3/04/2016

ജെ.എന്‍.യുവിനും വിദ്യാര്‍ഥിസമൂഹത്തിനും ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം

ജെ.എന്‍.യുവിനും വിദ്യാര്‍ഥിസമൂഹത്തിനും ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഇടക്കാലജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ ജെ.എന്‍.യുവിനും വിദ്യാര്‍ഥിസമൂഹത്തിനും വിമര്‍ശം. ജെ.എന്‍.യുവില്‍ ഉയര്‍ന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങളുടെ പിന്നിലെ ചിന്തയെയും പരിപാടിയില്‍ പങ്കെടുത്തവരുടെ മനോഭാവത്തെയും മൗലികാവകാശത്തിന്റെ പേരില്‍ സംരക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കാമ്പസുകളില്‍ വളര്‍ന്നുവരുന്ന ദേശവിരുദ്ധ മനോഭാവത്തിലും ജസ്റ്റിസ് പ്രതിഭാറാണി അധ്യക്ഷയായ ബെഞ്ച് ആശങ്കപ്രകടിപ്പിച്ചു. ഫിബ്രവരി ഒമ്പതിന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ മുഖംമറച്ച് പോസ്റ്ററുകള്‍ പിടിച്ചുനില്‍ക്കുന്നവരെ കാണാം. ഇവര്‍ ആരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല.
ഇവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് പരിപാടിയുമായുള്ള ബന്ധം എന്താണെന്ന് കണ്ടെത്തണം. തന്റെ നിരീക്ഷണങ്ങള്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാന്‍വേണ്ടി മാത്രമാണെന്നും കേസിന്റെ മെറിറ്റിനെ സംബന്ധിക്കുന്നതല്ലെന്നും ജസ്റ്റിസ് പ്രതിഭാറാണി പറഞ്ഞു. പ്രധാന പരമാര്‍ശങ്ങള്‍:

* അഫ്‌സല്‍ ഗുരുവിന്റെ രക്തസാക്ഷിത്വദിനം ആചരിച്ച് മുദ്രാവാക്യം വിളിച്ചവരുടെ ദേശവിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പിന്നിലെ കാരണം കണ്ടെത്തണം. തിരുത്താനുള്ള നടപടി സ്വീകരിക്കണം
* ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും
* ജീവവായുപോലും കിട്ടാത്തത്ര ഉയരത്തിലുള്ള മലനിരകളില്‍പ്പോലും നമ്മുടെ സൈനികര്‍ ഉള്ളതുകൊണ്ടാണ് സര്‍വകലാശാലകളിലെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്നതെന്ന് ഓര്‍ക്കണം
* അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും പോസ്റ്ററുകള്‍ നെഞ്ചില്‍ ചേര്‍ത്തുപിടിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിദ്യാര്‍ഥിസമൂഹം ആത്മപരിശോധന നടത്തണം
* അഫ്‌സല്‍ ഗുരുവിനെപ്പോലുള്ളവരെ രക്തസാക്ഷികളായി ആദരിച്ച് അവരുടെ ചിത്രങ്ങള്‍ നെഞ്ചില്‍ച്ചേര്‍ത്തു പിടിക്കുന്നവര്‍ക്ക് പട്ടാളക്കാര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ ഒരു മണിക്കൂര്‍പോലും പിടിച്ചുനില്‍ക്കാനാകില്ല
* ഇത്തരം മുദ്രാവാക്യങ്ങള്‍ ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടികളില്‍ വീട്ടിലെത്തിയ രക്തസാക്ഷികളുടെ കുടുംബത്തിന്റെ മനോവീര്യം കെടുത്തും
* ഇത്തരം ബാധകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയാകുന്നതിനുമുമ്പ് നിയന്ത്രിക്കുകയോ ചികിത്സിച്ച് ഭേദമാക്കുകയോ വേണം
* ഏതെങ്കിലും അവയവത്തിന് അണുബാധയുണ്ടായാല്‍ ആദ്യഘട്ടത്തില്‍ വായിലൂടെ കഴിക്കാവുന്ന ആന്റിബയോട്ടിക്കുകള്‍ കൊടുക്കും. അത് ഫലിക്കുന്നില്ലെങ്കില്‍ ശസ്ത്രക്രിയതന്നെ വേണ്ടിവന്നേക്കാം. അവയവത്തെ ബാധിക്കുമെന്നുകണ്ടാല്‍ മുറിച്ചുമാറ്റുക മാത്രമാണ് പ്രതിവിധി
* ജെ.എന്‍.യു. ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം
* കാമ്പസിലെ ദേശവിരുദ്ധമായ പ്രവൃത്തികള്‍ നിയന്ത്രിക്കാനുള്ള അധികാരം വിദ്യാര്‍ഥിയൂണിയനെ നയിക്കുന്ന കനയ്യകുമാറിനുണ്ട്
* വിദ്യാര്‍ഥിയൂണിയനെ നയിക്കുന്ന ആളെന്നനിലയില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം

3/03/2016

കറിവേപ്പില നിസാരക്കാരനല്ല

കറിവേപ്പില നിസാരക്കാരനല്ല

by സ്വന്തം ലേഖകൻ

ഭക്ഷണത്തിന് രുചിയും മണവും പകരാൻ ചേർക്കുന്ന കറിവേപ്പില നാം പൊതുവേ കഴിക്കാറില്ല, ആവശ്യം കഴിഞ്ഞാൽ എടുത്തുകളയാറാണ് പതിവ്. എന്നാൽ നമ്മളൊക്കെ ഉപേക്ഷിച്ചു കളയുന്ന കറിവേപ്പിലയ്ക്ക് എത്രത്തോളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്കെത്ര പേർക്ക് അറിയാം? നിരവധി അസുഖങ്ങളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ
വേപ്പില

ദിവസേനയുള്ള ഭക്ഷണക്രമത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം വിറ്റാമിൻ 'എ' യുടെ ഒരു കലവറയാണ് കറിവേപ്പില.
കൃമിശല്യത്തിനും ദഹനത്തിനും മൂലക്കുരുവിനും വയറുകടിക്കും കറിവേപ്പില വളരെ നല്ലൊരു ഔഷധമാണ്. വെറുതെ ചവച്ചരച്ചു കഴിച്ചാൽ മതിയാകും.
കറിവേപ്പില അരച്ച് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്ക് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും അരച്ചുപുരട്ടുന്നത് പുഴുക്കടിശമിപ്പിക്കും. കൂടാതെ കാൽപാദം വിണ്ടു കീറുന്നതിനും കുഴിനഖം തടയുന്നതിനും അത്യുത്തമം.
കറിവേപ്പില , പച്ചമഞ്ഞൾ, നെല്ലിക്ക ഇവ അരച്ച് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ ഫലപ്രദമാണ്. കൂടാതെ അമിതഭാരം കുറയ്ക്കുന്നതിനും കറിവേപ്പില വെറുതെ ചവച്ചരച്ചു കഴിക്കുന്നത് വളരെ നല്ലതാണ്.
കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ മുടിയുടെ ആരോഗ്യത്തിനും സ്വാഭാവിക നിറം നിലനിർത്താനും നല്ലതാണ്.
കറിവേപ്പില , കാന്താരി എന്നിവ അരച്ചു ചേർത്ത മോര് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും.

റബർ ഉൽപ്പന്നങ്ങളിൽ നിന്ന് കാൻസർ

റബർ ഉൽപ്പന്നങ്ങളിൽ നിന്ന് കാൻസർ

സുരക്ഷിതമെന്നു കരുതി നാം ഉപയോഗിക്കുന്ന പല വസ്തുക്കളും അത്ര സുരക്ഷിതമല്ല. ഗർഭനിരോധന ഉറകൾ, കളിപ്പാട്ടങ്ങൾ, ബേബി സൂത്തേഴ്സ്, കയ്യുറകൾ തുടങ്ങിയ റബർ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തു അർബുദത്തിനു കാരണമാകുന്നുണ്ടത്രേ.
ഗർഭനിരോധന ഉറകൾ പോലുള്ള റബർ ഉൽപന്നങ്ങളുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മെർകാപ്റ്റോ ബെൻസോ തയസോൾ അഥവാ എം.ബി.റ്റി എന്ന വസ്തു അർബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളെക്കാൾ റബർ ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഈ വിഷവസ്തുവുമായി അധികവും സമ്പർക്കത്തിൽ ഏർപ്പെടുന്നത്.
വാഹനങ്ങളുടെ ടയർ ഉരയുമ്പോൾ ഉണ്ടാകുന്ന പൊടിയും വാഹനങ്ങൾ പുറന്തള്ളുന്ന വായുവും കാൽനടയാത്രക്കാർ ശ്വസിക്കാനിട വരുന്നു. എം.ബി.റ്റി ശ്വസിക്കുന്നത് അർബുദ സാധ്യത വർധിപ്പിക്കുന്നു.
ദൈനംദിനം ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലൂടെ അർബുദം വരാനുള്ള സാധ്യത എത്രത്തോളം എന്നതിനെക്കുറിച്ച് വിപുലമായ പഠനം നടത്തേണ്ടതുണ്ട്. റബർ ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികൾക്ക് അർബുദ സാധ്യത അധികമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സി.ബി.എസ്‌.ഇ നിര്‍ദേശം

mangalam.com

പ്രധാനമന്ത്രിയുടെ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സി.ബി.എസ്‌.ഇ നിര്‍ദേശം

mangalam malayalam online newspaperന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോഡി ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യണമെന്ന്‌ സി.ബി.എസ്‌.ഇ നിര്‍ദേശം. വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യണമെന്നാണ്‌ നിര്‍ദേശം.
വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നടത്തിയ റേഡിയോ പ്രഭാഷണം മന്‍ കീബാത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മൊബൈല്‍ ആപ്പ്‌ വഴി അറിയിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സി.ബി.എസ്‌.ഇ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്‌.
വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും അധ്യാപകരെയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യിക്കാനും അതില്‍ അഭിപ്രായം രേഖപ്പെടുത്താനും സ്‌കൂള്‍ മേധാവികള്‍ ശ്രമിക്കണമെന്ന്‌ സി.ബി.എസ്‌.ഇ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു

പാകിസ്താനില്‍ നിന്നും ജമ്മു കശ്മീരിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ കണ്ടെത്തി

mangalam.com

പാകിസ്താനില്‍ നിന്നും ജമ്മു കശ്മീരിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ കണ്ടെത്തി

ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും ജമ്മു കശ്മീരിലെ ആര്‍.എസ് പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് ടണല്‍ കണ്ടെത്തിയത്. റഡാറുകളുടെയും മറ്റ് അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ടണല്‍ കണ്ടെത്തിയത്. നേരത്തെയും ഇന്ത്യയുടെ അതിര്‍ത്തി കടന്ന് പാകിസ്താന്‍ അനധികൃതമായി നിര്‍മ്മിച്ച ടണലുകള്‍ സൈന്യം കണ്ടെത്തിയിയിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് രഹസ്യ തുരങ്കം; പിന്നിൽ ഭീകരരെന്ന് സംശയം

by സ്വന്തം ലേഖകൻ

ശ്രീനഗർ ∙ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ഭീകരർ നിർമിച്ചതെന്നു കരുതുന്ന തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിലാണ് 30 അടി നീളവും 10 അടി താഴ്ചയിലുമുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്.
പാക്കിസ്ഥാനിൽ നിന്നും ജമ്മുവിലേക്ക് ഭീകരരെ കടത്തിവിടുന്നതിനും ആയുധങ്ങൾ എത്തിക്കുന്നതിനും വേണ്ടിയാവാം തുരങ്കം നിർമ്മിച്ചതെന്ന് ജമ്മു റേഞ്ച് ബിഎസ്എഫ് ഐജി രാകേഷ് ശർമ പറഞ്ഞു. തുരങ്കത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ആയതിനാൽ ഇന്ത്യയുടെ ഏതു ഭാഗത്താണ് തുരങ്കത്തിന്റെ മറുഭാഗം തുറക്കുന്നതെന്ന് അറിയാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുൻപും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കു നിർമിച്ച തുരങ്കങ്ങൾ ബിഎസ്എഫ് കണ്ടെത്തിയിട്ടുണ്ട്. 2012 ൽ സാംബ സെക്ടറിൽ നിന്നും 2009 ൽ അക്നൂർ സെക്ടറിൽ നിന്നും തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

44 കോടി വര്‍ഷം പഴക്കമുള്ള കൂണ്‍ഫോസില്‍

കരയില്‍നിന്ന് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ഫോസിലാണിത്
കരയില്‍നിന്ന് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ഫോസിലാണിത്

കരയിലെ ജീവപരിണാമം: വിലപ്പെട്ട തെളിവായി 44 കോടി വര്‍ഷം പഴക്കമുള്ള കൂണ്‍ഫോസില്‍

കരയില്‍നിന്ന് ലഭിക്കുന്ന ഏറ്റവും പഴക്കമുള്ള ഫോസിലാണിത്
കരയില്‍ സസ്യങ്ങളും ജീവികളും പരിണമിക്കാന്‍ വഴിയൊരുക്കിയതെന്ന് കരുതുന്ന പ്രചീന ഫംഗസിന്റെ ഫോസില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 44 കോടി വര്‍ഷം പഴക്കമുള്ള കൂണിന്റെ ഭാഗം, ഇതുവരെ കരയില്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ഫോസിലാണ്.
'ടോര്‍റ്റോടുബസ്' ( Tortotubus ) എന്ന് പേരിട്ട കൂണിന്റെ ഫോസിലിന് തലമുടിനാരിന്റെയത്ര പോലും വലുപ്പമില്ല. കരയില്‍ സസ്യ, ജിവജാലങ്ങള്‍ വളരാനുള്ള അടിത്തറയിട്ടത് ഇത്തരം ഫംഗസുകളാണെന്ന് ഗവേഷകര്‍ കരുതുന്നു.
50-45 കോടി വര്‍ഷം മുമ്പുള്ള കാലം 'പാലിയോസോയിഗ് യുഗം' ( Palaeozoic era ) എന്നാണറിയപ്പെടുന്നത്. കടലില്‍നിന്ന് ജീവന്‍ കരയിലെത്തി പരിണമിക്കാന്‍ തുടങ്ങിയത് ഈ കാലഘട്ടത്തിലാണെന്ന് ശാസ്ത്രം കരുതുന്നു.
അതിന് പക്ഷേ ചില സാഹചര്യങ്ങള്‍ കരയില്‍ വേണ്ടിയിരുന്നു. സസ്യങ്ങള്‍ക്ക് വളരാന്‍ ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് ആവശ്യമായിരുന്നു. ആ സസ്യങ്ങള്‍ ഭക്ഷണമാക്കി വേണമായിരുന്നു ജീവികള്‍ക്ക് നിലനില്‍ക്കാന്‍.
ഫോസിലുകള്‍ കണ്ടെത്തിയ സ്വീഡനിലെ ഗോട്ട്‌ലന്‍ഡ് പ്രദേശം
കരയില്‍ നിറയെ വളര്‍ന്നിരുന്ന ടോര്‍റ്റോടുബസ് പോലുള്ള കൂണുകളാണ് ഇവിടെ മേല്‍മണ്ണൊരുക്കാന്‍ സഹായിച്ചതെന്ന്, പ്രാചീന ഫോസിലിനെക്കുറിച്ച് പഠിച്ച ദര്‍ഹാം സര്‍വകലാശാലയിലെ ഡോ. മാര്‍ട്ടിന്‍ സ്മിത്ത് അറിയിച്ചു.
'കടലില്‍നിന്ന് ആദ്യജീവികള്‍ എത്തുംമുമ്പ് കര മുഴുവന്‍ കൂണുകള്‍ പോലുള്ള ഫംഗസുകള്‍ വളര്‍ന്നിരുന്നു എന്നതിന് തെളിവ് നല്‍കുന്നതാണ് ഈ ഫോസില്‍'- ഡോ. സ്മിത്ത് പറഞ്ഞു. 'കരയിലെ ജീവപരിണാമത്തിലെ ഒരു പ്രധാന വിടവ് നികത്തുന്നതാണിത്'.
44 കോടി വര്‍ഷം മുമ്പ് കരയില്‍ വളര്‍ന്ന കൂണിന്റെ ഫോസിലിന് തലമുടി നാരിന്റെ വലിപ്പം പോലുമില്ല
സ്വീഡന്‍, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച സൂക്ഷ്മഫോസിലുകളാണ് ഡോ. സ്മിത്ത് പഠനവിധേയമാക്കിയത്. 1980കളിലാണ് ആദ്യം ഈ കൂണ്‍ഫോസിലുകള്‍ തിരിച്ചറിഞ്ഞതെങ്കിലും, അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നത് ഇപ്പോഴാണ്.
സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ട മേല്‍മണ്ണിന്റെ രൂപീകരണത്തില്‍ ഒരു പ്രധാന ഘടകം നൈട്രജന്‍ ചംക്രമണം ( nitrogen cycle ) ആണ്. സസ്യങ്ങളുടെയും ജീവികളുടെയും ഭക്ഷ്യശൃംഖലയില്‍ ഇത് സുപ്രധാനമാണ്. നൈട്രജന്‍ ചംക്രമണം സാധ്യമാക്കി മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ ആദ്യകാലത്ത് ഈ പ്രാചീന ഫംഗസുകളാണ് സഹായിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു (കടപ്പാട്: The Mirror ).

