4/15/2016

വിവാൾഡി ബ്രൗസർ‍, അദ്ഭുതങ്ങളുടെ ബ്രൗസിങ് ലോകം!

manoramaonline.com


by സ്വന്തം ലേഖകൻ
പിസിയില്‍ ഇനി ഒരു ബ്രൗസറിനു കൂടി സാധ്യതയുണ്ടോ എന്ന ചോദ്യം നിലനില്‍ക്കെ, ബീറ്റ അവസ്ഥ കുടഞ്ഞെറിഞ്ഞു ഗോദയിലേക്കിറങ്ങുകയാണ് വിവാള്‍ഡി ബ്രൗസര്‍.
ചില പ്രത്യേകതകള്‍ നോക്കാം:
അടുത്ത കാലത്തായി എല്ലാ ബ്രൗസറുകളും സ്പീഡിനായി തങ്ങളുടെ ദുർമേദസ്സ് പുറംതള്ളി 'സ്ലിം' ആകുന്ന രീതിയാണ് കാണുന്നത്. എന്നാല്‍ വിവാള്‍ഡി ബ്രൗസര്‍ നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കാനാണു ശ്രമിക്കുന്നത്. ബ്രൗസര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് ഇതിനെ കൊണ്ട് എത്ര വേണമെങ്കിലും 'ഭാരം' ഏടുപ്പിക്കാം, 'ദുഷ്‌കരമാക്കാം'. അതായത് കസ്റ്റമൈസേഷന്‍ ആണ് ഇതിന്റെ പ്രധാന പ്രത്യേകളില്‍ ഒന്ന്. ഇന്നത്തെ ഏറ്റവും കസ്റ്റമൈസബിള്‍ ബ്രൗസറാണ് വിവാള്‍ഡി എന്നാണ് അവകാശപ്പെടുന്നത്. ചില സൈറ്റുകൾ സന്ദര്‍ശിക്കുമ്പോള്‍ ബ്രൗസര്‍ തന്നെ നിറം മാറും.
വിവാള്‍ഡിയുടെ സൃഷ്ടാക്കള്‍ തങ്ങളുടെ ബ്രൗസറിനെ വിശേഷിപ്പിക്കന്നത് ആധുനിക ക്ലാസിക് എന്നാണ്. മുഖ്യ ബ്രൗസിങ് ജാലകത്തിനടുത്ത് 'വെബ് പാനലുകള്‍' ഉണ്ട്. ഇവിടെ ട്വീറ്റുകള്‍, ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ തുടങ്ങിയവ ലഭ്യമാകും.
വിഖ്യാത ബ്രൗസര്‍ ആയ ഓപെറ (Opera)യുടെ സൃഷ്ടാക്കളില്‍ ഒരാളാണ് വിവാള്‍ഡിക്കു പിന്നിലും. ബ്ലിങ്ക് റെന്‍ഡറിങ് എഞ്ചിന്‍ (Blink rendering engine) നല്‍കുന്ന അടിത്തറിയല്‍നിന്നു കെട്ടിപ്പൊക്കിയ ബ്രൗസറാണ് വിവാള്‍ഡി. അതിനാല്‍ ഗൂഗിള്‍ ക്രോമിന്റെ എക്‌സ്റ്റന്‍ഷനുകള്‍ പുതിയ ബ്രൗസറിനും ഉപകരിച്ചേക്കും.
ഇന്നു പിസിയില്‍ ഏറ്റവും കുറച്ചു RAM ഉപയോഗിക്കുന്ന ബ്രൗസറുകളില്‍ ഒന്നാണ് വിവാള്‍ഡി. എതിരാളികളെ അപേക്ഷിച്ച് സ്പീഡു കുറവവൊന്നും വിവാള്‍ഡിക്ക് ഇല്ല. ബ്രൗസറില്‍ തന്നെ നോട്ടു കുറിക്കാനുള്ള സൗകര്യവും ഉണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഏറെ സഹായകമായേക്കും.
മറ്റൊരു സവിശേഷത ഓരോ സൈറ്റും, ഒരോ പേജും ലോഡാകുമ്പോള്‍ തന്നെ എടുക്കുന്ന ഡാറ്റ അഡ്രസ് ബാറിനു വലത്തു വശത്തായി കാണിക്കും. ബില്‍റ്റ്-ഇന്‍ ആഡ് ബ്ലോക്കര്‍ ഇല്ല.
മറ്റു ബ്രൗസറുകളിലുള്ള ഫീച്ചറുളില്‍ മിക്കവയും വിവാള്‍ഡിയിലും ലഭ്യമാണ്. ഇതൊക്കെയാണെങ്കിലും ഈ ബ്രൗസര്‍ ജനപ്രീയമാകുമോ എന്നു കണ്ടു തന്നെ അറിയണം. ശീലമായ ബ്രൗസര്‍ ഉപേക്ഷിച്ചു പുതിയതിലേക്കു വരാന്‍ ആളുകള്‍ തയാറാകുമോ എന്നതു ബ്രൗസറിന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കും.
Vivaldi-Neuer-Browser
ബ്രൗസര്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ എന്ന് എത്തും എന്നതിനെ കുറിച്ച് വിവാള്‍ഡിയുടെ സൃഷ്ടാക്കള്‍ കൃത്യമായ മറുപടി നല്‍കിയില്ല.
മാക്, വിന്‍ഡോസ്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിട്ടുള്ള വിവാള്‍ഡിയെ പറ്റി കൂടുതല്‍ അറിയാനോ, ഡൗണ്‍ലോഡു ചെയ്യാനോ താത്പര്യമുളളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക:
mathrubhumi.com

ഭൂമിയില്‍ ജീവനെത്തിയത് വാല്‍നക്ഷത്രങ്ങളില്‍ നിന്ന്

ലണ്ടന്‍: ഭൂമിയില്‍ ജീവന്‍ എത്തിയത് വാല്‍നക്ഷത്രങ്ങളില്‍നിന്നോ ഉല്‍ക്കകളില്‍നിന്നോ ആയിരിക്കാമെന്ന വാദത്തിന് തെളിവുമായി ഫ്രഞ്ച് ഗവേഷകര്‍.
ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സി.എന്‍.ആര്‍.എസ്.) ശാസ്ത്രജ്ഞര്‍ ഇതിനായി വാല്‍നക്ഷത്രത്തിലെ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണം നടത്തുകയായിരുന്നു.
വിശദപരിശോധനയില്‍ ജീവന്റെ അടിസ്ഥാനഘടകമായ ആര്‍.എന്‍.എ.യിലെ റൈബോസ് ഉത്പാദിക്കപ്പെട്ടതായി കണ്ടെത്തി.
ഡീഓക്സി റൈബോ ന്യൂക്ലിക് ആസിഡും (ഡി.എന്‍.എ.) റൈബോ ന്യൂക്ലിക് ആസിഡുമാണ് (ആര്‍.എന്‍.എ.) ഭൂമിയിലെ എല്ലാ ജീവികളിലെയും അടിസ്ഥാന ജനിതക ഘടകം. ഇവയിലെ മിക്ക ചേരുവകളും വാല്‍നക്ഷത്രങ്ങളിലും ഉല്‍ക്കകളിലും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പഞ്ചസാരഘടകമായ റൈബോസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നുന്നില്ല.
വാല്‍നക്ഷത്രങ്ങളിലെ സാഹചര്യം കൃത്രിമമായുണ്ടാക്കി നടത്തിയ പരീക്ഷണത്തില്‍ റൈബോസ് കണ്ടെത്തിയത് വാല്‍നക്ഷത്രങ്ങളിലും റൈബോസ് ഉണ്ടാവുമെന്നതിന് തെളിവായി ഗവേഷകര്‍ കരുതുന്നു.
ജലം, മെഥനോള്‍, അമോണിയ എന്നിവയുടെ മിശ്രിതം ശൂന്യഅറയില്‍ മൈനസ് 195 ഡിഗ്രി തണുപ്പിച്ചാണ് പരീക്ഷണശാലയില്‍ വാല്‍നക്ഷത്രത്തേതിന് സമാനമായ സാഹചര്യമൊരുക്കിയത്.
ഭൂമിയില്‍ ആര്‍.എന്‍.എ. അടിസ്ഥാനമാക്കിയുള്ള ജീവനാണ് ആദ്യം ഉണ്ടായതെന്നാണ് കരുതുന്നത്. ഭൂമിയില്‍ വന്നിടിച്ച വാല്‍നക്ഷത്രങ്ങളില്‍നിന്നോ ഉല്‍ക്കകളില്‍ നിന്നോ ആവാം ആര്‍.എന്‍.എ. ഘടകങ്ങള്‍ ഇവിടെ എത്തി ജീവന് കാരണമായിത്തീര്‍ന്നതെന്ന് വലിയവിഭാഗം ഗവേഷകര്‍ കരുതുന്നു.
അങ്ങനെയെങ്കില്‍ ജീവന്‍ പ്രപഞ്ചത്തിന്റെ പൊതുസ്വഭാവമാണെന്നും അന്യഗ്രഹങ്ങളിലും ജീവന്‍ ഉണ്ടാവാമെന്നും ഗവേഷകര്‍ പറയുന്നു. 'സയന്‍സ്' ജേര്‍ണലിലാണ് ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡിഎന്‍എ ടെസ്റ്റ് എന്ത്, എന്തിന്

