ചരമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചരമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

3/27/2016

ലാഹോറിൽ ചാവേറാക്രമണം 64 മരണം

mathrubhumi.com


ലാഹോർ: പാകിസ്താനിലെ ലാഹോറിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.  മരിച്ചവരും പരിക്കേറ്റവരും  കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ലാഹോറിലെ പ്രധാന പാർപ്പിടമേഖലയായ ഇക്ബാൽ ടൗണിലെ ഗുൽഷൻ ഇ ഇക്ബാൽ പാർക്കിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ ദിനമായതിനാൽ പാർക്കിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി കുടുംബങ്ങൾ ഒത്തുകൂടിയിരുന്നു. ഈസ്റ്റർ ആഘോഷിക്കാനെത്തിയ ക്രിസ്ത്യാനികളായിരുന്നു കൂടുതലും.  പാർക്കിന്റെ പ്രധാന കവാടത്തിനു തൊട്ടടുത്തായാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് ഇക്ബാൽ ടൗൺ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
 pakistanപാർക്കിൽ സുരക്ഷാസംവിധാനങ്ങൾ കുറവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രവേശനകവാടങ്ങളുള്ള വലിയ പാർക്കാണ് ഇക്ബാൽ പാർക്ക്. ദുരന്തത്തിനിരയായവരെ ടാക്സിയിലും റിക്ഷകളിലുമാണ് ആസ്പത്രികളിൽ എത്തിച്ചത്.
 സ്ഫോടനത്തെത്തുടർന്ന് സ്ഥലത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തട്ടകമാണ് പാക് പഞ്ചാബ് പ്രവശ്യയുടെ തലസ്ഥാനമായ ലാഹോർ. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

 

3/25/2016

ചലചിത്ര നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. രാവിലെ 8.15നായിരുന്നു അന്ത്യം.
1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മളിലൂടെയാണ് (2002)  സിനിമയില്‍ സജീവമായത്. മലയാളവും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഞാന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് റിലീസ് ചെയ്ത അവസാന ചിത്രം.
സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വീണ്ടും ചികിത്സ തേടിയെങ്കിലും ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇടപ്പള്ളി അമൃത ആസ്പത്രിയിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
തൊണ്ടക്ക് ബാധിച്ച അര്‍ബുദം പിന്നീട് ശ്വാസകോശത്തിലേക്കുകൂടി പടര്‍ന്നതായിരുന്നു ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതി വളഷാക്കിയത്. എങ്കിലും അവസാന സമയം വരെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അത് സോഷ്യല്‍മീഡിയ വഴി നിരന്തരം പങ്കുവെച്ചു. വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ കഴിഞ്ഞ 22ന് ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും ബുധനാഴ്ച ഗുരുതരാവസ്ഥയില്‍ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ആരോഗ്യനില വഷളായിരുന്നു.
ചൂണ്ട, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, ചന്ദ്രനിലേക്കൊരു വഴി, യുഗപുരുഷന്‍, നിദ്ര, ഓഡിനറി, ഉസ്താദ് ഹോട്ടല്‍, ബ്രെയ്കിങ് അവേഴ്‌സ് 10-4, അന്നും ഇന്നും എന്നും, പ്രയേഴ്‌സ്, റബേക്ക ഉതുപ്പ് കിഴക്കേമല, കളിയോടം, ഞാന്‍ എന്നിവയാണ് ജിഷ്ണു അഭിനയിച്ച മലയാള സിനിമകള്‍.  ട്രാഫിക് എന്ന സിനിമയുടെ റീമെയ്ക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടെ ഐ.ടി രംഗത്തും സജീവമായിരുന്നു. എന്‍.ഐ.ടിയില്‍ ജൂനിയറായി പഠിച്ച് ആര്‍ക്കിടെക്ട് ധന്യയാണ് ഭാര്യ.

3/24/2016

പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ .......അന്തരിച്ചു ആദരാഞ്ജലികള്‍

mathrubhumi.com

പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ അന്തരിച്ചു

വി.ഡി രാജപ്പന്‍ അന്തരിച്ചുകോട്ടയം: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി രാജപ്പന്‍(68) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ ഹാസ്യതാരത്തിന്റെ അവസാനകാലം തീര്‍ത്തും ദുരിതമയമായിരുന്നു.
മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ നിറഞ്ഞ കഥാപ്രസംഗങ്ങളാണ് വി.ഡി രാജപ്പനെ ജനകീയനാക്കിയത്.
ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായെത്തിയ(അവളുടെ പാര്‍ട്സുകള്‍), കോട്ടയം വേലുക്കുഴിയില്‍ ദേവദാസിന്റെ മകന്‍ രാജപ്പന്‍ മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. 74-ല്‍ തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയം, 'മാക് മാക്' എന്ന പേരില്‍ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 കോമഡി കാസറ്റുകള്‍ പുറത്തുവന്നു. കഥാപ്രസംഗമായി അവ വേദികളിലും അവതരിപ്പിക്കപ്പെട്ടു.
വി.ഡി.രാജപ്പന്റെ കുട്ടിക്കാലം പട്ടിണിയുടേതും കഷ്ടപ്പാടിന്റേതുമായിരുന്നു. അന്ന് കോട്ടയം ഗവ. മോഡല്‍ സ്‌കൂളിന് സമീപത്തെ പിള്ളച്ചേട്ടന്റെ കടയില്‍ വീട്ടില്‍നിന്ന് തരപ്പെടുത്തിയ നാണയത്തുട്ടുകളുമായി ചായ കുടിക്കാനെത്തി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി' എന്ന ഗാനത്തിന്റെ ഈണത്തില്‍
'കാപ്പി...കടുംകാപ്പിചായ...കടും ചായ...കാശു തരൂ...എന്റെ കാശു തരൂ...'
എന്നൊരു പാട്ടുപാടി. അതായിരുന്നു തുടക്കം. താന്‍ പാടിയ പാരഡി, കേട്ടവര്‍ക്ക് രസകരമാകുന്നുവെന്ന് മനസ്സിലാക്കിയ രാജപ്പന്‍ പിന്നീട് പാട്ടുകള്‍ക്ക് പാരഡി മെനയാന്‍ ശ്രമിച്ചുതുടങ്ങി. ഒടുവില്‍ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങാന്‍ താമസം വന്നപ്പോള്‍ ഇടയില്‍ നടത്തിയ ഹാസ്യകലാപ്രകടനമാകട്ടെ ആദ്യ അരങ്ങേറ്റമായി.
വി.സാംബശിവന്‍, കൊല്ലം ബാബു തുടങ്ങിയ പ്രതിഭാധനന്മാര്‍ വിരാജിക്കുന്ന കാലത്ത് തവളയും നീര്‍ക്കോലിയും ഒക്കെ വി.ഡി രാജപ്പന്റെ കഥാപാത്രങ്ങളായി. കുറേ സിനിമകളിലും രാജപ്പന്‍ 'കോമഡിയുടെ തമ്പുരാനായി' അവതരിച്ചു. 'കാട്ടുപോത്ത്', 'ഞാനും വരുന്നു' തുടങ്ങിയ സിനിമകള്‍ റിലീസായില്ലെങ്കിലും കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി 150 ഓളം സിനിമകളിലും രാജപ്പന്‍ ചിരിയുടെ അമിട്ടുപൊട്ടിച്ചു.
 mathrubhumi.com

കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ

'സഹൃദയരേ, പ്രിയ കലാസ്‌നേഹികളേ...' മുഴങ്ങുന്ന ശബ്ദം. കാഥികന്‍ ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു. ഇന്നിവിടെ അവതരിപ്പിക്കുന്ന കഥ, 'ചികയുന്ന സുന്ദരി'. ഹാര്‍മോണിയവും തബലയും ഡംബലും ഒരുമിച്ച് മുഴങ്ങി. സ്റ്റേജില്‍ ഒരു വെടിക്കെട്ടിന്റെ ബഹളം. പ്രിയമുള്ളവരേ, ഈ കഥ നടക്കുന്നത് അങ്ങ് മലബാറിനപ്പുറത്തുള്ള പ്രശാന്തസുന്ദരമായ ഒരു കൊച്ചുഗ്രാമത്തിലാണ്. അതാ അവിടേക്ക് നോക്കൂ. 'കാട്ടരുവികള്‍, കാട്ടുവള്ളികള്‍ നെടുതായി വളര്‍ന്നുനില്‍ക്കും കൊന്നതെങ്ങുകള്‍' ഇങ്ങനെയുള്ള മലബാറില്‍ ഒരു കൊച്ചുഗ്രാമമുണ്ട്്. അതിന്റെ പേരാണ് പൊന്നിയം.(വീണ്ടും ഡംബല്‍ ഉറക്കെ കരഞ്ഞു) ആ ഗ്രാമത്തിന്റെ മധ്യഭാഗത്തുകൂടെ ശാലീന സുന്ദരിയായ പൊന്നിയം പുഴ ഒഴുകുകയാണ്. ആ പുഴയുടെ തിട്ടയില്‍ ഒരു കൊച്ചുവള്ളിക്കുടില്‍. ആ കുടിലില്‍ നിന്നും സുന്ദരിയായൊരു പെണ്ണ് പതിയെ വെളിയിലേക്ക് ചാടി. ആ പെണ്‍കുട്ടിയാരെന്നറിയാമോ. അവളുടെ പേരാണ് പെട. ഛ്‌ലിംംംംം..വീണ്ടും ഡംബ ല്‍ ശബ്ദമുണ്ടാക്കി.
കാഥികന്റെ മുഖത്ത് ശൃംഗാരം വിരിഞ്ഞു. സദസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി. പൂവന്റെയും പിടയുടെയും കഥ കൊഴുക്കുകയാണ്. വി.ഡി.രാജപ്പന്‍ എന്നുകേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ ചിരിച്ച് കുന്തംമറിഞ്ഞു. 'പ്രിയേ നിന്റെ കുര'യും 'കുമാരി എരുമ'യും 'എന്നെന്നും എന്റെ കുരങ്ങേട്ടനു'മൊക്കെ സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റുകളായി. കാലം എഴുപത്, എണ്‍പതുകള്‍. ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ഇന്നും ചെറുചിരി ഊറി വരും.
ഏറ്റുമാനൂരിനടുത്ത് പേരൂരിലെ വീട്ടുമുറ്റത്തേക്ക് കയറുമ്പോള്‍ ആ പഴയ കിരുകിരുപ്പന്‍ ശബ്ദം ചെവിയില്‍ മുഴങ്ങി. വി.ഡി. രാജപ്പന്‍ എന്ന പാരഡി രാജപ്പന്‍ അകത്ത് വിശ്രമജീവിതമാണ്. എങ്കിലും ചിരിയുടെ അമിട്ടിന് ഒട്ടും മുട്ടില്ല. 'മീറ്റ് ടു ഗ്ലാഡ് ടു യു...'രാജപ്പന്‍ പാരഡി തുടങ്ങി. ഞങ്ങള്‍ പുള്ളിയെ കസ്റ്റഡിയിലെടുത്തു.
ഇതെന്നാ...പുറത്തോട്ടൊന്നും പോവാറില്ലേ?
ഈയെടയ്‌ക്കെങ്ങാണ്ടോ പോയിരുന്നു. ഓര്‍മയില്ല. രാജപ്പന്‍ നിഷ്‌കളങ്കനായി ചിരിച്ചു. ഓര്‍മയില്‍ ഇടയ്ക്കും തലയ്ക്കുമൊക്കെയുള്ള കാര്യങ്ങളേ ഉള്ളൂ.'സുലോമി...'രാജപ്പന്‍ ഉച്ചത്തില്‍ വിളിച്ചു.'കൂയ്...'അടുക്കളയില്‍നിന്ന് ഭാര്യ സുലോചന കൂവി. 'ഞങ്ങളേ ഇവിടെയുള്ളൂ. മക്കളില്‍ മൂത്തവന്‍ എം.ജി. യൂണിവേഴ്‌സിറ്റിയിലാ. രണ്ടാമത്തവന്‍ ബഹ്‌റിനിലും.'അപ്പോഴേക്കും ഒരുവടി കുത്തി സുലോമി എന്ന സുലോചന വന്നു.'എന്റെ കാലില്‍കമ്പിയിട്ടിരിക്കയാ. തെന്നിവീണ് കാലൊടിഞ്ഞു. 24 കുത്തിക്കെട്ടുണ്ട്.'സുലോമി ആരോഗ്യത്തിന്റെ രഹസ്യം പരസ്യമാക്കി. 'ഇതാണ് എന്റെ എല്ലാം'. രാജപ്പന്‍ ഭാര്യയെ പരിചയപ്പെടുത്തി.
എത്ര വര്‍ഷമായി ഈ പിടയെ കണ്ടെത്തിയിട്ട്?
32 ആണെന്നാ തോന്നുന്നത്,അല്ലേ ചേട്ടായി.