മെഡാരം ജാത്രം തെലങ്കാനയുടെ ഔദ്യോഗിക ഉത്സവമാ

mathrubhumi.com

മദ്യത്തില്‍ ആറാടിയൊരു ആഘോഷം

സി.കെ. റിംജു
ഫസ്ഗയാ ബേട്ടാ... (കുടുങ്ങി മോനേ). നരേന്ദ്രന്റെ ശബ്ദംകേട്ട് ഉറക്കംഞെട്ടി ഓട്ടോറിക്ഷയുടെ പുറത്തേക്കുനോക്കി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര! പുലര്‍ച്ചെ മൂന്നുമണി ആകുന്ന തേയുള്ളൂ. ഇപ്പൊഴൊന്നും രക്ഷപ്പെടില്ലെന്നു പുലമ്പി നരേന്ദ്രന്‍ വണ്ടി ഓഫാക്കി പുറത്തിറങ്ങി.
മെഡാരത്തേക്ക് ഇനിയുമുണ്ട് 60 കിലോമീറ്റര്‍.  തെലങ്കാനയെ കാക്കുന്ന രണ്ട് അമ്മദൈവങ്ങള്‍ അവിടെയാണ്- സമ്മക്കയും സാരലമ്മയും! രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 'ജാത്ര'ത്തിനായി നാടായനാടൊക്കെ വാറങ്കല്‍ ജില്ലയിലെ മെഡാരം എന്ന കാട്ടുഗ്രാമത്തിലേക്ക് ഒഴുകുകയാണ്.
2
ഗതാഗതക്കുരുക്കഴിഞ്ഞു. 'ജയ് സമ്മക്ക സാരലമ്മ', സ്റ്റിയറിങ് തൊട്ടുവണങ്ങി നരേന്ദ്രന്‍ വീണ്ടും ഓട്ടോ സ്റ്റാര്‍ട്ടാക്കി.  റോഡിനിരുവശവുമുള്ള വരണ്ടുണങ്ങിയ കുറ്റിക്കാടുകള്‍ പുലര്‍വെട്ടത്തില്‍ പതുക്കെ തെളിഞ്ഞുതുടങ്ങുന്നതേയുള്ളൂ. നരേന്ദ്രന്റെ ഓട്ടോറിക്ഷ മെഡാരത്തേക്കും ഒപ്പം ചരിത്രത്തിലേക്കും ഓടി.
പണ്ടുപണ്ട്... കൃത്യമായി പറഞ്ഞാല്‍ 13-ാം നൂറ്റാണ്ടില്‍ മെഡാരം ഒരു ഘോരവനമായിരുന്നു. കൊയാസ് എന്ന കാട്ടുവാസികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഒരിക്കല്‍ നായാട്ടിനിടയില്‍ അവര്‍ക്ക് കാട്ടില്‍ക്കിടന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടി. ഗോത്രത്തലവന്‍ അവളെ  ഊരിലേക്ക് കൊണ്ടുവന്ന് സമ്മക്ക എന്ന് പേരിട്ട് വളര്‍ത്തി. ആയോധനകലകളില്‍ മിടുക്കിയായ സമ്മക്കയെ കാകതീയ സാമ്രാജ്യത്തിലെ പടയാളിയായ പഗിഡിദ്ദരാജു ആണ് വേട്ടത്. അവര്‍ക്ക് മൂന്നു മക്കളുണ്ടായി-സാരലമ്മ, നഗുലമ്മ, ജമ്പന്ന.
3
ആയിടയ്ക്കാണ് കാട്ടില്‍ കൊടുംവരള്‍ച്ച വന്നത്. ഗോദാവരി വറ്റിവരണ്ടു. ആളുകള്‍ തളര്‍ന്നുവീണ് മരിച്ചു. മൂന്നുവര്‍ഷത്തോളം വരള്‍ച്ച തുടര്‍ന്നു. കൊയാസുകള്‍ക്ക് കുടിവെള്ളം നല്‍കാതിരുന്ന കാകതീയ രാജാവ് പ്രതാപരുദ്രന്റെ നടപടിയോടുള്ള പ്രതിഷേധമായി കപ്പം നല്‍കേണ്ടെന്ന് ഗോത്രത്തലവന്‍ തീരുമാനിച്ചു. കുപിതനായ രാജാവ് കൊയാസ് ഗോത്രത്തെ കൊന്നുതള്ളാന്‍ പട്ടാളത്തെ വിട്ടു...
നരേന്ദ്രന്‍ പറയുന്ന കഥയെ തടസ്സപ്പെടുത്തിക്കൊണ്ട് പോലീസ് ഞങ്ങളുടെ ഓട്ടോറിക്ഷ തടഞ്ഞത് അപ്പോഴാണ്. സമ്മക്ക-സാര ലമ്മയുടെ വിശ്വാസികളെ സഹായിക്കാന്‍ റോഡുനീളെ തെലങ്കാന സര്‍ക്കാര്‍ നിയോ ഗിച്ചതാണിവരെ. 10,000 പോലീസുകാരാണ് വാറങ്കല്‍ ഡി.ഐ.ജി. മല്ലറെഡ്ഡിയുടെ നേതൃത്വത്തില്‍ ഇവിടെയുള്ളത്.
4
വീണ്ടും ഗതാഗതക്കുരുക്കാണ്.  പസ്ര എന്ന സ്ഥലത്തെ ഒരുമണിക്കൂറോളം നീണ്ട ആ കാത്തുകിടപ്പാണ് 'മെഡാരം ജാത്ര'ത്തെ ശരിക്കറിഞ്ഞത്. പസ്രമുതല്‍ മെഡാരംവരെയുള്ള 16 കിലോമീറ്ററില്‍ ലക്ഷക്കണക്കിന് ആളുകള്‍ റോഡിനിരുവശത്തുമുള്ള കുറ്റിക്കാടുകളില്‍ തമ്പടിച്ചു തങ്ങുന്നു! നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്ടറുകളിലും കാളവണ്ടികളിലും കാറുകളിലുമൊക്കെ ആളുകള്‍ താമസിക്കുന്നു!
5
ഇത്തവണ ഫിബ്രവരി 17 മുതല്‍ 20 വരെയായിരുന്നു മെഡാരം ജാത്രം. 17-നു രാത്രി തൊട്ടടുത്ത ഗ്രാമമായ ചില്‍കല്‍ഗുഡയിലെ മലമുകളില്‍നിന്ന് സമ്മക്കയെ മെഡാരത്തേക്ക് ആനയിക്കുന്നു. കന്നെബോയിനപ്പള്ളിയില്‍നിന്ന് മകള്‍ സാരലമ്മയും എത്തുന്നു. ഇരുവരും 20-നു തിരിച്ചുപോവുന്നു. പിന്നെ രണ്ടുവര്‍ഷംകഴിഞ്ഞാണ് വീണ്ടും എത്തുക. അതുകൊണ്ടുതന്നെ ഈ നാലുദിവസവും ഈ ദേവിമാര്‍ക്കൊപ്പം കഴിയാനാണ് ഭക്തര്‍ തമ്പടിക്കുന്നത്.
6
തീറ്റയും കുടിയുമാണ് പ്രധാന ആരാധന. ആടിനെ അറുത്തും കോഴിയെ കൊന്നും കുടുംബസമേതം മദ്യം യഥേഷ്ടം മോന്തിയും മനുഷ്യര്‍ ദേവിമാരെ പ്രീതിപ്പെടുത്തുന്നു.  ബലൂണും പീപ്പിയും വില്‍ക്കുന്ന താത്കാ ലിക കടകളില്‍പ്പോലും വിദേശനിര്‍മിത മദ്യം കിട്ടും. ഇത്തരത്തില്‍ 60,000 കടകളാണ് ഇവിടെയുള്ളത്. അമ്പലക്കമ്മിറ്റി ഇവയ്‌ക്കൊക്കെ ഫീസും ഈടാക്കുന്നുണ്ട്. 24 മണിക്കൂറും ഭക്തര്‍ക്ക് മദ്യം കിട്ടാനായി സര്‍ക്കാര്‍വക 22 ബീവറേജസ് ഷോപ്പുകളും!
7
നടത്തത്തിനിടയില്‍ ചെരുപ്പിലാകെ പടരുന്നത് ചോരതന്നെയാണ്. വഴിയില്‍ ആടുകളുടെ കഴുത്തറുത്തിട്ട കട്ടച്ചോര! കൊന്നപാപം തിന്നാല്‍ തീരുമല്ലോ. രാത്രി കുറ്റിക്കാട്ടിലെ ടെന്റില്‍ കിടക്കുമ്പോള്‍ ഏതൊക്കെയോ കാട്ടുജന്തുക്കളുടെ ഓരിയിടല്‍... മദ്യപിച്ച് ലക്കുകെട്ട ഭക്തരുടെ തുടികൊട്ടും പാട്ടും... എല്ലാം സമ്മക്ക-സാരലമ്മയ്ക്കുവേണ്ടി.
8
രാത്രി നരേന്ദ്രന്‍ കഥ തുട ര്‍ന്നു:  ഒരു പുഴയോരത്തുവെച്ചാണ് കൊയാസുകാര്‍ കാകതീയ സൈന്യത്തെ എതിരിട്ടത്. സമ്മക്കയുടെ ഭര്‍ത്താവായ പഗിഡിദ്ദരാജുവും മക്കളായ സാരലമ്മയും നഗുലമ്മയും ജമ്പന്നയും ആ ഏറ്റുമുട്ടലില്‍ മരിച്ചു. ജമ്പന്നയുടെ ജഡം ശത്രുക്കള്‍ പുഴയില്‍ എറിഞ്ഞു. രക്തം കലര്‍ന്ന നദി അതോടെ ചുവപ്പുനിറത്തില്‍ ഒഴുകി. ആ നദിയുടെ പേര് അന്നുമുതല്‍ ജമ്പന്നവാഗു എന്നായി. തന്റെ കുടുംബത്തെ ഒന്നടങ്കം കാകതീയ സൈന്യം കൊന്നുതള്ളിയെന്നറിഞ്ഞ സമ്മക്ക യുദ്ധമുഖത്തെത്തി. കാകതീയ സൈന്യത്തിന് സമ്മക്ക കനത്ത നഷ്ടമുണ്ടാക്കിയെങ്കിലും പോരാട്ടത്തിനിടെ അവള്‍ക്ക് മാരകമുറിവേറ്റു. കാക തീയരുടെ കണ്ണുവെട്ടിച്ച് അവള്‍ കാട്ടിനുള്ളിലേക്ക് പിന്‍വലിഞ്ഞു. ആ യുദ്ധത്തില്‍ കൊയാസുകാര്‍ തോറ്റുകീഴടങ്ങി.
  രക്ഷപ്പെട്ട ചിലര്‍ കാട്ടില്‍ സമ്മക്കയെ തിരഞ്ഞുപോയി. വര്‍ഷങ്ങള്‍ക്കുമുമ്പ് കുഞ്ഞുസമ്മക്കയെ കിട്ടിയ അതേ മരത്തിനുകീഴെ ഒരു പെട്ടിയില്‍ സമ്മക്കയുടെ വളയും കമ്മലും മൂക്കുത്തിയും അവര്‍ കണ്ടെടുത്തു. അടുത്ത് ഒരു കടുവയുടെ കാല്‍പ്പാടുകളും... ആ പെട്ടിയുമായി കൊയാസുകാര്‍ ഊരിലേക്കു മടങ്ങി. അന്നുമുതല്‍ സമ്മക്ക കൊയാസ് വിഭാഗക്കാരുടെ ദൈവമായി. യുദ്ധത്തില്‍ മരിച്ച സമ്മക്കയുടെ ഭര്‍ത്താവും മക്കളുമൊക്കെ ദൈവങ്ങളായെങ്കിലും അതില്‍ സാര ലമ്മ എന്ന മകള്‍ക്കാണ് അമ്മയോടൊപ്പം കൂടുതല്‍ പ്രാധാന്യം കിട്ടിയത്.
9
ചില്‍ക്കല്‍ഗുഡ മലമുകളില്‍ ഇന്നും സമ്മക്കയുടെ ആഭരണപ്പെട്ടിയുണ്ട്. ജാത്ര തുടങ്ങുമ്പോള്‍ ഗ്രാമത്തലവന്‍ ആ തിരുവാഭരണപ്പെട്ടി  മെഡാരത്തേക്ക് കൊണ്ടുവരും. ജാത്ര കഴിയുമ്പോള്‍ തിരിച്ചവിടെ കൊണ്ടുചെന്ന് ഒളിപ്പിക്കും. അയാള്‍ക്കും ആ കുടുംബത്തിലെ രണ്ടുപേര്‍ക്കും മാത്രമേ പെട്ടി എവിടെയാണ് ഒളിപ്പിച്ചതെന്ന് അറിയാവൂ!
കഥകേട്ട് കിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ പുക മറയത്ത് കുപ്പിവെള്ളവുമായി പുല്‍മേടുതേടി പോകുന്ന അവ്യക്തമനുഷ്യരൂപങ്ങള്‍ തെളിയുന്നു. എല്ലാവരും ഒരുമിച്ചുള്ള സമൂഹ പ്രഭാതകൃത്യം... സമ്മക്കയുടെ ക്ഷേത്രത്തിനുപോലും വലിയ പത്രാസ് അവകാശപ്പെടാനില്ല. വൃത്താകൃതിയുള്ള ഉയര്‍ന്ന കമ്പിവേലിക്കു നടുവിലായി ഒരു ഉണങ്ങിയ മരം. അതിനുചുവട്ടില്‍ പട്ടുകൊണ്ട് പൊതിഞ്ഞ കുങ്കുമത്തിന്റെയും മഞ്ഞളിന്റെയും കെട്ടുകള്‍... അതാണ് സമ്മക്ക. കുറച്ചുമാറിയുള്ള മറ്റൊരു കമ്പിവേലിക്കുള്ളില്‍ ഒരു കുങ്കുമപ്പൊതി കാണുന്നതാണ് സാരലമ്മ. അതിനു മുകളിലേക്ക് ഉദ്ദിഷ്ടകാര്യം സാധിച്ച ഭക്തര്‍ എറിഞ്ഞിടുന്ന പുത്തന്‍ സാരികളും വളകളുമൊക്കെ കുമിഞ്ഞുകൂടിയിരിക്കുന്നു!
10
ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നൊക്കെ ഭക്തര്‍ എത്തുന്നുണ്ട്. നാലു ദിവസങ്ങളിലായി നടന്ന ഇത്തവണത്തെ മെഡാരം ജാത്രത്തില്‍ ഒരുകോടിയോളം ആളുകള്‍ എത്തിയെന്നാണ് വാറങ്കല്‍ കളക്ടര്‍ വി. കരുണ പറയുന്നത്. ഇത്രയും ആളുകള്‍ എത്തിയിട്ടും ക്രമസമാധാനപ്രശ്‌നമോ ആരോഗ്യപ്രശ്‌നങ്ങളോ മരണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാട്ടില്‍ 'പാമ്പായി' കിടന്ന ആരേയും പാമ്പ് കടിച്ചതായും റിപ്പോര്‍ട്ടില്ല. 500 പോലീസ് എയ്ഡ് പോസ്റ്റുകളില്‍ ഒരു സ്ത്രീയും ഉപദ്രവിക്കപ്പെട്ടതായി പരാതിയെത്തിയില്ല. വിശ്വാസത്തേക്കാള്‍ വലിയ ആശ്ചര്യമാണ് മെഡാരം ജാത്രം.
13
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും കൈമെയ് മറന്നാണ് ജാത്രത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചത്. തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം നടന്ന ഈ ആദ്യ ജാത്രത്തിനെത്തുന്നവരുടെ സൗകര്യങ്ങള്‍ക്കായി 175 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഇനിമുതല്‍ മെഡാരം ജാത്രം തെലങ്കാനയുടെ ഔദ്യോഗിക ഉത്സവമായിരിക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചിരിക്കുന്നു.
11
തിരിച്ചുപോരുമ്പോള്‍ മനസ്സില്‍നിറയെ വിദ്യാഭ്യാസവും വിശ്വാസവും തമ്മിലുള്ള വൈരുധ്യബന്ധമായിരുന്നു. സമ്മക്ക-സാരലമ്മയെ കാണാനെത്തിയ ഈ ഭക്തരില്‍ മുക്കാല്‍ ഭാഗ ത്തോളം ആളുകള്‍ പ്രാഥ മിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ്. പക്ഷേ, അവരെല്ലാം അതിതീവ്ര വിശ്വാസികളുമാണ്. അതുകൊണ്ടുതന്നെ ഏത് കടുത്തലഹരിയിലും അവര്‍ വിശ്വാസത്തിന്റെ നിറവില്‍ സ്വയം നിയന്ത്രിതരാവുന്നു. ദൈവത്തിന്റെ അനുസരണയുള്ള കുഞ്ഞുങ്ങള്‍!
12
അതെ, ഈ ആധുനികയുഗത്തില്‍ മെഡാരം ജാത്രം ഒരിക്കല്‍ക്കൂടി ചരിത്രമാവുന്നു...