mathrubhumi.com


സ്വന്തം ലേഖകന്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനുളളവരുടെ ഡിഎന്‍എ പരിശോധന ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുളളത്. 17 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ മൃതദേഹങ്ങള്‍ സഫോടനത്തില്‍ ചിതറിപ്പോയതാകാമെന്ന് പോലീസ് പറയുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാനും കാണാതായവരെക്കുറിച്ചറിയാനും അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും മുന്നിലുള്ളത് ഡിഎന്‍എ ടെസ്റ്റാണ്. അതാണ് ഇന്ന് തിരുവനന്തപുരം രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഇന്ന് ആരംഭിക്കുന്നത്.
ഇതിനായി ബന്ധുക്കളോട് ഡിഎന്‍എ ടെസ്റ്റിന് കൊല്ലത്ത് എത്തിചേരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രക്തസാമ്പിളുകളും മറ്റും ശേഖരിക്കാനാണിത്. കൊല്ലം ജില്ലാആസ്പത്രിയില്‍ വെച്ച് ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്ത് രാജിവ് ഗാന്ധി സെന്ററില്‍ എത്തിക്കും.
ദുരന്തത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിഎന്‍എ പരിശോധന എന്താണെന്ന് നോക്കാം -
മനുഷ്യരുള്‍പ്പടെ എല്ലാ ജിവികളുടെയും കോശമര്‍മത്തില്‍ സ്ഥിതിചെയ്യുന്ന നീളന്‍ തന്മാത്രയാണ് ഡിഎന്‍എ. ഒരു ജീവിയുടെ ജനിതകവിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ് എന്ന ഡിഎന്‍എ തന്മാത്രയിലാണ്. അതില്‍ അതിന് 'ജീവന്റെ തന്മാത്ര'യെന്നും പേരുണ്ട്.
കുറ്റവാളികളെ കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധനകളിലും പിതൃത്വം തെളിയിക്കേണ്ടി വരുന്ന സാഹചര്യത്തിലും ജീന്‍ തെറാപ്പികള്‍ക്കുമൊക്കെയാണ് സാധാരണയായി ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. മനുഷ്യപരിണാമത്തിന്റെ പൂര്‍വ്വചരിത്രം കണ്ടെത്താനും ഇന്ന് ഡിഎന്‍എ പരിശോധന സഹായമേകുന്നു.
ഡിഎന്‍എ പരിശോധന എങ്ങനെ 
ഡിഎന്‍എ സാമ്പിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുക. അതിനായി രക്തസാമ്പിള്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ മോണയില്‍ നിന്ന് പഞ്ഞി ഉപയോഗിച്ച് എടുക്കുന്ന കോശങ്ങളോ, ശരീരകോശപാളികളുടെ ഭാഗങ്ങളോ, എന്തിന് മുടിയിഴകള്‍ പോലുമോ ഉപയോഗിക്കാം. പരവൂര്‍ ദുരന്തത്തില്‍ രക്തസാമ്പിളുകള്‍ ഉപയോഗിച്ചുളള ഡിഎന്‍എ ടെസ്റ്റാണ് നടത്തുന്നത്.
രണ്ടുപേരുടെ ഡിഎന്‍എ പരിശോധിച്ചാല്‍ അതില്‍ 99.9 ശതമാനവും സമാനമായിരിക്കും. 0.1 ശതമാനം ഡിഎന്‍എ ശ്രേണി മാത്രമാണ് വ്യത്യാസം കാണാനാവുക. വ്യത്യാസമുള്ള ഇത്തരം ഡിഎന്‍എ ശ്രേണികള്‍ക്ക് 'ജനറ്റിക് മാര്‍ക്കറുകള്‍' ( genetic markers ) എന്നാണ് പേര്. ഡിഎന്‍എ പരിശോധനാവേളയില്‍ ഗവേഷകര്‍ ഉപയോഗിക്കുന്നത് ഈ ജനറ്റിക് മാര്‍ക്കറുകളാണ്.
ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ മാത്രമേ ഒരേ പോലുള്ള ജനറ്റിക് മാര്‍ക്കറുകള്‍ കാണാനാകൂ. എന്നാല്‍, അടുത്ത ബന്ധുക്കളുടെ ജനറ്റിക് മാര്‍ക്കറുകളില്‍ ചിലത് സമാനമായിരിക്കും.
ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങള്‍ പരിശോധിച്ച് അതിലെ ജനറ്റിക് മാര്‍ക്കറുകള്‍ക്ക് രണ്ടുപേരുടെ കാര്യത്തില്‍ എത്രത്തോളം സമാനതയുണ്ടെന്ന് ഒത്തുനോക്കുകയാണ് ഡിഎന്‍എ ടെസ്റ്റില്‍ ചെയ്യുക.
രണ്ട് സാമ്പിളുകളിലെ ജനറ്റിക് മാര്‍ക്കറുകള്‍ ഇത്തരത്തില്‍ താരതമ്യം ചെയ്യുമ്പോള്‍, ആരില്‍നിന്നാണ് ആ സാമ്പിളുകള്‍ എത്തിയത് അവര്‍ തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും വ്യക്തമാകും (കടപ്പാട്: ബിബിസി). 

'അവര്‍ വെട്ടിയത് എന്റെ കുഴിമാടമല്ല'

mathrubhumi.com


ആര്‍.കെ.എച്ച്‌
This is a pleasant homecoming
After a short while of leaving
To the place where I was born..

