1/10/2016

പൊതുമേഖലാ ബാങ്കുകളിൽ സ്ഥാനക്കയറ്റത്തിനു സംവരണം വേണ്ടെന്ന് സുപ്രീം കോടതി

manoramaonline.com

പൊതുമേഖലാ ബാങ്കുകളിൽ സ്ഥാനക്കയറ്റത്തിനു സംവരണം വേണ്ടെന്ന് സുപ്രീം കോടതി

by ജോമി തോമസ്
ന്യൂഡൽഹി ∙ പൊതുമേഖലാ ബാങ്കുകളിൽ പട്ടിക വിഭാഗങ്ങളിലെ ഓഫിസർമാർക്കു സ്‌ഥാനക്കയറ്റത്തിനു സംവരണമില്ലെന്നു സുപ്രീം കോടതി. എന്നാൽ, പട്ടിക വിഭാഗങ്ങൾക്കു സംവരണം അനുവദിക്കണമെന്ന ആവശ്യം ന്യായവും നടപ്പാക്കാവുന്നതുമാണോയെന്നു സർക്കാരിനും ബാങ്കുകൾക്കും പരിശോധിക്കാവുന്നതാണെന്നും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എ.കെ. സിക്രി എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. സ്‌കെയിൽ–1 മുതൽ സ്‌കെയിൽ–6 വരെ സ്‌ഥാനക്കയറ്റത്തിൽ സംവരണത്തിനു നടപടിയെടുക്കണമെന്നു കഴിഞ്ഞ ജനുവരി ഒൻപതിനു സുപ്രീം കോടതി നൽകിയ വിധിക്കെതിരെ കേന്ദ്രസർക്കാരും ബാങ്കുകളും നൽകിയ പുനഃപരിശോധനാ ഹർജിയിലാണു നടപടി.
ബാങ്കുകളിലെ ഓഫിസർ തസ്‌തികകളിലേക്കുള്ള സ്‌ഥാനക്കയറ്റത്തിനു പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകണമെന്നു 2009 ഡിസംബർ ഒൻപതിനു മദ്രാസ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ കേന്ദ്രവും ബാങ്കുകളും സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി പൂർണമായി ശരിവയ്‌ക്കാതിരുന്ന സുപ്രീം കോടതി കഴിഞ്ഞ വർഷം ജനുവരി ഒൻപതിനു നൽകിയ വിധിയിൽ ഇങ്ങനെകൂടി വ്യക്‌തമാക്കി:
∙ പരമാവധി 5700 രൂപവരെ അടിസ്‌ഥാന ശമ്പളമുള്ളവർക്കു മാത്രമാണ് 1997 ഓഗസ്‌റ്റ് 13ലെ ഓഫിസ് മെമ്മോറാണ്ടമനുസരിച്ചു സ്‌ഥാനക്കയറ്റത്തിനു പട്ടിക വിഭാഗമെന്ന പരിഗണനവച്ചു ചില ഇളവുകൾ അനുവദിക്കുന്നത്.
∙2004 നവംബർ എട്ടിനു പബ്‌ളിക് എന്റർപ്രൈസസ് വകുപ്പ് ഇറക്കിയ ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നത് അഞ്ചാം കേന്ദ്ര ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ 5700 രൂപ അടിസ്‌ഥാന ശമ്പളമെന്നതിനെ 18300 രൂപ എന്നു കണക്കാക്കണമെന്നാണ്. അങ്ങനെയാവുമ്പോൾ സ്‌കെയിൽ–6 വരെയുള്ള സ്‌ഥാനക്കയറ്റങ്ങൾക്കു സംവരണം നൽകണം. എന്നാൽ, സംവരണമില്ലെന്നും ഇളവുകൾ മാത്രമാണുള്ളതെന്നും പറയുന്ന വിധിയിൽ, സ്‌കെയിൽ–6 വരെ സംവരണം നൽകാൻ നിർദേശിച്ചതു വിധിയിലെ പിഴവാണെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാരും ബാങ്കുകളം പുനഃപരിശോധനാ ഹർജി നൽകിയത്. കഴിഞ്ഞ ജനുവരിയിലെ വിധിയിൽ പിഴവു സംഭവിച്ച ഭാഗം ഒഴിവാക്കുന്നതായി കോടതി വ്യക്‌തമാക്കി.

തിരുവാഭരണത്തിന്റെ കഥ

localnews.manoramaonline.com

തിരുവാഭരണത്തിന്റെ കഥ

by ടി.കെ. രാജപ്പൻ
ധനു 28.
പന്തളം കൊട്ടാരത്തിലും വലിയ കോയിക്കൽ ക്ഷേത്രത്തിലും മണികണ്‌ഠൻ ആൽത്തറയിലും തിങ്ങിനിറഞ്ഞ ഭക്‌തജനസഞ്ചയം. തിരുവാഭരണം കണ്ടു തൊഴാൻ കിലോമീറ്ററുകൾ നീണ്ട നിര. ഉച്ചയ്ക്കു 12.30ന് ദർശനം പൂർത്തിയാക്കിയാൽ പിന്നെ എല്ലാവരുടെയും മിഴികൾ ആകാശത്തേക്കാണ്. ഭഗവൽ സാന്നിധ്യം അറിയിച്ച് ആകാശത്തിൽ വട്ടമിട്ടു പറക്കുന്ന കൃഷ്‌ണപ്പരുന്തിനെ കാണാൻ. കൃഷ്‌ണപ്പരുന്തിനെ കണ്ടതിന്റെ സൂചനയായി ശരണംവിളികൾ ഉയർന്നാൽ വലിയകോയിക്കൽ ക്ഷേത്രനട ഓരോന്നായി തുറക്കും. കൊട്ടാര അംഗങ്ങൾ ചേർന്നു തിരുവാഭരണ പേടകം ക്ഷേത്ര കവാടത്തിലേക്കു കൊണ്ടുവരും.
ശരണം വിളികളോടെ ഗുരുസ്വാമിയും കൂട്ടരും തിരുവാഭരണ പേടകം ശിരസ്സിലേറ്റും.തുടർന്നു തിരുവാഭരണ ഘോഷയാത്ര. ഇതാണു പതിവു രീതി. എന്നാൽ രാജകുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ഇപ്രാവശ്യം അനുഷ്ഠാനങ്ങളിൽ നേരിയ മാറ്റമുണ്ടാകും. കൊട്ടാരത്തിലോ ക്ഷേത്രത്തിലോ തിരുവാഭരണ പേടകം തുറന്നു കാണുന്നതിന് ഇത്തവണ അവസരമുണ്ടാകില്ല. ഘോഷയാത്രയെ അനുഗമിക്കാൻ രാജപ്രതിനിധിയുമുണ്ടാകില്ല. എന്നാൽ തിരുവാഭരണം സൂക്ഷിക്കുന്ന സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്നു ശബരിമലയിലേക്കുള്ള ഘോഷയാത്ര മുടക്കം കൂടാതെ നടക്കും.
∙ തനി തങ്കം, പഴക്കവും തൂക്കവും നിശ്ചയമില്ല തിരുവാഭരണം പൂർണമായും തനി തങ്കത്തിൽ നിർമിച്ചതാണ്. ഇതിന്റെ തൂക്കമോ കാലപ്പഴക്കമോ നിശ്‌ചയിച്ചിട്ടില്ല.മൂന്നു ചന്ദനപ്പെട്ടികളിലാണ് ഇവ ശബരിമലയിൽ എത്തിക്കുന്നത്. കിരീടത്തോടുകൂടിയ തിരുമുഖം, വാൾ, ചുരിക, അരപ്പട്ട, കണ്‌ഠാഭരണങ്ങൾ, നവരത്ന മോതിരം, പൂർണ, പുഷ്‌ക്കല, ആന, കുതിര, കടുവ എന്നീ രൂപങ്ങളും പ്രധാന പേടകത്തിലാണ്. തങ്കത്തിൽ നിർമിച്ച വലിയ കലശമാണ് രണ്ടാമത്തെ പെട്ടിയിൽ. സ്വർണ കുമിളകൾ പതിച്ച രണ്ട് കൊടികൾ, നെറ്റിപ്പട്ടം, തിടമ്പ് എന്നിവയാണ് മൂന്നാമത്തെ പെട്ടിയിൽ.
∙ ഐതിഹ്യം യുവരാജാവായി മണികണ്‌ഠനെ അഭിഷേകം ചെയ്‌തു കാണാൻ പന്തളം രാജാവിനു കഴിഞ്ഞില്ല. ഇതിൽ ദുഃഖിതനായ രാജാവ് വർഷത്തിൽ ഒരിക്കലെങ്കിലും രാജകീയവേഷം അണിഞ്ഞു കാണാൻ അവസരം തരണമെന്നു പ്രാർഥിച്ചു. പിതാവിന്റെ അഭിലാഷം നിറവേറ്റാൻ മണികണ്ഠൻ സമ്മതിച്ചു. ഇതനുസരിച്ചാണ് തിരുവാഭരണം നിർമിച്ചത്. മകരസംക്രമ സന്ധ്യയിലാണ് കാനനവാസനായ മണികണ്‌ഠനു തിരുവാഭരണം ചാർത്തുന്നത്.
∙ മകരവിളക്ക് പന്തളത്തുനിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിവസം സന്നിധാനത്തിലെത്തും. പ്രധാന പേടകം പതിനെട്ടാംപടി കയറി സോപാനത്തിൽ എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഈ സമയമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കുന്നത്.

