9/27/2013

കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി


കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി 
കേന്ദ്രത്തിന് തിരിച്ചടി
കൌമുദി , മനോരമ , മാതൃഭൂമി 27/10/2013


ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കോടതി ശിക്ഷിച്ച എം.പിമാരെയും എം.എൽ.എമാരെയും സംരക്ഷിക്കുന്ന തരത്തിലുള്ള ഓർഡിനൻസ് രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി സർക്കാരിന് മടക്കി അയച്ചു. ഇത്തരമൊരു ഓർഡിനൻസ് തിരക്കിട്ട് കൊണ്ടുവന്നതിലുള്ള നീതീകരണമെന്തെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർലമെന്ററി കാര്യമന്ത്രി കമൽ നാഥ്, നിയമമന്ത്രി കപിൽ സിബൽ എന്നിവർ നേരിട്ടെത്തി വിശദീകരിക്കാനാണ് രാഷ്ട്രപതിയുടെ നിർദ്ദേശം. ഈ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ്.

അത്യാവശ്യസന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഓർഡിനൻസ് ഇത്തരമൊരു കാര്യത്തിന് ഉപയോഗിച്ചതിനെ ബി.ജെ.പിയും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. ഓർഡിനൻസ് തള്ളണമെന്ന് അവർ രാഷ്ട്രപതിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.


പാർലമെന്റ് നടക്കാത്ത സമയത്ത് അത്യാവശ്യഘട്ടങ്ങളിൽ നിയമം നിർമ്മിക്കാനുള്ളതാണ് ഓർഡിനൻസുകൾ. അവയ്ക്ക് ആറുമാസമേ കാലാവധിയുള്ളു. അതിനകം പാർലമെന്റ് ചേർന്ന് ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവന്ന് നിയമമാക്കണം. എന്നാൽ ഇത് മറികടന്നാണ് ശിക്ഷിക്കപ്പെട്ടജനപ്രതിനികളെ തുടരാൻ അനുവദിക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത്.


കാലിത്തീറ്റക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ തിങ്കളാഴ്ച കോടതി വിധി വരുമെന്നുറപ്പായിരിക്കെ അതിൽ നിന്ന് രക്ഷിക്കാനാണ് ഓർഡിനൻസെന്നാണ് സംശയം. ജനപ്രതിനിധികളെ ശിക്ഷിക്കുന്ന നിമിഷം മുതൽ അവരുടെ അംഗത്വം റദ്ദാകുമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അപ്പീൽ നൽകി എം.പിയായും എം.എൽ.എയായും തുടരാനുള്ള വ്യവസ്ഥ കോടതി എടുത്തുകളയുകയും ചെയ്തിരുന്നു. ഇത് മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്.

നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി മാതൃഭൂമി


നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി മാതൃഭൂമി 
ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. 

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് ഇന്ന് വിധിപറഞ്ഞത്. 


ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി 'ഇതൊന്നുമല്ല' എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്.


ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.

9/24/2013

സൗരോര്‍ജ്ജ പാനലിനുള്ളില്‍ സംഭരണസംവിധാനം വരുന്നു


സൗരോര്‍ജ്ജ പാനലിനുള്ളില്‍ സംഭരണസംവിധാനം വരുന്നു

    |    Sep 24, 2013
അമൃതപുരി: രാജ്യത്തെമ്പാടുമായി മാതാ അമൃതാനന്ദമയിമഠം ദത്തെടുത്ത 101 ഗ്രാമങ്ങളില്‍ വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം.

സൗരോര്‍ജ്ജ പാനലുകള്‍ക്കൊപ്പംതന്നെ ഊര്‍ജ്ജസംഭരണ സംവിധാനവുമുള്ള സോളാര്‍ സംവിധാനമാണ് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ തങ്ങളുടെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിന്റെ സഹകരണത്തോടെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലുള്ള സൗരോര്‍ജ്ജ സംവിധാനങ്ങളുടെ വലിയ പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നതെന്നാണ് പറയുന്നത്.

ഇപ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചുവയ്ക്കാനുള്ള ചെലവേറിയ പ്രത്യേക സംവിധാനം സൗരോര്‍ജ്ജ സംവിധാനങ്ങളില്‍ അനിവാര്യമാണ്. അമൃതയില്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍ പാനലിനുള്ളില്‍ത്തന്നെ സംഭരണസംവിധാനവും സജ്ജീകരിക്കുന്നതിനാല്‍ പ്രത്യേക സംഭരണസംവിധാനം ആവശ്യമില്ല. ചെലവുകുറഞ്ഞതും കൂടുതല്‍ ഗുണമേന്മയുള്ളതുമായ ഈ സൗരോര്‍ജ്ജ സംവിധാനം എല്ലാ വൈദ്യുതോപകരണങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ നായര്‍ പറഞ്ഞു.