v d rajappan
വി. ഡി. രാജപ്പന്‍ ഭാര്യ സുലോമിക്കും
മക്കള്‍ക്കുമൊപ്പം. പഴയകാല ചിത്രം
അന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോ ചേട്ടന്‍ വല്യ സ്റ്റാര്‍ ആയിരുന്നല്ലോ?
ആണോടീ....സുലോമി നീട്ടി ചിരിച്ചു.
രാജപ്പന്‍: ഒരു ക്ഷേത്രത്തില്‍ ഞാനൊരു കഥ പറഞ്ഞുകൊണ്ടിരിക്കയാണ്. നോക്കുമ്പോള്‍ ദൂരെ ഒരു മരത്തിന്റെ ചുവട്ടില്‍ ഒരാള്‍ ഒറ്റയ്ക്കിരുന്ന് എന്നെ ശ്രദ്ധിക്കുന്നു. ഞാനും നോക്കി. ആ കൊച്ചിന് ജോലി കുത്തിവെപ്പായിരുന്നു. നഴ്‌സാണ്. എനിക്ക് അഡ്രസൊക്കെ തന്നു. പിന്നെ ഇടയ്‌ക്കൊക്കെ പോയി കാണും. കണ്ടുകണ്ട്് ഒരിക്കല്‍ ഞാന്‍ പറഞ്ഞു, വീട്ടിലേക്ക് പോന്നോളാന്‍. ഹഹഹഹ...
കുറച്ചുകഴിഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലായിരുന്നു മുഹൂര്‍ത്തം. തലേന്ന് ഞാന്‍ മദ്രാസിലെ സ്വാമീസ് ലോഡ്ജിലാണ്. കവി വയലാറും നടന്‍ രതീഷും ഉണ്ടായിരുന്നു ഒപ്പം. രാത്രി ഞങ്ങളങ്ങ് കൂടി. പിറ്റേന്ന് രാവിലെ എണീറ്റ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും വിമാനം പൊങ്ങിപ്പോയി. അവിടെനിന്ന് ട്രെയിനില്‍ കേറി സ്ഥലത്തെത്തുമ്പോഴേക്കും ഒരുദിവസം കഴിഞ്ഞു. വീട്ടില്‍ ചെന്നപ്പൊ പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു, ഇന്ന് പന്ത്രണ്ടിനൊരു മുഹൂര്‍ത്തമുണ്ട്. അങ്ങ് കെട്ടിക്കോ എന്ന്.(രണ്ടുപേരും കുലുങ്ങിച്ചിരിച്ചു).
സുലോമി: അന്ന് ഒരുപാട് തിരക്കുള്ള ആളല്ലേ. വല്യ സ്റ്റാറാ, കോളേജിലൊക്കെ പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോ പുള്ളിയെ ഒന്ന് തൊടാനൊക്കെ കൊതിച്ചിട്ടുണ്ട്്. പിന്നെ എന്റേ തലേലായിപ്പോയി....ഹഹഹഹ...'എടീ എനിക്കൊരു സിഗരറ്റ് തര്വോ'. രാജപ്പന്‍ ചോദിച്ചു. മുക്കാലും ഒഴിഞ്ഞ കൂടില്‍ ഒരെണ്ണം മിച്ചമുണ്ട്്. സുലോമി അതെടുത്ത് ചുണ്ടില്‍ വെച്ചുകൊടുത്തു. 'ഏതുനേരവും ഇതാ പണി. ദിവസം അഞ്ച് പാക്കറ്റെങ്കിലും ചുരുങ്ങിയത് വേണം.'അവര്‍ കണ്ണുരുട്ടി.
പഴയ പോലെ പാട്ടൊക്കെ വരാറില്ലേ ഇപ്പോള്‍? പിന്നേ...രാജപ്പന്റെ ശബ്ദം ഉയര്‍ന്നു.
സുലോമി: ഓര്‍മ ഇച്ചിരി പുറകോട്ടാ. ഒന്നുരണ്ടുവരി കേള്‍പ്പിച്ചാ മതി. ആളങ്ങ് പാടിക്കോളും. സുലോചന ഒരു ഈണമിട്ടു. തൂക്കണാംകുരുവിയിലെ താരിളം കുരുന്നോ എന്ന പാട്ടിന്റേതാണ്. രാജപ്പന്‍ പാട്ടുതുടങ്ങി.
കാട്ടിലുള്ള കരളേ/നീ നാട്ടിലുള്ള കരളോ.
മങ്കിപെറ്റ മകളോ/കരിമാന്തി പെറ്റ മകളോ.
ആരുനീ ആരുനീ...
ഇപ്പോ,യൂ ടൂബിലും ചേട്ടന്‍ സ്റ്റാറല്ലേ...
രാജപ്പന്‍: അതെന്നാ ട്യൂബാ.. കണ്ണുമിഴിച്ചുകൊണ്ടൊരു മിമിക്രി
ഇപ്പൊ ഇറങ്ങുന്ന പാട്ടുകള്‍ക്കൊന്നും പാരഡി എഴുതാത്തതെന്ത്?
പഴയ പാട്ടാണ് നല്ലത്. അതാണ് ഹൃദയഹാരിയായത്. അന്നത്തെ പോലുള്ള പാട്ടുകളൊക്കെ ഇപ്പൊ ഇറങ്ങേണ്ടെ പൊന്നുസഹോദരാ...
ഈ ചേച്ചിയെക്കുറിച്ച് എഴുതിയിട്ടുണ്ടോ?
പൂമുഖ വാതില്‍ക്കല്‍/പുച്ഛിച്ചുനില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യ/നല്ല മനുഷ്യനെ
നാണം കെടുത്തുന്ന/താടകയാണെന്റെ ഭാര്യ
എത്രയൊഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണെന്‍ ഭാര്യ
എണ്ണിയാല്‍ തീരാത്ത/കുറ്റങ്ങളുള്ളൊരു
കോങ്കണ്ണിയാണെന്റെ ഭാര്യ. രാജപ്പന്‍ ഭാര്യയെ തോണ്ടി 'ബാക്കിയെന്നാടീ...'
സുലോമി: കാഴ്ചയില്‍ കള്ളിയും കര്‍മത്തില്‍ പിശുക്കിയും
രൂപത്തില്‍ യക്ഷിയും ഭാര്യ(രണ്ടുപേരും പൊട്ടിച്ചിരിച്ചു. ) പുള്ളിയെ കാണാനായി വരുന്നവരെല്ലാം എന്നെ സൂക്ഷിച്ചുനോക്കും, കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോയെന്ന്.
രാജപ്പന്‍: ഇവള്‍ക്കേയ്,ദേഷ്യം വരുമ്പോള്‍ കോങ്കണ്ണാവും.
സുലോമി: കോങ്കണ്ണുള്ളവരെ നഴ്‌സിങ്ങിന് എടുക്ക്വോ.
എങ്ങനെ വന്നു ഇത്രയും പാട്ടുകള്‍?
അന്നൊക്കെ പുതിയ പാട്ടുകേള്‍ക്കുമ്പോള്‍ നമുക്കങ്ങ് തോന്നും. ചുമ്മാ ബസ്സേല്‍ പോവുമ്പോ ഞാന്‍ ഓരോ തുണ്ടില്‍ എഴുതും. പേപ്പറിന്റെ ചെറിയ കഷ്ണം,സിഗരറ്റ് പാക്കറ്റില്‍. വീട്ടില്‍ വന്നാല്‍ പുലര്‍ച്ചെയിരുന്നാണ് എഴുത്ത്. രണ്ടരയ്ക്ക് എഴുന്നേല്‍ക്കും. അപ്പോ നല്ല മൂഡാവും.
v d rajappan
മൃഗങ്ങളെക്കുറിച്ചല്ലേ അധികമെഴുതിയത്. എന്താ മനുഷ്യരെ പേടിയായിരുന്നോ?
അന്ന് വലിയ കാഥികന്‍മാര്‍ കിടക്കുകയല്ലേ. സാംബശിവന്‍, കൊല്ലം ബാബു അണ്ണന്‍, കെടാമംഗലം. അവരൊക്കെ ടോപ്പ് പോസ്റ്റില്‍ അല്ലേ. അവരുടെ ഇടയ്ക്ക് ഞാന്‍ ചെന്നാല്‍ ഒന്നുമാകത്തില്ല. അപ്പോ പാരഡിയുണ്ടാക്കാന്‍ തോന്നി. പിന്നെ എനിക്കെല്ലാം ദൈവം തന്നു. 88 പടത്തില്‍ അഭിനയിച്ചു. ചിലപ്പോ അതിലുംകൂടുതല്‍ കാണും. 'സുലോമീ...'രാജപ്പന്‍ വീണ്ടും വിളിച്ചു.'ശകലം ഇങ്ങുതാടീ.'
സുലോമി: അതില്‍ ശകലമേ ഇരിപ്പുള്ളൂ. 'അതുമതി' വലിയ കുപ്പിയില്‍ നിന്ന് അവര്‍ ചുവന്ന ദ്രാവകം ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തു. 'ഒഴിച്ചോ,ഒഴിച്ചോ..' രാജപ്പന്‍ പ്രോത്സാഹിപ്പിച്ചു. 'മകനേ...സുലോ...ഞാനിത് തീര്‍ത്തേക്കട്ടെ....'രാജപ്പന്‍ അനുമതി ചോദിച്ചു, സുലോമി പച്ചക്കൊടി വീശി.
രാജപ്പന്‍: ഒരു സിറ്റ്വേഷന്‍ ക്രിയേറ്റ് ചെയ്ത് ഞാനങ്ങ് പാരഡി ഉണ്ടാക്കും. അവസാനം ഞാന്‍ മൃഗങ്ങളുടെ കാഥികനായി.
എരുമേ നിന്നെ മറന്നതുമല്ല/മനസ്സാല്‍ നിന്നെ വെറുത്തതുമല്ല
കൊതിയാണിന്നും ഒന്നിച്ചുറങ്ങാന്‍/വിധിയാണെല്ലാം സഹിക്കുക നമ്മള്‍
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ അന്നുവേണം കണ്ടിടാന്‍
കഴിഞ്ഞത് മറക്കുക നീ/എന്റെ എരുമപ്പെണ്ണേ
എന്റെ കൊച്ചുകറുമ്പിപ്പെണ്ണേ/നിന്നെയോര്‍ത്ത് ഞാനും/എന്നെയോര്‍ത്ത്‌നീയും...'കുമാരി എരുമയിലെ വരികള്‍ വീണ്ടും ജനിച്ചു.
ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടല്ലോ?
ഞാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ അങ്ങനെ കുറെ രാജ്യങ്ങള്‍ ചുറ്റിയിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോ ഒരുമദാമ്മയും സായിപ്പും കൂടെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടു. അവിടെയൊക്കെ വഴിയില്‍നിന്ന് പരസ്യമായിട്ടാണ് കെട്ടിപ്പിടിത്തം.
സുലോമി: ഈ പുള്ളി നോക്കിനിന്നു. സായിപ്പ് എന്നാ ചെയ്‌തെന്ന് അറിയാമോ. ഒരു ടിന്‍ ബീറെടുത്ത് ഒറ്റയേറ്. ഈ പുള്ളി ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടു. അല്ലേല്‍ ചത്തുപോയേനെ.
രാജപ്പന്‍: ഞാന്‍ 84ല്‍ അമേരിക്കയില്‍ പോയിരുന്നു. അന്ന് എനിക്ക്‌വലിയൊരു ആഗ്രഹം. അവിടുത്തെ ഏറ്റവും വലിയ കെട്ടിടത്തില്‍താമസിക്കണം. സീയസ് ടവറിലാണ് റൂമെടുത്തത്. രാവിലെ ഒരുസുഹൃത്ത് വന്ന് ഞങ്ങളെയെല്ലാം വണ്ടിയില്‍ കയറ്റി കറങ്ങാന്‍പോയി. തിരിച്ചുവന്നപ്പോള്‍ ഹോട്ടലിലെ ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ല. ഞങ്ങളുടെ മുറി 111-ാം നിലയിലാണ്. ഞാനും പാര്‍ട്ടിക്കാരുംനടന്നുകയറാന്‍ തീരുമാനിച്ചു.110-ാം നിലയിലെത്തിയപ്പോഴാണ് എന്റെ തബലിസ്റ്റ് പൊട്ടിക്കരഞ്ഞത്്. എന്തുപറ്റി? പുള്ളി പറയുകയാണ്,ആശാനേ മുറിയുടെ താക്കോല്‍ താഴെ കൗണ്ടറില്‍ വെച്ച് മറന്നുപോയെന്ന്...ഹഹഹഹ
രാജപ്പന്‍ വിശ്രമത്തിലേക്ക് തിരിഞ്ഞു. അകത്ത് കൂര്‍ക്കംവലിയുടെ താളം.
സുലോമി: പുള്ളി കുറെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലും ഇവിടെ സിനിമാക്കാരൊന്നും വരത്തില്ല. അമ്മയില്‍നിന്നുള്ള പെന്‍ഷന്‍ കിട്ടുന്നുണ്ട്. മാസം അയ്യായിരം രൂപ. പണ്ട് ഈ പുള്ളി കുറെ കാശുണ്ടാക്കി. പക്ഷേ എല്ലാം കൂട്ടുകാര് ചേര്‍ന്ന് നശിപ്പിച്ചു. ഒന്നും സൂക്ഷിച്ചുവെച്ചില്ല. പിള്ളാരെ പഠിപ്പിക്കാനുള്ള കഴിവ് പോലുമുണ്ടായില്ല.'സുലോമി ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തില്‍ അവര്‍ അധികം ചിരിച്ചിട്ടില്ലെന്ന് തോന്നുന്നു. 'കല്യാണം കഴിഞ്ഞ് എന്നെ ജോലിക്ക് വിട്ടില്ല. കാരണം അന്ന് പുള്ളിക്ക് ദിവസം മൂന്നും നാലും കഥയുണ്ടല്ലോ. പിന്നീടാണ് ഞാന്‍ വീണ്ടും ജോലി ചെയ്തുതുടങ്ങിയത്. എനിക്ക് കിട്ടുന്ന നക്കാപ്പിച്ച കാശുകൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്. കടം കയറി വിറ്റ വീടാണത്'അവര്‍ നേരെ മുന്നിലുള്ള വലിയൊരു വീട്ടിലേക്ക് വിരല്‍ ചൂണ്ടി. 'എന്തോ'ഇടയ്ക്ക് മയക്കത്തില്‍നിന്ന് രാജപ്പന്‍ ഒന്ന് വെറുതെ മുരണ്ടു. സുലോമി പുറത്ത് തലോടിക്കൊടുത്തു.
സുലോമി: ചേട്ടന് ഇപ്പോ 65 ആയി. എനിക്ക് 58. മൂത്തമോന്‍ കല്യാണമൊക്കെ കഴിഞ്ഞ് വേറെ താമസിക്കുകാ. രണ്ടാമത്തെ പുള്ളി കിടന്ന് കയറുപൊട്ടിക്കുകയാണ്. കെട്ടണം,കെട്ടണം എ്ന്നുപറഞ്ഞ്.'കോമഡിയില്‍ സുലോമി രാജപ്പന്റെ നല്ലപാതി തന്നെ. 'സുലോമീ' രാജപ്പന്‍ പാതിമയക്കത്തില്‍ വീണ്ടും വിളിച്ചു.'ശകലം ഒഴിച്ചുതാ...'ഇനിയില്ല ചേട്ടായി,പോയി വാങ്ങിക്കണം' സുലോചന ആശ്വസിപ്പിച്ചു.
സുലോമി: ഇത് കള്ളല്ല,ആംമ്‌നേറ്റി മിക്‌സചര്‍ എന്നുപറയും. നമ്മള്‍ പണ്ട് ആസ്പത്രിയില്‍ ചെല്ലുമ്പോ കിട്ടുന്നൊരു മരുന്നാണ്. ഗ്യാസിനും പനിക്കും എ്ന്നതായാലും വേണ്ടില്ല, ഒരു കുപ്പിയും കൊണ്ട് ചെന്നാല്‍ അങ്ങ് ഒഴിച്ചുകൊടുക്കും. ഇപ്പോ ഇതായാലും മതിയെന്ന് പറഞ്ഞു. ഇടയ്‌ക്കൊരു ഫോണ്‍. രാജപ്പന്‍ ഞെട്ടിയുണര്‍ന്നു.'ആരാ...'
സുലോമി: പുള്ളിക്ക് പണ്ട് മുടിവെട്ടായിരുന്നു. അപ്പോ പഴയ സിനിമാപ്പാട്ടൊക്കെ പാടിപ്പാടി പാരഡി പോലങ്ങാക്കി. പിന്നെയങ്ങ് ഫേമസായി. പുള്ളി ഒമ്പതാം ക്ലാസ് വരെയാണ് പഠിച്ചത്. അതുതന്നെ കട്ടപ്പൊകയാ. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് അറിയുന്ന ദിവസം, സ്‌കൂളിനടുത്തൊരു മരമുണ്ട്. അതിന്റെ മുകളില്‍ കേറി, സാറേ എന്നെ ജയിപ്പിച്ചില്ലേല്‍ താഴേക്ക് ചാടും എന്ന് ഭീഷണിപ്പെടുത്തിയത്രേ. അങ്ങനെ മാഷ് ജയിപ്പിച്ചതാണ്.' ചിരിയുടെ അമിട്ട് സുലോമിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ് രാജപ്പന്‍. അദ്ദേഹം പതുക്കെ ഒന്ന് നടുനിവര്‍ത്തി. രാവിലെ എണീറ്റ് വരുന്ന മട്ടില്‍ കണ്ണൊന്ന് തിരുമ്മി.
'പാവം വിശക്കുന്നുണ്ടാവും. രണ്ട് പൊറോട്ട ഇരിപ്പുണ്ട്. അതൊന്ന് ചൂടാക്കി കൊടുക്കട്ടെ', സുലോമി അടുക്കളയിലേക്ക് തിരിഞ്ഞു. ഞങ്ങള്‍ യാത്ര പറഞ്ഞു. ഇറങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു പാട്ടുകേട്ട പോലെ. 'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ വിജനതയില്‍ എന്ന പാട്ടിന്റെ അതേ ട്യൂണ്‍. 'എരുമകളായി രണ്ടുപേര്‍ വന്നല്ലോ പൊരിവെയിലില്‍ ദാഹിച്ചുപോയല്ലോ...'സംശയമില്ല, ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.
(ലേഖനം 2014 ആഗസ്തില്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
 mathrubhumi.com

