9/24/2013

സൗരോര്‍ജ്ജ പാനലിനുള്ളില്‍ സംഭരണസംവിധാനം വരുന്നു


സൗരോര്‍ജ്ജ പാനലിനുള്ളില്‍ സംഭരണസംവിധാനം വരുന്നു

    |    Sep 24, 2013
അമൃതപുരി: രാജ്യത്തെമ്പാടുമായി മാതാ അമൃതാനന്ദമയിമഠം ദത്തെടുത്ത 101 ഗ്രാമങ്ങളില്‍ വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം.

സൗരോര്‍ജ്ജ പാനലുകള്‍ക്കൊപ്പംതന്നെ ഊര്‍ജ്ജസംഭരണ സംവിധാനവുമുള്ള സോളാര്‍ സംവിധാനമാണ് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ തങ്ങളുടെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിന്റെ സഹകരണത്തോടെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലുള്ള സൗരോര്‍ജ്ജ സംവിധാനങ്ങളുടെ വലിയ പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നതെന്നാണ് പറയുന്നത്.

ഇപ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചുവയ്ക്കാനുള്ള ചെലവേറിയ പ്രത്യേക സംവിധാനം സൗരോര്‍ജ്ജ സംവിധാനങ്ങളില്‍ അനിവാര്യമാണ്. അമൃതയില്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍ പാനലിനുള്ളില്‍ത്തന്നെ സംഭരണസംവിധാനവും സജ്ജീകരിക്കുന്നതിനാല്‍ പ്രത്യേക സംഭരണസംവിധാനം ആവശ്യമില്ല. ചെലവുകുറഞ്ഞതും കൂടുതല്‍ ഗുണമേന്മയുള്ളതുമായ ഈ സൗരോര്‍ജ്ജ സംവിധാനം എല്ലാ വൈദ്യുതോപകരണങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ നായര്‍ പറഞ്ഞു.

മൂന്ന് ഘടകങ്ങളാണ് ഈ പുതിയ സൗരോര്‍ജ്ജ സംവിധാനത്തിലുണ്ടാകുക. ഫോട്ടോ വോള്‍ട്ടേയ്ക് സെല്ലുകള്‍ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സോളാര്‍ പാനല്‍, നാനോ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച, ഉയര്‍ന്ന സംഭരണശേഷിയും കൂടിയ ഊര്‍ജ്ജവും ലഭ്യമാക്കുന്ന കൃത്രിമ കപ്പാസിറ്റര്‍, പാനലിനുള്ളില്‍ത്തന്നെ ഇവയെ രണ്ടിനെയും ചേര്‍ത്തുവയ്ക്കുന്ന ഇലക്‌ട്രോണിക് ഇന്റര്‍ലേയര്‍ എന്നിവയാണവ. പരമ്പരാഗത സിലിക്കണ്‍ സെല്ലുകള്‍ക്കും ചെറിയ ബാറ്ററികള്‍ക്കുമൊപ്പം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാകും.

നൂതനമായ ഈ സംവിധാനത്തിന്റെ ഔപചാരികമായ സമര്‍പ്പണം അമൃതവര്‍ഷം 60-നോടനുബന്ധിച്ച് നടക്കും. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വകുപ്പില്‍ 31 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ശാന്തികുമാര്‍ നായര്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ ഡോ. വിനോദ് ഗോപാലുമായി ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ 2011ലെ നാഷണല്‍ റിസര്‍ച്ച് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് ഡോ. ശാന്തികുമാര്‍ നായര്‍.

ചെലവ് കുറവായതിനാല്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മറ്റും ചാര്‍ജ് ചെയ്യാനും ഇതുപയോഗിക്കാനാകും. മഠം ദത്തെടുക്കുന്ന 101 ഗ്രാമങ്ങളിലും പ്രത്യേക വിദ്യാഭ്യാസപരിപാടികള്‍ക്കായി ഉപയോഗിക്കുന്ന ടാബ്‌ലെറ്റുകള്‍ ചാര്‍ജ് ചെയ്യാനും അവിടത്തെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും ഈ സോളാര്‍ സംവിധാനമായിരിക്കും ഉപയോഗിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെയും ധനസഹായത്തോടെയാണ് ഈ സംവിധാനത്തിന്റെ ആദ്യരൂപം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1