പാര്‍ലമെന്റ് തടസപ്പെടല്‍: ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി

mathrubhumi.com

പാര്‍ലമെന്റ് തടസപ്പെടല്‍: ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനപ്രതിനിധികള്‍ക്ക് ആശയങ്ങള്‍ പങ്ക്‌വയ്ക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ് പാര്‍ലമെന്റെന്ന് രാജീവ് ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത് നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റിന്റെ അന്തസ് നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിനും പങ്കുണ്ട്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. പാര്‍ലമെന്റ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു തന്നു. മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ നിലപാടുകളെ നേരിട്ടത്. ഭക്ഷ്യസുരക്ഷാ പദ്ധതി കേരളം അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് മോദി ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ നിന്ന്:
  • പാര്‍ലമെന്റ് നടക്കുന്നില്ലെങ്കില്‍ അതിന്റെ നഷ്ടം എല്ലാവര്‍ക്കുമാണ്. ചരക്ക് സേവന നികുതി ബില്‍ ഞങ്ങളുടെതാണെന്ന് പറയുന്നു. സത്യത്തില്‍ ഈ ബില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്
  • വിവിധ ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണം. സ്വകാര്യ ലാഭത്തിനായി പാര്‍ലമെന്റ് തടസപ്പെടുത്തുന്ന കാര്യം അംഗീകരിക്കാന്‍ കഴിയില്ല. 
  • ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാനുള്ള സമയമാണ് നഷ്ടമാകുന്നത്.
  • വിദ്യഭ്യാസം,ആരോഗ്യം അടക്കം വിവിധ മേഖലയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്യണം.
  • മെയ്ക്ക് ഇന്‍ ഇന്ത്യ രാജ്യത്തിന് വേണ്ടിയാണ്. 
  • കഴിഞ്ഞ സര്‍ക്കാര്‍ പട്ടിണി ഇല്ലാതാക്കിയിരുന്നെങ്കില്‍ തൊഴിലുറപ്പ് പോലെയുള്ള പദ്ധതികള്‍ രാജ്യത്തിന് ആവശ്യമില്ല
  • പ്രായമാകുമ്പോള്‍ ചില മനുഷ്യര്‍ പഠിക്കും. എന്നാല്‍, ചിലര്‍ക്ക് അതിനും കഴിയില്ല. 
  • കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറയുന്നു തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന്. ഇതിനെ താന്‍ അംഗീകരിക്കുന്നു. 
  • 2012 ലെ സി.എ.ജി റിപ്പോര്‍ട്ട് വിശദമായി പഠിക്കണം. അഞ്ച് സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്
  • ഞാന്‍ പുതിയ ആളാണ്. നിങ്ങളാണെങ്കില്‍ പരിചയ സമ്പന്നരും. രാജ്യത്തിനായി നമ്മുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. 
  • നിലവിലെ സാഹചര്യങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാം. 10 വര്‍ഷം ഭരിച്ച യു.പി.എ റയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 9,291 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍, ഞങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് 32,587 കോടി രൂപ റെയില്‍വേ വികസനത്തിനായി ചെലവാക്കി.
  • സൗഗത റോയ് പറയുന്നു പ്രധാനമന്ത്രി കിസാന്‍ ബീമാ യോജന നിലവില്‍ 45 ജില്ലകളിലാണുള്ളതെന്ന്. എന്നാല്‍, ഇത് രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നാണ് തന്റെ അഭിപ്രായം.
  • 2014 മേയില്‍ അധികാരമേല്‍ക്കുമ്പോള്‍ 11 സംസ്ഥാനങ്ങള്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ നിയമം അംഗീകരിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം, മിസോറാം, മണിപ്പൂര്, അരുണാചല്‍ പ്രദേശ് തുടങ്ങിയവ ഇതുവരെ അംഗീകരിച്ചില്ല. 
  • അഞ്ച് സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. 
  • രാജ്യത്തെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുന്നതിനുള്ള വിത്ത് നടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 
  • കോണ്‍ഗ്രസ് പാവപ്പെട്ടവരെ 60 വര്‍ഷമായി സഹായിച്ചില്ലെന്ന വാദത്തെ തള്ളിക്കളയാന്‍ ആരും തയാറാകുന്നില്ല. പാവപ്പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നു. 
  • പ്രാഥമിക വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. 
  • രാജ്യാന്തര വനിതാ ദിനത്തില്‍ വനിതാ അംഗങ്ങള്‍ മാത്രം സഭയില്‍ സംസാരിക്കണം. സ്ത്രീ ശാക്തീകരണത്തില്‍ നിര്‍ണായക മുന്നേറ്റമാണ് രാജ്യം നടത്തിയത്.

3/02/2016

ഭാരത് ധര്‍മ ജന സേന എന്‍ഡിഎയില്‍

janamtv.com

ഭാരത് ധര്‍മ ജന സേന എന്‍ഡിഎയില്‍

Posted BY Admin
vellappally amith sha del
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന ഭൂരിപക്ഷ സമുദായങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ഭാരത് ധര്‍മ ജന സേന (ബിഡിജെഎസ്) ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകും. ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് സ്ഥാപക നേതാവുമായ വെളളാപ്പളളി നടേശനാണ് ഇക്കാര്യം അറിയിച്ചത്.
നാളെ ബിജെപി ദേശീയ ആസ്ഥാനത്ത് സഖ്യത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം നടക്കും. സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി നടക്കും. എന്‍ഡിഎ സഖ്യത്തിന് മാത്രമേ കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ കഴിയൂവെന്ന് വെളളാപ്പളളി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനോ മകന്‍ തുഷാര്‍ വെളളാപ്പള്ളിയോ മത്സരിക്കില്ലെന്നാണ് നിലവിലെ നിലപാട്. എന്നാല്‍ ജനാധിപത്യ രീതിയില്‍ സംസ്ഥാന കമ്മറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെക്കൂടാതെ തുഷാര്‍ വെളളാപ്പള്ളി, രാജീവ് ചന്ദ്രശേഖര്‍ എംപി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

അമിത കൊളസ്ട്രോൾ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധയാവശ്യമാണെന്ന് നമുക്കറിയാം. വളരെ ചെലവില്ലാതെ വീട്ടിൽത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
സംഭാരം: കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ മാർഗമാണിത്. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാൻ വളരെ നല്ലതാണ്. കൊളസ്ട്രോൾ കൂട്ടുന്ന ബെൽ ആസിഡുകളുടെ പ്രവർത്തനത്തെ തടയാൻ ഇവയ്ക്കാകുമെന്നതിനാലാണിത്.
കാന്താരിമുളക് : ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്.
ഒലീവ് ഓയിൽ : ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല.
നെല്ലിക്ക : ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും ഇതുപകരിക്കും.
ഇഞ്ചി : വെറുതെ ചവച്ചു കഴിക്കുന്നതും ചായയിൽ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഉദര പ്രശ്നങ്ങൾക്കും അത്യുത്തമമാണ് ഇഞ്ചി .
സോയാബീൻ : ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സോയാബീനും സോയാമിൽക്കും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.
ഗ്രീൻ ടീ : ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും.