ചിരിയുടെ 'അമിട്ട്'

ചിരിയുടെ 'അമിട്ട്'
പാരഡി കൈമുതലാക്കി മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞുനിന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് വി.ഡി രാജപ്പന്‍ ജീവന്‍നല്‍കി. മുത്താരുംകുന്ന് പി.ഒയില്‍ വി.ഡി രാജപ്പന്റെ സഹദേവന്‍ എന്ന ചായക്കടക്കാരനും നകുലന്‍ എന്ന ജഗതിയുടെ ചായക്കടക്കാരനും തമ്മിലുള്ള വഴക്കുകളും വെല്ലുവിളികളും ചിരിയുടെ പൂത്തിരിസൃഷ്ടിച്ചു. കുസൃതിക്കാറ്റിലെ ഭാര്യയെ സംശയിക്കുന്ന കറിയാച്ചന്‍, പുതുക്കോട്ടയിലെ പുതുമണവാളനിലെ ഗുരുക്കള്‍, ഇതാ ഇന്നുമുതലിലെ തച്ചോളി തങ്കപ്പന്‍..അങ്ങനെ വി.ഡി രാജപ്പനെ ചിരിപടര്‍ത്തിയ ചിത്രങ്ങള്‍ നിരവധി. സുരാസു, ജോണ്‍ ഏബ്രഹാം എന്നിവരുമായുള്ള സൗഹൃദമാണ് വി.ഡി രാജപ്പന് സിനിമയിലേക്ക് വഴിതുറന്നത്. ജോണ്‍ ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ അടൂര്‍ഭാസിയെ കാണുകയും അവിടെവച്ച് 'മരുതുമലൈ മാമുനിയേ മുരുകയ്യാ.. എന്ന ഈണത്തിനൊപ്പിച്ച് 'കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ'.. എന്ന ഒറ്റ പാരഡികൊണ്ട് അദ്ദേഹത്തെ ഭാസിയുടെ മനം കവര്‍ന്നു. അങ്ങനെ അടൂര്‍ ഭാസിയാണ് വി.ഡി രാജപ്പനെ നസീറിന് പരിചയപ്പെടുത്തിയത്.
പക്ഷേ വി.ഡി രാജപ്പന്‍ അഭിനയിച്ച ആദ്യത്തെ രണ്ട് സിനിമകളും റിലീസായില്ല. കാട്ടുപോത്തിലാണ് ആദ്യം വേഷമിട്ടത്. രഘുവരനും രോഹിണിയും മുഖ്യവേഷങ്ങള്‍ ചെയ്ത കക്കയിലൂടെയാണ് വി.ഡി.രാജപ്പനെ അഭ്രപാളിയില്‍ ജനം ആദ്യം കാണുന്നത്. നാലാമത്തെ ചിത്രമായ 'കുയിലിനെ തേടി' റിലീസായതോടെ വി.ഡി രാജപ്പന്‍ സിനിമയുടെ ഹാസ്യത്തിന് അഭിവാജ്യഘടകമായി.
എങ്ങനെ നീ മറക്കും. വീണ്ടും ചലിക്കുന്ന ചക്രം, പഞ്ചവടിപ്പാലം, ഇതാ ഇന്നുമുതല്‍, ആട്ടക്കലാശം, ന്യായവിധി, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത തുടങ്ങി 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അദ്ദേഹം സിനിമയില്‍ ഗായകനായി, സംഗീത സംവിധായകനുമായി. സഖാവ് എന്ന ചിത്രത്തില്‍ മുന്‍മന്ത്രി പന്തളം സുധാകരന്റെ വരികള്‍ക്ക് ഈണമിട്ടു. സഖാവ് കൂടാതെ ആനയ്‌ക്കൊരുമ്മ എന്ന സിനിമയിലും പാട്ടിന് ട്യൂണിട്ടു.
'സഖാവിന്' സംഗീതസംവിധാനം ചെയ്യാമോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഒരു ഫുള്ളും ടേപ് റിക്കോര്‍ഡറും തീപ്പെട്ടിയും തന്നാല്‍ ട്യൂണിടാമെന്ന മറുപടിയിലും ഒരു ഹാസ്യകലാകാരനെ കാണാന്‍ കഴിയും. തീപ്പെട്ടിയെന്തിന് എന്ന് ചോദിച്ചവര്‍ക്ക് ഉണ്ണിമേരി അവതരിപ്പിച്ച കാബറെ ഡാന്‍സ് കണ്ടവര്‍ക്ക് ഉത്തരം കിട്ടും. സുരലോകം നിറയുന്നു എന്ന  ആ ഗാനത്തിന് തീപ്പെട്ടികൊണ്ടാണ് രാജപ്പന്‍ താളമിട്ടത്.
 mathrubhumi.com

