5/15/2014

ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം വരുന്നു


ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം വരുന്നു; തൊഴില്‍ നിയമത്തില്‍ സമൂല അഴിച്ചുപണി അഹമ്മദ് പാതിരിപ്പറ്റ ട ട ട+ദോഹ: ഖത്തറില്‍ നിലവിലുള്ള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ്(ഖഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടന്നു. എക്‌സിറ്റ് പെര്‍മിറ്റ്, എന്‍.ഒ.സി. എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ കാബിനറ്റ് അംഗീകരിച്ചു. ഈ ശുപാര്‍ശകളില്‍ ഇനി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അഭിപ്രായം തേടും. ശുറാ കൗണ്‍സിലിന്റെ അംഗീകാരം കൂടി ലഭിച്ചശേഷമായിരിക്കും പുതിയ നിയമം നടപ്പാക്കുക. ഇതിനായി കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ല. ഉടന്‍തന്നെ പുതിയ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ബുധനാഴ്ച ഉച്ചയ്ക്കുശേഷം ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഖത്തറിലെ പ്രവാസികളുള്‍പ്പടെയുള്ള എല്ലാ തൊഴിലാളികളുടെയും തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി്. ഖത്തറിലെ എല്ലാ വിഭാഗം തൊഴിലാളികളും നിയമത്തിന്റെ പരിധിയില്‍പ്പെടും.നിലവിലുള്ള കഫാല നിയമം റദ്ദാക്കുമെന്നതാണ് സുപ്രധാനമായ തീരുമാനം. തൊഴില്‍ കരാറിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ നിയമം രൂപവത്കരിക്കുക. നിലവിലുള്ള സ്‌പോണ്‍സര്‍ സ്‌പോണ്‍സേര്‍ഡ് ബന്ധം ഒഴിവാക്കി, തൊഴിലുടമ തൊഴിലാളി ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാവും നിയമം തയ്യാറാക്കുക. നിലവിലുള്ള എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം തൊഴിലാളിക്ക് രാജ്യത്തിനു പുറത്തുപോകണമെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി വേണം. സ്‌പോണ്‍സറുടെ ഖുറൂജ് ലഭിക്കാതെ രാജ്യത്തിനു പുറത്തുപോകാനാകില്ല. എന്നാല്‍ പുതിയ നിയമപ്രകാരം തൊഴിലാളി ഖുറൂജിനായി സ്‌പോണ്‍സറെ സമീപിക്കേണ്ടതില്ല. പകരം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇഗവണ്‍മെന്റ് സംവിധാനമായ മെട്രാഷ്2വിലൂടെ ഖുറൂജിന് അപേക്ഷിക്കാം. അപേക്ഷകന്റെ പേരില്‍ കേസോ മറ്റു ബാധ്യതകളോ പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനു മുമ്പ് മെട്രാഷ്2 മുഖേന തന്നെ ഖുറൂജ് അനുവദിക്കും. ഇക്കാര്യത്തില്‍ പരിശോധനകള്‍ക്കും പരാതികളുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമായി ഉന്നതതല കമ്മിറ്റിയെ നിയോഗിക്കും. അടിയന്തര സാഹചര്യങ്ങളില്‍ രാജ്യത്തിനു പുറത്തുപോകേണ്ടതുണ്ടെങ്കില്‍ അത്തരം കേസുകളെ പ്രത്യേകമായി പരിഗണിക്കും. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടുതലെന്തെങ്കിലും വ്യക്തമാക്കിയില്ല. പുതിയ നിയമപ്രകാരം തൊഴിലാളിയുടെ സാമ്പത്തികമായ ബാധ്യതകള്‍ക്ക് തൊഴിലുടമ ഉത്തരവാദിയായിരിക്കില്ല. തൊഴിലാളിയുടെ പേരില്‍ എന്തെങ്കിലും സാമ്പത്തികബാധ്യതയോ പ്രശ്‌നങ്ങളോ ഖത്തറിലുണ്ടെങ്കില്‍ രാജ്യത്തിന്റെ സിവില്‍, കൊമേഴ്‌സ്യല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കും.നിലവിലുള്ള നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) സംവിധാനത്തിന് പകരം തൊഴില്‍ കരാര്‍ സംവിധാനം നടപ്പാക്കും. പുതിയ നിയമപ്രകാരം തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിരിക്കുന്ന കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യാന്‍ നിയമപരമായി അവകാശം ലഭിക്കും. അതായത് തൊഴില്‍ കരാറില്‍ രണ്ടുവര്‍ഷത്തെ കാലാവധിയാണ് വെച്ചിരിക്കുന്നതെങ്കില്‍ ആ രണ്ടുവര്‍ഷം പൂര്‍ത്തിയായാല്‍ എന്‍.ഒ.സി. ഇല്ലാതെതന്നെ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ചെയ്യാനാകും. അനിശ്ചിതകാലത്തേക്കാണ് തൊഴില്‍കരാറെങ്കില്‍, അതല്ല തൊഴില്‍ കരാറില്‍ കൃത്യമായ കാലാവധി വെച്ചിട്ടില്ലെങ്കില്‍ കരാര്‍ പ്രകാരം എന്നാണോ ജോലിയില്‍ പ്രവേശിച്ചത് അന്നു മുതല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായാല്‍ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ചെയ്യാം. പുതിയ നിയമത്തിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ മാതൃകാ തൊഴില്‍കരാര്‍ തയ്യാറാക്കും. തൊഴിലുടമകള്‍ക്ക് തങ്ങളുടെ വ്യവസ്ഥകളും ഈ മാതൃകാ കരാറില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ തൊഴിലുടമകളുടെ വ്യവസ്ഥകള്‍ പുതിയ നിയമത്തിലെ വ്യവസ്ഥകളും നിബന്ധനകളുമായും ഒത്തുപോകണം.പുതിയ നിയമം നടപ്പായി ഒരു വര്‍ഷം വരെ പഴയ കരാറുകള്‍ക്ക് നിയമസാധുതയുണ്ടായിരിക്കും. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ അനധികൃതമായി കൈവശം വെക്കുന്ന തൊഴിലുടമയ്ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴശിക്ഷ വര്‍ധിപ്പിച്ചു. നിലവിലുള്ള പതിനായിരം ഖത്തര്‍ റിയാല്‍ പിഴ അമ്പതിനായിരം ഖത്തര്‍ റിയാലായാണ് വര്‍ധിപ്പിച്ചത്. ഒരു തൊഴിലുടമ വിവിധ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വച്ചാല്‍ പിഴശിക്ഷ വീണ്ടും ഉയരും. തൊഴില്‍ നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാവും ശമ്പളം നല്‍കുക. കൃത്യസമയത്തുതന്നെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ തൊഴിലാളികള്‍ക്കും ഗുണനിലവാരമുള്ള താമസ സംവിധാനം ഏര്‍പ്പെടുത്തും. തൊഴില്‍ പരിശോധനകള്‍ക്കായി ജുഡീഷ്യല്‍ അധികാരത്തോടെ ഈ വര്‍ഷം അവസാനത്തോടെ മുന്നൂറ്് ലേബര്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍, പാസ്‌പോര്‍ട്ട് ആന്‍ഡ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, ഹ്യൂമന്‍ റൈറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സഖര്‍ അല്‍ മുഹന്നദി, തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ സാലിഹ് സയീദ് അല്‍ സഹ്വി, പ്ലാനിങ് ആന്‍ഡ് ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി അഹമ്മദ് അല്‍ ഖുലൈഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1