8/28/2014

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളുമായി ഒരിന്ത്യന്‍ വംശജ

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളുമായി ഒരിന്ത്യന്‍ വംശജ 




ഭാവിയില്‍ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ വര്‍ദ്ധനവും പെട്രോളിന്റെ ദൗര്‍ലഭ്യവും. അപ്പോള്‍ പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ സാധിച്ചാലോ? അതൊരു ചരിത്ര മുന്നേറ്റം തന്നെയായിരിക്കും. അതാണ് പി.കെ.ക്ലീന്‍ ചെയ്യുന്നത്. 
ദുഷിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഭൂമിക്ക് മോചനം നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായാണ് പി.കെ.ക്ലീന്‍ പ്രവര്‍ത്തിക്കുന്നത്. അതിനവര്‍ സ്വീകരിച്ച മാര്‍ഗമാണ് പ്ലാസ്റ്റിക്കില്‍ നിന്നുണ്ടാക്കാവുന്ന പെട്രോള്‍. പ്രിയങ്ക ബകായ എന്ന ഇന്ത്യന്‍ വംശജയാണ് പി.കെ.ക്ലീനിന്റെ സ്ഥാപക.
പ്രിയങ്കക്ക് ഇത്തരമൊരു ആശയം ലഭിക്കുന്നത് കുടുംബസുഹൃത്തായ പെര്‍സി കീനില്‍ നിന്നാണ്. പെര്‍സി കീന്‍ പ്രിയങ്കക്ക് തന്റെ മുത്തശ്ശനെ പോലെയായിരുന്നു. ഒരു കെമിസ്ട്രി ലാബു പോലെയായിരുന്നു അദ്ദേഹത്തിന്റെ ഭവനം. അദ്ദേഹം നടത്തിയിരുന്ന കണ്ടുപിടുത്തങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു പ്രിയങ്ക. അവളുടെ കുട്ടിക്കാലത്ത് അവള്‍ കണ്ട, ആരുമറിയാതെ പോയ ഒരു ചെറുശാസ്ത്രഞ്ജനായിരുന്നു പെര്‍സി. പുറന്തളളുന്ന മാലിന്യങ്ങളില്‍ നിന്ന് എണ്ണയുണ്ടാക്കി കൊച്ചു പ്രിയങ്കയെ വിസ്മയിപ്പിച്ചിരുന്നു അദ്ദേഹം. 
ബിരുദ പഠനമെല്ലാം കഴിഞ്ഞ് ഊര്‍ജ അപഗ്രഥയായി പ്രിയങ്ക ജോലി നോക്കിക്കൊണ്ടിരുന്ന സമയത്താണ് പെര്‍സി മരണപ്പെടുന്നത്. പെര്‍സിക്കൊരിക്കലും തന്റെ കണ്ടുപിടുത്തങ്ങള്‍ ലോകത്തെ അറിയിക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയത്താണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഏറാന്‍ തുടങ്ങിയതും മാലിന്യം കൊണ്ട് ലോകം കഷ്ടപ്പെടാന്‍ ആരംഭിച്ചതും. അതോടെ പ്രിയങ്ക പെര്‍സിയുടെ കണ്ടുപിടിത്തവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. അദ്ദേഹം സൂക്ഷിച്ചിരുന്ന കുറിപ്പുകളുടെ സഹായത്തോടെ തന്റെ ഒഴിവുവേളകള്‍ പഠനങ്ങള്‍ക്കായി ചെലവഴിച്ചു.സമയം തികയാതെ വന്നപ്പോള്‍ താല്ക്കാലികമായി ജോലിയില്‍ നിന്നും അവധിയെടുത്തു. പെര്‍സിയുടെ ടെക്‌നോളജിയുടെ പേറ്റന്റിനുവേണ്ടി ശ്രമിച്ചു.
പ്രിയങ്ക തന്റെ ഉദ്യമത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ഇന്ന് യു.എസിലെ യൂറ്റായില്‍ സ്ഥതി ചെയ്യുന്ന പി.കെ.ക്ലീനിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പെര്‍സി കീന്‍ എന്ന പേരിന്റെ ചുരുക്കെഴുത്തായിരുന്നു പി.കെ. 
ദശലക്ഷക്കണക്കിന് കാര്‍ബണ്‍ മോളിക്ക്യൂളുകള്‍ ചേര്‍ന്നകണ്ണികള്‍ കൊണ്ടാണ് പ്ലാസ്റ്റിക് ഉണ്ടാക്കിയിരിക്കുന്നത്. ഈ കാര്‍ബണ്‍ മോളിക്യൂള്‍ ചെയിനുകളെ പത്തോ ഇരുപതോ മോളിക്യൂളുകള്‍ അടങ്ങുന്ന ചെറിയ കണ്ണികളാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ പ്ലാസ്റ്റിക് എണ്ണയായി മാറുന്നു. അത്യധികം ചൂടും രാസപ്രവര്‍ത്തനത്തെ സഹായിക്കുന്ന കാറ്റലിസ്റ്റും കടത്തിവിട്ടാണ് ഈ രൂപാന്തരീകരണം നടത്തുന്നത്. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 75 ശതമാനത്തോളം എണ്ണയായും 20 ശതമാനം പ്രകൃതി വാതകമായും മാറുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ ഒട്ടിക്കുന്ന ലേബലുകളാണത്രേ അവശിഷ്ടമായി മാറുന്നത്.
ഒരുദിവസം പി.കെ ക്ലീനില്‍ റീസൈക്കിള്‍ ചെയ്യാത്ത 20,000 പൗണ്ട് (ഏതാണ്ട് 9 ടണ്‍ ) പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് 60 ബാരല്‍ (9530 ലിറ്റര്‍ ) എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഇന്ന് യുഎസിലുളള 7 ശതമാനം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാത്രമാണ് ഇവര്‍ പരിവര്‍ത്തനം ചെയ്യുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതോടെ യു.എസിനാവശ്യമായ 25 ശതമാനത്തോളം ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രിയങ്കയുടെ കണക്കുകൂട്ടല്‍.

പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ പ്ലാസ്റ്റിക് പ്രൊസസിംഗ് യൂണിറ്റുകളടങ്ങുന്ന റീസൈക്ക്‌ളേഴ്‌സ് കൂടുതല്‍ നിര്‍മ്മിക്കുക എന്നതാണ് പി.കെയുടെ ഇനിയുളള ലക്ഷ്യം. മാത്രമല്ല ഇന്ന് യൂറ്റായില്‍ മാത്രമുളള പി.കെ.ക്ലീന്‍ പത്തുവര്‍ഷങ്ങള്‍ക്കകം ലോകം മുഴുവന്‍ എത്തിക്കാനും ഇവര്‍ക്ക് ഉദ്ദേശമുണ്ട്.
തന്റെ ജന്മനാടായ ഇന്ത്യയിലും ഇത്തരമൊരു യൂണിറ്റ് തുടങ്ങാന്‍ പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്. പൂനയാണ് പ്രിയങ്ക ഇതിനായി മനസ്സില്‍ കണ്ടിരിക്കുന്ന സ്ഥലം. പ്രിയങ്കയുടെ മാതാപിതാക്കള്‍ക്ക് പണ്ട് പൂനയില്‍ ഒരു കമ്പനി ഉണ്ടായിരുന്നുവത്രേ. അതിന്റെ ഓര്‍മ്മക്കായാണ് പൂനയില്‍ തന്നെ കമ്പനി തുടങ്ങുന്നത്. 
പാസ്റ്റിക് ഇല്ലായിരുന്നിങ്കില്‍ നാം എന്തു ചെയ്‌തേനെ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ലാത്ത രീതിയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നാം അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വില കുറഞ്ഞതും ദീര്‍ഘകാലം ഈടു നില്‍ക്കുന്നതുമായ ഉത്പന്നങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്ന് ഉണ്ടാകാത്തിടത്തോളം കാലം എത്രയേറെ വിപത്തുണ്ടാക്കുന്നതാണെങ്കിലും പ്ലാസ്റ്റിക്കിനെ നാം കൈവെടിയാന്‍ പോകുന്നില്ല. അപ്പോള്‍ പിന്നെ ചെയ്യാനാവുക പ്ലാസ്റ്റിക്കിനെ റീസൈക്കിള്‍ ചെയ്തു വീണ്ടും പുതിയ പ്ലാസ്റ്റിക് നിര്‍മിക്കുക മാത്രമായിരുന്നു ഇത്രയും നാള്‍ നമുക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. 
മാലിന്യത്തില്‍ നിന്ന് വീണ്ടും പഴയ വസ്തു തന്നെ ഉണ്ടാക്കുന്ന പഴയ രീതി പാടെ മാറ്റുന്ന പുതിയ ടെക്‌നോളജിക്ക് രൂപം നല്‍കി അതിനെ ലോകം മുഴുവന്‍ അവതരിപ്പിക്കുക എന്നുളളത് കാലമെടുക്കുന്ന ഒരു കഠിന പ്രയത്‌നം തന്നെയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് പ്രിയങ്ക യാത്ര തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1