ഒരു വർഷത്തെ ബഹിരാകാശ വാസത്തിനു ശേഷം 52കാരൻ വീട്ടിലെത്തിയപ്പോൾ

ഒരു വർഷത്തെ ബഹിരാകാശ വാസത്തിനു ശേഷം 52കാരൻ വീട്ടിലെത്തിയപ്പോൾ

by സ്വന്തം ലേഖകൻ

52 വയസ്സു പ്രായമുള്ള സ്കോട്ട്കെല്ലി ഒരു വർഷം ബഹിരാകാശത്ത് താമസിച്ചു എന്നു പറയുമ്പോൾ അദ്ഭുതം തന്നെയാണ്. അങ്ങകലെ ഒറ്റപ്പെട്ട ഒരിടത്ത് ഇത്രയും പ്രായം ചെന്ന ഒരാൾ രാവും പകലും കഴിച്ചുകൂട്ടുക അസാധ്യമെന്ന് തോന്നിയേക്കാം. എന്നാൽ നിലയത്തിൽ എത്തിയ അന്നു മുതൽ അവിടെ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലെ കൂട്ടുകാർക്ക് പങ്കുവയ്ക്കാൻ കെല്ലിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് തിരിക്കുമ്പോൾ, യാത്രപറയുമ്പോൾ വരെ സൂര്യൻ ഉദിച്ചുയരുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് മടങ്ങിയത്. ആ ചിത്രങ്ങൾക്കും കുറിപ്പുകളിലും ബഹിരാകാശ ലോകത്ത് നിന്നു മടങ്ങുന്നതിന്റെ ചെറിയൊരു ദുഃഖം പ്രകടമായിരുന്നു. ഇപ്പോൾ കെല്ലി വീട്ടിൽ എത്തിയിരിക്കുന്നു. വലിയൊരു നേട്ടം കൈവരിച്ച്.
ഏകദേശം ഒരു വർഷത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് യുഎസ് ബഹിരാകാശ സഞ്ചാരി സ്കോട്ട് കെല്ലിയും റഷ്യൻ സഞ്ചാരി മിഖായേൽ കോർണിങ്കോയും ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം രാവിലെ 9.55നാണ് ഇവർ ഭൂമിയിൽ തിരിച്ചെത്തിയത്. മധ്യ കസഖ്സ്ഥാനിലെ ജെസ്കാസ്ഗനിലാണ് ഇവർ തിരിച്ചിറങ്ങി. കെല്ലിയും കോർണിങ്കോയും 340 ദിവസമാണ് ബഹിരാകാശത്തു കഴിഞ്ഞത്. ഇവർക്കൊപ്പം അഞ്ചുമാസത്തെ വാസത്തിനു ശേഷം റഷ്യയുടെ സെർജി വോൾക്കോവും തിരിച്ചു ഭൂമിയെത്തി.
ഏറ്റവും അധികം കാലം ബഹിരാകാശത്ത് വസിച്ച യുഎസ് സഞ്ചാരിയെന്ന റെക്കോ‍‍‍ഡ് കെല്ലി സ്വന്തം പേരിലെഴുതിച്ചേർത്തു. ഏറ്റവും ദീർഘകാലം ബഹിരാകാശത്തു വസിച്ച അഞ്ചാമത്തെ റഷ്യക്കാരനാണ് കോർണിങ്കോ. ഇരുവരും 144 മില്യൺ മൈലാണ് ബഹിരാകാശത്ത് യാത്രചെയ്തത്. ഭൂമിയെ 5,440 തവണ ചുറ്റി. 10,880 സൂര്യോദയവും അസ്തമയവും കണ്ടു. ഇന്നലെയാണ് കെല്ലി അവസാനമായി സൂര്യോദയത്തിന്റെ ചിത്രം പോസ്റ്റ് ചെയതത്. കഴിഞ്ഞ മാർച്ച് 27നാണ് ഇരുവരും ബഹിരാകാശത്തേക്കു പോയത്.
സർവസമ ഇരട്ടകളായ ഗഗനചാരികളിലൊരാളെ ബഹിരാകാശത്തേക്കയച്ചു ജനിതക ഘടനയിലുണ്ടായേക്കാവുന്ന മാറ്റങ്ങളുൾപ്പെടെ സൂക്ഷ്‌മമായി പഠിക്കുകയായിരുന്നു യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ പദ്ധതി. ഇരട്ട സഹോദരന്മാരായ മാർക്ക് കെല്ലിയും സ്‌കോട്ട് കെല്ലിയുമാണു നാസയുടെ വേറിട്ട പരീക്ഷണദൗത്യത്തിൽ പങ്കാളികളായത്. ബഹിരാകാശ യാത്രകൾ പുത്തരിയല്ലാത്ത ഇരുവർക്കും ഈ ഫെബ്രുവരി 21ന് 52 വയസ്സു തികഞ്ഞു. ഭൂമിയെ ഭ്രമണം ചെയ്യുന്ന, ഗവേഷണ ലബോറട്ടറിയായ രാജ്യാന്തര ബഹിരാകാശനിലയത്തിൽ ഒരു വർഷം സ്‌കോട്ട് ചെലവിട്ടപ്പോൾ നാസയിൽനിന്നു വിരമിച്ച ഇരട്ട സഹോദരനാകട്ടെ, ഭൂമിയിൽ തന്റെ വിശ്രമജീവിതം തുടർന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നാസ ദൗത്യങ്ങളുടെ കാലാവധി സാധാരണയായി നാലു മുതൽ ആറുമാസം വരെയാണ്. മിഖായേൽ കോർണിങ്കോയ്‌ക്കൊപ്പം സ്‌കോട്ട് കെല്ലിയും ഒരുവർഷം താമസിച്ചത് ദീർഘകാല ബഹിരാകാശ ജീവിതത്തിന്റെ സ്വാധീനം മനസ്സിലാക്കാനായിരുന്നു. ഭൂമിയിലുള്ള മാർക്കിന്റെയും ബഹിരാകാശത്തുള്ള സ്‌കോട്ടിന്റെയും മാനസിക, ശാരീരിക അവസ്‌ഥകൾ നിരന്തരം നിരീക്ഷിച്ച് മനുഷ്യമനസ്സിനെയും ശരീരത്തെയും ബഹാരാകാശ ജീവിതം എങ്ങനെ സ്വാധീനിക്കുന്നുവെന്നു കണ്ടെത്താനാണു നാസയുടെ ശ്രമം.
താഴെ ആകാശം
ഒരിലയനക്കം പോലുമില്ലാത്ത നിശബ്ദതയില്‍ ശൂന്യാകാശത്തുമ്പില്‍ ഒരു കിളിക്കൂട്. ഭക്ഷണവും വസ്ത്രവുമൊക്കെയായി പറന്നെത്തുന്ന യന്ത്രപ്പക്ഷികളെ പ്രതീക്ഷിച്ച് അത് ഒഴുകിനീങ്ങുന്നു. ദിവസവും പലവട്ടം സൂര്യനെ നോക്കി മുഖംമിനുക്കിയാണ് യാത്ര. വിണ്ണിലെ ഈ വീട്ടില്‍ താമസിച്ചത് ആറു പേര്‍. കഴിഞ്ഞ 17 വര്‍ഷമായി തുടരുന്ന വിസ്മയം...ചില ദിവസങ്ങളില്‍ ഒന്നു കണ്ണുയര്‍ത്തി നോക്കിയാല്‍ നമുക്കുംകാണാം, നമ്മുടെ തലയ്ക്കുമീതെ ആ അദ്ഭുതക്കാഴ്ച...
രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ നവംബര്‍ 20നു 17 വര്‍ഷം പൂര്‍ത്തിയായി. 330 കിലോമീറ്റര്‍ മുതല്‍ 435 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് കറക്കം. ഭൂമധ്യരേഖയ്ക്ക് 51.65 ഡിഗ്രി ചെരിഞ്ഞ ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതായത് ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ ! ബഹിരാകാശത്തു താമസിച്ചു പഠനങ്ങള്‍ നടത്താനായി നിര്‍മിച്ച ലബോറട്ടറി എന്ന് നിലയത്തെ വിശേഷിപ്പിക്കാം. ചെറിയ ഘടകങ്ങള്‍ പലപ്പോഴായി കൊണ്ടുവന്നു കൂട്ടിച്ചേര്‍ത്തായിരുന്നു നിര്‍മാണം. ബഹിരാകാശ സഞ്ചാരികള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി പേടകങ്ങള്‍ ഭൂമിയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് എത്തും. 17 വയസ്സ് പൂര്‍ത്തിയായ നിലയത്തെക്കുറിച്ചുള്ള ചില കൗതുകങ്ങള്‍...
16 തങ്ക സൂര്യോദയങ്ങള്‍
ഭൂമിയെ ചുറ്റി സഞ്ചരിക്കുമ്പോള്‍ നിലയത്തിലുള്ളവര്‍ക്ക് ഓരോ 92.71 മിനിറ്റിലും ഒരു സൂര്യോദയമോ സൂര്യാസ്തമയമോ കാണാം. ഒരു ദിവസം അവര്‍ സാക്ഷികളാകുന്നത് പതിനാറോളം സൂര്യോദയങ്ങള്‍ക്ക്. കൃത്യമായി പറഞ്ഞാല്‍ 15.5 തവണ. ഓരോ വട്ടംചുറ്റലിലും പലതവണ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം.
15 രാജ്യങ്ങള്‍
15 രാജ്യങ്ങള്‍ ചേര്‍ന്നാണ് നിലയം നിര്‍മിച്ചിരിക്കുന്നത്. അമേരിക്ക, കാനഡ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് പങ്കാളികള്‍. ബല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലുള്ളത്.
15 വര്‍ഷം
ഭ്രമണപഥത്തില്‍ എത്തിയിട്ടു 17 വര്‍ഷം കഴിഞ്ഞെങ്കിലും ബഹിരാകാശ നിലയത്തില്‍ മനുഷ്യന്‍ താമസം തുടങ്ങിയത് 15 വര്‍ഷം മുന്‍പാണ്. 1998 നവംബര്‍ 20ന് ആണ് ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗം റഷ്യയില്‍ നിന്നു വിക്ഷേപിച്ചത്. രണ്ടാഴ്ച കഴിഞ്ഞു നാസ വിക്ഷേപിച്ച മറ്റൊരു ഭാഗം ഇതിനോടു കൂട്ടിച്ചേര്‍ത്തു നിലയത്തിന്റെ നിര്‍മാണം തുടങ്ങി. എന്നാല്‍ 2000 നവംബര്‍ രണ്ടിനായിരുന്നു മാനവരാശിയുടെ ഗൃഹപ്രവേശം.
13 ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ചരിത്രയാത്ര പുറപ്പെട്ട കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോം ആണു റഷ്യ ഇപ്പോഴും പേടകങ്ങളുടെ വിക്ഷേപണസ്ഥലമായി ഉപയോഗിക്കുന്നത്. തന്നെ കൊണ്ടുവന്ന ബസിന്റെ വലതുവശത്തെ പിന്നിലെ ടയറില്‍ ഗഗാറിന്‍ മൂത്രമൊഴിച്ചു.