ദു:ഖങ്ങളെ പാരഡിയാക്കിയ പെരുന്തച്ചന്‍

രായിരുന്നു വി.ഡി. രാജപ്പന്‍ എന്ന ചോദ്യത്തിന് ആരല്ല രാജപ്പന്‍ എന്ന മറുചോദ്യമാണ് ഏറ്റവും ഉചിതമായ ഉത്തരം. നടനായിരുന്നു. കാഥികനായിരുന്നു. ഗായകനായിരുന്നു. ഗാനരചയിതാവായിരുന്നു. ഇതെല്ലാം കൂടി ചേര്‍ത്തരച്ച അതിഗംഭീരനായ പാരഡിക്കാരനുമായിരുന്നു.
പാരഡിയെന്ന പടുപാട്ടിന് ഒരു സിനിമാഗാനത്തോളം അല്ലെങ്കില്‍ അതിലേറെ ജനപ്രീതിയും മാന്യതയും നല്‍കിയതില്‍ രാജപ്പനുള്ള പങ്ക് പറഞ്ഞാല്‍ തീരുന്നതല്ല. രാജപ്പന്റെ പാരഡികള്‍ അവയുടെ ഒറിജിനലുകളെ പോലും കളിയാക്കി പാടി പിന്തള്ളിയ ചരിത്രം എത്ര വേണമെങ്കിലുമുണ്ട്. പാരഡിയെന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന അരസിക മാന്യന്മാരുടെ ചുണ്ടില്‍ പോലും പാരഡി ഈണങ്ങള്‍ തത്തിക്കളിപ്പിക്കാന്‍ കഴിഞ്ഞതാണ് രാജപ്പന്റെ വിജയം.
പ്രിയേ നിന്റെ കുരയും കുമാരി എരുമയും മാക് മാക്കും ചികയുന്ന സുന്ദരിയും എന്നെന്നും കുരങ്ങേട്ടന്റെയും പോലുള്ള പാരഡികളും കഥാപ്രസംഗങ്ങളും ഒരുകാലത്ത് മലയാളത്തിന്റെ ആവേശമായിരുന്നു.
മൃഗങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇൗ പരിഹാസപ്പാട്ടുകളിലൂടെ അതിശക്തമായ സാമൂഹിക വിമര്‍ശം കൂടിയാണ് രാജപ്പന്‍ നടത്തിയത്. വി.സാംബശിവനും കെടാമംഗലം സദാനന്ദനും കൊല്ലം സാബുവും പോലുള്ള അതികായന്മാര്‍ വേദിയില്‍ കെടാവിളക്കായി കത്തിനില്‍ക്കുന്ന കാലത്തായിരുന്നു കഥാപ്രസംഗകലയില്‍ രാജപ്പന്റെയും അരങ്ങേറ്റം. അതികായരെ പിന്തള്ളുക എളുപ്പമല്ലെന്ന് അറിയുന്നത് കൊണ്ടുതന്നെ സമര്‍ഥമായി മറ്റൊരു ട്രാക്ക് പിടിക്കുകയായിരുന്നു കാണാന്‍ അത്രയ്‌ക്കൊന്നും ഗ്ലാമര്‍ ഇല്ലാതിരുന്ന, പത്ത് പാസാവാത്ത രാജപ്പന്‍. മനുഷ്യര്‍ക്ക് പകരം മൃഗങ്ങളെയാക്കി കഥാപാത്രങ്ങള്‍. വെറും പാട്ടിനു പകരം ഹിറ്റ്ഗാനങ്ങളുടെ പാരഡികളെ കൂട്ടുപിടിച്ചു. സാംബശിവന്റെയും കെടാമംഗലത്തിന്റെയും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ രാജപ്പന്റെ കോഴിയും എരുമയും പോത്തും എലിയും തവളയുമെല്ലാം തകര്‍ത്താടുന്നതാണ് പിന്നീട് കണ്ടത്. രാജപ്പന്റെ പാട്ടും ഹാസ്യവും പരിഹാസവും കേട്ട് നൂറുകണക്കിന് ആളുകള്‍ ക്ഷമയോടെ ഇരുന്നു.
അയ്യാറെട്ടിന്‍ നെന്മണി കണ്ടാല്‍ എന്റമ്മച്ചീ
എങ്ങിനെ ഞാനിട്ടേച്ചുപോരും
എന്നും
പൂമുഖ വാതില്‍ക്കല്‍ പുച്ഛിച്ചു നില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യയെന്നുമെല്ലാം കേട്ട് ജനങ്ങള്‍ തല തല്ലിച്ചിരിച്ചു. മൂന്ന് പതിറ്റാണ്ട് അങ്ങിനെ ചരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാജപ്പന്‍ വേദികളിലും കാസറ്റ് ടേപ്പുകളിലും നിറഞ്ഞങ്ങിനെ നിന്നു.
 പ്രിയേ നിന്റെ കരയും നമുക്ക് പാര്‍ക്കാന്‍ ചന്ദനക്കാടുകളും കുമാരി എരുമയും എന്നെന്നും കുരങ്ങേട്ടനും കിഡ്‌നിയും അമിട്ടും അവളുടെ പാര്‍ട്‌സുകളുമെല്ലാം വേദികളില്‍ തകര്‍ത്തോടുമ്പോള്‍ ഗൗരമേറിയ കഥാപ്രസംഗക്കാര്‍ പോലും ഒന്നു വിറച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടെ പത്ത് കാസറ്റുകളും പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളിലും വലിയ ഡിമാന്റായിരുന്നു രാജപ്പന്റെ പാട്ടിന്.  
പത്ത് പാസായിട്ടില്ല രാജപ്പന്‍. എങ്ങിനെ പാസാവും. ക്ലാസില്‍,  പഠിക്കുന്ന കവിതകള്‍ക്ക് പാരഡിയുണ്ടാക്കലായിരുന്നു വിനോദം. പിന്നെയാണ് സിനിമാഗാനങ്ങളെ പിടിച്ചത്. കോട്ടയം ചന്തയ്ക്കകത്തെ ബാര്‍ബര്‍ഷോപ്പില്‍ വരുന്ന സുഹൃത്തുക്കളെ പാടിരസിപ്പിക്കലായി പിന്നത്തെ പണി. പിന്നെ സൈക്കിള്‍യജ്ഞക്കാരുടെ കൂടെയായി ചില്ലറ ഹാസ്യ പൊടിക്കൈകളുമായി യാത്ര. ഇടയ്ക്ക് ചില നാടകങ്ങള്‍. അങ്ങിനെ ഇതെല്ലാം കൂടി ചേര്‍ത്ത് സ്വന്തമാക്കി കഥാപ്രസംഗമാക്കി. കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയില്‍ ആംഗ്ലോ ഇന്ത്യന്‍ തവളയെ  നായികയാക്കിയ മാക്... മാക്... ആയിരുന്നു ആദ്യ കഥാപ്രസംഗം. തന്റെ കോപ്രായങ്ങള്‍ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കും എന്നൊരു ഭയമുണ്ടായിരുന്നതായി രാജപ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, രാജപ്പനെ മലയാളം തഴഞ്ഞില്ല. തന്റെ നല്ല പാട്ടുകളെ പാടി നശിപ്പിച്ചുവെന്ന് യേശുദാസ് പരിതപ്പിച്ചിട്ടും അവര്‍ ഗാനഗന്ധര്‍വനെപ്പോലെ തന്നെ രാജപ്പനുവേണ്ടിയും കാത്തുകെട്ടിക്കിടന്നു. രണ്ട് മണിക്കൂര്‍ വരെ ഒറ്റനില്‍പ്പില്‍ നിന്ന് കഥ പറഞ്ഞു രാജപ്പന്‍. മനപ്പാഠമാക്കിയാണ് ഇക്കണ്ട പാരഡിയൊക്കെ പാടിയത്. രാജപ്പന്റെ ചുവടുപിടിച്ച് പിന്നീട് പാരഡിപ്പാട്ടുകളുടെ ഒരു കുത്തൊഴുക്കായിരുന്നു നാദിര്‍ഷായെ പോലുള്ള അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ അശ്ലീലം കൊണ്ടും നിലവാരമില്ലായ്മ കൊണ്ടും പലരും പാരഡിയെ കൊല്ലാതെ കൊന്നു. അപ്പോഴും രാജപ്പന്റെ പാട്ടുകള്‍ കാലത്തിന്റെ പോറലേല്‍ക്കാതെ നിന്നു. ഒടുക്കം രോഗം തളര്‍ത്തി കട്ടിലില്‍ ഒതുങ്ങിപ്പോയപ്പോഴും ജീവിതത്തെ ഒരു പാരഡിയായി തന്നെ കണ്ടു രാജപ്പന്‍. ദൈന്യത ചുളിവുവീഴ്ത്തിയ ചുണ്ടുകൊണ്ട് അവസാന കാലത്തും ഒരു  പാരഡി മൂളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു പാരഡികളുടെ ഈ പെരുന്തച്ചന്‍.