ധ്യാപനജീവിതം ആരംഭിച്ച പാലക്കാട് വിക്ടോറിയ കോളേജിലേക്ക് റിട്ടയര്‍മെന്റിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ആദ്യനാളുകളൊന്നില്‍ ഡോ.ടി.എന്‍.സരസു തന്റെ മുഖപുസ്തകത്താളില്‍ ഇങ്ങനെ കുറിച്ചു. തന്നിലെ അധ്യാപിക ജനിച്ച, വളര്‍ന്ന വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പലായി വിരമിക്കണമെന്ന് സരസുടീച്ചര്‍ അത്രത്തോളം ആഗ്രഹിച്ചിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തോടെയാണ് വിക്ടോറിയ കോളേജ് ക്യാമ്പസിനകത്തേക്ക് 29 വര്‍ഷത്തെ അധ്യാപനജീവിതത്തിനിടയിലെ രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം അവര്‍ തിരിച്ചെത്തിയത്. വിരമിക്കാന്‍ പോകുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ആലസ്യത്തെ തന്നിലേക്കടുപ്പിക്കാതെ, ലഭിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ വിക്ടോറിയക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യണമെന്നുതന്നെയായിരുന്നു സരസു ടീച്ചറുടെ ലക്ഷ്യം. വിക്ടോറിയയില്‍ വന്ന അന്നുമുതല്‍ വിരമിക്കുന്ന മാര്‍ച്ച് 31 വരെ ടീച്ചര്‍ ശ്രമിച്ചതും അതിന് വേണ്ടിയായിരുന്നു.എന്നിട്ടും വിക്ടോറിയയില്‍ നിന്നല്ല അധ്യാപനജീവിതത്തില്‍ നിന്നുതന്നെ പടിയിറങ്ങുന്ന 2016 മാര്‍ച്ച് 31-ന് ടീച്ചറെ കാത്തിരുന്നത് ഒരു അധ്യാപകനും/അധ്യാപികക്കും ഒരു വിദ്യാര്‍ത്ഥിയും കൊടുത്തുകൂടാത്ത യാത്രയയപ്പായിരുന്നു.
'26 വര്‍ഷത്തെ പഴമ്പുരാണം തീരുന്നു. മഹദ്‌സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി ' എന്നെഴുതി പ്രതീകാത്മക കുഴിമാടമൊരുക്കി, ആ മണ്‍കൂനക്ക് മുകളില്‍ പൂക്കള്‍ വിതറി, സമ്പ്രാണിത്തിരി കത്തിച്ച്‌, റീത്ത് സമര്‍പ്പിച്ചു വിദ്യാര്‍ത്ഥികള്‍.  ഓഫീസ്‌ കസേരയില്‍ തന്നെയിരുന്ന് ഉണ്ടും ഉറങ്ങിയും ചായകുടിച്ചും സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ജീവനക്കാരനെ പോലും ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ പ്രശംസിച്ച്, വീര്‍പ്പുമുട്ടിച്ച് വീട്ടിലയക്കുന്ന റിട്ടയര്‍മെന്റ് പാര്‍ട്ടികള്‍ നടക്കുന്ന നാട്ടിലാണ് കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ചെയ്ത മറ്റെല്ലാ സേവനങ്ങളേയും വിസ്മരിച്ച് ഒരു അധ്യാപികക്ക് കുഴിമാടമൊരുക്കി യാത്രചൊല്ലിയത്.
grave
'എന്റെ കുഴിമാടമല്ല ഇവര്‍ വെട്ടിയിരിക്കുന്നത്. വിക്ടോറിയ കോളേജിന്റെ 127 വര്‍ഷത്തെ അഭിമാനവും യശസ്സുമാണ് ഇവര്‍ കുഴിമാടം വെട്ടി മൂടിയത്. ഇവിടെ ഇതുവരെ പഠിപ്പിച്ച അധ്യാപകരേയും പ്രിന്‍സിപ്പല്‍മാരേയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേയും ആണ്  കുഴിമാടം വെട്ടി അതിനകത്ത് ഇവര്‍ അടക്കിയത്. കേരളത്തിലെ ഏറ്റവും അന്തസ്സുള്ള കലാലയങ്ങളിലൊന്നാണിത്. അനേകം പ്രമുഖരാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരിക്കുന്നത്. അവരെയെല്ലാമാണ് ഇവര്‍ അപമാനിച്ചിരിക്കുന്നത്.' വികാരവിക്ഷുബ്ധതയില്‍ സരസു ടീച്ചര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ നിരത്താന്‍ ന്യായീകരണങ്ങളില്ലാതെ തലതാഴുന്നു.
മക്കളില്ലാത്ത ടീച്ചര്‍ക്ക് സ്വന്തം മക്കളായിരുന്നു ഓരോ വിദ്യാര്‍ത്ഥിയും. പഠിക്കാനെത്തുന്നവരുടെ ശ്രദ്ധ പഠനത്തില്‍ നിന്നും വഴിമാറുമ്പോള്‍ ടീച്ചര്‍ ശകാരിച്ചിരുന്നത് ഒരു അമ്മയുടെ സ്വാതന്ത്ര്യത്തിന്റെ പുറത്ത് നിന്നാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്കായില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകളാണ്, ജീവിതവിജയത്തിന് കൃത്യനിഷ്ഠക്കുള്ള പ്രധാന്യം ബോധ്യപ്പെടുത്താനാണ് അധ്യാപിക കര്‍ക്കശക്കാരിയായതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.
'ടീച്ചറെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയില്ല. അത്രയേറെയുണ്ട് എനിക്ക് പറയാന്‍.' ടീച്ചറുടെ വിദ്യാര്‍ത്ഥിയായിരുന്ന അജേഷ് പറയുന്നു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രെയിന്‍ ട്യൂമര്‍ വന്ന് ചികിത്സിക്കാന്‍ പണമില്ലാതെ ജീവിതം കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകുകയാണെന്ന് തോന്നിത്തുടങ്ങിയ കാലത്ത് അജേഷിന് ജീവിതം തിരിച്ചുനല്‍കിയവരില്‍ പ്രധാനിയായിരുന്നു സരസു ടീച്ചര്‍. ചികിത്സക്ക് പണമില്ലാത്തതിന്റെ പേരില്‍ മിടുക്കനായ വിദ്യാര്‍ത്ഥി ജീവിതത്തിന് മുന്നില്‍ മുട്ടുമടക്കുന്നത് കാണാന്‍ സരസുടീച്ചര്‍ തയ്യാറായില്ല. കോളേജിലെ എന്‍.സി.സി ഓഫീസറായിരുന്ന അവര്‍ മുന്നിട്ടിറങ്ങി അജേഷിന്റെ ചികിത്സക്കാവശ്യമായ പണം സ്വരൂപിച്ചു. ' എനിക്ക് ജീവിതം തിരിച്ചുകിട്ടിയതിന് കാരണം ടീച്ചറാണ്. എനിക്ക് മാത്രമല്ല എന്റെ ബാച്ചിലെ എല്ലാവര്‍ക്കും ടീച്ചര്‍ ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യം കാണുമ്പോള്‍ പരുഷമായ വ്യക്തിത്വമാണെന്ന് തോന്നും. പക്ഷേ ടീച്ചറെ അടുത്ത് മനസ്സിലാക്കി കഴിയുമ്പോള്‍ ആ ധാരണയെല്ലാം മാറും. നടക്കില്ലെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ക്ക് വരെ ടീച്ചര്‍ അങ്ങേയറ്റം പരിശ്രമിക്കും.' പാലക്കാട് പത്തിരിപ്പാല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജീവനക്കാരനായ അജേഷ് പഴയകലാലയ ദിനങ്ങള്‍ ഓര്‍ത്തെടുത്തു. ടീച്ചര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളൊക്കെ അറിഞ്ഞെങ്കിലും ശ്രീചിത്രയില്‍ ചെക്കപ്പിന് പോയിരുന്നതിനാല്‍ ടീച്ചറെ പോയികാണാന്‍ സാധിച്ചില്ലെന്ന സങ്കടത്തിലാണ് അജേഷ്.
അന്ന് സംഭവിച്ചത്..
'പതിവുപോലെ കോളേജിലേക്ക് പോവുകയായിരുന്നു ഞാന്‍. ഗേറ്റ് കടന്നപ്പോള്‍ തന്നെ കുട്ടികള്‍ കൂടി നില്‍ക്കുന്നത് കണ്ടു. ഞാന്‍ വണ്ടി നിര്‍ത്തി നോക്കുമ്പോള്‍ ഞാന്‍ അറിയുന്ന അഖില്‍ എന്ന  ഒരു കുട്ടി അവിടെ നില്‍ക്കുന്നുണ്ട്. അവനെ ഞാന്‍ അടുത്തേക്ക് വിളിച്ചു. അവിടെ ഒരു കുഴിമാടമുള്ളത് വണ്ടിയിലിരുന്ന് തന്നെ എനിക്ക് കാണാമായിരുന്നു. ഞാന്‍ അഖിലിനോട് അതാരുടെ കുഴിമാടമാണെന്ന് ചോദിച്ചു. അവന്‍ പറഞ്ഞു. അത് ടീച്ചറുടെ തന്നെയാണെന്ന്. ഞാനത് കളഞ്ഞേക്കട്ടേ ടീച്ചറേയെന്നും അവന്‍ ചോദിച്ചു. ഞാന്‍ അഖിലിനോട് പറഞ്ഞു. എനിക്കിത് വേണം. നീയിത് ഒന്നും ചെയ്യരുത്. ഉടന്‍ ഓഫീസിലെത്തി പോലീസിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ എത്തുമ്പോഴേക്കും അത് മാറ്റിയിരുന്നു. അഖില്‍ തന്നെയാണ് മാറ്റിയത്. അതുകണ്ടുനില്‍ക്കാന് കഴിയാത്തതുകൊണ്ടാണ് ഞാനതുമാറ്റിയതെന്നാണ് അവനെന്നോട് പറഞ്ഞത്.'
87 മുതല്‍ തുടര്‍ച്ചയായി 26 വര്‍ഷമാണ് സരസു ടീച്ചര്‍ വിക്ടോറിയയില്‍ ഉണ്ടായിരുന്നത്. കോളേജിലെ എന്‍.സി.സി.യുടെ ഓഫീസറായിരുന്നു ടീച്ചര്‍. അച്ചടക്കവും കൃത്യനിഷ്ഠയോടും യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ടീച്ചര്‍ തയ്യാറാകാത്തത് പഴയ എന്‍.സി.സി ഓഫീസര്‍ ഇപ്പോഴും ഉള്ളില്‍ കിടക്കുന്നത് കൊണ്ടുതന്നെയാകണം. 'അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് ടീച്ചറുടെ സ്വഭാവമാണ്. എന്‍.സി.സി ഓഫീസറായിരുന്നതിനാല്‍ അതിന്റെ സ്ട്രിക്റ്റ്‌നെസ്സ് ടീച്ചറുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചിരുന്നു.' സരസുടീച്ചറുടെ പഴയ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ചിന്നാറിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ പ്രഭു ഓര്‍ക്കുന്നു. അധ്യാപകരും കുട്ടികളും തമ്മിലും അധ്യാപകര്‍ പരസ്പരവും ഈഗോക്ലാഷുകള്‍ ഉണ്ടാകുന്നത് സ്വഭാവികമാണെന്നും അതിനെതിരെ ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും വിക്ടോറിയ കോളേജ് അവര്‍ക്കെന്തുനല്‍കിയോ അതിന് നേരെ കാര്‍ക്കിച്ച് തുപ്പുന്നതിന് തുല്യമായി പോയി വിദ്യാര്‍ത്ഥികളുടെ ഇത്തരമൊരു നീക്കമെന്നും പ്രഭു പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ക്യാമ്പസിലെ ഗുല്‍മോഹറുകള്‍ക്കും ടീച്ചറെ കുറിച്ച് പറയാനുണ്ട്. ആദ്യമായി വിക്ടോറിയ കോളേജില്‍ നാക് പരിശോധനക്ക് വന്ന സമയത്ത് കോളേജില്‍ പൂമരങ്ങളില്ല എന്ന കാരണം പറഞ്ഞ് മടങ്ങിയപ്പോള്‍ സരസുടീച്ചറും എന്‍.സി.സി വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കലാലയമുറ്റത്ത് ഗുല്‍മോഹറും നെല്ലിമരവും വച്ചുപിടിപ്പിച്ചത്. ചിട്ടയായി പരിചരിക്കാന്‍ എന്‍.സി.സി കുട്ടികളെ ടീച്ചര്‍ ചമുതലപ്പെടുത്തുകയും ചെയ്തു. പാലക്കാട് ജില്ലയില്‍ ആര്‍ക്ക് രക്തം ആവശ്യം വന്നാലും വിക്‌ടോറിയയിലെ എന്‍.സി.സി കുട്ടികളെ ആദ്യം സമീപിക്കുന്ന രീതിക്ക് കാരണമായതും ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ രക്തദാനക്യാമ്പുകളാണ്.
അതേ ടീച്ചറാണ് കലാലയത്തിലെ കുട്ടികള്‍ ഒരുക്കിയ കുഴിമാടത്തിലൂടെ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പണ്ടെഴുതിയ കവിതകളിലും കഥകളിലും ഉടുക്കുന്ന സാരിയുടെ നിറത്തില്‍ പോലും രാഷ്ട്രീയമുണ്ടെന്ന് ആരോപിക്കപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. കലാലയങ്ങള്‍ രാഷ്ട്രീയക്കളരിയല്ല അക്ഷരക്കളരിയാണ് ആകേണ്ടത് എന്ന് വാശി പിടിച്ചതിന്റെ പരിണിതഫലം. ചിലരുടെ രാഷ്ട്രീയക്കളിക്കും അവരുടെ ഗുണ്ടാവിളയാട്ടത്തിനും കൂട്ടുനില്‍ക്കാത്ത അധ്യാപകരെ ഒറ്റപ്പെടുത്തി ക്രൂശിക്കുന്ന തന്ത്രം കേരളത്തിലെ സകല കലാലയങ്ങളിലും ഇന്ന് പതിവുസംഭവമാണെന്ന് ടീച്ചര്‍ വാദിക്കുന്നു. ടീച്ചറുടെ വാദം സ്ഥിരീകരിക്കുന്ന രീതിയിലായിരുന്നു സംസാരത്തിനിടെ നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്ന ടീച്ചറുടെ ഫോണില്‍ വന്ന ഒരു കോള്‍. അങ്ങേയറ്റത്ത് കേരളത്തിലെ മറ്റൊരു ഫസ്റ്റ്‌ഗ്രേഡ് കോളേജിലെ പ്രിന്‍സിപ്പല്‍. കലാലയം രാഷ്ട്രീയകേന്ദ്രങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത ഇര താനാണെന്നും അവരും ആവര്‍ത്തിക്കുന്നു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കേളേജുകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നാണ് സരസു ടീച്ചറുടെ ആരോപണം.
'എന്റെ ചെറുപ്പവും വാര്‍ധക്യവും വിക്ടോറിയക്കൊപ്പമായിരുന്നു. ജീവിതത്തിന്റെ നല്ലൊരുപങ്കും വിക്ടോറിയക്ക് വേണ്ടി ഞാന്‍ ചെലവഴിച്ചു. നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും എനിക്ക് ചെയ്യാന്‍ പറ്റുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്തു. ചെയ്ത പ്രവര്‍ത്തികള്‍ക്കെല്ലാം അവസാനം ലഭിച്ചത് ശവക്കൂനയാണെങ്കിലും തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് സംതൃപ്തി മാത്രമേ ഉള്ളൂ. സമയം കിട്ടുകയാണെങ്കില്‍ എനിക്ക് ഇനിയുമേറെ ചെയ്യാനുണ്ടായിരുന്നു.' സംസാരത്തിനിടയില്‍ ആദ്യമായി ടീച്ചറുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
The pain flowing from the heart sharp,
The deep wounds formed drains,
They do not know our oneness,
As you and me are inseparable,
I cannot say farewell dear VICTORIA.....
(Seperation by Dr.T.N.Sarasu)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു: ഡി.ജി.പി

mathrubhumi.com


കോഴിക്കോട്:  പരവൂര്‍ ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നതായി ഡി.ജി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തേക്കുറിച്ച് എസ്.പി.ജി താനുമായി ആശയവിനിമയം നടത്തിയിരുന്നു. അപ്പോഴാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി എത്തുന്നതിനെ എതിര്‍ത്തതെന്ന് ഡി.ജി.പി പറയുന്നു.
അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പരവൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നെന്നും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നതായും സെന്‍കുമാര്‍ പറയുന്നു.

