11/30/2013

വർണ്ണവെറി


ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അഭിമുഖപരീക്ഷയ്ക്ക് പി.എസ്.സി തയ്യാറാക്കിയ ലിസ്റ്റിലെ 13 പിന്നാക്കവിഭാഗക്കാരെ തരംതാഴ്ത്തിയതിന്റെ വിശദാംശങ്ങൾ ആരാഞ്ഞാൽ ഓർമ്മയിൽ എത്തുക ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവെറിയാണ്.  ഇന്ത്യക്കാർ അടക്കമുള്ള അവർണ്ണരോട് കോളനി വാഴ്ചക്കാലം മുതൽ ദക്ഷിണാഫ്രിക്കയിൽ  വിവേചനം കാട്ടിയിരുന്നു. എന്നിട്ടും മതിയായില്ല. എന്തും ചെയ്യാനുള്ള അന്തരീക്ഷം ഒത്തുവന്നപ്പോൾ വിവേചനത്തിന് മൂർച്ച കൂട്ടാൻവേണ്ടി കുറച്ച് ഞായങ്ങൾ കണ്ടെത്തുകയും അത് ഒരു നിയമസംഹിതയാക്കി മാറ്റുകയും ചെയ്തു. കലാപങ്ങൾക്ക് വഴിവച്ചത് ഈ വർണ്ണവെറിയാണ്. അതുപോലെ ചില ഞായങ്ങൾ കണ്ടെത്തി എട്ട് മുസ്ളിങ്ങളെയും അഞ്ച് ഈഴവരെയും തെരഞ്ഞുപിടിച്ച് തരംതാഴ്ത്തിയിരിക്കുകയാണ് പി.എസ്.സി.
പി.എസ്.സിയുടെ തരംതാഴ്ത്തൽ എന്തിനെന്ന് പരിശോധിച്ചാൽ സങ്കുചിതമനോഭാവം പുലർത്താത്ത ആർക്കും സംശയം തോന്നും, ഇതൊക്കെ ഇക്കാലത്തും നടക്കുമോയെന്ന്.
ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് ഒരു ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചതിനാൽ പി.എസ്.സി ഒരു പ്രാഥമികപരീക്ഷ നടത്തി. പ്രാഥമികപരീക്ഷയുടെ അടിസ്ഥാനത്തിൽ മുഖ്യപരീക്ഷയ്ക്കായി 3000 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. സപ്ളിമെന്ററി ലിസ്റ്റിലൂടെ ഉൾപ്പെടുത്തിയ പിന്നാക്കവിഭാഗക്കാരുമുണ്ടായിരുന്നു ആ 3000 പേരിൽ. മുഖ്യപരീക്ഷയിൽ  ഏറ്റവും കൂടുതൽ മാർക്ക് നേടിയ 51 പേരുടെ ഒരു ലിസ്റ്റ് അഭിമുഖ പരീക്ഷയ്ക്കുവേണ്ടി  തയ്യാറാക്കി. അതിൽ നിന്നാണ് 13 പിന്നാക്കക്കാരെ പി.എസ്.സി ഒഴിവാക്കിയത്.
അഭിമുഖ പരീക്ഷയ്ക്കുവേണ്ടി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ പ്രാഥമിക പരീക്ഷയിൽ നേടിയ മാർക്ക്  പരിഗണിക്കാറില്ല.  മുഖ്യപരീക്ഷയിലെ മാർക്ക് കുറഞ്ഞുപോയതുകൊണ്ടല്ല  പിന്നാക്കക്കാരെ ഒഴിവാക്കിയത്, പ്രാഥമിക പരീക്ഷയിൽ മാർക്ക് കുറവായിരുന്നുവെന്ന കാരണത്താലാണ്! ഒരു കായികമത്സരത്തിൽ പ്രാഥമിക റൗണ്ടിൽ മൂന്നാംസ്ഥാനം നേടിയ ആൾ ഫൈനൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാൽ അനുവദിക്കില്ലെന്ന് പറയുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം. സിവിൽസർവീസിലേക്ക് തിരഞ്ഞെടുക്കുമ്പോൾ മുഖ്യപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ഒരു ഉദ്യോഗാർത്ഥിയെ പ്രിലിമിനറി പരീക്ഷയിൽ മാർക്ക് കുറവാണെന്ന കാരണത്താൽ ഒഴിവാക്കുമോ?