3/19/2016

മണിയുടെ മരണം എങ്ങനെ

മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി വാഴത്തോട്ടത്തിൽ നിന്നു കണ്ടെടുത്തു

ചാലക്കുടി∙ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ക്ലോർപൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീട്ടിന് മുന്നിലെ വാഴത്തോട്ടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പി കീടനാശിനികളും ഉണ്ട്. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിയാതാണെന്ന് തൊഴിലാളികൾ മൊഴി നൽകി.
അന്വേഷണ ഉദ്യോഗസ്ഥർ കീടനാശിനിക്കുപ്പികൾ കണ്ടെടുത്തിരുന്നു. മണിയുടെ വീടിന് പരിസരത്തുനിന്നാണ് കീടനാശിനിക്കുപ്പികൾ കണ്ടെത്തിയത്. അതേസമയം, മണിയുടെ മരണത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കം പ്രതികളാണ്.
അതിനിടെ, കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്പി: പി.എൻ. ഉണ്ണിരാജൻ, ഡിവൈഎസ്പി: സോജൻ എന്നിവരെ സംഘത്തിൽ ഉൾപ്പെടുത്തി. തൃശൂർ റേഞ്ച് ഐജിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടി. നേരത്തേ, പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അരുൺ, വിപിൻ, മുരുകൻ, ബിനു എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചാലക്കുടിയിൽ മണിയുടെ ഔട്ട് ഹൗസായ പാടിയിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ രാസവസ്തുക്കൾ ഉളളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ കീടനാശിനിയാണോ എന്ന് ഉറപ്പിക്കാറായില്ല. കുപ്പികൾ രാസപരിശോധനയ്്ക്ക് അയക്കാനാണ് തീരുമാനം.
പാടിയിൽ പൊലീസിന്റേയും എക്സൈസിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടെടുത്തത്. ഇവിടെ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ പാടിയിൽ കീടനാശിനി എങ്ങനെയെത്തി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഏതാനും പ്ലാസ്റ്റിക് കുപ്പികൾ കൂടി ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് അയക്കും.
അതേസമയം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ കുടുംബം ചാലക്കുടി പൊലീസിൽ പരാതി നൽകും.
പാടിയിൽ തിരച്ചിൽ നടത്തുന്നു
അതിനിടെ, ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു രാവിലെ മണിച്ചേട്ടൻ ആരോഗ്യവാനായിരുന്നുവെന്ന് പാടിക്ക് സമീപം കട നടത്തുന്ന മണികണ്ഠൻ പറഞ്ഞു. പാടിയിൽ രാത്രി വൈകിയും മദ്യസൽക്കാരം നടത്തിയിരുന്നു. പിറ്റേന്ന് പാടിയിൽ നിന്ന് എന്തോ ചാക്കിലാക്കി കൊണ്ടു പോകുന്നതും കണ്ടു. എല്ലാം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മണികണ്ഠൻ മനോരമ ന്യൂസിനോട് പറഞ്ഞു.
നടൻ കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാൽ അന്വേഷണത്തിന്റെ ഗതിമാറ്റാൻ അന്വേഷണസംഘം തീരുമാനിച്ചു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിൽ അഴിച്ചുപണി നടത്തും.
മണിയുടെ സുഹൃത്തുക്കളടക്കം 10 പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ രണ്ടു ദിവസമായി തുടർച്ചയായി ചോദ്യംചെയ്തു വരികയാണ്. കലാഭവൻ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാൽ കൊച്ചിയിലെ രാസപരിശോധനാ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തിൽ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഫൊറൻസിക് സർജന്മാരായ ഡോ.പി.എ. ഷീജു, ഡോ. രാഗിൽ, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയിൽ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇവർ പരിശോധനാ ഫലങ്ങൾ പങ്കുവച്ചു.
ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവർ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയിൽ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നൽകിയിട്ടില്ല. ഐജി എം.ആർ. അജിത്കുമാർ, ജില്ലാ റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്, സിഐ ക്രിസ്പിൻ സാം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു കേസിന്റെ സ്ഥിതി വിലയിരുത്തി. തുടർന്ന് അന്വേഷണ സംഘത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി.
ഇതേസമയം, മുൻപ് അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി കെ.എസ്. സുദർശൻ ഇപ്പോൾ സംഘത്തിൽ ഇല്ലെന്നാണു വിവരം. കൊച്ചി കാക്കനാട്ടെ രാസപരിശോധനാ ലാബിൽ നടന്ന മണിയുടെ ആന്തരികാവയവ പരിശോധനയിൽ ‘ക്ലോർപൈറിഫോസ്’ എന്ന വീര്യം കൂടിയ കീടനാശിനിയും മീഥെൽ ആൽക്കഹോളും (വിഷമദ്യം) കണ്ടെത്തി. സാധാരണ മദ്യമായ ഇഥെയിൽ ആൽക്കഹോളും വിഷമദ്യമായ മീഥെയിൽ ആൽക്കഹോളും തുല്യ അളവിലാണു കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശേഖരിച്ച ആമാശയം, കരൾ, വൃക്കകൾ, രക്തം എന്നിവയിലാണു കീടനാശിനിയും വിഷമദ്യവും കണ്ടെത്തിയത്.
മണിയുടെ മരണം സ്ഥിരീകരിച്ചപ്പോൾ മീഥെയിൽ ആൽക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കീടനാശിനി ഉള്ളിൽ കടന്നതിന്റെ ലക്ഷണങ്ങൾ മണി കാണിച്ചിരുന്നില്ല. രാസപരിശോധനാ ഫലം രണ്ടു നിഗമനങ്ങളിലേക്കാണു ഫൊറൻസിക് വിദഗ്ധരെ എത്തിക്കുന്നത്. വീര്യം കൂട്ടാൻ ചെറിയ അളവിൽ കീടനാശിനി കലർത്തിയ വിഷമദ്യം അറിയാതെ കഴിക്കാൻ ഇടവരിക, അല്ലെങ്കിൽ ബോധപൂർവം കഴിക്കുക.
ക്ലോർപൈറിഫോസ് അതിരൂക്ഷ ഗന്ധമുള്ള കീടനാശിനിയായതിനാൽ ഇത് ഒരാൾ അറിയാതെ കഴിക്കണമെങ്കിൽ അതിന്റെ അളവു ചെറുതായിരിക്കണം. ചെറിയതോതിൽ കീടനാശിനി കലർന്ന വിഷമദ്യം മണി അറിയാതെ കഴിച്ചതാവാനുള്ള സാധ്യത ബലപ്പെടുത്തുന്നതാണു രാസപരിശോധനാ ഫലമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

3/10/2016

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ഓണ്‍ലൈന്‍വഴി ചേരാം

mathrubhumi.com

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ഓണ്‍ലൈന്‍വഴി ചേരാം

സീഡി
NPSഇന്‍ഷുറന്‍സോ, മ്യൂച്വല്‍ ഫണ്ടോ ഓണ്‍ലൈനില്‍ വാങ്ങുന്നതുപോലെ ഇനി ദേശീയ പെന്‍ഷന്‍ പദ്ധതിയിലും(എന്‍പിഎസ്) ലളിതമായ നടപടിക്രമം പാലിച്ചാല്‍ അക്കൗണ്ട് തുടങ്ങാം.
പാന്‍, ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍ എന്നിവയുണ്ടെങ്കില്‍ ഓണ്‍ലൈന്‍വഴി അക്കൗണ്ട് തുറക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതോടെയാണിത്.
ഇ-കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആധാര്‍ ആധാരമാക്കിയതോടെയാണ് നടപടിക്രമങ്ങള്‍ ലളിതമായത്.
എന്‍എസ്ഡിഎലു (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)മായി ലിങ്ക് ചെയ്തിട്ടുള്ള 17 ബാങ്കുകളിലൊന്നില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. ഇതിനായി തയ്യാറാക്കിയിട്ടുള്ള enps.nsdl.com സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട്, ആധാര്‍(ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം), പാന്‍ കാര്‍ഡ്, അപ് ലോഡ് ചെയ്യാനുള്ള ഫോട്ടോ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആവശ്യമാണ്. കുറഞ്ഞത് 500 രൂപയെങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെ കൈമാറുകയും വേണം.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഭാവിയില്‍ നിക്ഷേപം നടത്തേണ്ടത്.
feedbacks to:
​antony@mpp.co.in
എന്‍പിഎസില്‍ നിക്ഷേപിക്കുന്ന, പ്രതിവര്‍ഷം 50,000 രൂപയില്‍ കൂടാത്ത തുകയ്ക്ക് ആദായ നികുതി ആനുകൂല്യവും ലഭിക്കും.