4/14/2016

ഖത്തറിൽ ഇനി എൽഇഡി ബൾബുകൾക്ക് മാത്രം അനുമതി;ഫിലമെന്റുള്ള ബൾബുകൾക്ക് മെയ് ഒന്ന് മുതൽ നിരോധനം

marunadanmalayali.com



April 12, 2016 | 03:50 PM | Permalink


സ്വന്തം ലേഖകൻ

ദോഹ: രാജ്യത്ത് വൈദ്യുതി ലാഭിക്കുന്ന എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കാൻ മാത്രം ഇനി അനുമതി. ഫിലമെന്റുള്ള ബൾബുകൾ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതൽ നിരോധമേർപ്പെടുത്തുമെന്ന് മുനിസിപ്പൽ പരിസ്ഥിതി വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് സൈഫ് അൽ കുവാരി അറിയിച്ചു. ഇൻകാഡസെന്റ് ബൾബുകളുടെ ഇനത്തിൽപ്പെട്ട 100, 75 വാട്‌സ് ബൾബുകളുടെ ഇറക്കുമതിയാണ് നിരോധിക്കുകയെന്ന് അൽ കുവാരി പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച പരസ്യം പ്രദേശിക പത്രങ്ങളിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.
കഹ്‌റമായുടെയും വാണിജ്യ സാമ്പത്തിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നിരോധനം നടപ്പിലാക്കുന്നത്. ഇൻകാഡസന്റ് ബൾബുകളേക്കാൾ എട്ട് മടങ്ങ് വൈദ്യുതി ലാഭിക്കുന്നവയാണ് എൽ.ഇ.ഡി ബൾബുകളെന്ന് അൽ കുവാരി പറഞ്ഞു. രാജ്യത്തെ ഇറക്കുമതിക്കാരും കച്ചവടക്കാരും നിരോധനം നടപ്പിലാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
പഴഞ്ചനും ഊർജക്ഷമതയില്ലാത്തതുമായ എയർകണ്ടീഷണറുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള ഉത്തരവ് ജൂലൈ ഒന്നുമുതൽ നടപ്പാക്കും. നിയമം ലംഘിച്ച് ഇവ വിൽപന നടത്തുകയോ ഇറക്കുമതി നടത്തുകയോ ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറോ ഗൾഫ് രാജ്യങ്ങളോ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ഇനം എയർകണ്ടീഷണറുകൾക്കാണ് നിരോധനം.
ഊർജസംരക്ഷണശേഷിയുള്ള ഇനം എയർ കണ്ടീഷണറുകൾ മാത്രമേ ജൂലൈ ഒന്നുമുതൽ ഷോപ്പുകളിൽ കാണാവൂ എന്നാണ് നിബന്ധന. 2015 സെപ്റ്റംബർ മുതൽ ജല വൈദ്യുതി പൊതുവിതരണ വകുപ്പായ കഹ്‌റമാ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന സ്‌ളാബ് സമ്പ്രദായം നടപ്പിൽ വരുത്തിയിരുന്നു. നേരത്തെ മണിക്കൂറിൽ 4,000 കിലോവാട്ട് വരെയുള്ള ഉപഭോഗങ്ങൾക്ക് ഒരേ നിരക്കായിരുന്നു. സ്‌ളാബ് സമ്പ്രദായത്തിൽ 2000 കിലോവാട്ട് വരെ 0.08 റിയാലാണ് ഈടാക്കുന്നത്. ശേഷം 20004000 വരെ 0.09 റിയാലും 4000 മുതൽ മുതൽ ഓരോ അധികയൂനിറ്റിനും 10 റിയാൽ അധികമായി നൽകണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

4/12/2016

ഇത് വേണ്ട അത് ആയിക്കോട്ടെ

നമുക്കും നാടിനും
വെടി ക്കെട്ടുകള്‍ വേണ്ട
പടക്കങ്ങള്‍ ഗുണ്ടുകള്‍ ആയിക്കോട്ടെ
ആനകള്‍ വേണ്ട
ആന ആയിക്കോട്ടെ
വിഭവ സമൃദ്ധ മായ അന്നദാനം വേണ്ട
അന്നദാനം ആയിക്കോട്ടെ
തെറിപ്പാട്ടുകള്‍ വേണ്ട
പാട്ടുകള്‍ ആയിക്കോട്ടെ
നോണ്‍ വെജ്ജുകള്‍ വേണ്ട

വെജ്ജ് ആയിക്കോട്ടെ
ബാര്‍ബര്‍ ഷാപ്പുകള്‍ ആയിക്കോട്ടെ
ബാര്‍ വേണ്ട
നോക്കു കൂലികള്‍ വേണ്ട
കൂലികള്‍ ആയിക്കോട്ടെ
ടിപ്പറുകള്‍ വേണ്ട
ലോറികള്‍ ആയിക്കോട്ടെ
ഹര്‍ത്താലുകള്‍ വേണ്ട
സമരം ആയിക്കോട്ടെ
വിഡ്ഢി അഭ്യാസം വേണ്ട
വിദ്യാഭ്യാസം ആയിക്കോട്ടെ
നാശനം വേണ്ട
വികസനം ആയിക്കോട്ടെ
സങ്കട്ടനവും സംഗര്‍ഷവും വേണ്ട
സന്തോഷവും സമാധാനവും ആയിക്കോട്ടെ

മനോരമ മോഡിയെ നക്കിക്കൊല്ലുമോ

manoramaonline.com

ഇതുപോലൊരു പ്രധാനമന്ത്രി മുൻപ് ഉണ്ടായിട്ടില്ല’

by സ്വന്തം ലേഖകൻ
കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ രാജ്യം ഞെട്ടിയപ്പോൾ മണിക്കൂറുകൾക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദർശിക്കുകയും വേണ്ട എല്ലാം സഹായങ്ങളും ചെയ്തു. ഒരു രാഷ്ട്രീയവും അവിടെ കണ്ടില്ല. രാഷ്ട്രീയക്കാരുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും അപഹാസങ്ങളും കണ്ടില്ല. എല്ലാവരും ഒന്നിച്ചുനിന്നു രക്ഷാപ്രവർത്തനം നടത്തി. ഇതാണ് സോഷ്യൽമീഡിയകളിൽ വായിച്ചെടുക്കാവുന്നത്.
നേരത്തെ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും ഉപേക്ഷിച്ച് പരുക്കേറ്റവരെ സഹായിക്കാൻ വിദഗ്ധ ഡോക്ടർമാരെയും ആവശ്യത്തിനു മരുന്നുമായി സംഭവസ്ഥലത്ത് മണിക്കൂറുകൾക്കകം മോദി എത്തിയത് ഏവരെയും ഞെട്ടിച്ചുകളഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളെ പോലും അറിയിക്കാതെ സംഭവസ്ഥലത്ത് എത്തിയ മോദിയ്ക്ക് സോഷ്യൽമീഡിയയിൽ വൻ അഭിനന്ദനം ലഭിച്ചു. ഇതുപോലൊരു പ്രധാനമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയം മറന്ന് എല്ലാവരും സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.
modi-at-kollam
സോഷ്യൽമീഡിയകളിൽ ഏറെ വിമർശകരുള്ള രാഷ്ട്രീയ നേതാവാണ് മോദി. എങ്കിൽ പോലും ഈ സംഭവം അവരുടെയെല്ലാം ഫെയ്ബുക്ക് സ്റ്റാറ്റസുകളിൽ മോദി നിറ‍‍ഞ്ഞുനിന്നു. ഞാൻ കോണ്‍ഗ്രസുകാരനാണ്, കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞു തുടങ്ങുന്ന സ്റ്റാറ്റസുകളിലെല്ലാം മോദി താരമായത് ഒരൊറ്റ സംഭവമാണ്. മോദി എത്തിയതു കൊണ്ടു മാത്രമാണ് ഇത്രയും മികച്ച ചികിത്സയും മരുന്നും ലഭിച്ചതെന്നും ചിലർ പോസ്റ്റ് ചെയ്തു.
ഈ സന്ദർശനത്തിനിടെ മോദി ഒരാളെയും കുറ്റപ്പെടുത്തിയില്ല. സുരക്ഷാ സംവിധാനങ്ങളെ വിമർശിച്ചില്ല. മറ്റു നേതാക്കളെ പോലെ സംഭവസ്ഥലത്തുവച്ചു മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചില്ല. പരുക്കേറ്റവരെയും ബന്ധുക്കളെയും കണ്ടു, വേണ്ടതൊക്കെ ചെയ്ത് മടങ്ങുമ്പോൾ മാത്രമാണ് മാധ്യമങ്ങളെ കാണുന്നത്. അതും കുറ‍ഞ്ഞ വാക്കുകളിൽ അവസാനിപ്പിച്ചു. പ്രിയ മോദിജി അങ്ങാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രധാനമന്ത്രി... ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകൾ.
modi-kollam
നല്ല നേതാക്കള്‍ നമ്മള്‍ക്ക് വേണമെങ്കില്‍ അവര്‍ ചെയ്യുന്ന നന്മ മാക്സിമം ഷെയര്‍ ചെയ്യണം... അത് ലോകം അറിയണം. ശരിയാണ് നമ്മള്‍ കണ്ടിരിക്കുന്ന പ്രധാനമന്ത്രിമാര്‍ ഡല്‍ഹിയില്‍ ഇരുന്നു ഞെട്ടല്‍ രേഖപ്പെടുത്തും... അല്ലെങ്കില്‍ വന്നാല്‍ ഒരു വഴിപാടു പോലെ വന്നു പോകും... അങ്ങനെ ഉള്ള പ്രധാന മന്ത്രിമാര്‍ ജനങളുടെ മനസ്സില്‍ ഒരിക്കലും സ്ഥാനം പിടിക്കില്ല ... എന്നാല്‍ മോദിജി വന്നത് തന്നെ എല്ലാ സജ്ജീകരണവും ആയി... മരുന്നും ഡോക്ടറും... എയര്‍ അമ്പുലന്‍സ്, സൈനിക സഹായം... വന്നിട്ട് സംസാരിക്കുന്നത് കാണുക... വിവരങ്ങള്‍ സ്വയം കുറിച്ച് എടുക്കാന്‍ പേനയും പേപ്പറും ആയി... ചങ്കില്‍ തട്ടി പറയൂ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടുണ്ടോ ഇന്ത്യയുടെ ചരിത്രത്തില്‍ ..?) ഇത്തരം സ്റ്റാറ്റസുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
Modi-visits--hospital
മോദിക്ക് മുമ്പും ഇന്ത്യയിൽ പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട് ( വാജ്പയി അടക്കം ). അന്നും ഇന്ത്യയിൽ വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ , അന്നൊന്നും നിന്നനിൽപ്പിൽ സൈന്യത്തിന്റെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് മരുന്നും ആവശ്യമായ വസ്തുക്കളും നൊടിയിടയിൽ ദുരന്ത സ്ഥലത്ത് എത്തിക്കുകയും അതിനുശേഷം രാജ്യത്തെ പ്രത്യേകം പരിശീലനം ലഭിച്ച ഏറ്റവും മികച്ച ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും പ്രോടോകോൾ പോലും വകവെയ്ക്കാതെ തന്റെ ഒപ്പം കൂട്ടിക്കൊണ്ടു ദുരന്തഭൂമിയിൽ പാഞ്ഞെത്തി... ഇത്തരം സ്റ്റാറ്റസുകൾ ശ്രീശാന്ത്, ശോഭാസുരന്ദ്രൻ തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലും കാണാം.
PM-MODI
ഇതിനിടെ ദുരന്തം സംഭവിച്ച ഉടനെ ചിലർ ഇതിനെ വർഗീയവത്കരിക്കാൻ ശ്രമിച്ചെങ്കിലും സോഷ്യൽമീഡിയ ഏറ്റെടുത്തില്ല. അട്ടിമറിയാണെന്നും പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നുമൊക്കെ ആദ്യമണിക്കൂറുകളിൽ സ്റ്റാറ്റസുകൾ വന്നെങ്കിലും സോഷ്യൽമീഡിയക്കാർ തള്ളി. ഇത് വലിയൊരു ശുഭപ്രതീക്ഷയുടെ മാറ്റമാണ് കാണിക്കുന്നത്. വർഗീയമായി സോഷ്യൽമീഡിയകളിൽ ചർച്ചയാകേണ്ട വിഷയത്തിൽ എല്ലാവർക്കും ഒരേ മനസ്സായിരുന്നു, ഒരേ പ്രാർഥനയായിരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന്.