മുരളി ഇന്നി ഗിന്നസ് മുരളി . മുരളിയുടെ മുരളിയും

mathrubhumi.com

മുരളിയുടെ ഓടക്കുഴല്‍ വിളി ഗിന്നസ് റെക്കോഡ് കേട്ടു

തൃശ്ശൂര്‍ : കൂടുതല്‍ സമയം ഓടക്കുഴല്‍ വായിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി മുരളീ നാരായണന്‍ എന്ന തൃശ്ശൂര്‍ക്കാരന് സ്വന്തം. തുടര്‍ച്ചയായി 27 മണിക്കൂര്‍ 50 സെക്കന്റ് ഓടക്കുഴല്‍ വായിച്ചാണ് തൃശ്ശൂര്‍ തളിക്കുളം സ്വദേശി മുരളി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
9,10 തിയ്യതികളിലായി തൃശ്ശൂര്‍ തളിക്കുളം സര്‍ക്കാര്‍ സ്‌കൂള്‍
മൈതാനത്ത് നടന്ന ഓടക്കുഴല്‍ വാദനത്തിന് മുരളിക്കൊപ്പം ഉറക്കം പോലും വെടിഞ്ഞ് ഒരു നാടുതന്നെ കൂട്ടിരുന്നു.യു.കെ സ്വദേശിയായ കാതറിന്‍ ബ്രൂക്ക്‌സിന്റെ 25 മണിക്കൂര്‍ 46 മിനിറ്റ് എന്ന 2012-ലെ റെക്കോര്‍ഡാണ് മുരളി ഭേദിച്ചിരിക്കുന്നത്.
30 വര്‍ഷമായി ഓടക്കുഴല്‍ വായന രംഗത്ത് സജീവമായ മുരളി നിരവധി പ്രമുഖരുടെ കച്ചേരികളില്‍ ഓടക്കുഴല്‍ വായിച്ചിട്ടുണ്ട്. ചലച്ചിത്രതാരം മഞ്ജുവാര്യരുടെ നൃത്തപരിപാടികളിലെ സ്ഥിര ഓടക്കുഴല്‍ വാദകന്‍ കൂടിയാണ് മുരളി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മുരളി മാഷിന്റെ നേട്ടത്തെ മഞ്ജുവാര്യരും അഭിനന്ദിച്ചു. 

ജനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക്

mathrubhumi.com

അവള്‍ക്ക് മാത്രമായി കൂക്കി വിളിച്ചു വരും ഒരു തീവണ്ടി

ജപ്പാന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കമി-ഷിറാട്ടക്കി  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു യാത്രക്കാരി മാത്രമേ ടിക്കറ്റ് എടുക്കാനുള്ള. പ്രദേശവാസിയും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയാണ് ആ യാത്രക്കാരി. അത് വഴി കടന്ന് പോവുന്ന ട്രെയിന് ദിവസത്തില്‍ രണ്ട് തവണ മാത്രമേ അവിടെ നിര്‍ത്തേണ്ടി വരുന്നുള്ളൂ. രാവിലെ അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും, വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അവളെ ഇറക്കാനും. കാര്യക്ഷമത കൊണ്ടും സമയനിഷ്ഠ കൊണ്ടും ലോകപ്രശസ്തമായ ജപ്പാനീസ് റെയില്‍വേ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് വിദ്യാര്‍ത്ഥിനിയായ യാത്രക്കാരിക്ക് നല്‍കുന്ന സമാനതകളില്ലാത്ത ഈ സേവനത്തിന്റെ പേരിലാണ്.
kamiയാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞതോടെ മൂന്ന് വര്‍ഷം മുന്‍പാണ് കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജപ്പാന്‍ റെയില്‍വേസ് അധികൃതര്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആ സ്റ്റേഷനില്‍ ചരക്ക് തീവണ്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റോപ്പ് ആവശ്യമായി വന്നത്. അങ്ങനെ സ്‌റ്റേഷന്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ച സമയത്താണ് ദിവസവും സ്‌റ്റേഷനിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേഷന്‍ അടച്ചു പൂട്ടിയാല്‍ അത് പെണ്‍കുട്ടിയ്ക്ക് ദൂരെയുള്ള സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞ റെയില്‍വേ അധികൃതര്‍ അവള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും വരെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ സൗകര്യാര്‍ത്ഥം അവള്‍ക്ക് പോവേണ്ട ട്രയിനിന്റെ സമയക്രമവും ജപ്പാന്‍ റെയില്‍വേസ് പരിഷ്‌കരിച്ചു കൊടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും തിരിച്ചിറക്കാനും മാത്രമായി ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തുന്നു. വരുന്ന മാര്‍ച്ചില്‍ അവസാന പരീക്ഷയും തീര്‍ത്ത് അവള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്‍ എന്നേക്കുമായി അടച്ചുപൂട്ടും.
ജപ്പാനിലെ സിസി ടിവിയുടെ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്ത വന്നതോടെ ജപ്പാന്‍ റെയില്‍വേസിനേയും സര്‍ക്കാരിനേയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ജനങ്ങള്‍. ഒരോ പൗരനേയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് വേണ്ടി മരിക്കാനും മടിയില്ലെന്ന് ഒരാള്‍ കമ്മന്റെ ചെയ്യുന്നു. ഒരു കുഞ്ഞു പോലും പിന്നോട്ട് പോവരുതെന്ന സര്‍ക്കാരിന്റെ ചിന്തയെ പ്രശംസിക്കുന്നു മറ്റൊരാള്‍. ജനസംഖ്യയില്‍ നെഗറ്റീവ് വളര്‍ച്ച കാണിക്കുന്ന ജപ്പാനില്‍ പല റെയില്‍വേ സ്റ്റേഷനുകളും അടച്ചു പൂട്ടികൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് മാറി ജനവാസ മേഖലകളിലേക്ക് മാറാന്‍ ആളുകള്‍ താല്‍പര്യ്‌പ്പെടുന്നു, ശതമാനത്തില്‍ വൃദ്ധജനങ്ങള്‍ വര്‍ധിച്ചു വരുന്നത് കൊണ്ട് തന്നെ ഈ പ്രവണത വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കാം. അതെന്തായാലും പൗരന്‍മാരുടെ സംതൃപ്തിക്കും, സന്തോഷത്തിനുമായി  പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ റെയില്‍വേസിന്റെ സേവനം ഏതു കാലത്തും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.
japan
japan

1/08/2016

ജനങ്ങള്‍ മണ്ടന്മാര്‍: എം.പിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

mangalam.com

പാര്‍ലമെന്റില്‍ നടക്കുന്നത്‌ പരദൂഷണം പറച്ചില്‍;
ജനങ്ങള്‍ മണ്ടന്മാര്‍: എം.പിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

mangalam malayalam online newspaperന്യൂഡല്‍ഹി: എന്‍.സി.പി അധ്യക്ഷന്‍ ശരത്‌ പവാറിന്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രീയ സുലേ വിവാദ പരാമര്‍ശവുമായി രംഗത്ത്‌. പാര്‍ലമെന്റില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ ചര്‍ച്ച ചെയ്യുന്നത്‌ സാരിയുടെ നിറവും വിലയും മറ്റുമാണെന്നും നിങ്ങള്‍ ജനങ്ങള്‍ മണ്ടന്മാരാവുകയാണെന്നുമായിരുന്നു എം.പിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കം. അബദ്ധം തിരിച്ചറിഞ്ഞതോടെ പറഞ്ഞത്‌ തെറ്റായിപ്പോയെന്ന്‌ വിശദീകരിച്ച്‌ തടിയൂരാനായി സുപ്രീയ സുലേയുടെ ശ്രമം.
നാസിക്‌ ആസ്‌ഥാനമായ ഫ്രാവാഷി ഇന്റര്‍നാഷണല്‍ അക്കാദമി വ്യാഴാഴ്‌ച സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്‌ എം.പിയെ നാവ്‌ ചതിച്ചത്‌. പാര്‍ലമെന്റിലെ വിശേഷങ്ങള്‍ പങ്കുവച്ച എം.പി താന്‍ ഉള്‍പ്പടെയുള്ള എം.പിമാര്‍ സഭയില്‍ ചെയ്യുന്നകാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.
'പാര്‍ലമെന്റില്‍ പോകുമ്പോള്‍ ഞാന്‍ ആദ്യ പ്രസംഗവും രണ്ടാമത്തെ പ്രസംഗവും മൂന്നാമത്തെ പ്രസംഗവും കേള്‍ക്കും. നാലാമത്തെ പ്രസംഗമെത്തുമ്പോള്‍ സംസാരിക്കുന്നയാള്‍ പറയുക ആദ്യം പറഞ്ഞവരുടെ ആവര്‍ത്തനങ്ങളാവും. എന്താണ്‌ അവര്‍ പറഞ്ഞതെന്ന്‌ ചോദിച്ചാല്‍ പറയാന്‍ എനിക്കറിയില്ല. ഈ സമയം ഞങ്ങള്‍ എം.പിമാര്‍ പരസ്‌പരം സംസാരിക്കുകയാവും. ഞങ്ങള്‍ സംസാരിക്കുന്നത്‌ എല്ലാവരും കാണാറുണ്ട്‌. മുകളിലുള്ള ടി.വിയും കാണാറുണ്ട്‌. ജനങ്ങള്‍ ചിന്തിക്കുന്നത്‌ എം.പിമാര്‍ രാജ്യത്തിന്റെ അഭിവൃദ്ധിക്ക്‌ വേണ്ടിയുള്ള ചര്‍ച്ചയിലാണെന്നാണ്‌', സുപ്രീയ പറയുന്നു.
ഞാന്‍ ചെന്നൈയിലെ എം.പിയോട്‌ സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക ചെന്നൈയിലെ വെള്ളപ്പൊക്ക കെടുതിയെക്കുറിച്ച്‌ കാര്യമായി ചര്‍ച്ച ചെയ്യുകയാണെന്നാവും. എന്നാല്‍ അത്‌ അങ്ങനെയല്ല. ഞങ്ങള്‍ സംസാരിക്കുന്നത്‌, എവിടെനിന്നാണ്‌ നിങ്ങളുടെ സാരി വാങ്ങിയത്‌, എവിടെനിന്നാണ്‌ എന്റേത്‌ വാങ്ങിയത്‌ തുടങ്ങിയ കാര്യങ്ങളാവും. അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ കുട്ടികള്‍ ബോറടിക്കുകയും തുടര്‍ന്ന്‌ ദീപിക പദുക്കോണിനെയും ബാജിറാവോ മസ്‌താനിയില്‍ ദീപികയുടെ ലുക്കിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയും ചെയ്യും. അതുപോലെയാണ്‌ പാര്‍ലമെന്റിലെന്നും എം.പി പറയുന്നു.
സുപ്രീയയുടെ വിവാദ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. പരാമര്‍ശനം നിരുത്തരവാദപരമെന്ന്‌ കുറ്റപ്പെടുത്തിയ ശിവസേന സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കേണ്ട സ്‌ഥലമാണ്‌ പാര്‍ലമെന്റെന്നും ഓര്‍മിപ്പിച്ചു. സുപ്രീയയ്‌ക്ക് എതിരെ മറ്റ്‌ പാര്‍ട്ടികളും രംഗത്തെത്തി.

ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നും ഹൈക്കോടതി

evartha.in

രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നും ഹൈക്കോടതി - ഇ വാർത്ത | evartha

evartha

ഓട്ടോറിക്ഷകള്‍ക്ക് അനുവദിക്കപ്പെട്ട പെര്‍മിറ്റ് പരിധിയില്‍ എവിടെനിന്നും ഓട്ടം എടുക്കാമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ഹൈക്കോടതി. ചട്ടപ്രകാരം വിലക്കില്ലാത്തപക്ഷം രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മാത്രമല്ല റോഡ് സൈഡുകളില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിശ്ചയിക്കാനോ നിജപ്പെടുത്താനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു അധികാരമില്ലെന്നും അങ്ങനെയൊരു ചട്ടം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാലാ സ്വദേശിയായ കെ.എസ്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.
2014 മാര്‍ച്ചില്‍ പാലാ മുനിസിപ്പാലിറ്റി ഓട്ടോറിക്ഷാ പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയും സംസ്ഥാന പാതയോരങ്ങള്‍ ഉള്‍പ്പെടെ ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് സെന്ററുകള്‍ നിശ്ചയിക്കുകയും ചെയ്തതിനെതിരെ ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. കുറച്ച് ആള്‍ക്കാര്‍ ഓട്ടോസ്റ്റാന്‍ഡ് എന്നു പേരിട്ട് സംഘടിതമായി കൈയടക്കിവച്ച സ്ഥലത്ത് അവര്‍ക്കു മാത്രവും ബാക്കിയുള്ളവര്‍ക്ക് നഗരത്തിന്റെ വിദൂര സ്ഥലങ്ങളിലുമാണു പെര്‍മിറ്റ് അനുവദിച്ചതെന്നായിരുന്നു അവരുടെ ആക്ഷേപം.
മാത്രമല്ല മൂന്നാനി, നെല്ലിയാനി, ഊരാശാല ജംഗ്ഷന്‍, ബൈപാസ് ജംഗ്ഷന്‍ മുതലായ സ്ഥലങ്ങളില്‍ പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് ഓട്ടം കിട്ടാറുമില്ലായിരുന്നു. അവര്‍ നഗരത്തിലൂടെ കറങ്ങിനടന്ന് ഓട്ടം കണ്ടെത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിതമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മകാടതി പ്രസ്തുത ഉത്തരവ് പുറപെ്ടുവിച്ചത്.

Ads by ZINC

അധ:പ്പതനം cpm മോഡല്‍

manoramaonline.com

അർജുനനായി പിണറായിയും കൃഷ്ണനായി പി. ജയരാജനും!

by സ്വന്തം ലേഖകൻ
കണ്ണൂർ∙ അര്‍ജുനനായി പിണറായി വിജയനെയും കൃഷ്ണനായി പി.ജയരാജനെയും ചിത്രീകരിച്ച് കണ്ണൂരില്‍ നവകേരള യാത്രയുടെ പ്രചാരണ ബോര്‍ഡ്. ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത്. അഞ്ചു കുതിരകളെ പൂട്ടിയ രഥത്തില്‍ കുരുക്ഷേത്ര യുദ്ധത്തിന് പുറപ്പെടുന്നത് പിണറായി വിജയനാണ്. തൊട്ടുമുന്നില്‍ നെറുകയില്‍ പീലിചാര്‍ത്തി തേരാളിയുടെ വേഷത്തില്‍ പി.ജയരാജനുമുണ്ട്.
നവകേരള യാത്രയുടെ പ്രചാരണാര്‍ഥം കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന് അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡിലാണ് പിണറായിയും പി.ജയരാജനും പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെഗുവേരക്കൊപ്പം ചുവന്ന ഗണപതിയേയുമായി ഗണേശോത്സവം സംഘടിപ്പിച്ച അമ്പാടിമുക്ക് സഖാക്കള്‍ തന്നെയാണ് പുതിയ ബോര്‍ഡിന്‍റേയും പിന്നിലുള്ളത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും അയ്യപ്പ ഭക്തന്‍മാര്‍ക്കുള്ള അന്നദാനത്തിനും പിന്നാലെ മത ചിഹ്നങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിലൂടെ ഹൈന്ദവ സമുദായത്തിലേക്കുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തിന് തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ അമ്പാടിമുക്കിലെ പോസ്റ്ററിനെക്കുറിച്ച് അറിയില്ലെന്ന് നേതൃത്വം വ്യക്തമാക്കിmangalam.com

ധോണിക്ക്‌ എതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്‌

mangalam malayalam online newspaperന്യൂഡല്‍ഹി: ഹൈന്ദവ വിശ്വാസങ്ങളില്‍ മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ ക്യാപ്‌റ്റന്‍ കൂള്‍ എം.എസ്‌ ധോണിക്ക്‌ എതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചു. ഒരു ബിസിനസ്‌ മാഗസിന്റെ പുറംപേജില്‍ വിഷ്‌ണു ഭഗവാന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അനന്തപൂര്‍ കോടതിയുടേതാണ്‌ ഉത്തരവ്‌.
ബിസിനസ്‌ ടുഡേ എന്ന ബാഗസിന്റെ കവര്‍ഫോട്ടോ ആയതാണ്‌ ധോണിയെ വിവാദത്തിലാക്കിയത്‌. 2013ല്‍ നടന്ന സംഭവത്തില്‍ കൈകളില്‍ കൊക്കക്കോള, ലെയ്‌സ്, ബൂസ്‌റ്റ്, മൊബൈല്‍ തുടങ്ങിയ വസ്‌തുക്കള്‍ പിടിച്ച നിലയിലായിരുന്നു ധോണി. തുടര്‍ന്ന്‌ ഐ.പി.സി 295, 34 എന്നീ വകുപ്പുകള്‍ ചുമത്തി ധോണിക്ക്‌ എതിരെ ജയകുമാര്‍ ഹിരേമാത്‌ എന്ന സാമൂഹിക പ്രവര്‍ത്തകനാണ്‌ കോടതിയെ സമീപിച്ചത്‌.
.

രാജ്യത്തെ സൗരോര്‍ജ പദ്ധതിക്ക് 150 കോടി ഡോളര്‍ വിദേശസഹായം

mathrubhumi.com

രാജ്യത്തെ സൗരോര്‍ജ പദ്ധതിക്ക് 150 കോടി ഡോളര്‍ വിദേശസഹായം

ന്യൂഡെല്‍ഹി: സൗരോര്‍ജ പദ്ധതിക്കായി രാജ്യത്തിന് 150 കോടി ഡോളറിന്റെ സഹായം.  വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് സോളാര്‍ പദ്ധതിക്ക് വായ്പ നല്‍കുന്നത്.
50കോടി ഡോളര്‍(3,345 കോടി രൂപ)യാണ് ഓരോ ബാങ്കില്‍നിന്നും ലഭിക്കുക. വ്യാവസായികമേഖലയിലും വാണിജ്യമേഖലയിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായാണ് ഇത് ഉപയോഗപ്പെടുത്തുകയെന്ന് കേന്ദ്ര പാരമ്പര്യേതരോര്‍ജ്ജ സെക്രട്ടറി ഉപേന്ദ്ര ത്രിപതി പറഞ്ഞു. പ്രധാനപ്പെട്ട പൊതുമേഖല ബാങ്കുകളിലൂടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളിലൂടെയുമാണ് പണം വിതരണം ചെയ്യുക.
ധനകാര്യവിഭാഗത്തിന്റെ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ സോളാര്‍ സ്ഥാപിക്കുന്നതിനായുള്ള എം.എന്‍.ആര്‍.ഇ ബജറ്റ് 600 കോടിയില്‍ നിന്ന് 5000 കോടിയായി ഈയിടെ ഉയര്‍ത്തിയിരുന്നു.
30 ശതമാനം സബ്‌സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും സോളാര്‍ സ്ഥാപിക്കുന്നതിന് ഫണ്ടില്‍നിന്ന് പണം നല്‍കും.
വ്യാവസായ- വാണിജ്യമേഖലകള്‍ക്ക് ഈ സബ്‌സിഡി ലഭ്യമാകില്ല. സബ്‌സിഡി ബാധകമല്ലാത്തവര്‍ക്കും കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ത്രിപതി പറയുന്നു.
100000 മെഗാവാട്ട് സോളാര്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതില്‍ 40,000 മെഗാവാട്ട് റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിയില്‍ നിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ഇന്ത്യയുടെ 4,800 മെഗാവാട്ട് സോളാര്‍ കപ്പാസിറ്റിയില്‍ 525 മെഗാവാട്ടാണ് റൂഫ്‌ടോപ്പ് സോളാറില്‍നിന്ന് ലഭിക്കുന്നത്. 2015-16ല്‍ 200 മെഗാവാട്ടാണ് റൂഫോടോപ് സോളാര്‍ വഴി ലഭിച്ചതെങ്കില്‍ 2016-17ല്‍ അത് 4,800 മെഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 