പേടകത്തില്‍ കയറുന്നതിനു മുന്‍പു മൂത്രശങ്ക തീര്‍ക്കാനായിരുന്നു അത്. ആ മൂത്രമൊഴിക്കല്‍ ഇന്നും പലരും പിന്തുടരുന്നു. സ്ത്രീകളായ സഞ്ചാരികളാണെങ്കില്‍ അല്‍പ്പം സാംപിള്‍ കുപ്പിയില്‍ കൊണ്ടുവന്നു ടയറിന്റെ മുകളില്‍ ഒഴിക്കും. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് യാത്രയെങ്കിലും ഇത്തരം ആചാരങ്ങള്‍ ഇപ്പോഴും ചിലരുടെ കൂടപ്പിറപ്പാണ്. പേടകത്തിലേക്ക് കയറുന്ന യാത്രികരെ സ്വാഗതംചെയ്യുന്ന റഷ്യന്‍ ചീയര്‍ ഗേള്‍സ്, ഓരോ ദൗത്യത്തിനും മുന്‍പു വൃക്ഷത്തൈ നടീല്‍, വിക്ഷേപണത്തലേന്ന് സിനിമ കാണല്‍, കിടപ്പുമുറിയിലെ ചുവരിലും ഓര്‍മഫലകത്തിലും പേടകത്തിലും ഒപ്പുചാര്‍ത്തല്‍, കുതിച്ചുയരുംമുന്‍പു പ്രേമഗാനം കേള്‍ക്കല്‍....അനുഷ്ഠാനങ്ങളുടെ നിര നീളുന്നു. റോക്കറ്റും പേടകവും ഒരു വൈദികന്റെ ആശീര്‍വാദവും ഏറ്റുവാങ്ങും. ഓരോ സഞ്ചാരിയും തങ്ങളുടേതായി ഒരു പാവയെയും കൊണ്ടുപോകും. കുതിച്ചുയരുന്ന പേടകത്തിന്റെ ഉള്ളറയില്‍ തൂങ്ങിക്കിടക്കുന്ന ഈ പാവക്കുട്ടിയെ ഉപയോഗിച്ചു, തങ്ങള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയം ഭേദിക്കുന്നത് എപ്പോഴാണെന്നു തിരിച്ചറിയാനും അവര്‍ക്കു കഴിയും.
12 മാസം താമസം
സാധാരണ ആറുമാസം വീതമാണ് ഓരോ ദൗത്യത്തിന്റെയും കാലാവധി. ഒരു ബഹിരാകാശ സഞ്ചാരി ആറു മാസമാവും നിലയത്തില്‍ കഴിയുക. ഒന്നാം ദൗത്യം മുതല്‍ ഇപ്പോഴുള്ള 42—ാം ദൗത്യം വരെയുള്ള പതിവ് ഇതാണ്. എന്നാല്‍ 12 മാസം നിലയത്തില്‍ താമസിക്കാനുള്ള ശ്രമവും വിജയിച്ചു. ഒരു വര്‍ഷത്തോളം നിലയത്തില്‍ താമസിച്ചു, ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം.
1152 മണിക്കൂര്‍
പതിനേഴ് വർഷം പൂർത്തിയാക്കിയപ്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി പേടകത്തിനു പുറത്തിറങ്ങി ബഹിരാകാശ യാത്രികര്‍ ഇതുവരെ ചെലവിട്ടത് 1152 മണിക്കൂറുകള്‍. ബഹിരാകാശ നടത്തങ്ങളെന്ന പേരിലാണ് ഈ ഊരുചുറ്റല്‍ അറിയപ്പെടുന്നത്. 184 ബഹിരാകാശ നടത്തങ്ങള്‍ക്കായി ആകെ എടുത്ത സമയമാണ് 1152 മണിക്കൂര്‍.
10 ഏജന്‍സികള്‍
സ്വകാര്യ ഏജന്‍സിയായ സ്പേസ് അഡ്വഞ്ചേഴ്സ് ഉള്‍പ്പെടെ പത്തു ബഹിരാകാശ ഏജന്‍സികളാണ് നിലയത്തിലേക്ക് ഇതുവരെ ആളുകളെ അയച്ചിരിക്കുന്നത്. യുഎസ്, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ബ്രസീല്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ബഹിരാകാശ ഏജന്‍സികളാണ് അവ. ഇവര്‍ അയച്ച സഞ്ചാരികളില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു.
92,782 വട്ടംചുറ്റല്‍
പതിനേഴ് വർഷത്തിനിടെയുള്ള കണക്കുകൾ പ്രകാരം നിലയം ഭൂമിയെ ചുറ്റി സഞ്ചരിച്ചത് 92,782 തവണയാണ്.
8 നിര ചിറകുകള്‍
എട്ടു നിരകളിലായി 16 വലിയ സൗരോര്‍ജ പാനല്‍ ചിറകുകളാണ് നിലയത്തിനു ജീവനേകുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി പരമാവധി 90 കിലോവാട്ട് വരെ വരും. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. രാവിലെയും വൈകിട്ടും നിലയത്തെ കാണാന്‍ കഴിയും.
7 വിനോദസഞ്ചാരികള്‍
ഇതുവരെ 216 പേര്‍ നിലയം സന്ദര്‍ശിച്ചു. ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും പുറമെ കോടീശ്വരന്‍മാരായ ഏഴു വിനോദ സഞ്ചാരികളും ഇവരില്‍ ഉള്‍പ്പെടുന്നു. കോടിക്കണക്കിനു രൂപ മുടക്കിയായിരുന്നു യാത്ര. ഒന്നോ രണ്ടോ ആഴ്ചത്തെ സുഖവാസത്തിനു ശേഷം മടങ്ങുകയും ചെയ്തു. യുഎസ് വ്യവസായി ഡെന്നിസ് ടിറ്റോ ആയിരുന്നു ആദ്യ ബഹിരാകാശ വിനോദസഞ്ചാരി.
6 മുറികള്‍
നിലയത്തില്‍ സഞ്ചാരികള്‍ താമസിക്കുന്നതും ഗവേഷണങ്ങള്‍ നടത്തുന്നതുമായ സ്ഥലങ്ങളുടെ വലുപ്പം ആറു മുറികളുള്ള ഒരു വലിയ വീടിനു തുല്യമാണ്.
52 കംപ്യൂട്ടറുകള്‍
നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് 52 കംപ്യൂട്ടറുകളാണ്.
4 റോബട്ടുകള്‍
നിലയത്തില്‍ മനുഷ്യനെ സഹായിക്കാന്‍ നാലു റോബട്ടുകളും ഉണ്ട്. ഇതില്‍ പ്രധാനമായത് രണ്ടു യന്ത്രക്കൈകളാണ്. കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ കാനഡാം 2, ജപ്പാന്റെ കിബോ ലബോറട്ടറിയുടെ ജെഇഎം - ആര്‍എംഎസ് എന്നിവയാണ് അവ. കാനഡയുടെ ഡക്സ്റ്റര്‍, നാസയുടെ റോബനോട്ട് 2 എന്നിവയാണ് മറ്റു രണ്ടു റോബട്ടുകള്‍.
360 മാരുതി എസ്‌യുവികള്‍
തുടക്കത്തില്‍ 19,300 കിലോഗ്രാം മാത്രമായിരുന്ന നിലയത്തിന്റെ ഭാരം. ഇപ്പോള്‍ അത് 4,50,000 കിലോഗ്രാം ആണ്. അതായത് ഏകദേശം 360 മാരുതി എര്‍ട്ടിഗ എസ്‌യുവികളുടെ ഭാരത്തിനു തുല്യം.
2 ശുചിമുറികള്‍
ഭൂമിയില്‍ തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെ കാത്തിരിക്കുന്ന ചോദ്യങ്ങളിലൊന്ന്, ശൂന്യാകാശത്ത് ത്സന്ഥത്ഭഗ്മഗ്ന;കാര്യം സാധിക്കുന്നതെങ്ങനെ എന്നതാണ്. മാലിന്യം വലിച്ചെടുക്കുന്ന രീതിയിലാണ് നിലയത്തിലുള്ള രണ്ടു ശുചിമുറികളുടെ പ്രവര്‍ത്തനം. മൂത്രം സംസ്കരിച്ചു വെള്ളമാക്കി മാറ്റും. പൈപ്പില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളത്തില്‍ മുഖം കഴുകാനാവില്ല. കാരണം, വെള്ളം വലിയ തുള്ളികളായി ഒഴുകിനടക്കും ! പല്ലുതേച്ചാല്‍ തുപ്പാനാവില്ല. വിഴുങ്ങാം.
1 ജിംനേഷ്യം
ഒഴുകിനടക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് വ്യായാമം ചെയ്യാനുമുണ്ട് സ്ഥലം. ആരോഗ്യം കാത്തുസൂക്ഷിക്കാനും വര്‍ക്ക്ഔട്ടുകള്‍ക്കുമായി പേടകത്തില്‍ ഒരു ജിംനേഷ്യവും ക്രമീകരിച്ചിരിക്കുന്നു.
0 ഗുരുത്വം
ഊഞ്ഞാലില്‍ നിന്ന് ഊഞ്ഞാലിലേക്ക് കൈവിട്ട് ചാടിയും ഒഴുകിയിറങ്ങിയും കയ്യടി നേടുന്ന സര്‍ക്കസുകാരെ ഓര്‍മിപ്പിക്കും ഈ നിലയം. ബഹിരാകാശത്ത് ഭൂമിയുടെ ആകര്‍ഷണബലം വളരെ കുറവായതിനാല്‍ സഞ്ചാരികള്‍ക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്നു. സീറോ ഗ്രാവിറ്റി എന്നു വിശേഷിപ്പിക്കാമെങ്കിലും യഥാര്‍ഥത്തില്‍ ഗുരുത്വാകര്‍ഷണബലം പൂര്‍ണമായും ഇല്ലാതാകുന്നില്ല. പ്രപഞ്ചത്തിലെ ഏതു രണ്ടു വസ്തുക്കള്‍ തമ്മിലും ആകര്‍ഷണമുണ്ട്. ഗുരുത്വാകര്‍ഷണം സാര്‍വത്രികമാണ്. സീറോ ഗ്രാവിറ്റി എന്ന വാക്കിനുപകരം മൈക്രോഗ്രാവിറ്റിയാണ് ചേരുന്നത്.
രാജ്യങ്ങളുടെ അതിര്‍ത്തികളും അവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളും മതവൈരവും പണത്തിനു വേണ്ടിയുള്ള നെട്ടോട്ടവുമെല്ലാം വെറുതെയാണെന്ന് ഓര്‍മിപ്പിക്കുന്നുമുണ്ട് ഈ വീട്. സംശയമുണ്ടെങ്കില്‍ താഴേക്കു നോക്കാം. മതവും ഭാഷയും വേഷവും നിറവും ഒന്നും അവിടെയില്ല. ശൂന്യാകാശത്തിന്റെ ഏകാന്തതയില്‍ ആകാശഗംഗയുടെ അനന്തതയില്‍ ഒരു നീലത്തുള്ളി പോലെ ഭൂമി....അതാ അങ്ങു താഴെ !

