കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി
കേന്ദ്രത്തിന് തിരിച്ചടി
കൌമുദി , മനോരമ , മാതൃഭൂമി 27/10/2013
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കോടതി ശിക്ഷിച്ച എം.പിമാരെയും എം.എൽ.എമാരെയും സംരക്ഷിക്കുന്ന തരത്തിലുള്ള ഓർഡിനൻസ് രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി സർക്കാരിന് മടക്കി അയച്ചു. ഇത്തരമൊരു ഓർഡിനൻസ് തിരക്കിട്ട് കൊണ്ടുവന്നതിലുള്ള നീതീകരണമെന്തെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർലമെന്ററി കാര്യമന്ത്രി കമൽ നാഥ്, നിയമമന്ത്രി കപിൽ സിബൽ എന്നിവർ നേരിട്ടെത്തി വിശദീകരിക്കാനാണ് രാഷ്ട്രപതിയുടെ നിർദ്ദേശം. ഈ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ്.
അത്യാവശ്യസന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഓർഡിനൻസ് ഇത്തരമൊരു കാര്യത്തിന് ഉപയോഗിച്ചതിനെ ബി.ജെ.പിയും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. ഓർഡിനൻസ് തള്ളണമെന്ന് അവർ രാഷ്ട്രപതിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.
പാർലമെന്റ് നടക്കാത്ത സമയത്ത് അത്യാവശ്യഘട്ടങ്ങളിൽ നിയമം നിർമ്മിക്കാനുള്ളതാണ് ഓർഡിനൻസുകൾ. അവയ്ക്ക് ആറുമാസമേ കാലാവധിയുള്ളു. അതിനകം പാർലമെന്റ് ചേർന്ന് ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവന്ന് നിയമമാക്കണം. എന്നാൽ ഇത് മറികടന്നാണ് ശിക്ഷിക്കപ്പെട്ടജനപ്രതിനികളെ തുടരാൻ അനുവദിക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത്.
കാലിത്തീറ്റക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ തിങ്കളാഴ്ച കോടതി വിധി വരുമെന്നുറപ്പായിരിക്കെ അതിൽ നിന്ന് രക്ഷിക്കാനാണ് ഓർഡിനൻസെന്നാണ് സംശയം. ജനപ്രതിനിധികളെ ശിക്ഷിക്കുന്ന നിമിഷം മുതൽ അവരുടെ അംഗത്വം റദ്ദാകുമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അപ്പീൽ നൽകി എം.പിയായും എം.എൽ.എയായും തുടരാനുള്ള വ്യവസ്ഥ കോടതി എടുത്തുകളയുകയും ചെയ്തിരുന്നു. ഇത് മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