മൾട്ടിപ്ലക്സ് സിനിമ, ഇപ്പോൾ തൃശൂരിലും

localnews.manoramaonline.com

മൾട്ടിപ്ലക്സ് സിനിമ, ഇപ്പോൾ തൃശൂരിലും

by സ്വന്തം ലേഖകൻ
തൃശൂർ ∙ ദൃശ്യ വിസ്മയമായി ഐനോക്സിന്റെ മൾട്ടിപ്ളക്സ് തിയറ്റർ സമുച്ചയം. ഐനോക്സ് എന്നും പറയാറുള്ളതുപോലെ സിനിമ കാണാനുള്ളതു മാത്രമല്ല അനുഭവിക്കാനുള്ളതുകൂടിയാണെന്നു ഐനോക്സ് കാണിച്ചു തരുന്നു. സിനിമയെക്കാളുപരി ഐനോക്സിലെ ദൃശ്യ ഭംഗി അനുഭവിച്ചറിയാനെത്തുന്നവരാണ് പലരും. പുഴയ്ക്കൽ ശോഭ മാളിൽ ഐനോക്സ് പ്രദർശനം തുടങ്ങിയത് ആറു തിയറ്ററുകളാണ്.
ജർമനിയിൽനിന്നു ഇറക്കുമതി ചെയ്ത ആധുനിക പ്രൊജക്റ്റർ സംവിധാനത്തോടെയുള്ള ഐനോക്സ് ദൃശ്യ, ശ്രവ്യ വിസ്മയമാണ്. പണം കൂടുതൽ വാങ്ങുന്നുവെന്നു തോന്നുന്നുവെന്ന പരാതിയുള്ളവർപോലും ഐനോക്സിൽ സിനിമ കണ്ടിറങ്ങിയാൽ പരാതി മറക്കും. മൂത്രം നാറുന്ന തിയറ്ററുകളും വിയർപ്പു മണക്കുന്ന ക്യൂവും അകത്തു കയറാനും പുറത്തിറങ്ങാനുള്ള തിരക്കും നിറഞ്ഞ സിനിമാക്കാലം തൃശൂരിലും അവസാനിക്കുകയാണെന്നു ഐനോക്സ് കാണിച്ചു തരുന്നു.
ആറു തിയറ്ററുള്ള ഐനോക്സിൽ പത്തു സിനിമകൾവരെ പ്രദർശിപ്പിക്കും. ഒരു ദിവസം 30 ഷോ. രാത്രി 10.30നു പോലും ഷോ തുടങ്ങുന്നുണ്ട്. ഓരോ സിനിമയുടെയും തിരക്ക് അനുസരിച്ചാണു സമയം ക്രമീകരിക്കുന്നത്.അതുകൊണ്ടുതന്നെ യുദ്ധം ചെയ്തു അകത്തു കയറേണ്ടതില്ല. സീറ്റിങ് സംവിധാനം എല്ലാംതന്നെ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. കടന്നു പോകുമ്പോൾ കാൽ മുട്ടാതെ, തട്ടാതെ കടന്നുപോകാം. കൂടുതൽ പണം മുടക്കിയാൽ ചാരിക്കിടന്നും സിനിമ കാണാം. 1368 സീറ്റുകളാണ് ആറു തിയറ്ററുകളിലായുള്ളത്. ഒരു സിനിമയ്ക്കു തിരക്കാണെങ്കിൽ അടുത്ത സിനിമ തിരഞ്ഞെടുക്കാമെന്നതാണു മൾട്ടിപ്ളക്സുകളുടെ മെച്ചം.
ഐനോക്സ് മൾട്ടിപ്ലക്സ് തിയറ്ററിന്റെ ഉൾവശം.
സിനിമയുടെ കൂടെ പോപ്പ് കോൺ എന്നതാണു പണ്ടുമുതലെയുള്ള രീതി. ഐനോക്സിനു പല തരത്തിലുള്ള പോപ്പ്കോണുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴെ ഭക്ഷണവും ബുക്ക് ചെയ്യാം. ആവശ്യപ്പെട്ടാൽ ഇതു സീറ്റിൽ കൊണ്ടുവന്നു തരും. തിരക്കു കൂടുതലു|ള്ള സമയത്തു ആവശ്യക്കാരനെത്തേടി ഭക്ഷണം ബുക്ക് ചെയ്യുന്ന ആൾ എത്തുന്ന ബ്ളൂ ടൂത്ത് സംവിധാനവും ഉണ്ട്. വലിയ തിരക്കിലും ഐനോക്സിലെ ബാത്ത് റൂമുകൾ പോലും വളരെ കൃത്യമായി ശുചിയാക്കുന്നവയാണ്. പൊട്ടിയ ടാപ്പുകളും വെള്ളം നിറഞ്ഞ തറയുമുള്ള ടോയ്‌ലറ്റുകൾ എന്നും തിയറ്ററുകളുടെ ശാപമായിരുന്നു.
ഓൺലൈനായോ ശോഭ മാളിൽ ഐനോക്സ് ഏർപ്പെടുത്തിയ കൗണ്ടറുകളിലൂടെയോ ടിക്കറ്റ് റിസർവ് ചെയ്യാം. രാവിലെ 9.30 മുതൽ രാത്രി 10.30വരെ ബുക്കിങ് ഉണ്ടാകും. രണ്ടു ദിവസം മുൻപുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. തിരക്കു കുറഞ്ഞാൽ പുതിയ സിനിമ എത്തിക്കുക എന്നതാണു ഐനോക്സിന്റെ രീതി. അതുകൊണ്ടുതന്നെ ഏതു സമയത്തും പുതിയ സിനിമ എത്താം. ഇംഗ്ളിഷ്, ഹിന്ദി സിനിമകളുടെ വലിയ റിലീസ് ക്യൂവാണ് ഐനോക്സിൽ കാത്തുനിൽക്കുന്നത്. രാജ്യത്തു 55 നഗരങ്ങളിലായി 412 തിയറ്ററുകളുള്ള ഐനോക്സിനു ലോകത്തെ എല്ലാ വൻകിട സിനിമാ കമ്പനികളുമായും ധാരണകളുണ്ട്.

ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും

mathrubhumi.com

ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും മാത്രമെന്ന് ജെയ്റ്റ്‌ലി

കൊല്‍ക്കത്ത: കേരളത്തെയും ബംഗാളിനെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങളെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഈ രണ്ട് സംസ്ഥാനങ്ങളുടെയും ശാപം ഇടതു പാര്‍ട്ടികളാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം.
സമ്പദ്ഘടനയ്ക്കു പുറമെ രാജ്യസുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്കണ്ഠ. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒന്നിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാവുമെന്ന് അറിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. ബി.ജെ.പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 
നവകേരളയാത്രയുടെ ബോര്‍ഡില്‍ അര്‍ജുനനായി പിണറായി, ശ്രീകൃഷ്ണനായി ജയരാജന്‍ January 8, 2016, 01:00 AM IST T- T T+ navakeral yatra flex കണ്ണൂര്‍: മതചിഹ്...

Read more at: http://www.mathrubhumi.com/news/kerala/malayalam/kannur-malayalam-news-1.782519

ഇന്ത്യയുടെ തേജസ് ലോകത്തിനു ശക്തിയാകുന്നു

manoramaonline.com

ഇന്ത്യയുടെ തേജസ് കടൽകടക്കുന്നു

by സ്വന്തം ലേഖകൻ
ഇന്ത്യൻ പ്രതിരോധ മേഖലയിൽ കരുത്തുതെളിയിച്ച തേജസ് യുദ്ധവിമാനം കടൽകടക്കുന്നു. നാലാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയിലാണ് ഇന്ത്യയുടെ തേജസ് പങ്കെടുക്കുന്നത്. ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. എയർഷോക്കായി രണ്ടുവിമാനങ്ങളാണ് ബഹ്റൈനിലേക്ക് പോകുന്നത്.
ഇത് ആദ്യമായാണ് തേജസ് പുറത്തൊരു വേദിയിൽ പ്രകടനം നടത്തുന്നത്. തേജസ് യുദ്ധവിമാനം ബഹ്റൈനിലേക്ക് അയക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
ജനുവരി 21 മുതല്‍ 23 വരെ സഖീര്‍ എയര്‍ബേസിലാണ് ഷോ നടക്കുക. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ സാരംഗ് ടീം ധ്രുവ് ഹെലികോപ്റ്ററുകളും ഷോയിൽ പങ്കെടുക്കും. വിമാനങ്ങളും മറ്റും കഴിഞ്ഞ ദിവസം ബെംഗളൂരില്‍ നിന്ന് തിരിച്ചു.
ബഹ്റൈൻ എയർഷോയുടെ മുഖ്യആകർഷണം ഇന്ത്യയുടെ തേജസ് വിമാനം തന്നെയാണ്. വിദേശവിപണി ലക്ഷ്യമിട്ടാണ് ഇന്ത്യൻ നിർമിത പോർവിമാനം രാജ്യത്തിനു പുറത്തുള്ള ഷോയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം പ്രതിരോധരംഗത്തു ഡിആർഡിഒ വികസിപ്പിച്ചെടുത്ത മറ്റു സാങ്കേതിക – വാർത്താവിനിമയ സംവിധാനങ്ങളും ഷോയിലുണ്ടാകും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത എഎൽഎച്ച് കോപ്റ്ററും ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ടീം പ്രദർശിപ്പിക്കും.