മാറ്റം വരുത്തിയ ബൈക്കിന് ഹൈക്കോടതിയുടെ ബ്രേക്ക്

മാറ്റം വരുത്തിയ ബൈക്കിന് ഹൈക്കോടതിയുടെ ബ്രേക്ക്

by സ്വന്തം ലേഖകൻ

**നിയമ വിരുദ്ധമായി മോടികൂട്ടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശം**
കൊച്ചി ∙ മോടി പിടിപ്പിച്ച മോട്ടോർ വാഹനങ്ങൾക്കും ചെത്തു ബൈക്കുകൾക്കും മേൽ ഹൈക്കോടതിയുടെ പിടിമുറുകുന്നു. ഭേദഗതി ചെയ്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകണമെന്നു കോടതി ഉത്തരവിട്ടു. സൈലൻസറും മഡ്ഗാർഡും സാരിഗാർഡും മാറ്റിയും നിലവാരമില്ലാത്ത ചെറിയ ഹാൻഡിൽ പിടിപ്പിച്ചും ബൈക്കുകൾക്കു ഗ്ലാമർ കൂട്ടുന്നത് അനുവദിച്ചുകൂടെന്നു ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി.
‘‘ബൈക്കിനു ഗ്ലാമർ കൂട്ടാൻ സൈലൻസറും മഡ്ഗാർഡും സാരിഗാർഡ് വരെയും മാറ്റുന്നതു ഫാഷൻ ആയിട്ടുണ്ട്. കമ്പനി വിവരണങ്ങളിൽ പറയാത്ത, വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഇല്ലാത്ത ഭേദഗതിയാണിവ. അശാസ്ത്രീയമായി രൂപമാറ്റം വരുത്തുന്നത് അപകടകാരണമാകും. പൊതുജനങ്ങൾക്ക് ഇവ അപകടമുണ്ടാക്കുമെന്നത് ഓടിക്കുന്നവർ ശ്രദ്ധിക്കുന്നില്ല.’’– കോടതി പറഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യത്തിൽ നടപടിക്കു ജാഗ്രത പുലർത്തണമെന്നു കോടതി നിർദേശിച്ചു.
നിയമത്തിൽ വാഹന ഭേദഗതി നിരോധിച്ചിട്ടുള്ളതിനാൽ കർശന നടപടിയെടുക്കണം. വാഹനങ്ങൾ അംഗീകൃത നിലവാരം പാലിക്കുന്നു എന്നുറപ്പാക്കണം. സൗന്ദര്യം കൂട്ടാനെന്ന പേരിൽ അവശ്യ വാഹന ഭാഗങ്ങൾ ഒഴിവാക്കാനാവില്ല. അംഗീകൃത ഫിറ്റിങ്സ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണം.
പൊതുവിൽ കാണുന്ന മോടികൂട്ടലുകളുടെ ദോഷഫലങ്ങൾ കോടതി ചൂണ്ടിക്കാട്ടി:
1) സൈലൻസർ മാറ്റി, ഇടിമുഴക്കം പോലെ ശബ്ദമുണ്ടാക്കി വാഹനങ്ങൾ ചീറിപ്പായുന്നതു ജനങ്ങളുടെ ചെകിടു പൊട്ടിക്കുകയാണ്. പ്രായമായവരും രോഗികളും ഉൾപ്പെടെ വഴിയാത്രക്കാർക്ക് ഇതുണ്ടാക്കുന്ന അലോസരം ചെറുതല്ല. ശബ്ദമലിനീകരണം നിയന്ത്രിക്കണം. 2) നിലവാരമുള്ള കമ്പനി ഹാൻഡിൽ മാറ്റി നേർത്ത പൈപ്പ്/ട്യൂബ് പോലെ നിലവാരമില്ലാത്തവ പിടിപ്പിക്കുന്നതു ബൈക്കിന്റെ ബാലൻസ് തെറ്റിക്കും, അപകട സാധ്യതയുണ്ടാക്കും. 3) ടയറിന്റെ ഭംഗി എടുത്തുകാട്ടാൻ മഡ്ഗാർഡ് മാറ്റുന്നു. മഡ്ഗാർഡ് ഇല്ലാത്ത ബൈക്കുകൾ ഓടിക്കുന്നവരുടെ മാത്രമല്ല വഴി നടക്കുന്നവരുടെ മേലെയും ചെളി തെറിപ്പിക്കും. 4) കമ്പനി ഉദ്ദേശിക്കാത്തവിധം ‘തിയറ്റർ സീറ്റിങ്’ പോലെ ചരിച്ച് സീറ്റ് പിടിപ്പിക്കുന്ന രീതിയുണ്ട്. ഇതു മൂലം ചെറിയൊരു കുലുക്കമുണ്ടായാൽ പോലും പിൻസീറ്റ് യാത്രക്കാരൻ തെറിച്ചു പോകുന്ന സാഹചര്യമുണ്ടാകും.
5) പിൻസീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരി ഗാർഡും ഒഴിവാക്കാൻ അനുവദിക്കരുത്. 6) ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദിച്ചുകൂടാ.
മോട്ടോർ വാഹന ഇൻസ്പെക്ടർ തന്റെ മോട്ടോർ സൈക്കിളിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തതു തിരിച്ചുകിട്ടാൻ കടവന്ത്ര സ്വദേശി എം.സി. ഫ്രാൻസിസ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണു കോടതി വിധി. 2016 ഫെബ്രുവരി 18നു വാഹന പരിശോധന നടത്തിയപ്പോൾ ലൈസൻസും ആർസിയും രേഖകളും കൃത്യമാണെങ്കിലും ചെക്ക് റിപ്പോർട്ട് തയാറാക്കി രേഖകൾ പിടിച്ചെടുത്തെന്നാണു ഹർജിക്കാരന്റെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സൈലൻസർ മാറ്റിവയ്ക്കണമെന്നും നിലവാരമില്ലാത്ത ഹാൻഡിൽ ഘടിപ്പിച്ചതു മാറ്റി, അസൽ ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു റിപ്പോർട്ട്. മൂന്നു ദിവസത്തിനകം ഇവ നടപ്പാക്കി ഹാജരാക്കിയാൽ രേഖകൾ തിരികെ വാങ്ങാമെന്ന നോട്ടിസ് ചോദ്യം ചെയ്താണു ഹർജി. വാഹനത്തിന്റെ അപാകത പരിഹരിച്ചു ഹാജരാക്കിയാൽ ആർസി ബുക്ക് തിരിച്ചു നൽകണമെന്നു കോടതി നിർദേശിച്ചു.
**വണ്ടിയുടെ മോടികൂടുമ്പോൾ നിയമലംഘന ഘോഷയാത്ര ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയ
‘മോടി’ കൂട്ടൽ നിയമലംഘനങ്ങൾ**
∙ മോട്ടോർ വാഹന നിയമത്തിലെ 52–ാം വകുപ്പനുസരിച്ച് ബൈക്ക് മോടിപിടിപ്പിക്കൽ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ വരെ ആർടിഒയ്ക്കു സാധിക്കും. റജിസ്ട്രേഷൻ റദ്ദാക്കാൻ 53–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്.
∙ വാഹനങ്ങളിൽ സൈലൻസർ ഭേദഗതി ചെയ്യുന്നതു മോട്ടോർ വാഹന നിയമത്തിലെ 120–ാം ചട്ടത്തിന്റെയും പരിധിയിൽ വരും. വാഹന എൻജിൻ പുറന്തള്ളുന്ന പുകയുടെ ശബ്ദം കുറയ്ക്കാൻ സൈലൻസർ ഫിറ്റ് ചെയ്യണമെന്നാണു 120 (ഒന്ന്) ചട്ടം. അനുവദനീയ ശബ്ദപരിധിയായ 90 ഡെസിബെൽ കടക്കരുതെന്ന പരിസ്ഥിതി സംരക്ഷണ വ്യവസ്ഥ ഉറപ്പാക്കണമെന്ന് 120 (രണ്ട്) ചട്ടത്തിൽ പറയുന്നു.
∙ ഇടിമുഴങ്ങുംപോലെ വാഹനം ശബ്ദമുണ്ടാക്കിയാൽ വായു, ശബ്ദമലിനീകരണ നിയന്ത്രണ നിയമം 190 (രണ്ട്) പ്രകാരം പിഴയടിക്കാം. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ–വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാൽ ആദ്യതവണ 1000 രൂപയും തുടർന്നങ്ങോട്ടു 2000 രൂപയും പിഴ ഈടാക്കും.
**ഒരു മാസത്തിനിടെ പിടിയിലായത് 300 ചെത്ത് ബൈക്ക്**
കാക്കനാട്∙ ബൈക്കുകൾ ‘ചെത്ത്’ രൂപത്തിലാക്കി നിരത്തിലൂടെ പാഞ്ഞ മുന്നൂറോളം പേരാണ് ഒരു മാസത്തിനിടെ പിടിയിലായത്.സൈലൻസറിൽ രൂപമാറ്റം വരുത്തി വലിയ ശബ്ദത്തോടെ ചീറിപ്പാഞ്ഞ ബൈക്കുകളായിരുന്നു ഇവയിലധികവും. കൊച്ചിയിലെയും പരിസരത്തെയും പ്രധാന റോഡുകൾ കേന്ദ്രീകരിച്ചു പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനകളിലാണു രൂപമാറ്റം നടത്തിയ ഇത്രയും ബൈക്കുകൾ പിടിച്ചത്. ഇവ ഓടിച്ചിരുന്നവരിൽ പകുതിയിലധികവും 25 വയസിൽ താഴെയുള്ളവരായിരുന്നു.
ഇക്കൂട്ടത്തിൽ നല്ലൊരു പങ്ക് വിദ്യാർഥികളുമുണ്ടായിരുന്നു. ബൈക്കുകളുടെ ഹാൻഡിലുകൾ ഇളക്കി പ്രത്യേക രീതിയിൽ ഘടിപ്പിച്ചവയും ഉദ്യോഗസ്ഥരുടെ വലയിൽ വീഴാറുണ്ട്. ലൈറ്റുകളിലും ഡെക്കറേഷൻ നടത്തുന്ന വില്ലൻമാരുണ്ട്. ഓട്ടോമോട്ടീവ് റിസർച്ച് ഇന്ത്യയുടെ അംഗീകരത്തോടെ നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാർട്സിൽ പോലും മാറ്റം വരുത്തരുതെന്നാണു നിയമം. ഇതൊക്കെ കാറ്റിൽപ്പറത്തി ബൈക്കുകൾ ഏതു രൂപത്തിലേക്കും മാറ്റി കൊടുക്കുന്ന വർക്ക്ഷോപ്പുകൾ നാടു നീളെയുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അനധികൃത പാർട്സുകൾ വിൽക്കുന്ന കടകളും ഒട്ടേറെയുണ്ട്. ബൈക്കുകൾ രൂപമാറ്റം വരുത്തി പാഞ്ഞതിന്റെ പേരിൽ അടുത്തയിടെ പിടിയിലായ പലരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പലരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി പൂർത്തിയാകുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു കൗമാരക്കാരിൽ പലരും ബൈക്കുകൾ രൂപമാറ്റം വരുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പല കേസുകളിലും രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണു രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഉദ്യോഗസ്ഥർ വിട്ടു കൊടുക്കുന്നത്.
ഇവ പൂർവ സ്ഥിതിയിലാക്കി ആർടി ഓഫിസിൽ ഹാജരാക്കാമെന്ന വ്യവസ്ഥയോടെയാണു വിട്ടു കൊടുക്കുന്നത്. റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യൽ, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യൽ, പിഴ ഈടാക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തുന്നത്. വിചാരണയ്ക്കു ശേഷമാണു ശിക്ഷാ നടപടി.
ആളാകാൻ ആളെക്കൊല്ലണോ?
കൊച്ചി ∙ മറ്റുള്ളവർക്കു മുന്നിൽ വ്യത്യസ്തനാകാൻ ശ്രമിക്കുന്ന പ്രകടനപരതയാണു ബൈക്കുകളുടെ അമിത വേഗത്തിനു കാരണമെന്നു മനഃശാസ്ത്ര വിദഗ്ധർ. ക്ഷമയില്ലായ്മയാണ് അടുത്ത കാരണം. കുത്തിക്കയറി മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കി ബഹളം വച്ചു മുന്നോട്ടു പാഞ്ഞാലും ലാഭിക്കുന്നതു മൂന്നോ നാലോ മിനിറ്റുകൾ മാത്രമെന്നു പലരും ഓർക്കുന്നില്ല.
ഈ വേഗത്തിന്റെ കാരണം അന്വേഷിക്കുമ്പോൾ ചെറുപ്പകാലത്തെ വിഡിയോ ഗെയിമുകൾ മുതൽ പ്രതിപ്പട്ടികയിലെത്തും. കംപ്യൂട്ടർ ആനിമേറ്റഡ് റേസിങ് ഗെയിമുകളിൽ സ്പീഡിനാണു പോയിന്റ്. കുതിച്ചു പാഞ്ഞെത്തി അടുത്തവനെ ചവിട്ടിത്തെറിപ്പിച്ചാൽ വീണ്ടും പോയിന്റ് ലഭിക്കും. ഈ മാനസികാവസ്ഥ ബൈക്കുമായി റോഡിലിറങ്ങുമ്പോഴും കൈമോശം വരുന്നില്ല. ഒരു മിനിറ്റ് ഒന്നു ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ലോകം ഇടിഞ്ഞു വീഴുമെന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നതിൽ ഇത്തരം ഗെയിമുകൾ വഹിക്കുന്ന പങ്കു വലുതാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടിയാണ് അടുത്ത പ്രശ്നം. ഞാനാണു വലുതെന്ന ഭാവം കുറച്ചാൽത്തന്നെ റോഡ‍ിലെ പകുതി പ്രശ്നം കുറയും. നിങ്ങൾ ആരുമാകട്ടെ റോഡിൽ ഒരു ഡ്രൈവർ മാത്രമാണെന്ന ട്രാഫിക് ഓർമക്കുറിപ്പ് ഒരിക്കലെങ്കിലും വായിക്കുന്നതു നന്നായിരിക്കും