മൂന്ന് ഘടകങ്ങളാണ് ഈ പുതിയ സൗരോര്‍ജ്ജ സംവിധാനത്തിലുണ്ടാകുക. ഫോട്ടോ വോള്‍ട്ടേയ്ക് സെല്ലുകള്‍ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സോളാര്‍ പാനല്‍, നാനോ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച, ഉയര്‍ന്ന സംഭരണശേഷിയും കൂടിയ ഊര്‍ജ്ജവും ലഭ്യമാക്കുന്ന കൃത്രിമ കപ്പാസിറ്റര്‍, പാനലിനുള്ളില്‍ത്തന്നെ ഇവയെ രണ്ടിനെയും ചേര്‍ത്തുവയ്ക്കുന്ന ഇലക്‌ട്രോണിക് ഇന്റര്‍ലേയര്‍ എന്നിവയാണവ. പരമ്പരാഗത സിലിക്കണ്‍ സെല്ലുകള്‍ക്കും ചെറിയ ബാറ്ററികള്‍ക്കുമൊപ്പം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാകും.

നൂതനമായ ഈ സംവിധാനത്തിന്റെ ഔപചാരികമായ സമര്‍പ്പണം അമൃതവര്‍ഷം 60-നോടനുബന്ധിച്ച് നടക്കും. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വകുപ്പില്‍ 31 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ശാന്തികുമാര്‍ നായര്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ ഡോ. വിനോദ് ഗോപാലുമായി ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ 2011ലെ നാഷണല്‍ റിസര്‍ച്ച് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് ഡോ. ശാന്തികുമാര്‍ നായര്‍.

ചെലവ് കുറവായതിനാല്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മറ്റും ചാര്‍ജ് ചെയ്യാനും ഇതുപയോഗിക്കാനാകും. മഠം ദത്തെടുക്കുന്ന 101 ഗ്രാമങ്ങളിലും പ്രത്യേക വിദ്യാഭ്യാസപരിപാടികള്‍ക്കായി ഉപയോഗിക്കുന്ന ടാബ്‌ലെറ്റുകള്‍ ചാര്‍ജ് ചെയ്യാനും അവിടത്തെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും ഈ സോളാര്‍ സംവിധാനമായിരിക്കും ഉപയോഗിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെയും ധനസഹായത്തോടെയാണ് ഈ സംവിധാനത്തിന്റെ ആദ്യരൂപം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

9/23/2013

'ലോകത്തിന്റെ വാര്‍ത്താവിനിമയം അമേരിക്കയുടെ കൈപ്പിടിയില്‍ '


'ലോകത്തിന്റെ വാര്‍ത്താവിനിമയം അമേരിക്കയുടെ കൈപ്പിടിയില്‍ '
    mathrubumi


മുംബൈ: ലോകത്തിന്റെ വാര്‍ത്താവിനിമയം ലോകപോലീസായ അമേരിക്കയുടെ പിടിയിലാണെന്ന് പ്രമുഖ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ വക്താവ് നേവല്‍ റോയ് സിംഗം പറഞ്ഞു.

ഇന്‍റര്‍നെറ്റിലുടെ പോകുന്ന എല്ലാവിളികളും നമ്മുടെ ഫോണ്‍ വിളിയും അന്‍ഡ്രോയിഡ്, മൈക്രോസ്ഫ്റ്റ് സോഫ്റ്റ്‌വേറിലൂടെ എല്ലാ കാര്യങ്ങളും അമേരിക്കയിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ പക്കലെത്തുന്നുന്നെും നേവല്‍ റോയ് വ്യക്തമാക്കി.

മുംബൈയിലെത്തിയ നേവല്‍ റോയ് സിംഗം പത്രലേഖകരുമായുള്ള കുടിക്കാഴ്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെപ്പോലും ഇന്‍റര്‍നെറ്റ് സംബന്ധമായ കാര്യങ്ങള്‍ ഇന്ത്യയുടെ പക്കലല്ല. ആഗോളതലത്തില്‍ നടക്കുന്ന ഒരു മിനിറ്റില്‍ നടക്കുന്നത് 2010 മില്യണ്‍ ട്രാഫിക്കാണ്. ഇന്‍റര്‍നെറ്റിലെ ഏഴുപത് ശതമാനം സന്ദേശങ്ങളും മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യകോഡില്‍ സൂക്ഷിക്കുന്ന രീതി ഇപ്പോള്‍ത്തന്നെ അമേരിക്കയിലുണ്ട്.

കഴിഞ്ഞ മാര്‍ച്ച് വരെ തൊണ്ണൂറ്റി ഏഴായിരം കോടി അതിവിവരങ്ങള്‍ അടങ്ങിയ ഇന്‍റര്‍നെറ്റ് പേജുകളാണ് അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ കൈയില്‍ ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള ആറ് ബില്യണ്‍ പേജുകള്‍ ഇപ്പോള്‍ ഈ ഏജന്‍സിയുടെ പക്കലുണ്ട്.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം വാര്‍ത്താവിനിമയരംഗത്തിലൂടെ ലോകം കൈയടക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നിരീക്ഷണത്തിലൂടെ ആളുകളെ നിശ്ശബ്ദമാക്കാനും സര്‍ക്കാറിന് പുതിയ വാര്‍ത്താവിനിമയ രീതികളുടെ വളര്‍ച്ചയോടെ സാധ്യമായിട്ടുണ്ടെന്നും നേവല്‍ റോയ് സിംഗം വ്യക്തമാക്കി.

ലോകത്തിന്റെ ഇന്‍റര്‍നെറ്റ് സംവിധാനത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും പത്ത് വന്‍ കമ്പനികളുടെ കൈപ്പിടിയിലാണ്. അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
mathrubumi

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1