അസ്ലന്‍ഷാ ഹോക്കി: ഇന്ത്യ പാകിസ്താനെ 5-1ന് തകര്‍ത്തു

mathrubhumi.com


ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു.
ജയത്തോടെ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മെഡല്‍ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു.
അസ്ലന്‍ഷാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മന്‍പ്രീത് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ തന്നയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ മന്‍പ്രീത് നാലാം മിനിറ്റില്‍ നേടിയ ഗോളിന് ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഫാന്റെ ഗോളിലൂടെ പാകിസ്താന്‍ മറുപടി നല്‍കി.
പോയന്റ് നില
(ടീം, മത്സരം, പോയന്റ്
എന്ന ക്രമത്തില്‍)

ഓസ്‌ട്രേലിയ: 4-12
ഇന്ത്യ: 4-9
ന്യൂസിലന്‍ഡ്: 5-8
കാനഡ: 4-4
മലേഷ്യ: 3-4
പാകിസ്താന്‍: 4-3
ജപ്പാന്‍: 4-0
എന്നാല്‍ പാകിസ്താന്റെ ആശ്വാസം ഏറെ നീണ്ടില്ല. പത്താം മിനിറ്റില്‍ തന്നെ അടുത്ത ഗോള്‍ നേടി എസ് വി സുനില്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി സുനില്‍ വീണ്ടും ലീഡുയര്‍ത്തി. 3-1ന്റെ ലീഡുമായാണ് ഇന്ത്യ പകുതി സമയത്തിന് പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ കൂടി നേടി പാക് പതനം പൂര്‍ത്തിയാക്കി. 50-ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങും 54-ാം മിനിറ്റില്‍ രൂപീന്ദര്‍ സിങുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.
നാലു കളികളില്‍ മൂന്ന് ജയത്തോടെ ഇന്ത്യക്ക് ഇപ്പോള്‍ ഒമ്പത് പോയന്റുണ്ട്. നാലു കളികളിലും ജയിച്ച ഓസ്‌ട്രേലിയയാണ് (12 പോയന്റ്) പട്ടികയില്‍ ഒന്നാമത്. ആദ്യ രണ്ടു ടീമുകളാണ് ഫൈനലില്‍ എത്തുക. ആദ്യ ഘട്ടത്തില്‍ ഒരു ടീമിന് ആറു കളികളുണ്ട്.
അഞ്ചു കളികളില്‍ 8 പോയന്റുമായി ന്യൂസിലന്‍ഡാണ് മൂന്നാമത്. നാളെ ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. ഇതുകൂടാതെ മലേഷ്യയുമായി ഒരു കളികൂടി ഇന്ത്യക്ക് ബാക്കിയുണ്ട്.
കാനഡ, മലേഷ്യ ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. നാലു കളികളില്‍ മൂന്ന് പോയന്റ് മാത്രമുള്ള പാകിസ്താന്‍ ആറാമതാണ്. ഒരു കളിയും ജയിക്കാത്ത ജപ്പാന്‍ അവസാന സ്ഥാനത്തുണ്ട്.

4/11/2016

സുഷമാജി ഇടപെട്ടു, ഭര്‍ത്താവിനെ കാണാന്‍ സംഗീതയ്ക്ക് പാസ്‌പോര്‍ട്ട്‌

mathrubhumi.com


ശിഹാബുദ്ദീന്‍ തങ്ങള്‍
കൊച്ചി: അപകടത്തില്‍പെട്ട ഭര്‍ത്താവിനെ കാണാന്‍ സംഗീതയ്ക്കിനി ഒരു തടസ്സവുമില്ലാതെ മെക്‌സിക്കോയിലേക്ക് പറക്കാം. ഇന്നലെവരെ സംഗീതയ്ക്ക് പാസ്‌പോര്‍ട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി ട്വിറ്ററിലിട്ട ഒരു പോസ്റ്റ് കാര്യങ്ങള്‍ മാറ്റിമറിയ്ക്കുകയായിരുന്നു.
ഇന്ന് രാവിലെ തൃശൂര്‍ സേവാകേന്ദ്രത്തില്‍ നിന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച സംഗീത ഇന്ന വൈകിട്ട് അഞ്ചോടെ കൊച്ചിയിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരിട്ട് ഇടപെട്ടാണ് സംഗീതയ്ക്ക് മണിക്കൂറുകള്‍ക്കകം പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികളെടുത്തത്.
നാവികനായ സംഗീതയുടെ ഭര്‍ത്താവ് സുധീഷിന് മെക്‌സിക്കോയില്‍ കപ്പലില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ആസ്പത്രിയിലായ സുധീഷിന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ സംഗീതയ്ക്ക് ഭര്‍ത്താവിനടുത്തെത്താന്‍ പാസ്‌പോര്‍ട്ട് പോലുമില്ലായിരുന്നു.
സംഗീതയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തി മറൈന്‍ ഇലക്‌ട്രോ ടെക്‌നിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെബി തോമസ് മന്ത്രിക്ക് ചെയ്ത ട്വീറ്റാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. ട്വീറ്റ് ശ്രദ്ധയില്‍പെട്ട മന്ത്രി ട്വിറ്ററില്‍ തന്നെ പ്രതികരിച്ചു. സംഗീതയുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും തന്റെ ഓഫീസ് നാളെ സംഗീതയുമായി ബന്ധപ്പെടുമെന്നും മന്ത്രി ഇന്നലെ ട്വീറ്റിന് മറുപടി നല്‍കി.
ഇന്ന് രാവിലെ സംഗീതയെ മന്ത്രിയുടെ ഓഫീസ് നേരിട്ട് ബന്ധപ്പെട്ടു. എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് ഉറപ്പും നല്‍കി. എറണാകുളത്തെ റീജിയണല്‍ ഓഫീസിലും മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി.
സംഗീതയ്ക്ക് എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടെന്ന്  റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു. സംഗീത തൃശൂര്‍ സേവാ കേന്ദ്രത്തില്‍ നിന്ന് അപേക്ഷിച്ചയുടനെ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്ത് തയ്യാറാക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
50 മിനിട്ട് കൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രയും വേഗത്തില്‍ പാസ്‌പോര്‍ട്ട് കൈമാറുന്നതെന്നും റീജിയണല്‍ ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ പറയുന്നു. പാസ്‌പോര്‍ട്ട് റീജിയണല്‍ ഓഫീസില്‍ നിന്ന് നേരിട്ട് കൈമാറുന്നത് അത്യഅപൂര്‍വമാണെന്നും എന്നാല്‍ മന്ത്രിയുടെയോ ജനപ്രതിനിധിയുടെയോ നിര്‍ദേശമുണ്ടെങ്കില്‍ നേരിട്ട് നല്‍കാനുള്ള വകുപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സ്വദേശികളാണ് സംഗീതയും സുധീഷും. 2009-ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