1/07/2016

എന്താണീ ഹൈഡ്രജൻ ബോംബ് ? ആരാണീ ആറ്റം ബോംബ്‌

manoramaonline.com

ഹൈഡ്രജൻ‌ എന്ന ‘കൊലയാളി ബോംബ്’

by നിഖില്‍ സ്കറിയ കോര
ബോംബുകളിൽ ജനകീയൻ ആറ്റം ബോംബാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അതിൽ ഓരോന്ന് ഇട്ടതോടെ ബോംബെന്ന് കേൾക്കുന്നതു തന്നെ എല്ലാവർക്കും പേടിയായി. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകൾ വെറെ പലത് വന്നിട്ടും ആറ്റം ബോംബ് തന്നെയാണ് ഇന്നും സാധാരണക്കാരന്റെ മനസ്സിലെ ‘ബോംബ് രാജാവ്’.
അതു കൊണ്ടാവണം ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ്
പരീക്ഷിച്ചെന്നു കേട്ടിട്ടും ആരും അതിനെ കാര്യമാക്കിയെടുക്കാത്തത്. ‘‘ഹൈഡ്രജനല്ലേ ആറ്റം ബോംബ് ഒന്നുമല്ലല്ലോ അവനോട് പോകാൻ പറ’’ എന്ന മനോഭാവം. പക്ഷേ ഹൈഡ്രജൻ ബോംബിനെ അങ്ങനെ നിസാരക്കാരനായി കാണരുത്. ആയിരം കോഴിക്ക് അര കാട എന്നാണ് ചൊല്ല്. പക്ഷേ ആയിരം ആറ്റം ബോംബിന് അര ഹൈഡ്രജൻ ബോംബ് പോലും വേണ്ട എന്നതാണ് സത്യം.
അണുസ്ഫോടനങ്ങൾ 2 തരം
ന്യൂക്ലിയർ റിയാക്ഷൻസ് അല്ലെങ്കിൽ അണുസ്ഫോടനങ്ങൾ പ്രധാനമായും രണ്ടെണ്ണമാണ്. ആറ്റമിക് ഫിഷനും ആറ്റമിക് ഫ്യൂഷനും. ഭാരമുള്ള ഒരു ആറ്റം (കണിക, അണു) പലതായി വേർപെട്ട് ഭാരം കുറഞ്ഞ ഘടകങ്ങളാകുന്നതിനെയാണ് ആറ്റമിക ഫിഷൻ എന്നു വിളിക്കുന്നത്. ഫിഷൻ നടക്കുമ്പോൾ ഉൗർജം ഉൽപാദിപ്പിക്കപ്പെടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബുകളുടെ പ്രവർത്തനാടിസ്ഥാനം ആറ്റമിക് ഫിഷനാണ്.
ഭാരം കുറഞ്ഞ രണ്ടു കണികകൾ കൂടിച്ചേർന്ന ഭാരമുള്ള കണികയാകുന്ന പ്രക്രിയയാണ് ആറ്റമിക് ഫ്യൂഷൻ. രണ്ട് ഹൈഡ്രജൻ ഐസോട്ടോപ്പുകൾ (‌ഒരു ആറ്റത്തിന്റെ വകഭേദങ്ങളാണ് ഐസോട്ടോപ്പുകൾ, ഇവിടെ ഹൈഡ്രജന്റെ 2 വകഭേദങ്ങൾ) കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഉൗർജമാണ് ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനാടിസ്ഥാനം.
ആറ്റമിക് ഫിഷനിൽ നിന്ന് ലഭിക്കുന്ന ഉൗർജത്തിന്റെ ആയിരം ഇരട്ടിക്കും മുകളിലാണ് ആറ്റമിക് ഫ്യൂഷൻ വഴി ലഭിക്കുക. അതായത് ഫിഷൻ വഴി ലഭിക്കുന്നത് 10 കിലോ ടണ്‍ ആണെങ്കിൽ ഫ്യൂഷൻ നൽകുന്ന ഉൗർജം മെഗാടൺ അളവിലാണ്.
എന്താണീ ഹൈഡ്രജൻ ബോംബ് ?
ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ വഴി ലഭിക്കുന്ന ഉൗർജത്തിൽ പ്രവർത്തിക്കുന്ന ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബാണ് ഇത്. ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ എന്നാൽ എണ്ണമറ്റ ഫ്യൂഷനുകൾ ഒരേസമയം ഉണ്ടാകുന്ന അവസ്ഥ. അതിൽ നിന്ന് ലഭിക്കുന്ന ഉൗർജവും വളരെ കൂടുതലായിരിക്കും.
ആറ്റമിക് ഫ്യൂഷനാണ് ഹൈഡ്രജൻ ബോംബിന്റെ സാങ്കേതികതയെങ്കിലും ആദ്യം ആറ്റമിക്ക് ഫിഷൻ നടന്നതിനു ശേഷമാണ് ഫ്യൂഷൻ സംഭവിക്കുക. ഫ്യൂഷൻ നടക്കണമെങ്കിൽ 400,000,000°C – 50,000,000°C അളവിൽ ചൂട് വേണം. ആ താപനില സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആദ്യം ഫിഷൻ നടത്തുന്നത്. ഇത്രയും ചൂട് ആവശ്യമായി വരുന്നതിനാൽ ഇത് തെർമോ ന്യൂക്ലിയർ ബോംബ് എന്നും അറിയപ്പെടുന്നു. ആറ്റം ബോംബ് ഉണ്ടാക്കുന്ന റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ വളരെയധികമാണെങ്കിൽ ഹൈ‍‍‍ഡ്രജൻ ബോംബ് ഉണ്ടാക്കുന്ന മാലിന്യങ്ങൾ കുറവാണ്. അതിനാൽ ‘ക്ലീൻ ബോംബ്’ എന്നും ഇത് അറിയപ്പെടുന്നു.
ബോംബിന്റെ ഘടന
ഹൈഡ്രജൻ ബോംബിന്റെ ഏറ്റവും ഉള്ളിൽ യുറേനിയം കൊണ്ടോ പ്ലൂട്ടോണിയം കൊണ്ടോ നിർമിച്ച ആറ്റം ബോംബാണ്. അതിനു പുറമെ ലിഥിയം ഡ്യൂറ്റ്റൈഡ് കൊണ്ടുള്ള ആവരണം. ലിഥിയവും ഹൈഡ്രജന്റെ ഐസോട്ടാപ്പായ ഡ്യൂട്രിയവും ചേരുന്നതാണ് ലിഥിയം ഡ്യൂറ്റ്റൈഡ്. ഇതിനെ ചുറ്റി കട്ടിയുള്ള മറ്റൊരു ആവരണം. ഫിഷനു സഹായിക്കുന്ന ഘടകങ്ങൾ ചേർത്ത് നിർമിച്ച ഇൗ ആവരണം മേൽപ്പറഞ്ഞ രണ്ടു ഭാഗങ്ങളെ വരിഞ്ഞു മുറുക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ആദ്യം നടക്കുന്ന ഫിഷൻ സ്ഫോടനം ഉഗ്ര ശക്തിയുള്ളതാക്കാൻ ഇൗ ആവരണം സഹായിക്കുന്നു.
ബോംബിന്റെ പ്രവർത്തനം
ആദ്യം ഏറ്റവും ഉള്ളിലുള്ള ആറ്റം ബോംബിൽ ആറ്റമിക് ഫിഷൻ വഴി സ്ഫോടനം നടക്കുന്നു. ആ സ്ഫോടനത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകൾ (പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവ ചേരുന്നതാണ് ആറ്റം. അതിൽ പ്രോട്ടോണിന് പോസിറ്റീവ് ചാർജും ഇലക്ട്രോണിന് നെഗറ്റീവ് ചാർജുമാണ് ഉള്ളത്. ന്യൂട്രോണിന് ചാർജ് ഇല്ല) ലിഥിയം ഡ്യൂറ്റ്റൈഡിലെ ലിഥിയത്തിനെ ഹീലിയവും ഹൈഡ്രജന്റെ മറ്റൊരു ഐസോട്ടോപ്പായ ട്രിഷ്യവും ആക്കി മാറ്റുന്നു. അതേസമയം, ഉൗർജവും ഫ്യൂഷനു വേണ്ട താപനിലയും അവിടെ സൃഷ്ടിക്കപ്പെടുന്നു.
അതോടെ അടുത്ത ഘട്ടമായ ആറ്റമിക് ഫ്യൂഷൻ ആരംഭിക്കുന്നു. അതായത് ഫിഷൻ ഉൽപാദിപ്പിച്ച ട്രിഷ്യം ഡ്യൂട്രിയവുമായും, ട്രിഷ്യം ട്രിഷ്യവുമായും കൂടിച്ചേരും. ഇൗ പ്രവർത്തനം ചെയിൻ റിയാക്ഷൻ മോഡലിൽ തുടരുന്നതോടെ മെഗാ ടൺ അളവിൽ ഉൗർജം അവിടെ ഉൽപാദിപ്പിക്കപ്പെടുന്നു.
ന്യൂട്രോണുകളാണ് ഹൈഡ്രജൻ ബോംബ് പ്രവർത്തിക്കുമ്പോൾ അധികമായി ഉണ്ടാകുക. അവയ്ക്ക് ചാർജ് ഇല്ലാത്തതിനാൽ അണുപ്രസരണവും ഉണ്ടാകില്ല. അതിനാൽ തന്നെ അണുബോംബ് ഉണ്ടാക്കിയ ‘ആഫ്റ്റർ ഇഫക്റ്റസ്’ ഹൈഡ്രജൻ ബോംബ് സൃഷ്ടിക്കില്ല. അതിനാൽ ഇതിനെ ‘ക്ലീൻ ബോംബ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ വലുപ്പം കുറവായതിനാൽ മിസൈൽ ലോഞ്ചറിൽ ഘടിപ്പിക്കാനുമാവും.
ഹൈഡ്രജൻ ബോംബിന്റെ ചരിത്രം
1952 നവംബർ 1–ന് അമേരിക്കയാണ് ഹൈഡ്രജൻ ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. പിന്നീട് 1953–ൽ സോവിയറ്റ് യൂണിയനും ഇത് പരീക്ഷിച്ചു. 1954–ൽ വീണ്ടും യു എസ് ഇത് പരീക്ഷിച്ചു. അന്ന് 4.8കിലോമീറ്റർ വ്യാപ്തിയിൽ തീഗോളമുണ്ടാകുകയും കൂണു പോലെ പുകപടലങ്ങൾ പടരുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ. ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിട്ടുണ്ട്.
ഹിരോഷിമയിൽ സംഭവിച്ചത് ?
ഹിരോഷിമയിൽ അമേരിക്ക ഇട്ടത് യുറേനിയം ന്യൂക്ലിയർ ഫിഷൻ ബോംബാണ്. ലിറ്റിൽ ബോയ് എന്ന ഇരട്ടപ്പെരിൽ അറിയപ്പെട്ട ഇൗ ബോംബിന് 28 ഇഞ്ച് വ്യാപ്തിയും 120 ഇഞ്ച് നീളവുമുണ്ടായിരുന്നു. 20,000 ടൺ ഉൗർജമാണ് ഇത് അന്ന് ഉൽപ്പാദിപ്പിച്ചത്. നാഗസാക്കിയിൽ ഇട്ടത് പ്ലൂട്ടോണിയം ബോംബാണ്. ഇൗ ബോംബുകൾ ഉയർന്ന അളവിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറന്തള്ളിയതാണ് പിന്നീട് രോഗങ്ങൾക്ക് കാരണമായത്.