3/06/2016

കലാഭവന്‍ മണി അന്തരിച്ചു

janamtv.com

നടന്‍ കലാഭവന്‍ മണി അന്തരിച്ചു

Posted BY Admin
kalabhavan mani640
കൊച്ചി: നടന്‍ കലാഭവന്‍ മണി അന്തരിച്ചു. 45 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നില  ഗുരുതരമായതിനെ തുടര്‍ന്ന് വൈകിട്ട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 7.15 നായിരുന്നു മരണം. മിമിക്രി വേദിയില്‍ നിന്നാണ് സിനിമയില്‍ എത്തിയത്. ഹാസ്യനടനായിട്ടാണ് തുടക്കം. ക്രമേണ വില്ലനായും സ്വഭാവ നടനായും വെള്ളിത്തിരയില്‍ തിളങ്ങി. നാടന്‍ ഗാനങ്ങളിലൂടെയും ശ്രദ്ധനേടിയിരുന്നു.
സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സുന്ദര്‍ദാസിന്റെ സല്ലാപത്തിലെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളിലെ നായകവേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെയുളള അന്യഭാഷാ ചിത്രങ്ങളിലും സജീവമായിരുന്നു.

3/04/2016

പി.എ സാഗ്മ അന്തരിച്ചു

mangalam.com

പി.എ സാഗ്മ അന്തരിച്ചു | mangalam.com

mangalam malayalam online newspaperന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എ സാഗ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പതിനാറാം ലോക്‌സഭയില്‍ അംഗം കൂടിയായ സാഗ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയിച്ച ചരിത്രമുള്ള സാഗ്മ ഒരിക്കല്‍ മാത്രമാണ് പരാജയം രുചിച്ചത്. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയോട് മത്സരിച്ച് പരാജയപ്പെട്ടതാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ സ്വാധീനമുള്ള സാഗ്മ ദേശീയ രാഷ്ട്രീയത്തില്‍ ഇത് പ്രതിഫലിപ്പിച്ച് വിജയിച്ചിട്ടുണ്ട്. ഒമ്പതു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ തുറ സംവരണ മണ്ഡലത്തെ പ്രതിനിധികരിച്ചാണ് തുടര്‍ച്ചയായി ലോക്‌സഭയില്‍ എത്തിയത്. ശരദ് പവാറിനൊപ്പം ചേര്‍ന്ന് എന്‍.സി.പി സ്ഥാപിച്ച നേതാവ് കൂടിയാണ് സാഗ്മ. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി ഉയര്‍ന്നുവന്നതോടെ സോണിയയുടെ വിദേശ ജന്മപ്രശ്‌നം ഉന്നയിച്ച് 2004ല്‍ പാര്‍ട്ടി വിടുകയായിരുന്നു.
ഏതു പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചാലും മേഘാലയായിലെ ജനങ്ങള്‍ ഒരിക്കലും കൈവിടാത്ത നേതാവായിരുന്നു സാഗ്മ. മകള്‍ അഗത സാഗ്മ 15ാം ലോക്‌സഭയില്‍ തുറ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായി എത്തി. യു.പി.എ സര്‍ക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമായിരുന്നു അഗത. മകന്‍ കോണ്‍റാഡ് സാഗ്മ മേഘാലയ നിയമസഭയില്‍ പ്രതിപക്ഷ നേതാവുമാണ്.
1947 സെപ്തംബര്‍ ഒന്നിന് മേഘാലയയിലെ ചപഹാട്ടിയില്‍ ജനിച്ച സാഗ്മ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. മേഘാലയ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച സാഗ്മ 1977ല്‍ ആദ്യമായി തുരയില്‍ നിന്ന് ആറാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയായി തുടര്‍ച്ചയായി സഭയില്‍ എത്തി. ഒമ്പതും പതിനഞ്ചും സഭകളില്‍ അംഗമായിരുന്നില്ല. 1980 മുതല്‍ 96 വരെ കേന്ദ്രസര്‍ക്കാരില്‍ കല്‍ക്കരി, തൊഴില്‍, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 1988 മുതല്‍ 1990 വരെ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 98 വരെ പതിനൊന്നാം ലോക്‌സഭയില്‍ സ്പീക്കറായും പ്രവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ വിവിധ കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നേതൃത്വപ്രശ്‌നം ഉയര്‍ന്നുവന്നത്. അധ്യക്ഷ പദവി മോഹിച്ചിരുന്ന ശരദ് പവാറിനെ വെട്ടി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തര്‍ സോണിയ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതോടെ പാര്‍ട്ടിയുമായി കലഹിച്ച് സാഗ്മ 1999ല്‍ കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് പവാറിനും താരിഖ് അന്‍വറിനുമൊപ്പം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചു. എന്നാല്‍ പവാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും അടുത്തതോടെ എന്‍.സി.പി പിളര്‍ത്തി നാഷണലിസ്റ്റ് തൃണമൂല്‍ പാര്‍ട്ടി രൂപീകരിച്ച് മമത ബാനര്‍ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. വീണ്ടും എന്‍.സി.പിയില്‍ തിരിച്ചെത്തി. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പവാര്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും എന്‍.സി.പി വിട്ടു. എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ബി.ജെ.പി കക്ഷികളുടെ പിന്തുണയോടെ സാഗ്മ തെരഞ്ഞെടുപ്പിനെ നേരിട്ടു.
2013ല്‍ ദേശീയ തലത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. മേഘാലയ നിയമസഭയില്‍ രണ്ടു സീറ്റ് നേടാന്‍ മാത്രമേ പാര്‍ട്ടിക്കു കഴിഞ്ഞുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

2/13/2016

പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു

janmabhumidaily.com

പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു

ജന്മഭൂമി
onvതിരുവനന്തപുരം: പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ. ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.
ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