4/08/2016

400 വർഷം പഴക്കമുള്ള ആചാരം വഴിമാറി; ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചു

manoramaonline.com


by സ്വന്തം ലേഖകൻ
മുംബൈ∙ 400 വർഷത്തിനു ശേഷം മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ത്രീകൾ പ്രവേശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. സ്ത്രീകൾ പ്രവേശിക്കരുതെന്ന വിലക്ക് നീക്കി മണിക്കൂറുകൾക്കുള്ളിലായിരുന്നു രണ്ടു സ്ത്രീകൾ ശ്രീകോവിലിൽ പ്രവേശിച്ചത്. ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്കായിരുന്നു നീക്കിയത്. മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്‍സര ദിനമായ ഗുഡി പാഡ്‌വ ദിവസങ്ങളില്‍ എല്ലാവര്‍ക്കും ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.
ഭക്തര്‍ക്ക് വിലക്കുണ്ടായിരുന്ന ശ്രീകോവിലില്‍ പുരുഷന്‍മാര്‍ പ്രവേശിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചത്. നടപടിയെ സ്വാഗതം ചെയ്ത ഭൂമാതാ ബ്രിഗേഡ് സംഘടന എല്ലാ ദിവസവും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെത്തി ആരാധന നടത്തി. ഇത് സ്ത്രീകളുടെ ജയമാണെന്നും നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതികരിച്ചു. മറ്റു ക്ഷേത്രങ്ങളിലും സ്ത്രീകളെ കയറ്റുന്നതിനുള്ള പോരാട്ടം തുടരും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ കാണുമെന്നും തൃപ്തി പറഞ്ഞു.
പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ള ഇടങ്ങളില്‍ സ്ത്രീകളെ വിലക്കരുതെന്ന് ബോംബൈ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും നേരത്തേ നിലപാടെടുത്തിരുന്നു. ക്ഷേത്ര പ്രവേശനത്തിനു പുറമെ, പുരുഷന്മാർക്കു ശ്രീകോവിലിൽ (ചൗഥാര) ആരാധനാനുമതി ഉള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് അതിനും അനുമതി നൽകണമെന്നും അതുറപ്പാക്കേണ്ടതു സർക്കാരാണെന്നുമാണ് കോടതി വിധി.
400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ശനീശ്വര പ്രതിഷ്ഠയ്ക്കു ചുറ്റും ഭിത്തിയോ മേൽക്കൂരയോ ഇല്ല. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്കും കടകൾക്കുമൊന്നും പൂട്ടില്ല. ആരെങ്കിലും മോഷണത്തിനു മുതിർന്നാൽ അവരെ ശനിദേവൻ ശിക്ഷിക്കുമെന്നാണത്രേ നാട്ടുകാരുടെ വിശ്വാസം.

തക്കാളിയുണ്ടാക്കാം


മാഗ്‌നോലി പൈയ്റ്റയെന്ന വര്‍ഗ്ഗത്തില്‍ സോലനൈസ് കുടുംബത്തില്‍പ്പെട്ടവനാണ് നമ്മുടെ തക്കാളി. ലൈക്കോപെര്‍സ്‌കോണ്‍ എസ്‌കുളെന്റം എന്നാണ് ശാസ്ത്രനാമം.
തക്കാളി കേരളീയര്‍ക്ക് പ്രിയപ്പെട്ട ഭക്ഷ്യയിനമാണ്. പച്ചക്കറികളിലെ രാജാവാണ്്. നമ്മുടെ ഒട്ടുമിക്ക പച്ചക്കറി വിഭവങ്ങള്‍ക്കും പച്ചക്കറിയിതര വിഭവങ്ങള്‍ക്കും അത്യന്താപേക്ഷിതമായ കൂട്ടാണ് തക്കാളി. ചിക്കനായാലും മട്ടണായാലും ബീഫായാലും മീന്‍കറിയായാലും തക്കാളി ചേര്‍ത്ത് പെരുക്കിയാല്‍ രുചി ചീറും. കേരളീയര്‍ക്കും ഭാരതീയര്‍ക്കും മാത്രമല്ല ലോകം മൊത്തം പ്രിയപ്പെട്ട ഭക്ഷ്യയിനമാണ് തക്കാളി. ലോകത്തെല്ലായിടത്തും ഇത് കൃഷി ചെയ്തുവരുന്നു. ഏത് കാലാവസ്ഥയിലും ഏത് കാലത്തും വളരുന്ന ഇവ മികച്ച ഫലദായനിയുമാണ്. എന്നാലും ഒരു ഉഷ്ണകാല വിളയിനമായാണ് ഇതറിയപ്പെടുന്നത്. വേവിക്കാതെ തന്നെ കഴിക്കാവുന്ന ഇത് സാലഡുകളിലെ പ്രധാന പങ്കാളിയാണ്. സോസുകളും കെച്ചപ്പുകളും എന്ന രീതിയില്‍ വ്യവസായമായും ഇത് ഉപയോഗിച്ചുവരുന്നു.
 അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ പല ആദിമ ഗോത്രങ്ങളും ചരിത്രത്തിന് മുമ്പുള്ള കാലത്തേ ഇത് ഭക്ഷ്യവസ്തുവായി ഉപയോഗിച്ചുവരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അമേരിക്കയിലെത്തിച്ചേര്‍ന്ന സ്‌പെയിന്‍കാരിലൂടെ യൂറോപ്പിലെത്തിയ തക്കാളി അവിടെയും പ്രമുഖ പച്ചക്കറിയായി. പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്ക് ആദ്യമായി തക്കാളിയെത്തിച്ചത് . ഇന്ന് ചൈന, അമേരിക്ക, തുര്‍ക്കി, ഈജിപ്ത് എന്നിവയോടൊപ്പം ലോകത്തെ പ്രമുഖ തക്കാളി ഉത്പാദക രാജ്യമാണ് ഇന്ത്യ.
മാഗ്‌നോലി പൈയ്റ്റയെന്ന വര്‍ഗ്ഗത്തില്‍ സോലനൈസ് കുടുംബത്തില്‍പ്പെട്ടവനാണ് നമ്മുടെ തക്കാളി. ലൈക്കോപെര്‍സ്‌കോണ്‍ എസ്‌കുളെന്റം എന്നാണ് ശാസ്ത്രനാമം.
മെക്‌സിക്കോയാണ് തക്കാളിയുടെ ജന്മദേശമെന്ന് പറയപ്പെടുന്നു. ആന്‍ഡ്രുസ്മിത്തിന്റെ 'ദ ടൊമാറ്റോ ഇന്‍ അമേരിക്ക' എന്ന പുസ്തകവും ഇത് ശരിവെക്കുന്നു. മെക്‌സിക്കന്‍ നാട്ടുഭാഷയിലെ ഒരു പദമായ നാവറ്റില്‍ നിന്നാണ് ടൊമാറ്റോ ഉരുത്തിരിഞ്ഞതെന്നും പറയുന്നു. തക്കാളിയുപയോഗിച്ചുള്ള ആദ്യപാചകഗ്രന്ഥം ഇറ്റലിയിലാണ് കണ്ടെടുക്കപ്പെട്ടത്. 16-ാം നൂറ്റാണ്ടിലേതാണിത്. സ്പാനിഷ് അധിനിവേശത്തോടെയാണ് കരീബിയന്‍ ദ്വീപുകളിലും ഏഷ്യന്‍ വന്‍കരയിലും തക്കാളിയെത്തിയത്. അക്കാലത്ത് മെഡിറ്ററേനിയന്‍ തീരങ്ങളിലാണ് തക്കാളി വ്യാപകമായി കൃഷി ചെയ്തിരുന്നത്. പിന്നീട് കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ ലോകം മൊത്തം തക്കാളിയായി.
 