ഇന്ത്യയുടേത് ത്രിതലശേഷിയുള്ള ഹൈഡ്രജൻ ബോംബ്

manoramaonline.com

ഇന്ത്യയുടേത് ത്രിതലശേഷിയുള്ള ഹൈഡ്രജൻ ബോംബ്

by സ്വന്തം ലേഖകൻ
ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്. ഇന്ത്യയുടെ ഹൈഡ്രജൻ ബോംബ് ത്രിലശേഷിയുള്ളതാണ്. കര, കടൽ, വായു എന്നീ മൂന്നു തലത്തിൽ നിന്നും ഹൈഡ്രജൻ ബോംബ് വിക്ഷേപിക്കാനുള്ള സംവിധാനം ഇന്ത്യയുടെ കൈവശമുണ്ട്.
അഗ്നി–5 മിസൈൽ ഉപയോഗിച്ച് 5000 കിലോമീറ്റർ പരിധി വരെ ഹൈഡ്രജൻ ബോംബ് വിക്ഷ്പിക്കാനാകും. ഏഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം 5000 കിലോമീറ്റർ പരിധിയിൽ വരുമെന്ന് ചുരുക്കം. സുഖോയ് 30 എംകെഐയും ജാഗ്വാറും മിറാഷും അണ്വായുധം വഹിക്കാൻ ശേഷിയുള്ളതാണ്. കടലിൽ നിന്നും അരിഹന്തിന്റെ ഗണത്തിൽപെടുന്ന അന്തർവാഹിനികളിൽ നിന്നും കൊല്‍ക്കത്ത ക്ലാസ് യുദ്ധകപ്പലുകളിൽ നിന്നും അണ്വായുധം വിക്ഷേപിക്കാൻ ഇന്ത്യയ്ക്കു ശേഷിയുണ്ട്.
ഉത്തരകൊറിയ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ ഇന്ത്യ ശക്തമായി അപലപിച്ചെങ്കിലും 1998 മേയിൽ പൊഖ്റാനിൽ ഇന്ത്യ നടത്തിയതും ഹൈഡ്രജൻ ബോംബ് പരീക്ഷണം തന്നെ എന്നാണ് ഒൗദ്യോഗിക നിലപാട്. ആണവശേഷി ആയുധനിർമാണത്തിന് ഉപയോഗിക്കില്ലെന്നും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ എന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈഡ്രജൻ ബോംബ് കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, എൻഡിഎ ഭരണകാലത്താണ് ഇന്ത്യ പൊഖ്റാനിൽ ശക്തി എന്ന ആണവ പരീക്ഷണം നടത്തിയത്. 1998 മേയ് 11നും 13നുമായിരുന്നു ഇന്ത്യ അഞ്ചു പരീക്ഷണങ്ങൾ നടത്തിയത്. ഇതിൽ ഒരു ഫ്യൂഷൻ ബോംബും രണ്ട് ഫിഷൻ ബോംബുകളുമാണ് പരീക്ഷിച്ചത്. അതിൽ ആദ്യത്തേത് തെർമോ ന്യൂക്ലിയർ എന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്.
എന്നാൽ ഈ പരീക്ഷണത്തിനുശേഷം രാജ്യത്തെ ശാസ്ത്രജ്ഞന്മാർ വ്യത്യസ്ഥമായ നിലപാടെടുത്തത് ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. രാജഗോപാൽ ചിദംബരം നടത്തിയ പത്രസമ്മേളനത്തിൽ ഇത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. അന്ന് പൊഖ്റാനിലെ ആണവ സ്ഫോടനത്തിനു നേതൃത്വം നൽകിയ എ.പി.ജെ. അബ്ദുൽ കലാമും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ പിന്നീട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന കെ. സന്താനം പൊഖ്റാനിൽ പരീക്ഷിച്ചത് പൂർണമായ ഹൈഡ്രജൻ ബോംബ് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായി. 45,000 ടൺ മാത്രം പ്രഹരശേഷിയുള്ളതായിരുന്നു അന്നത്തെ ബോംബെന്നും അത് വിജയകരമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ആണവ ശാസ്ത്രജ്ഞനായ പി.കെ. അയ്യങ്കാരും ഇതേ അഭിപ്രായം പറഞ്ഞു.
എന്നാൽ ഡോ. രാജഗോപാൽ ചിദംബരം നൽകിയ വിശദീകരണം, പൊഖ്റാനിൽ കൂടുതൽ ശേഷിയുള്ള ബോംബ് പരീക്ഷിക്കാതിരുന്നത് സമീപത്തെ ജനനിബിഡമായ ഗ്രാമങ്ങൾ കണക്കിലെടുത്താണ് എന്നായിരുന്നു. 200 കിലോടൺ വരെ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാമും ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അനിൽ കാകോദ്കറും ഇതു ശരിവച്ചു.