ചുണ്ണാമ്പുകല്ലിൽനിന്ന് പേപ്പർ; വെള്ളത്തിൽ വീണാലും നനയില്ല

ചുണ്ണാമ്പുകല്ലിൽനിന്ന് പേപ്പർ; വെള്ളത്തിൽ വീണാലും നനയില്ല

by സ്വന്തം ലേഖകൻ

ദുബായ്∙ കല്ലിൽനിന്ന് പേപ്പറോ? അപൂർവ്വമായ കണ്ടുപിടിത്തം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ബ്രിട്ടീഷ് കമ്പനിയായ പരാക്സ്. കല്ലിൽ നിന്ന് പേപ്പറുണ്ടാക്കാനുള്ള വിദ്യ ദുബായ് രാജ്യാന്തര കൺവെൻഷൻ സെന്‍ററിൽ നടന്നുവരുന്ന പേപ്പർ വേൾഡ് മിഡിൽ ഈസ്റ്റിൽ കമ്പനി അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ സംരംഭത്തിലൂടെ എങ്ങനെ പേപ്പറുണ്ടാക്കുമെന്ന ചിന്തയാണ് കല്ലുപേപ്പറിന്‍റെ പിറവിക്ക് ​കാരണമായതെന്നു കമ്പനി അധികൃതർ വ്യക്തമാക്കി.
80 ശതമാനം ചുണ്ണാ​മ്പ്​ കല്ല് അഥവാ ​കാൽ​സ്യം കാ​ർ​ബണേറ്റും 20 ശതമാനം പുനരുപയോഗ പ്ലാസ്റ്റികും ഉപയോഗിച്ചാണ് നി​ർമാണം. പേപ്പറുണ്ടാക്കാ​ൻ​ മുറിക്കേണ്ടിവരുന്നത് ലക്ഷക്കണക്കിന് മരങ്ങളാണെന്ന തിരിച്ചറിവാണ് പുതിയ കണ്ടുപിടുത്തതിന് പ്രചോദനമായത്.
​പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന കല്ല് പേപ്പറാക്കി മാറ്റുന്നതിലൂടെ മരങ്ങളെ സംരക്ഷിക്കാൻ മാത്രമല്ല വൈദ്യുതി ഉപയോഗം 50 ശതമാനം കുറയ്ക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉ​ൽപാദനത്തിന് വെള്ളം വേണ്ട. നനഞ്ഞാലും കേടാകാത്ത പേപ്പറി​ൽ​വെള്ളത്തി​ലും എഴുതാനാകും. ഒരിക്ക​ൽ​ഉപയോഗിച്ച പേപ്പ​ർ​വീണ്ടും ഉപയോഗിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേക. ത്രിദിന പേപ്പ​ൽ​വേ​ൾ​ഡ് പ്രദര്‍ശനത്തി​ൽ​ ഇന്ത്യ ഉ​ൾപെടെ 42 രാജ്യങ്ങളിലെ 250ലേറെ കമ്പനിക​ൾ ​പങ്കെടുക്കുന്നു.

2000 വര്‍ഷം പഴക്കമുള്ള സൂര്യക്ഷേത്രം യു.എ.ഇ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കുന്നു

mangalam.com

2000 വര്‍ഷം പഴക്കമുള്ള സൂര്യക്ഷേത്രം യു.എ.ഇ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കുന്നു

mangalam malayalam online newspaperഅബുദാബി: 2000 വര്‍ഷം പഴക്കമുള്ള തകര്‍ന്ന നിലയിലുള്ള സൂര്യക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഉമ്മുല്‍ ദുവൈനില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ ശമാഷ്‌ എന്ന ദേവനാണ്‌ പ്രതിഷ്‌ട. 1980ലാണ്‌ ഇദുല്‍ എന്ന സ്‌ഥലത്ത്‌ ഈ ക്ഷേത്രാവശിഷ്‌ടം കണ്ടെത്തിയത്‌.
യുനെസ്‌കോയുടെ ലോകപൈതൃക പദവിയില്‍ ഇടം പിടിക്കാനായി യു.എ.ഇ കൊടുത്ത ചരിത്രപ്രധാനമായ ആറു കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങളില്‍നിന്നാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്‌ടയുടെകാര്യം ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്‌.

ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം ഭൂമിയിലേക്ക്

mathrubhumi.com

ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം ഭൂമിയിലേക്ക്

വാഷിങ്ടണ്‍: ഏകദേശം ഒരു വര്‍ഷത്തോളം ബഹിരാകാശത്തായിരുന്നു യു.എസ് ബഹിരാകാശ യാത്രകന്‍ സ്‌കോട് കെല്ലി. ഒരു വര്‍ഷത്തോളം ഭൂമിയെ ചുറ്റി നടന്ന കെല്ലി ചൊവാഴ്ച്ചയാണ് റഷ്യന്‍ ബഹിരാകാശ പേടകമായ സോയുസ് ടി.എം.എ-18ല്‍ ഖസാക്കിസ്താനില്‍ ഇറങ്ങിയത്. മറ്റേതൊരു അമേരിക്കകാരനേക്കാളും കൂടുതല്‍ക്കാലം ബഹിരാകാശത്ത് ചിലവഴിച്ചു എന്ന റെക്കോഡുമായാണ് കെല്ലി മടങ്ങിയെത്തിയത്.
52കാരനായ സ്‌കോട് കെല്ലി 340 ദിവസമാണ് തന്റെ സുഹൃത്തായ റഷ്യന്‍ വംശജന്‍ മിഖായേല്‍ കൊര്‍ണിയെങ്കേയ്‌ക്കൊപ്പം ബഹിരാകാശത്ത് കഴിഞ്ഞത്. ഇവരെ രണ്ട് പേരെ കൂടാതെ മുന്നാമനായി റഷ്യന്‍ വംശജനായ സെര്‍ജി വൊള്‍ക്കോവിന് പക്ഷെ 182 ദിവസം ബഹിരാകാശത്ത് കഴിയാനുളള ഭാഗ്യമേ ഉണ്ടായിരുന്നുളളു.

image
ഏറ്റവും കൂടുതല്‍ക്കാലം ബഹിരാകത്തു കഴിഞ്ഞ അഞ്ചാമത്തെ റഷ്യക്കാരനാണ് കോര്‍ണിങ്കോ.ബഹിരാകാശത്തായിരുന്നപ്പോഴും അവര്‍ രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തിരിച്ചെത്തുന്നതിന് തൊട്ട് മുന്‍പ് പോലും സൂര്യോദയത്തിന്റെ ചിത്രം കെല്ലി പോസ്റ്റ് ചെയ്തിരുന്നു.
ബഹിരാകാശത്ത് വെച്ച് ഒരിക്കല്‍ കെറി ഗോറിലയുടെ വേഷം ധരിച്ച് കോര്‍ണിങ്കോയെ പിടിക്കാന്‍ ശ്രമിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയുകയും അത് വൈയറലാവുകയും ചെയ്തിരുന്നു.

image
തിരിച്ചിറങ്ങിയ ബഹിരാകാശ നായകന്‍മാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ റഷ്യന്‍ റിക്കവറി ഫോഴ്‌സും എത്തിയിട്ടുണ്ടായിരുന്നു. യാത്ര കഴിഞ്ഞെത്തിയവര്‍ക്ക് വേണ്ട വൈദ്യസഹായങ്ങള്‍ അവര്‍ നല്‍കി. കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് ശേഷം.റഷ്യക്കാര്‍ മോസ്‌കോയ്ക്ക് തിരിച്ചു. കെല്ലി തന്റെ ജന്മഭൂമിയിലേക്കും യാത്ര തിരിച്ചു.

340 ദിവസം കൊണ്ട് കെല്ലിയും കൊര്‍ണിക്കോയും ചേര്‍ന്ന് 143 മില്ല്യന്‍ മൈലാണ് ഐ.എസ്.എസിലൂടെ(ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) സഞ്ചരിച്ചത്.അവര്‍ക്ക് ബഹിരാകാശത്തെ ആദ്യ പൂക്കള്‍ വളര്‍ത്താന്‍ സാധിച്ചു. ഈ ശാസ്ത്രജ്ഞര്‍ ഭ്രമണപഥങ്ങളെ പറ്റി ഏകദേശം 400 പരീക്ഷണങ്ങളും നടത്തിയിരുന്നു. ഏകദേശം 11,000 ഉദയാസ്തമനങ്ങളും അവര്‍ കണ്ടിരുന്നു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1