1/07/2016

സൂചികള്‍ ഓട്ടം നിര്‍ത്തി

mathrubhumi.com

സൂചികള്‍ ഓട്ടം നിര്‍ത്തി; എച്ച്.എം.ടി ഓര്‍മ്മയാകുന്നു

മനു കുര്യന്‍
ഇന്ത്യക്കാരന്റെ സ്വന്തം 'സമയസൂചിക' എച്ച്.എം.ടി ഓര്‍മ്മയാകുന്നു. സങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍ എച്ച്.എം.ടി വാച്ചുകള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നഷ്ടത്തില്‍ പ്
രവര്‍ത്തിക്കുന്ന കമ്പനിയുടെ അവസാന മൂന്നു യൂണിറ്റുകളും അടച്ചുപൂട്ടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ എന്നന്നേക്കുമായി എച്ച്.എം.ടിക്ക് കര്‍ട്ടന്‍വീഴുകയാണ്.
ഫാഷന്റെ പര്യായമായി ഇന്ത്യക്കാരന്‍ കൈയിലെന്തിയ ഇന്ത്യയുടെ സ്വന്തം വാച്ച് കമ്പനിയാണ് അങ്ങനെ ഓര്‍മ്മയാകുന്നത്. എച്ച്.എം.ടി വാച്ചസ് ലിമിറ്റഡ്, എച്ച്.എം.ടി ചിനാര്‍ വാച്ചസ്, എച്ച്.എം.ടി ബെയറിങ് ലിമിറ്റഡ് എന്നിവ അടച്ചുപൂട്ടാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ ബുധനാഴ്ച കൈക്കൊണ്ടു.
ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കിയാണ് കമ്പനിക്ക് താഴിടുന്നത്. ഇതിനായി 427 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി.
കഴിഞ്ഞവര്‍ഷം കമ്പനിയുടെ മൂന്നു യൂണിറ്റുകള്‍ പൂട്ടിയിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് എച്ച്.എം.ടിയും അടച്ചുപൂട്ടുന്നത്. ആയിരത്തോളം ജീവനക്കാരാണ് എച്ച്.എം.ടി വാച്ച്‌സില്‍ അവശേഷിക്കുന്നത്.
നാല് യൂണിറ്റുകളില്‍ തുംകൂരിലെ യൂണിറ്റില്‍ മാത്രമാണ് വാച്ച് നിര്‍മ്മാണം ഇപ്പോള്‍ നടന്നുവന്നിരുന്നത്. സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍പ്രകാരം വാച്ചുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലിയാണ് ഇവിടെ നടന്നുവന്നത്.
കമ്പനിയില്‍ ശേഷിക്കുന്ന 923 ജീവനക്കാരില്‍ ആര്‍ക്കും ഇനി എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുന്നില്ല. ഇതില്‍ ഭൂരിഭാഗവും വിരമിക്കലിന്റെ വക്കിലാണ്. മൂന്നു ദശാബ്ദം മുമ്പ് 1987 ലാണ് ഏറ്റവും ഒടുവില്‍ എച്ച്.എം.ടിയില്‍ നിയമനം നടന്നത്.
വി.ആര്‍.എസ് പ്രഖ്യാപിച്ചെങ്കിലും മൂന്നോ നാലോ മാസമെടുക്കും ഔദ്യോഗികമായി താഴിടാന്‍. എന്നാല്‍ വാച്ച് നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും നിര്‍ത്തും.
1961 ലാണ് ഇന്ത്യയുടെ സ്വന്തം എച്ച്.എം.ടി വാച്ചസ് പ്രവര്‍ത്തനം തുടങ്ങിയത്. ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി ചേര്‍ന്നായിരുന്നു എച്ച്.എം.ടി ബാംഗ്ലൂരില്‍ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ റിസ്റ്റ് വാച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറത്തിറക്കി. ചിലവ് കുറഞ്ഞ റിസ്റ്റ് വാച്ചുകളിലൂടെ ജോലിക്കാരെ കൃത്യമായി ജോലിക്കെത്തിക്കുക എന്ന ആശയവും നെഹ്‌റുവിനുണ്ടായിരുന്നു.
എച്ച്.എം.ടി ജനതയായിരുന്നു കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡല്‍. എച്ച്.എം.ടി പൈലറ്റ്. എച്ച്.എം.ടി ഝലക്, എച്ച്.എം.ടി സൊണ, എച്ച്.എം.ടി ബ്രെയില്‍ എന്നിവയെല്ലാം ഇന്ത്യക്കാരന്‍ കൈയില്‍ അഭിമാനത്തോടെ കെട്ടി നടന്നവയാണ്. ഇന്ത്യന്‍ പേരുകളിലാണ് ഭൂരിഭാഗം മോഡലുകളും ഇറക്കിയത്. ബുക്ക് ചെയ്ത് 10 മാസംവരെ എച്ച്.എം.ടി വാച്ചുകള്‍ക്കായി കാത്തിരിക്കേണ്ടി വന്ന ഇന്നലകളില്‍ നിന്നാണ് ബ്രാന്‍ഡ് തന്നെ അന്യമായി മാറുന്ന വര്‍ത്തമാനകാലത്തിലേക്ക് എത്തിയത്.
ബാംഗ്ലൂരിന് പുറമെ തുംകൂരിലും ഫാക്ടറി തുറന്നു. ക്വാര്‍ട്ട്‌സ് അനലോഗ് വാച്ചുകള്‍ തംകൂരിലെ യൂണിറ്റിലാണ് ഉണ്ടാക്കിയിരുന്നത്. 1985 ല്‍ ക്ലോക്ക് നിര്‍മ്മാണവും തുടങ്ങി.
സ്വകാര്യ കമ്പനികള്‍ വിലകുറച്ച് വാച്ചുകള്‍ ഇറക്കി തുടങ്ങിയതോടെയാണ് എച്ച്.എം.ടിയുടെ ആധിപത്യത്തിന് തിരിച്ചടിയേറ്റത്. 2000 ത്തിന് ശേഷം കമ്പനി നാള്‍ക്കുനാള്‍ നഷ്ടത്തിലേക്ക് വീണു, അനിവാര്യമായ അന്ത്യത്തിലേക്കും.
കഞ്ചന്‍ മോഡല്‍
എച്ച്.എം.ടിയുടെ ഓട്ടോമാറ്റിക് മോഡലായ കഞ്ചന്‍ സ്ത്രീധന വാച്ചായും അറിയപ്പെട്ടു. എച്ച്.എം.ടി ഷോറൂമുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാഷ് ട്രീയനേതാക്കളുടെ കത്തുമായി കഞ്ചന്‍ വാച്ചിനായി കാത്തുനിന്ന കാലം പഴയ തലമുറയുടെ ഓര്‍മ്മിയുലുണ്ടാകും
ഡിജിറ്റല്‍ ക്രോണോഗ്രാഫുള്ള എച്ച്.എം.ടിയുടെ ആദ്യവാച്ചായിരുന്നു ആസ്ട്ര മോഡല്‍. പൈലറ്റ്, ജവാന്‍, സൈനിക്, രക്ഷക് എന്നീ മോഡലുകള്‍ സൈന്യത്തിന്റെ പര്യായമായ മോഡലുകളായിരുന്നു.
മിലിട്ടറി വാച്ചുകളൊന്നുമല്ല ഇവയെങ്കിലും അവ കൂടുതലും മൂന്നു സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി നല്‍കിയവയാണ്. എച്ച്.എം.ടിയുടെ ആദ്യത്തെ വാച്ചുകളില്‍ ഒന്നായ ജനത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മോഡലായിരുന്നു.
അംബാസിഡര്‍ കാര്‍, ഇപ്പോള്‍ എച്ച്.എം.ടി വാച്ചുകള്‍. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന രണ്ട് ബ്രാന്‍ഡുകള്‍ അങ്ങനെ ഓര്‍മ്മയായി. അംബാസിഡറിന്റെ തകര്‍ച്ചയ്ക്ക് സമാനമാണ് എച്ച്.എം.ടിയിലും സംഭവിച്ചത്. കാലത്തിന് അനുസരിച്ച് മാറാനുള്ള വൈമുഖ്യവും വിദേശ ബ്രാന്‍ഡുകളോടുള്ള പ്രതിപത്തിയും കാരണങ്ങളായി.
ആല്‍വിനും ടൈറ്റനും വന്നപ്പോള്‍ ഇന്ത്യക്കാരന്‍ എച്ച്.എം.ടിയെ മറന്നു തുടങ്ങി. ദിവസവും കീകൊടുത്ത് ഉപയോഗിച്ചിരുന്ന വാച്ചുകളില്‍ നിന്ന് ബാറ്ററില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലേക്ക് മാറി വിപ്ലവകരമായ ഫാഷന്റെ പിറവി കൂടി വന്നപ്പോള്‍ എച്ച്.എം.ടി അതിലേക്ക് മാറാനാകാതെ പകച്ചുനിന്നു. ഇപ്പോഴിതാ ലോകം സ്മാര്‍ട്ട്‌വാച്ചുകളുടെ യുഗത്തിലേക്ക് കാല്‍കുത്തുകയും ചെയ്തിരിക്കുന്നു.

3/21/2015

യൂസഫലി കേച്ചേരി (81) അന്തരിച്ചു


യൂസഫലി കേച്ചേരി അന്തരിച്ചു
തൃശൂര്‍: മലയാള ചലച്ചിത്രഗാന ശാഖയ്ക്കും കവിതയ്ക്കും ഭക്തിയുടെ ചന്ദനക്കുറിയും പ്രണയത്തിന്റെ സുറുമയും ചാര്‍ത്തിയ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദില്‍ നടക്കും. 

മലയാളത്തിലെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. മരം, വനദേവത, നീലത്താമര എന്നീ മൂന്ന് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. നൂറ്റിയമ്പതോളം ചലച്ചിത്രഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച പല പ്രണയഗാനങ്ങളുടെയും രചയിതാവ് യൂസഫലിയാണ്. സംസ്‌കൃതത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.


ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.


1934ല്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലായിരുന്നു ജനനം. നിയമത്തില്‍ ബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.


പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില തുടങ്ങിയവാണ് പ്രധാന കൃതികള്‍. മരം, വനദേവത, നീലത്താമര എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്‍ ആണ് രചന നിര്‍വഹിച്ച ആദ്യ ചലച്ചിത്രഗാനം. ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത്. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തു. ദേവരാജനൊപ്പം തമ്പ്രാന്‍ കൊടുത്തത് മലരമ്പ്, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങിവന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്. ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ ഖല്‍ബിലെ, ഇശല്‍ തേന്‍കണം, അഞ്ചു ശരങ്ങളും, മറന്നോ നീ നിലാവില്‍, മോഹന്‍ സിതാരയ്‌ക്കൊപ്പം ആലില കണ്ണാ, കണ്ണീര്‍ മഴയത്ത്, ശ്യാമിനൊപ്പം വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം അനുരാഗക്കളരിയില്‍ എന്നീ ഹിറ്റ് ഗാനങ്ങള്‍ യൂസഫലി മലയാളിക്ക് സംഭാവന ചെയ്തു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1