ജൈവ കൃഷിയുടെ അത്ഭുതങ്ങള്‍

mathrubhumi.com

ജീവാണുക്കള്‍ ജൈവകൃഷയില്‍

പ്രമോദ്കുമാര്‍ വി.സി.
ജീവകുലത്തിന്റെയും പരിസ്ഥിതിയുടെയും നിലനല്‍പ്പിനും അതിന്റെ മന്നോട്ടുള്ള പോക്കിനും അടിസ്ഥാനകാരണങ്ങളായി വര്‍ത്തിക്കുന്ന, നഗന നേത്രങ്ങള്‍കൊണ്ട് കാണാത്ത നിരവധി ഇത്തിരിക്കുഞ്ഞന്മാരുണ്ട്. അവ നമ്മുടെ ജീവലോകത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് അനുഭവിച്ചറിയാം, എന്നാല്‍ അവയെ നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാനൊക്കില്ല. ആ സമര്‍ഥരായ ഇത്തിരിക്കുഞ്ഞന്മാരാണ് ജീവാണുക്കള്‍. മുമ്പ് ഇവ നമ്മുടെ ഇടയില്‍ രോഗംവിതയ്ക്കുന്ന രോഗകാരികളായി മാത്രമാണ് അറിയപ്പെട്ടിരുന്നത് എന്നാല്‍ അവരില്‍ നല്ലവരുമുണ്ട്. നമുക്ക് അത്യന്തം ഉപകാരികളായ ജീവാണുക്കള്‍.
ജൈവ വസ്തുക്കള്‍ മണ്ണുമായി ലയിച്ചുചേര്‍ക്കുന്നതും പാല് തൈരാക്കുന്നതും സൂക്ഷ്മാണുക്കളാണെന്ന് നമുക്കറിയാം. ഇത്തരത്തിലുള്ള ഉപകാരികളായ ജീവാണുക്കളെ നാള്‍ ചെല്ലുന്തോറും ശാസ്ത്രലോകം കണ്ടെത്തികൊണ്ടിരിക്കുന്നു. ഇത്തരം ജീവാണുക്കളെ പ്രയോജനകരമായ രീതിയില്‍ ഉപയുക്തമാക്കുന്നതിനുള്ള വഴികളും ശാസ്ത്രജ്ഞര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകളില്‍ ജൈവമാലിന്യങ്ങള്‍ വളരെപ്പെട്ടന്ന് അഴുകിച്ചേരാനും ദുര്‍ഗന്ധമൊഴിവാക്കാനും ഇ.എം എന്നപേരിലുള്ള ജീവാണുമിശ്രിതം നാം ഉപയോഗിച്ചുവരുന്നു.
ജൈവകൃഷിയില്‍ പല സൂക്ഷ്മ മൂലകങ്ങള്‍ക്കും ബാക്ടീരിയകള്‍ക്കും മിത്ര കുമിളകള്‍ക്കും പകരംനില്‍ക്കാനും ഇവയുടെ വശംവര്‍ധന വമ്പിച്ച തോതിലാക്കാനും ജീവാണുമിശ്രിതങ്ങള്‍ സഹായിക്കുന്നു. കാര്‍ഷികലോകത്ത് ജീവാണുമിശ്രിതങ്ങള്‍ വരുത്തുന്ന മാറ്റം പ്രവചനാതീതമാണ്. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം ജീവാണുവളങ്ങളെയും കുമിള്‍നാശിനിയിയെയും കള്‍ച്ചര്‍ പരുവത്തില്‍ കാപ്‌സ്യൂര്‍ രൂപത്തിലാക്കിയിരിക്കുന്നു. പേറ്റന്റ് നേടിയെടുത്ത് പ്രായോഗികതലത്തില്‍ എത്തിച്ചാല്‍ വമ്പിച്ച കുതിച്ചുചാട്ടം തന്നെ ജൈവകൃഷിയില്‍ ഉണ്ടാകുമെന്നുറപ്പ്. ബയോ കാപ്‌സ്യൂളുകളുടെ രൂപത്തില്‍ ജീവാണുമിശ്രിതമെത്തിയാല്‍ പിന്നെ ജൈവകൃഷിയിലെ സൂക്ഷ്മാണുക്കളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കുറവെന്നത് ഒരു പ്രശ്‌നമേയല്ലാതായി മാറും. എന്താണ് ജീവാണുമിശ്രിതങ്ങള്‍ എന്ന് നമുക്കൊന്നു പരിചയപ്പെടാം.
ജീവാണു മിശ്രിതങ്ങള്‍
സസ്യങ്ങളുടെ വളര്‍ച്ചയും കരുത്തും പോഷിപ്പിക്കുകയും അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയും ശത്രുകീടങ്ങളില്‍നിന്ന് രക്ഷിക്കുകയും ചെയ്യുകയാണ് ഉപകാരികളായ ജീവാണുക്കളുടെ ധര്‍മം. ജീവാണുക്കളെ കാര്‍ഷിക വിളകളുടെ വളര്‍ച്ചയ്ക്കാവശ്യമായ രീതിയില്‍ കൃത്രിമമായി വളര്‍ത്തിടെുക്കുയും അവയുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് സാധാരണ ചെയ്യാറ്. ചാണകം, വെണ്ണീറ്‌പോലുള്ള ജൈവ വളങ്ങളെപ്പോലെ കോരിയിട്ടുകൊടുക്കാനോ, ഗോമൂത്രം, പഞ്ചാമൃതം, ജീവാമൃതം എന്നിവയെപ്പോലെ നേര്‍പ്പിച്ച് വെള്ളത്തിന്റെകൂടെ ഒഴുക്കി നല്‍കാനോ ജീവാണുക്കളെ കഴിയില്ല. കാരണം ഇവ സൂക്ഷ്മജീവികളാണ്. ആയതിനാല്‍ മറ്റെന്തെങ്കിലും വളര്‍ച്ചാ മാധ്യമങ്ങളില്‍ ഇവയെ ചേര്‍ത്ത് പെരിപ്പിച്ചും മറ്റുള്ളവയുമായി സന്നിവേശിപ്പിച്ചുമാണ് ചെടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം സന്നിവേശന മാധ്യമങ്ങള്‍ ജീവാണുക്കളെ ഒരു തരത്തിലും ഉപദ്രവിക്കാത്തതും വിളകള്‍ക്ക് ഹാനികരമാവാത്തതും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതുമാകണം. ഇങ്ങനെയുള്ളവയെയാണ് ജീവാണു മിശ്രിതങ്ങള്‍ എന്നുവിളിക്കുന്നത്. ഒരു വളര്‍ച്ചാ മാധ്യമത്തില്‍തന്നെ ഒന്നിലധികം ജീവാണുക്കളെ കൂട്ടിച്ചേര്‍ത്തും മിശ്രിതങ്ങള്‍ തയ്യാറാക്കാവുന്നതാണ്.
ജീവാണുമിശ്രിതങ്ങളിലടങ്ങിയ അണുക്കളെ പെരുകാനുള്ള സാഹചര്യമൊരുക്കിയാണ് വംശവര്‍ധന നടത്തുന്നത്. ഈര്‍പ്പമുള്ള ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്‌പൊടി എന്നിവയുമായൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് ഇതിനാണ്.
കമ്പോളത്തില്‍ ലഭിക്കുന്ന ജീവാണുക്കള്‍ മിശ്രിതമാക്കുന്നത് ആയതിന്റെ വളര്‍ച്ചയെ ത്വരിതമാക്കുന്ന മാധ്യമങ്ങളിലാണ്. ടാല്‍ക് പൊടി, ലിഗ്‌നൈറ്റ്‌പൊടി തുടങ്ങിയവയിലാണ് സാധാരണ വിപണനത്തിനാവശ്യമായ ജീവാണുക്കളെ മിശ്രിതമാക്കുന്നത്. ദ്രവരൂപത്തിലുള്ള മാധ്യമങ്ങളില്‍ സന്നിവേശിപ്പിച്ചും ജീവാണു മിശ്രിതങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മറ്റ് ഉപദ്രവകാരികളായ അണുക്കളില്‍നിന്ന് മുക്തമായതും ഉപകാരികളായ ജീവാണുക്കളുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ന്നതുമാണ് ദ്രവ മാധ്യമങ്ങള്‍.
ജീവാണുവളങ്ങള്‍
വിവിധ ജീവാണുവളങ്ങളെ നമുക്ക് വിപണിയില്‍കിട്ടും. സ്യൂഡോ മോണസ്, ട്രൈലക്കോസര്‍മ, റൈസോബിയം, അസേ്‌സ് പെരില്ലം, അസറ്റോബാക്ടര്‍, മൈകോറൈസ എന്നിവയാണ് പ്രധാനമായും അടിസ്ഥാനമാക്കപ്പെടുന്ന ജീവാണുക്കള്‍. ബ്യൂവേറിയയെന്ന മിത്രകുമിളും ജൈവകൃഷിയില്‍ വളരെയധികം ഉപകാരപ്രദമായ ജീവാണുവാണ്.
ഉപയോഗം
ജൈവകൃഷിയില്‍ ജീവാണു വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധവേണം. സാധാരണ രാസവളങ്ങള്‍ വില്‍ക്കുന്ന വളം ഡിപ്പോകളില്‍ രാസവളവും ജീവാണുവളവും ഒരുമിച്ചാണ് സൂക്ഷിക്കുക. രാസവളങ്ങളും രാസകീടനാശിനിയും ജീവാണുവളങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ജീവാണുക്കള്‍ നശിക്കുകയും അങ്ങനെ വെറും മാധ്യമം മാത്രമായി അവശേഷിക്കുകയും ചെയ്യും. ഇത് കൃഷിക്ക് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ചഫലം ലഭിക്കില്ല. അതിനാല്‍ ജീവാണുവളങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി നിബന്ധനകള്‍ പാലിച്ച് സൂക്ഷിക്കുന്ന ഔട്ട്‌ലെറ്റില്‍നിന്നാണെന്നുറപ്പ് വരുത്തണം. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നോ, വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിശ്വാസ്യതയും നിലനില്‍ക്കുന്ന നിര്‍മാതാക്കളില്‍നിന്നോ മാത്രം ഇവ വാങ്ങണം.
പൊടിരൂപത്തിലായാലും ദ്രവരൂപത്തിലായാലും ജീവാണുമിശ്രിതങ്ങള്‍ നിര്‍മിതിയുടെ തൊട്ടമാസങ്ങളില്‍ത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. ഒരോ ദിവസവും പഴകുന്നതോടെ അതിന്റെ ശേഷി കുറഞ്ഞുപോകുമെന്ന് മറക്കരുത്.
ജീവാണുക്കളെ കണ്ണുകള്‍കൊണ്ടോ ലെന്‍സുകള്‍കൊണ്ടോ കാണാന്‍ കാഴയാത്തതിനാല്‍ വളരുന്ന മാധ്യമങ്ങളില്‍ അവയുണ്ടെന്ന് ഉറപ്പ്‌വരുത്തണം. അതായത് പൂര്‍ണാരോഗ്യത്തോടെയായിരിക്കണം ജീവാണുക്കളെ മിശ്രിതത്തില്‍ ഉപയോഗിക്കേണ്ടത്.
ജൈവകൃഷിയില്‍ ജീവാണുക്കളുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ മണ്ണിന്റെഘടനയും കൃത്യമായി പഠിക്കണം. കേരളത്തിന്റെ അമ്ലക്ഷാരനില മറ്റ് സ്ഥലങ്ങളിലേതുമായി വ്യത്യാസം കാണാം. അതിനാല്‍ ജീവാണുക്കള്‍ ശേഖരിക്കുന്ന മണ്ണും പ്രധാനപ്പെട്ടതാണ്. കേരളത്തിലെ മണ്ണില്‍നിന്ന് വേര്‍തിരിക്കുന്നവതന്നെയായിരിക്കണം ഇവിടെ ഉപയോഗിക്കാന്‍.
ചുരുക്കം പറഞ്ഞാല്‍ ജീവാണുവിന്റെ സ്വഭാവ സവിശേഷതയറിയുക. വിശ്വാസ്യതയുള്ള ഉദ്പാദകരുടേത് ലഭ്യമാക്കുക. ഉദ്പാദന തിയ്യതിയോ അടുത്ത് തന്നെ വാങ്ങി ഉപയോഗിക്കുക. യോജിച്ച ഭൗതികസാഹചര്യങ്ങളില്‍നിന്നുതന്നെ വേര്‍തിരിച്ച് ലഭ്യമാക്കുക എന്നിവയാണ് ജൈവകൃഷിയില്‍ ജീവാണുമിശ്രിത വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്.
അഗ്രിയ, ട്രോപ്പിക്കല്‍ ഗ്രീന്‍, പി.സി.എല്‍, ടോഫ്‌കോ എന്നിങ്ങനെയുള്ളവയാണ് ജൈവകൃഷിയിലെ ജീവാണു വള മിശ്രിതങ്ങളുടെ നിര്‍മാതാക്കള്‍. ഇവ ജൈവ കീടനാശിനിയും ജീവാണുവളങ്ങളും ഒരുപോലെ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്യൂഡോലിന്‍, സ്യൂമോണോ, എന്നിവയാണ് പ്രധാന സ്യൂഡോമോണസ് അടിസ്ഥാനമാക്കിയുള്ള മിശ്രിത വളങ്ങള്‍. ട്രൈക്കോലിന്‍, നിഗ്രോട്ട് എന്നിവ ട്രൈക്കോഡര്‍മ അടിസ്ഥാനമാക്കിയും അസോലിന്‍പി അസോസ്‌പെരില്ലം അടിസ്ഥാനമാക്കിയും വിപണിയിലുണ്ട്.
ട്രോപ്പിക്കല്‍ ഗ്രീനിന്റെ നാനോ എന്‍.പി.കെ നൈട്രജന്‍ അടിസ്ഥാനവളമാണ്. സസ്യങ്ങള്‍ പൂക്കാനും കായ്ക്കാനും കപില എന്ന ജൈവമിശ്രിതമുണ്ട്. ജൈവ കീടനാശിനികളില്‍ ബ്യൂവേറിയ, നീം ഓയില്‍, നീംബാന്‍, ടാഗ്ബംബര്‍, ടാഗ്‌ഫോര്‍ട്ട്, ബയോമെട്രയ്‌സ്, ബയോഫെര്‍ട്ട്, എന്നിങ്ങനെ ഒരുപാടിനങ്ങള്‍ ഉണ്ട്. ഫിയെസ്റ്റയെന്ന വര്‍ളര്‍ച്ചാത്വരകം നിര്‍മ്മിച്ചിരിക്കുന്നത് മത്സ്യത്തിന്റെ ഘടകങ്ങള്‍കൊണ്ടാണ്. വാഴയുടെ കൂമ്പടപ്പിന് റൂബെക്‌സ് തുടങ്ങിയവും നിരവധി ജൈവസൂക്ഷ്മ ജീവകങ്ങളും വിപണിയില്‍ ലഭിക്കും. നല്ലത് തിരഞ്ഞെടുക്കാന്‍ നാം മനസ്സുവെക്കണം.
pramodpurath@gmail.com

