെമീ അകലത്തില്‍ വേണം വിത്തിടാന്‍, പയറിനാണെങ്കില്‍ 40 സെമീ വേണം അകലം.

ടെറസിലാണെങ്കില്‍ ഗ്രോബാഗുകളില്‍ വളര്‍ത്തുന്നതാണുത്തമം. ബാഗില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും ചാണകപ്പൊടിയുമിട്ട് അതില്‍ വിത്തു നടാം. വിത്തു നട്ടാല്‍ പിന്നെയുള്ള വളര്‍ച്ച പെട്ടെന്നാണ്. മൂന്നാംപക്കം മുളയ്ക്കും, അഞ്ചാം പക്കം പൂവിടും എന്ന രീതിയില്‍ ദ്രുതഗതിയിലാണ് കാര്യങ്ങളുടെ പോക്ക്.

പുറത്തു നടുന്ന പച്ചക്കറികളേക്കാള്‍ മൂന്നിരട്ടി വിളവാണ് പോളിഫാമിങ്ങിലൂടെ ലഭിക്കുന്നത്. മഴ കൂടുന്നതുകൊണ്ടോ വെയില്‍ കൂടുന്നതുകൊണ്ടോ ഉണ്ടാകുന്ന പ്രശ്നങ്ങളും പോളിഫാമിങ്ങില്‍ ബാധകമല്ല. കീടങ്ങളുടെ ആക്രമണവും കുറവാണ്.

പോളിഹൌസ് ഉണ്ടാക്കാം

'ടി സ്ട്രക്ചറിലാണ് സാധാരണയായി പോളിഹൌസ് ഉണ്ടാക്കുന്നത്. ജിഐ പൈപ്പ് ഉപയോഗിച്ച് ഫ്രെയിമും അലൂമിനിയം സെക്ഷനുകളുമുണ്ടാക്കി അതില്‍ അള്‍ട്രാവയലറ്റ് (ള്ളര്‍) സ്റ്റെബിലൈസ്ഡ് ഫിലിം കൊണ്ട് മറയുണ്ടാക്കുകയാണ് പോളിഹൌസ് നിര്‍മാണത്തിന്റെ ആദ്യപടി. ക്ളിയര്‍, മാറ്റ് ഫിനിഷുകളിലുള്ള യുവി ഫിലിം വിപണിയില്‍ ലഭ്യമാണ്. സ്ക്വയര്‍മീറ്ററിന് 30 രൂപയാണ് ഏകദേശവില. മാറ്റ് ഫിനിഷ്ഡ് യുവി ഫിലിം ഉപയോഗിക്കുന്നത് ചൂടു കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ കോട്ടിങ്ങുള്ള യുവി ഫിലിമും വിപണിയിലുണ്ട്. ഇതിനു വില കൂടും. ചെറിയ രീതിയില്‍ പോളിഫാമിങ് ചെയ്യാന്‍ ക്ളിയര്‍-മാറ്റ് ഫിനിഷുകള്‍ മതിയാകും.

പോളിഫാമിങ് രണ്ടു തരത്തിലുള്ളവയുണ്ട്. ഓപന്‍ പോളിഹൌസ് ഉപയോഗിച്ചുള്ളതും ക്ളോസ്ഡ് പോളിഹൌസ് ഉപയോഗിച്ചുള്ളതും. മുകള്‍വശം പോലെത്തന്നെ മറ്റു നാലുവശവും പോളിഷീറ്റ് ഉപയോഗിച്ചു മൂടുന്നതാണ് ക്ളോസ്ഡ് പോളിഹൌസ് കൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂര മാത്രം യുവി ഷീറ്റ് കൊണ്ടുണ്ടാക്കി നാലുവശവും തുറന്നിരിക്കുന്നത് ഓപന്‍ പോളിഹൌസ്. അഞ്ച് സെന്റില്‍ പോളിഹൌസ് ഉണ്ടാക്കാന്‍ ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.

ജൈവവളം ധാരാളം

കൃത്യമായ ഇടവേളകളില്‍ വളം ചെയ്യണം. രാസവളവും ജൈവവളവും പോളിഫാമിങ്ങില്‍ അനുയോജ്യമാണ്. ജൈവവളം ഉപയോഗിക്കുകയാണെങ്കില്‍ ചാണകം, ഗോമൂത്രം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം, അമൃതം ലായനി എന്നിവയെല്ലാം അനുയോജ്യമാണ്. കമ്പോസ്റ്റും പിണ്ണാക്ക് വളങ്ങളും ഉപയോഗിക്കാം. കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണയും പുകയിലക്കഷായവും മറ്റും തന്നെയാണ് ഉപയോഗിക്കുന്നത്.

രാസവളം ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നനയ്ക്കൊപ്പംതന്നെ അതും നല്‍കാം. മോട്ടോറിനൊപ്പം ഘടിപ്പിക്കാവുന്ന വെന്‍ച്വറിഫിറ്റ് രാസവളം കലര്‍ത്തിവച്ച ബക്കറ്റില്‍ മുക്കിവച്ച് വളം ഡ്രിപ്പിനൊപ്പം ഒരുമിച്ചു നല്‍കാം.

ക്ളോസ്ഡ് പോളിഫാമിങ്ങാണെങ്കില്‍ കഴിവതും ഒരാള്‍ മാത്രം പരിചരണത്തിനു നില്‍ക്കുന്നതാണു നല്ലത്. പോളിഹൌസിനകത്തേക്കു കടക്കുന്നവര്‍ ഇതിനായി അണുബാധയില്ലാത്ത പ്രത്യേക വസ്ത്രങ്ങള്‍ കരുതേണ്ടതാണ്. കൈകളും കാലുകളും പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയില്‍ മുക്കി അണുവിമുക്തമാക്കിയതിനു ശേഷം വേണം അകത്തുകയറാന്‍.

വളരെയധികം ശ്രദ്ധിക്കണമെങ്കിലും മുഴുവന്‍ സമയവും പോളിഫാമിങ്ങിനായി നീക്കിവയ്ക്കണമെന്നില്ല. രാവിലെയും വൈകിട്ടും ഒന്നോ ഒന്നരയോ മണിക്കൂര്‍ മതി കൃഷിക്കുവേണ്ടി. പോളിഹൌസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം ഏതെങ്കിലും ട്രെയിനിങ്ങിനു പോകുന്നതു നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1