തക്കാളിച്ചെടി
tomattoതക്കാളി ഉഷ്ണകാല സസ്യമായാണ് അറിയപ്പെടുന്നത്. 21 മുതല്‍ 23 ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മാവ് ഇതിന്റെ സമൃദ്ധമായ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ശീതമേഖലയെക്കാളും കൂടുതലായി ഇതിന്റെ വിളവും വൈവിധ്യവും. നല്ല വെയില്‍ ഇതിന് ആവശ്യമാണ്. വെയിലിന്റെ ഏറ്റക്കുറച്ചിലുകള്‍ ഇതിന്റെ ഉത്പാദനത്തെയും നിറത്തെയും പോഷകമൂല്യത്തെയും സ്വാധീനിക്കും.
തക്കാളിയുടെ വര്‍ഗ്ഗങ്ങള്‍ വിവിധ തരത്തിലാണ്. നന്നായി നിവര്‍ന്നുനിന്ന് വളരുന്ന ഉയരം കുറഞ്ഞ ഇനം തക്കാളിയില്‍ വിളവിന്റെ തോത് കുറവായിരിക്കും. താങ്ങ് ആവശ്യമായ നേര്‍ത്ത് ബലംകുറഞ്ഞ തണ്ടോടുകൂടിയ ഇനത്തില്‍ നല്ല വിളവ് ലഭിക്കുന്നു. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ നീളം വെ്ക്കുന്നവയാണ് തക്കാളിച്ചെടികള്‍. ഇതിന്റെ തണ്ട് ആകമാനം രോമാവൃതമായിരിക്കും. ത്ണ്ടിലാണ് പൂക്കുലകളുണ്ടാകുന്നത്. മഞ്ഞ നിറത്തില്‍ ആറ് ബാഹ്യദളങ്ങളും ആറ് ദളങ്ങളുമാണ് പൂക്കള്‍ക്കുണ്ടാവുക. കായ പിടിക്കുന്നതോടെ ബാഹ്യദളങ്ങള്‍ കായയോടൊപ്പം ഒരു പരിധിവരെ വളരുന്നു. ഇതില്‍ സ്വപരാഗണവും പരപരാഗണവും നടക്കുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് കാണിക്കുന്ന ചെടിയാണെങ്കിലും വര്‍ഷത്തില്‍ രണ്ടു തവണയായി ആണ് ഇതിന്റെ കൃഷിയിറക്കുന്നത്. ജൂണ്‍-ജൂലായ് മാസങ്ങളിലും നവംബര്‍-ഡിസംബര്‍ മാസത്തിലും. പോളി ഹൗസുകളില്‍ കൃഷിചെയ്യുന്ന ഇനത്തിന് വര്‍ഷംമുഴുവനും ഫലസാധ്യത നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും തക്കാളി കാണപ്പെടുന്നു. വലിയ ബോളുപോലുള്ള മൈസൂര്‍ത്തക്കാളി, പരന്നതരം തക്കാളി, കേരളത്തിലെ പീരുമേട്ടില്‍ കണ്ടുവരുന്ന കുട്ടിത്തക്കാളി എന്നിവയും വൈവിധ്യം നിറഞ്ഞതാണ്.
തക്കാളി കൃഷി
തക്കാളി കൃഷിയുടെ വിളവിനെ അത് കൃഷിയിറക്കുന്ന മണ്ണും സ്വാധീനിക്കുന്നു. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷിക്ക് യോജിച്ചത്. ശരത്-വര്‍ഷകാലം വസന്ത-വേനല്‍ക്കാലം എന്നിങ്ങനെയാണ് കൃഷിക്കാലം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 400-500 ഗ്രാം വിത്ത് വേണ്ടിവരും. കേരളത്തില്‍ കൃഷി ചെയ്യുന്നത് ശക്തി, മുക്തി, അനഘ, വെള്ളായണി  വിജയ് എന്നിവയാണ്. ഇതില്‍ വിജയ് എല്ലാ സമയത്തും കൃഷി ചെയ്യാവുന്ന ഇനമാണ്. പൂസാ റൂബി, മംഗള, പൂസ 120, എച്ച്.എസ്്. 102, എസ്.12, സി.ഒ.1 എന്നിവയാണ് പൊതുവേയുള്ള മറ്റിനങ്ങള്‍. ഇതില്‍ പൂസ റൂബിയും മുകളില്‍പ്പറഞ്ഞ ശക്തി, മുക്തി എന്നിവയും ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്നവയാണ്. നാടന്‍ തക്കാളിയിനങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത അതി നൂതനയിനങ്ങളില്‍നിന്ന് വലിപ്പമേറിയ കായകളും ഗുണമേന്മയും ലഭിക്കുന്നു.
മുളപ്പിക്കല്‍
വിത്ത് തവാരണകളില്‍ പാറ്റി മുളപ്പിച്ചെടുത്ത് മാറ്റി നടുന്നതാണ് കൃഷിയുടെ വ്യാപകമായ രീതി. വേപ്പിന്‍പിണ്ണാക്ക് ചാണകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി പൊടിയാക്കി വേണം വിത്ത് മുളപ്പിക്കാന്‍ മണ്ണൊരുക്കാന്‍. രാത്രി തുണിയില്‍ കെട്ടി നനച്ചുവെച്ച വിത്ത്് രാവിലെയെടുത്ത് വെള്ളം തോരാന്‍ വെക്കുക. വൈകീട്ട് പൊടിയായി തയ്യാറാക്കിയ മണ്ണില്‍ വിതറിയതിന് ശേഷം അതിന് മുകളില്‍ ചെറിയലെയറായി പൊടിമണ്ണ് വിതറുക. ദിവസവും സ്‌പ്രേയായി നനച്ചുകൊടുക്കുക. മൂന്ന് ദിവസം കൊണ്ട് മുളച്ചുപൊന്തും. പിന്നീട് വെള്ളമൊഴിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. ശക്തിയില്‍ വെള്ളമൊഴിച്ചാല്‍ വേര് പൊട്ടിപ്പോവും. കടലപ്പിണ്ണാക്ക്  പുതര്‍ത്തി ചാണകവെള്ളത്തില്‍ കലക്കിയതിന്റെ തെളി ഒഴിച്ചുകൊടുത്താല്‍ മുളച്ച ചെറിയ തൈകള്‍ പെട്ടെന്ന് വളരും. നല്ല തുറസ്സായ സ്ഥലത്ത് ആണ് നഴ്‌സറി തയ്യാറാക്കേണ്ടത്. സൂര്യപ്രകാശം നന്നായി ലഭിക്കണം. ഉണക്കിപ്പൊടിച്ച ചാണകത്തിന് പകരം ട്രൈക്കോഡര്‍മ ചേര്‍ത്ത് പരിപോഷിപ്പിച്ച ചാണകമാണ് നഴ്‌സറിയില്‍ നല്ലത്. വിത്ത് പാകിയതിന് ശേഷം പച്ചിലകൊണ്ട് പുതയിട്ട് നന നല്‍കി മുളച്ചതിന് ശേഷം പച്ചിലമാറ്റിയും നഴ്‌സറി തയ്യാറാക്കാം. മൂന്നുദിവസം ഇടവിട്ട് രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കാം. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രമോ ചാണകക്കുഴമ്പോ ഒഴിച്ചാലും തൈകള്‍ വേഗം വളരും. തക്കാളി തൈകളുടെ തണ്ടിന് അത്യാവശ്യം ബലം കൈവന്നതിന് ശേഷമേ പറിച്ച് നടാവൂ. തൈകള്‍ പറിക്കുന്നതിന് മുമ്പ് നഴ്‌സറി നന്നായി നനച്ചുകൊടുക്കണം.
തവാരണകളില്‍
നന്നായി കൊത്തിയിളക്കിയ മണ്ണ് വെയിലത്ത് ഉണക്കിയ ശേഷം രണ്ടടി വീതിയും ഒരടി ഉയരവും ഉള്ള നീളത്തിലുള്ള തവാരണ തയ്യാറാക്കണം. ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി സെന്റിന് 20-25 കിലോ, വേപിപ്പന്‍പിണ്ണാക്ക് അഞ്ച് കിലോ എന്നിവ ചേര്‍ത്തിളക്കിയ തവാരണകള്‍ നനച്ച് തയ്യാറാക്കണം. അതിനുശേഷമാണ്. തൈകള്‍ പറിച്ചു നടേണ്ടത്. നട്ട തൈകള്‍ക്ക് നന്നായി നന വേണം. താത്ക്കാലികമായി തണലും നല്‍കണം. (വാട്ടം കുത്തുക) തൈകള്‍ പറിച്ചു നടുന്നതിന് പത്ത്-പതിനാല് ദിവസം മുമ്പു തന്നെ തവാരണകളില്‍ സെന്റിന് 2-4 കിലോ കുമ്മായം ചേര്‍ത്ത് ഇളക്കണം. ചാണകം ട്രൈക്കോഡര്‍മയോ പി.ജി.ആര്‍.-1 മിശ്രിതമോ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച് അടിവളമാക്കാം. പറിച്ചു നടുന്ന സമയത്ത് ചെടിയുടെ വേരുകള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കാം. ചാണകത്തിന് പകരം കോഴിവളമോ ആട്ടിന്‍കാഷ്്ഠമോ ഉപയോഗിക്കാം. 8-10 ദിവസങ്ങള്‍ ഇടവിട്ട് ചാണകപ്പാലോ സ്ലറിയോ ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതോ വെര്‍മി വാഷോ ഗോമൂത്രമോ ഇരട്ടി വെള്ളം ചേര്‍ത്തോ, മണ്ണിര കമ്പോസ്റ്റോ കോഴിവളമോ കടലപ്പിണ്ണാക്ക് 200 ഗ്രാം നാല് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതോ മേല്‍വളമായി ഒഴിച്ചുകൊടുക്കാം.
വേനല്‍ക്കാലത്ത് ഒന്നരാടന്‍ ദിവസങ്ങളില്‍ നനയ്ക്കണം. പുതയിടല്‍, മണ്ണ് കൂട്ടല്‍ മേല്‍വളം നല്‍കല്‍ എന്നിവ ചെയ്യണം. പച്ചിലകള്‍, വൈക്കോല്‍, ചകിരിച്ചോര്‍, തൊണ്ട് എന്നിവ കൊണ്ട് പുതയിട്ടാല്‍ കശല്ല്യവും കുറയ്ക്കാനും ഈര്‍പ്പം നിലനിര്‍ത്താനും കഴിയും.
തക്കാളിയിലെ കീടങ്ങള്‍
തക്കാളി കൃഷിയിലെ പ്രധാന ഭാഗം സസ്യ സംരക്ഷണമാണ്. വേഗം നശിച്ചുപോകാന്‍ സാധ്യതയുള്ള ചെടിയാണിത്. പ്രധാനമായും തക്കാളിയെ ബാധിക്കുന്ന കീടങ്ങള്‍ ഇവയാണ്.
തണ്ട്/കായ്തുരപ്പന്‍ പുഴു
ഇത് ശലഭപ്പുഴുവാണ്. വെളുത്ത നിറത്തില്‍ തവിട്ടുപ്പുള്ളിയോടുകൂടിയ ചിറകുള്ള പൂമ്പാറ്റയുടെ ലാര്‍വകളാണിത്. ഇവ ചെടിയുടെ തണ്ടും കായും തിന്ന്് നശിപ്പിക്കുന്നു. ഇളംതണ്ടിലും കായിലും പുഴു തുളച്ച് കയറുന്നു. ആക്രമണത്തിനിരയായ തണ്ട് വാടുന്നു. പുഴു തുളച്ച കായില്‍ ദ്വാരങ്ങള്‍ കാണാം. ക്രമേണ കായ ചെറുപ്പത്തിലേ പഴുത്ത് കൊഴിയുന്നു.
തൈ പറിച്ച് നടുമ്പോള്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തും കേടുവന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റിയും കീടാക്രമണം കാണുമ്പോള്‍ വേപ്പിന്‍ കുരുസത്ത് തളിച്ചും ഇതിനെ നിയന്ത്രിക്കാം. വേപ്പിന്‍പിണ്ണാക്ക് 35-40 ദിവസ ഇടവേളകളില്‍ മേല്‍വളമായി നല്‍കുക.
എപ്പിലാക്‌സ് വണ്ട്
തവിട്ടുനിറത്തില്‍ കറുത്ത പുള്ളിയുള്ള എപ്പിലാക്‌സ് വണ്ടുകള്‍ ഇലയിലെ ഹരിതകം കാര്‍ന്നുതിന്നുന്നു. അങ്ങനെ ഇലകള്‍ ഉണങ്ങിക്കരിയുന്നു. ചെടിയുടെ വളര്‍ച്ചയെയും കായ്പിടുത്തത്തെയും ബാധിക്കുന്നു. വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക, വേപ്പിന്‍ കുരുസത്ത്, പെരുവലം സത്ത് എന്നിവ 10 ശതമാനം വീര്യത്തില്‍ തളിക്കുക എന്നിങ്ങനെയും വണ്ടിനെ നിയന്ത്രിക്കാം.
ചെടിയുടെ ഇലകളെയും തണ്ടിനെയും നീരൂറ്റി നശിപ്പിക്കുന്ന കീടമാണ് വെള്ളീച്ച. വെര്‍ട്ടിസീലിയം ലക്കാനി 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. രണ്ട് ശതമാനം വീര്യത്തില്‍ വെളുത്തുള്ളി എമല്‍ഷന്‍ ഉപയോഗിക്കുക. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണ്ണികള്‍ സ്ഥാപിക്കുക. എന്നിങ്ങനെ വെള്ളീച്ചയെ തുരത്താം.
തക്കാളിത്തൈയെ ബാധിക്കുന്ന മറ്റൊരു കീടമാണ് ചിത്രകീടം. ഇത് ഇലകളിലും കായകളിലും തണ്ടിലും ചിത്രം വരക്കുന്ന രീതിയില്‍ ഹരിതകം കവരുകയും ചെടിയെ മുരടിപ്പിക്കുകയും ചെയ്യുന്നു. വേപ്പെണ്ണ എമല്‍ഷന്‍, വെളുത്തുള്ളി മിശ്രിതം, പുകയില കഷായം എന്നിവ ഉപയോഗിച്ച് ഇതിനെ തടയാം.
രോഗങ്ങള്‍
ബാ്ക്ടീരിയല്‍ വാട്ടം
മുരടിളക്കി വളം ചേര്‍ത്ത് കഴിഞ്ഞാല്‍ പിറ്റേന്ന് തന്നെ ചെടി വാടിപോകുന്ന രോഗമാണിത്. വേരിളക്കുമ്പോള്‍ മണ്ണിലെ രോഗകാരിയായ ബാക്ടീരിയ മുറിഞ്ഞ വേരിലൂടെ അകത്തേക്ക് കയറി ചെടിയെ ബാധിക്കുന്നതാണിത്.
സ്യൂഡോമോണസ്, പി.ജി.ആര്‍.മിക്‌സ് കക 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസത്തെ ഇടവേളകളില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. തൈകള്‍ പറിച്ചു നടുമ്പോള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കുക, സ്യൂഡോമോണസ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയാസകലം തളിക്കുക. പ്രതിരോധ ശേഷിയുള്ള തക്കാളിയിനങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണിതിന്റെ പ്രതിവിധി.
ചീയല്‍
വേര് അല്ലെങ്കില്‍ അടിഭാഗത്തെ കാണ്ഡം മൊത്തമായി ചീഞ്ഞുപോകുന്ന ഫംഗസ് രോഗമാണിത്. ഇത് മണ്ണില്‍ക്കൂടി പകരുന്നതാണ്. വേപ്പിന്‍പിണ്ണാക്ക്് ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. തവാരണകളൊരുക്കുമ്പോള്‍ കുമ്മായം നന്നായി വിതറുക. അടിവളത്തിന്റെ കൂടെ ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, പി.ജി.ആര്‍. മിക്‌സ് കക  എന്നിവ ഉപയോഗിക്കുക എന്നിവയാണ് തൈ ചീയലിന് പ്രതിവിധി.
തക്കാളി തൈകള്‍ നടുമ്പോഴും പരിപാലിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. 45 സെ.മീ. ത  45 സെ.മീ. നടീലകലം കാക്കണം. ശ്രദ്ധയും പരിചരണവും ജൈവകീടനാശിനികളുമുപയോഗിച്ചാല്‍ തൊടിനിറയെ നമുക്ക് തക്കാളി വിളയിക്കാം.