സൂചികള്‍ ഓട്ടം നിര്‍ത്തി

mathrubhumi.com

സൂചികള്‍ ഓട്ടം നിര്‍ത്തി; എച്ച്.എം.ടി ഓര്‍മ്മയാകുന്നു

മനു കുര്യന്‍
ഇന്ത്യക്കാരന്റെ സ്വന്തം 'സമയസൂചിക' എച്ച്.എം.ടി ഓര്‍മ്മയാകുന്നു. സങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍ എച്ച്.എം.ടി വാച്ചുകള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നഷ്ടത്തില്‍ പ്
രവര്‍ത്തിക്കുന്ന കമ്പനിയുടെ അവസാന മൂന്നു യൂണിറ്റുകളും അടച്ചുപൂട്ടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ എന്നന്നേക്കുമായി എച്ച്.എം.ടിക്ക് കര്‍ട്ടന്‍വീഴുകയാണ്.
ഫാഷന്റെ പര്യായമായി ഇന്ത്യക്കാരന്‍ കൈയിലെന്തിയ ഇന്ത്യയുടെ സ്വന്തം വാച്ച് കമ്പനിയാണ് അങ്ങനെ ഓര്‍മ്മയാകുന്നത്. എച്ച്.എം.ടി വാച്ചസ് ലിമിറ്റഡ്, എച്ച്.എം.ടി ചിനാര്‍ വാച്ചസ്, എച്ച്.എം.ടി ബെയറിങ് ലിമിറ്റഡ് എന്നിവ അടച്ചുപൂട്ടാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ ബുധനാഴ്ച കൈക്കൊണ്ടു.
ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കിയാണ് കമ്പനിക്ക് താഴിടുന്നത്. ഇതിനായി 427 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി.
കഴിഞ്ഞവര്‍ഷം കമ്പനിയുടെ മൂന്നു യൂണിറ്റുകള്‍ പൂട്ടിയിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് എച്ച്.എം.ടിയും അടച്ചുപൂട്ടുന്നത്. ആയിരത്തോളം ജീവനക്കാരാണ് എച്ച്.എം.ടി വാച്ച്‌സില്‍ അവശേഷിക്കുന്നത്.
നാല് യൂണിറ്റുകളില്‍ തുംകൂരിലെ യൂണിറ്റില്‍ മാത്രമാണ് വാച്ച് നിര്‍മ്മാണം ഇപ്പോള്‍ നടന്നുവന്നിരുന്നത്. സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍പ്രകാരം വാച്ചുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലിയാണ് ഇവിടെ നടന്നുവന്നത്.
കമ്പനിയില്‍ ശേഷിക്കുന്ന 923 ജീവനക്കാരില്‍ ആര്‍ക്കും ഇനി എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുന്നില്ല. ഇതില്‍ ഭൂരിഭാഗവും വിരമിക്കലിന്റെ വക്കിലാണ്. മൂന്നു ദശാബ്ദം മുമ്പ് 1987 ലാണ് ഏറ്റവും ഒടുവില്‍ എച്ച്.എം.ടിയില്‍ നിയമനം നടന്നത്.
വി.ആര്‍.എസ് പ്രഖ്യാപിച്ചെങ്കിലും മൂന്നോ നാലോ മാസമെടുക്കും ഔദ്യോഗികമായി താഴിടാന്‍. എന്നാല്‍ വാച്ച് നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും നിര്‍ത്തും.
1961 ലാണ് ഇന്ത്യയുടെ സ്വന്തം എച്ച്.എം.ടി വാച്ചസ് പ്രവര്‍ത്തനം തുടങ്ങിയത്. ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി ചേര്‍ന്നായിരുന്നു എച്ച്.എം.ടി ബാംഗ്ലൂരില്‍ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ റിസ്റ്റ് വാച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറത്തിറക്കി. ചിലവ് കുറഞ്ഞ റിസ്റ്റ് വാച്ചുകളിലൂടെ ജോലിക്കാരെ കൃത്യമായി ജോലിക്കെത്തിക്കുക എന്ന ആശയവും നെഹ്‌റുവിനുണ്ടായിരുന്നു.
എച്ച്.എം.ടി ജനതയായിരുന്നു കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡല്‍. എച്ച്.എം.ടി പൈലറ്റ്. എച്ച്.എം.ടി ഝലക്, എച്ച്.എം.ടി സൊണ, എച്ച്.എം.ടി ബ്രെയില്‍ എന്നിവയെല്ലാം ഇന്ത്യക്കാരന്‍ കൈയില്‍ അഭിമാനത്തോടെ കെട്ടി നടന്നവയാണ്. ഇന്ത്യന്‍ പേരുകളിലാണ് ഭൂരിഭാഗം മോഡലുകളും ഇറക്കിയത്. ബുക്ക് ചെയ്ത് 10 മാസംവരെ എച്ച്.എം.ടി വാച്ചുകള്‍ക്കായി കാത്തിരിക്കേണ്ടി വന്ന ഇന്നലകളില്‍ നിന്നാണ് ബ്രാന്‍ഡ് തന്നെ അന്യമായി മാറുന്ന വര്‍ത്തമാനകാലത്തിലേക്ക് എത്തിയത്.
ബാംഗ്ലൂരിന് പുറമെ തുംകൂരിലും ഫാക്ടറി തുറന്നു. ക്വാര്‍ട്ട്‌സ് അനലോഗ് വാച്ചുകള്‍ തംകൂരിലെ യൂണിറ്റിലാണ് ഉണ്ടാക്കിയിരുന്നത്. 1985 ല്‍ ക്ലോക്ക് നിര്‍മ്മാണവും തുടങ്ങി.
സ്വകാര്യ കമ്പനികള്‍ വിലകുറച്ച് വാച്ചുകള്‍ ഇറക്കി തുടങ്ങിയതോടെയാണ് എച്ച്.എം.ടിയുടെ ആധിപത്യത്തിന് തിരിച്ചടിയേറ്റത്. 2000 ത്തിന് ശേഷം കമ്പനി നാള്‍ക്കുനാള്‍ നഷ്ടത്തിലേക്ക് വീണു, അനിവാര്യമായ അന്ത്യത്തിലേക്കും.
കഞ്ചന്‍ മോഡല്‍
എച്ച്.എം.ടിയുടെ ഓട്ടോമാറ്റിക് മോഡലായ കഞ്ചന്‍ സ്ത്രീധന വാച്ചായും അറിയപ്പെട്ടു. എച്ച്.എം.ടി ഷോറൂമുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാഷ് ട്രീയനേതാക്കളുടെ കത്തുമായി കഞ്ചന്‍ വാച്ചിനായി കാത്തുനിന്ന കാലം പഴയ തലമുറയുടെ ഓര്‍മ്മിയുലുണ്ടാകും
ഡിജിറ്റല്‍ ക്രോണോഗ്രാഫുള്ള എച്ച്.എം.ടിയുടെ ആദ്യവാച്ചായിരുന്നു ആസ്ട്ര മോഡല്‍. പൈലറ്റ്, ജവാന്‍, സൈനിക്, രക്ഷക് എന്നീ മോഡലുകള്‍ സൈന്യത്തിന്റെ പര്യായമായ മോഡലുകളായിരുന്നു.
മിലിട്ടറി വാച്ചുകളൊന്നുമല്ല ഇവയെങ്കിലും അവ കൂടുതലും മൂന്നു സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി നല്‍കിയവയാണ്. എച്ച്.എം.ടിയുടെ ആദ്യത്തെ വാച്ചുകളില്‍ ഒന്നായ ജനത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മോഡലായിരുന്നു.
അംബാസിഡര്‍ കാര്‍, ഇപ്പോള്‍ എച്ച്.എം.ടി വാച്ചുകള്‍. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന രണ്ട് ബ്രാന്‍ഡുകള്‍ അങ്ങനെ ഓര്‍മ്മയായി. അംബാസിഡറിന്റെ തകര്‍ച്ചയ്ക്ക് സമാനമാണ് എച്ച്.എം.ടിയിലും സംഭവിച്ചത്. കാലത്തിന് അനുസരിച്ച് മാറാനുള്ള വൈമുഖ്യവും വിദേശ ബ്രാന്‍ഡുകളോടുള്ള പ്രതിപത്തിയും കാരണങ്ങളായി.
ആല്‍വിനും ടൈറ്റനും വന്നപ്പോള്‍ ഇന്ത്യക്കാരന്‍ എച്ച്.എം.ടിയെ മറന്നു തുടങ്ങി. ദിവസവും കീകൊടുത്ത് ഉപയോഗിച്ചിരുന്ന വാച്ചുകളില്‍ നിന്ന് ബാറ്ററില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലേക്ക് മാറി വിപ്ലവകരമായ ഫാഷന്റെ പിറവി കൂടി വന്നപ്പോള്‍ എച്ച്.എം.ടി അതിലേക്ക് മാറാനാകാതെ പകച്ചുനിന്നു. ഇപ്പോഴിതാ ലോകം സ്മാര്‍ട്ട്‌വാച്ചുകളുടെ യുഗത്തിലേക്ക് കാല്‍കുത്തുകയും ചെയ്തിരിക്കുന്നു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1