പ്രാഥമിക പരീക്ഷ 100 മാർക്കിന്റെ കറക്കിക്കുത്തും മെയിൻ 200 മാർക്കിന്റെ വിവരണാത്മക എഴുത്തുപരീക്ഷയുമാണ്. പ്രാഥമികപരീക്ഷയ്ക്ക് പ്രത്യേകിച്ച് ഒരു മേന്മയുമില്ലെന്ന് അർത്ഥം. ഇനി, പ്രാഥമികപരീക്ഷ പ്രധാനവും അതിലെ  മാർക്കുകുറവ് ഒരു അയോഗ്യതയുമാണെങ്കിൽ ഈ 13 പേരെ എന്തിന് മുഖ്യപരീക്ഷ എഴുതാൻ അനുവദിച്ചു?
പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെങ്കിൽ പരാതി നൽകേണ്ടത് ഉദ്യോഗാർത്ഥികളാണ്. എന്നാൽ, പിന്നാക്ക വിഭാഗക്കാരായ 13 പേരെ ഒഴിവാക്കിയത് ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലല്ല, പി.എസ്.സിയിലെ ചില അംഗങ്ങളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കുതന്ത്രങ്ങളുടെ ഫലമായിട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്.
പി.എസ്.സിയിൽ പിന്നാക്ക വിഭാഗക്കാരായ അംഗങ്ങളുമില്ലേയെന്ന് ചോദിച്ചാൽ ഉവ്വ് എന്നാണ് ഉത്തരം. എന്നാൽ, പിന്നാക്ക പ്രാതിനിദ്ധ്യത്തിന്റെയും സാമൂഹികനീതിയുടെയും പേര് പറഞ്ഞും രാഷ്‌ട്രീയ നേതാക്കളെ സേവപിടിച്ചുമൊക്കെ പി.എസ്.സിയിൽ അംഗത്വം നേടുന്നവർക്ക് ഈ കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള കെല്പുണ്ടോയെന്ന് ചോദിച്ചാൽ ഉറപ്പിച്ച് ഒരു ഉത്തരം പറയാൻ കഴിയില്ല. സാമൂഹികനീതിയുടെ പേരിൽ ഉന്നതപദവികൾക്ക് ശ്രമിക്കുന്നവർ അത് ലഭിച്ചുകഴിയുമ്പോൾ, സാമൂഹികനീതിയെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ  എറിയുന്നതാണ് പതിവെന്ന് മാത്രം ഉറപ്പിച്ച് പറയാൻ കഴിയും.
നീ അല്ലെങ്കിൽ നിന്റെ അമ്മ വെള്ളം കലക്കിക്കാണുമെന്ന് ഒരു ഊളൻ ഞായം കണ്ടെത്തിയെന്ന കഥ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയന്മാർ ചെയ്തതും അതാണ്. വർണ്ണവെറിക്ക് ആ ഊളനെ പോലെ  ഞായങ്ങൾ കണ്ടെത്തി. പി.എസ്.സി അതുപോലെ കണ്ടെത്തിയ ഞായം കോടതിയിൽ വിലപ്പോകുമോയെന്ന് അറിയില്ല. കോടതിയിൽ വിലപ്പോകില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പുതിയ ഞായം നടപ്പാക്കിയതെങ്കിൽ ഡെപ്യൂട്ടി കളക്ടർ നിയമനം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്കയിൽ വർണ്ണവെറി തുടരാനായില്ല. വർണ്ണവെറിയുടെ ഞായങ്ങൾ നടപ്പാക്കിയവർ പ്രതീക്ഷിക്കാത്ത തീക്ഷ്ണതയോടെയായിരുന്നു അവിടെ ഭൂരിപക്ഷ ജനതയുടെ പ്രതികരണം. കേരളത്തിൽ വർണ്ണവെറി കാട്ടുന്നവരുടെ സ്വകാര്യഅഹന്തയ്ക്ക് കാരണം ഇവിടെ അങ്ങനെ ഒന്നും സംഭവിക്കുകയില്ലെന്ന വിശ്വാസമാണ്. ലോകചരിത്രം അറിയാത്ത ഊളന്മാർക്കേ ജനങ്ങളിൽ ഭൂരിപക്ഷം വരുന്നവർ എക്കാലവും പരാതിപറഞ്ഞും നിലവിളിച്ചും നടക്കുമെന്ന വിശ്വസത്തിൽ അഭിരമിക്കാനാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1