ട്വീറ്റുകൾ ഇനി നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം

manoramaonline.com


by സ്വന്തം ലേഖകൻ
മെസേജിങ് കൂടുതൽ ആകർഷകമാക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ഇമോട്ടിക്കോൺ, ജിഫ് ചിത്രങ്ങൾ തുടങ്ങിയ അപ്ഡേറ്റുകൾക്കു ശേഷം പുതിയൊരു ഫീച്ചറുമായി ട്വിറ്ററെത്തുന്നു. ട്വീറ്റുകൾ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട് അയയ്ക്കുന്നതിനു വഴിയൊരുക്കുന്നതാണു പുതിയ ഫീച്ചർ. ഇനി മുതൽ ട്വീറ്റുകൾക്കു താഴെയായി കാണുന്ന 'More' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഷെയർ എ ട്വീറ്റ് വിയ ഡയറക്ട് മെസേജ് (share a Tweet via Direct Message) ഫീച്ചർ പ്രത്യക്ഷപ്പെടും.
സുഹൃത്തുക്കൾക്കും ഗ്രൂപ്പിലുമൊക്കെയായി ദിവസേന ദശലക്ഷക്കണക്കിനു സ്വകാര്യ സന്ദേശങ്ങളാണ് ട്വിറ്ററിൽ ഓരോ ദിവസവും ഉപയോക്താക്കൾ അയയ്ക്കുന്നത്. 2015 ൽ സ്വകാര്യ സന്ദേശങ്ങളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായെന്ന് ട്വിറ്റർ അവകാശപ്പെടുന്നു. അതേ സമയം ട്വീറ്റുകൾ സ്വകാര്യ സന്ദേശമായി അയയ്ക്കുന്നതിൽ 200 ശതമാനം വളർച്ചയുണ്ടായെന്നും കമ്പനി തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചു.
ട്വീറ്റുകൾ നേരിട്ട് സന്ദേശമായി അയയ്ക്കാൻ സഹായിക്കുന്ന ഫീച്ചറിന് ഏറെനാളായി ആവശ്യം ഉയരുന്നുണ്ടായിരുന്നു. ഇതാണ് തങ്ങളെ പുതിയ ഫീച്ചർ നൽകാൻ പ്രേരിപ്പിച്ചതെന്നു ട്വിറ്റർ വെളിപ്പെടുത്തി. ട്വീറ്റുകളിൽ നിന്ന് ഡയറക്ടായി സ്വകാര്യ സന്ദേശമയയ്ക്കുന്നതിനു ഇനി മുതൽ ഏതാനും ക്ലിക്കുകൾ മതിയാകും. പുതിയ ഫീച്ചറിലൂടെ ട്വിറ്റർ മെസേജിങ്ങിന്റെ സ്വീകാര്യത വർധിപ്പിക്കാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.
2016 ഫെബ്രുവരി 17-ാം തീയതി ജിഫ് ചിത്രങ്ങൾക്കായുള്ള അപ്ഡേഷന്‍ ട്വിറ്റർ നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുൻപ് 2015, ഒക്ടോബർ ആറാം തീയതി ഇമോജി ഫീച്ചറും നൽകിയിരുന്നു. ഇതിനു മുൻപായി സ്വകാര്യ സന്ദേശങ്ങൾക്കായി നിശ്ചയിച്ചിരുന്ന 140 ക്യാരക്ടർ പരിധിയും ഒഴിവാക്കി. ഓഗസ്റ്റ് മാസത്തിലാണ് ഈ പരിധി എടുത്തു കളഞ്ഞത്. ഗ്രൂപ്പിൽ വലിയ സന്ദേശങ്ങൾ അയക്കുന്നതിനുള്ള ഫീച്ചർ, മൊബൈൽ വിഡിയോ ഫീച്ചർ എന്നിവയ്ക്കു പുറമെ കസ്റ്റമർ സപ്പോർട്ട് ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു.
ആൻഡ്രോയ്ഡിലും ഐഫോണിലും ഏപ്രിൽ 5-ാം തിയതി മുതൽ ലഭ്യമായ ഈ സേവനം ആസ്വദിക്കുന്നതിന് ഉപയോക്താക്കൾ ട്വിറ്റർ ആപ്പ് അപ്ഡേറ്റു ചെയ്താൽ മതിയാകും.

പേവിഷ ബാധ രണ്ടു മാസം മുതൽ വർഷങ്ങൾക്കു ശേഷം വരെ പ്രത്യക്ഷപ്പെടാം.

മരപ്പട്ടിയെ സൂക്ഷിക്കുക

Friday 08 April 2016 09:34 AM IST
ആലപ്പുഴ ∙ മരപ്പട്ടിയിൽ ഒരു പേപ്പട്ടി ഒളിച്ചിരിപ്പുണ്ടെന്നു പറയാം. മരപ്പട്ടിയുടെ മാംസം വിശേഷഭോജ്യമായി കാണുന്നവരുമുണ്ട്. ഏതു വന്യമൃഗത്തിന്റെ കടിയേറ്റാലും പേവിഷ ബാധയുടെ സാധ്യത സംശയിക്കണം. പേവിഷ പ്രതിരോധ വാക്സിൻ എടുക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗം. പേവിഷ ബാധയേറ്റാൽ മരപ്പട്ടിയെ അതു ബാധിക്കില്ല. അതേ സമയം പേവിഷത്തിന്റെ വാഹകനായും മാറും. ഈ മരപ്പട്ടി കടിച്ചാൽ മറ്റുള്ളവർക്കു പേവിഷം ബാധിക്കും. കൂടാതെ മാംസം പാകം ചെയ്യുമ്പോഴും അപകടത്തിനു സാധ്യതയുണ്ട്. രക്തത്തിൽ നിന്നും ഉമിനിരീൽ നിന്നും വൈറസ് ബാധയുണ്ടാകും. നന്നായി പാകം ചെയ്താൽ കുഴപ്പമില്ല. പേവിഷ ബാധയ്ക്കു പകരം ടെറ്റനസ് കുത്തിവയ്പ് എടുക്കുന്ന പതിവുണ്ട്. ഇതു പ്രയോജനം ചെയ്യില്ല. പേവിഷ ബാധ രണ്ടു മാസം മുതൽ വർഷങ്ങൾക്കു ശേഷം വരെ പ്രത്യക്ഷപ്പെടാം.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1